- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എന്നെ കെട്ടിയിട്ട് ബലാത്സംഗം ചെയ്തയാള്‍ ഇപ്പോഴും പുറത്ത് വിലസുന്നു; ഞാന്‍ ഹണി ട്രാപ്പുകാരിയല്ല': ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ജസ്ന സലീം
കോഴിക്കോട്: ശ്രീകൃഷ്ണ ചിത്രങ്ങള്‍ വരയ്ക്കുന്ന മുസ്ലീ യുവതി എന്ന പേരില്‍ ശ്രദ്ധേയയായ, കോഴിക്കോട്ടെ ജസ്ന സലീം എന്ന യുവതി സമാനതകളില്ലാത്ത പീഡനത്തിലുടെയാണ് കടന്നുപോവുന്നത്. നേരത്തെ ഇസ്ലാമിക മതമൗലികവാദികള്‍ വധഭീഷണിയടക്കം ഈ കലാകാരിക്കുനേരെ ഉയര്‍ത്തിയിരുന്നു. ജസ്ന, ഹണി ട്രാപ്പുകാരിയാണെന്നാണ് ഇപ്പോള്‍ ഒരു വിഭാഗം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍ ഇതിനെതിരെ ശക്തമായി പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കയാണ് ജസ്ന.
2019-ല്‍ തന്നെ ക്രൂരമായി ബലാത്സംഗം ചെയ്ത ഒരാള്‍ക്കെതിരെ കൊടുത്ത കേസാണ് ഇപ്പോള്‍ ഹണി ട്രാപ്പായി വ്യാഖ്യാനിക്കപ്പെടുന്നത് എന്ന് അവര്‍ ന്യൂസ് 18 ചാനലിന് കൊടുത്ത അഭിമുഖത്തില്‍ പറയുന്നു. തന്നെ ക്രൂരമായി ആക്രമിച്ച സൈക്കോ ഇപ്പോഴും സ്വതന്ത്രനായി നടക്കുകയാണെന്നും, നിരവധി കുടുംബങ്ങള്‍ ഇയാള്‍ തകര്‍ത്തിട്ടുണ്ടെന്നും, കേസില്‍ പൊലീസിന്റെ അനാസ്ഥയുണ്ടായി എന്നത് അടക്കമുള്ള അതിഗുരുതരമായ വെളിപ്പെടുത്തലാണ് ന്യൂസ് 18ന് നല്കിയ അഭിമുഖത്തില്‍ ജസ്ന നടത്തുന്നത്. ചില രാഷ്ട്രീയ നേതാക്കള്‍ പ്രതിയെ രക്ഷിക്കയാണെന്നും ജസ്ന ചൂണ്ടിക്കാട്ടുന്നു.
ഡോക്ടറായി അഭിനയിച്ച് പീഡനം
ജസ്ന സലീമിന്റെ വിവാദ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങള്‍ ഇങ്ങനെയാണ്:
'സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ കുറച്ചു ദിവസമായി വരുന്ന കാര്യമാണ്, ഞാന്‍ ഹണി ട്രാപ്പില്‍ അംഗമാണ്, പലരുടെയും പേരില്‍ കേസ് കൊടുത്തു എന്നതൊക്കെ. പല സാഹചര്യങ്ങളില്‍ എനിക്ക് വന്ന ബുദ്ധിമുട്ടുകളില്‍ ഞാന്‍ കേസ് കൊടുത്തിട്ടുണ്ട്. ഞാന്‍ ഒരാളാല്‍ റേപ്പ് ചെയ്യപ്പെട്ടിട്ടുണ്ടായിരുന്നു. അത് എനിക്ക് ഇപ്പോള്‍ പറയുന്നതില്‍ ഒരു വിരോധവുമില്ല. അയാള്‍ തന്നെയാണ് എഫ്ഐആറിന്റെ കോപ്പി സഹിതം പുറത്തുവിട്ടത്. കാരണം ഞാന്‍ അത് സമൂഹത്തോട് വെളിപ്പെടുത്തില്ല എന്ന നൂറ്റിയൊന്ന് ശതമാനം കോണ്‍ഫിഡന്‍സ് അയാള്‍ക്കുണ്ട്.
എന്റെ കുട്ടിക്ക് മദ്രസയിലുണ്ടായ കുറച്ച് ബുദ്ധിമുട്ടുകള്‍ ഞാന്‍ നേരത്തെ പറഞ്ഞിരുന്നു. കുട്ടിക്ക് മദ്രസ- സ്കൂള്‍ എന്നൊക്കെ പറയുമ്പോഴേക്കും ഭയങ്കര പേടിയായി തുടങ്ങുക, മറ്റ് കുട്ടികളെ ഉപദ്രവിക്കുക, ഇങ്ങനത്തെ കുറിച്ച് ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. ആദ്യം അത് അങ്ങനെയാണ് കണ്ടുതുടങ്ങിയത്. പിന്നെയാണ് അത് മദ്രസയിലെ ഉസ്താദ്, ഉപദ്രവിച്ചതുകൊണ്ടാണ് എന്നറിഞ്ഞത്. സ്കൂളിലൊക്കെ ഇങ്ങനത്തെ വിഷയം വന്നപ്പോള്‍ ടീച്ചര്മാര് 'നമുക്ക് അവനെ ഒന്ന് കാണിച്ചുനോക്കം' എന്ന് പറഞ്ഞു. അങ്ങനെയാണ് മെഡിക്കല്‍ കോളജില്‍ കുട്ടികളുടെ വൈകല്യം കണ്ടുപിടിക്കുന്ന വിഭാഗത്തില്‍ കൊണ്ടുപോയി കാണിച്ചത്.
അങ്ങനെ ഇരിക്കെയാണ് എന്റെ ഒരു സുഹൃത്ത് മുഖാന്തരം, നിഹാന്‍സ് ഹോസ്പിറ്റലിലെ ഡോക്ടര്‍ എന്ന പറഞ്ഞ് ഒരാളെ പരിചയപ്പെടുന്നത്. അവന് അന്ന് റോഷന് എന്നാണ് പേര് പറഞ്ഞത്. ഹിന്ദുമതക്കാരനാണ് എന്നും പറഞ്ഞു. ഞാന്‍ എന്റെ കുട്ടിയുടെ കാര്യം പറഞ്ഞപ്പോള്‍, ഇന്ന മെഡിസിന് അല്ലേ കൊടുക്കുന്നത് എന്നൊക്കെ ഇവന് ചോദിക്കുകയും ചെയ്തിരുന്നു. അപ്പോള്‍ ഞങ്ങള്‍ വിചാരിച്ചു ശരിക്കും ഡോക്ടര്‍ ആയിരിക്കുമെന്ന്. കുട്ടിയുടെ ഡീറ്റെയിലും കാര്യങ്ങളുമൊക്കെ കാണിച്ചുകൊടുത്തപ്പോള്‍ അവന് എന്നോടു പറഞ്ഞു. ഞാന്‍ വീട്ടില്‍ കണ്‍സള്‍ട്ടിങ്ങ് നടത്തുന്നുണ്ട്. കുട്ടിയുടെ മുന്നില്‍വെച്ച് കുട്ടിയുടെ കാര്യങ്ങള്‍ പറയാന്‍ പറ്റില്ല. നിങ്ങളായിട്ട് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അതിനാല്‍ അതു പറയാനാണ്, കോഴിക്കോട് നടുവട്ടം ഭാഗത്തുള്ള അവന്റെ വീട്ടിലേക്ക് വിളിപ്പിച്ചത്.
ഞാന്‍ അവിടെ ചെന്നപ്പോള്‍, ഡോക്ടറുടെ ബോര്‍ഡ് ഇല്ല, പേഷ്യന്‍സ് ആരുമില്ല. അത് ചോദിച്ചപ്പോള്‍ അവന് പറഞ്ഞത്, ഞാന്‍ അങ്ങനെ വീട്ടിലേക്ക് ആരെയും വിളിക്കാറില്ല എന്നാണ്. കാരണം മാനസിക രോഗത്തിന്റെ ഡോക്ടര്‍ ആയതുകൊണ്ട് വീട്ടില്‍ ആരെയെങ്കിലും കൊണ്ടുവന്ന് അവര്‍ വയലന്റ് ആയാല്‍ പ്രശ്്നമാണ്. ഞാന്‍ ഇത് സ്പെഷ്യല്‍ കേസ് ആയതുകൊണ്ടാണ് നിന്നെ വീട്ടിലേക്ക് വിളിച്ചത് എന്നു പറഞ്ഞു.
അവിടെവെച്ച് ഞാന്‍ ക്രൂരമായി മര്‍ദിക്കപ്പെട്ടു. ഇവന് അന്ന് അവകാശപ്പെട്ടത് ആ ദൃശ്യങ്ങളൊക്കെ മൊബൈലില്‍ പകര്‍ത്തിയിട്ടുണ്ടെന്നാണ്. അത് പുറത്തുവിട്ട് എന്നെ അപമാനിക്കും എന്നായിരുന്നു അവന് പറഞ്ഞത്. 2019-ലാണ്് സംഭവം. ഞാന്‍ ഫാമിലിയുമായി, അന്ന് വലിയ കണക്ഷനില്ല. ബാപ്പയും ഉമ്മയും ഉണ്ട് എന്നല്ലാതെ, വേറെ ആരും അംഗീകരിച്ചിട്ടില്ല. ഇപ്പോഴും അംഗീകരിച്ചിട്ടില്ല. അപ്പോള്‍ ഇവരൊക്കെ കരുതും ഞാന്‍ വരച്ചതിന്റെ പേരിലാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത് എന്ന്. ഇവരൊക്കെ എന്നെ കുറ്റപ്പെടുത്തും എന്ന് കരുതി ഞാന്‍ അത് ആരോടും പറഞ്ഞില്ല.
പൊലീസ് സ്റ്റേഷനില്‍ പറഞ്ഞാല്‍ എന്റെ കുട്ടികളെ കൊന്നുകളയും എന്നുവരെ പറഞ്ഞു. എന്റെ കുട്ടികളെ വീട്ടില്‍ വന്ന് ഉപദ്രവിക്കുകവരെ ഇവന് ചെയ്തിട്ടുണ്ട്. ആ ഒരു സമയത്ത് എന്റെ വീട് അടച്ചുറപ്പില്ലാത്തതായിരുന്നു. ഈ ഒരു സാഹചര്യം വന്നതിന് ശേഷമാണ് എനിക്ക് ഗോകുലം ഗോപാലേട്ടന് ഒരു അടച്ചുറപ്പുള്ള വീട് ഉണ്ടാക്കിത്തരുന്നത്. എന്റെ ഭര്‍ത്താവ് ആ സമയത്ത് ഗള്‍ഫിലാണ്. ഇപ്പോഴും ഗള്‍ഫിലാണ്. എനിക്ക് അദ്ദേഹത്തിനോട് പറഞ്ഞുകുടെ എന്ന ചോദ്യത്തിനുള്ള ഉത്തരവും പറയാം. വീടുവെച്ചത് ലോണ്‍ എടുത്തിട്ടായിരുന്നു. അത് അടവ് തെറ്റി ജപ്തി നോട്ടീസ് വന്നപ്പോഴാണ്, അദ്ദേഹം ഗള്‍ഫില്‍ പോകുന്നത്. ഞാന്‍ ഇത് പറയുകയാണെങ്കില്‍ അദ്ദേഹം അതെല്ലാം നിര്‍ത്തി നാട്ടിലേക്ക് വരും. പിന്നെ വീടുമില്ല, കുടുംബവുമില്ല, മാനവുമില്ല എന്ന നിലയില്‍ ഞാന്‍ ജീവിക്കേണ്ടിവരും എന്ന് അറിയുന്നതുകൊണ്ടാണ് ഞാന്‍ അത് അടക്കിപ്പിടിച്ച് കഴിഞ്ഞത്. "- ജസ്ന വിതുമ്പലോടെ പറഞ്ഞു.
കൃഷ്ണനെ ചേര്‍ത്ത് പിടിച്ചതാണോ തെറ്റ്?
ഈ പ്രതിയുടെ ഉമ്മയെ കണ്ട് കാലുപിടിച്ച് പരാതി പറഞ്ഞപ്പോള്‍, അവന് മാനസിക രോഗിയാണെന്നായിരുന്നു പ്രതികരണമെന്നും ജസ്ന പറയുന്നു. 16ാം വയസ്സുമുതല്‍ ഇഖ്റ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നുവെന്നും, അമ്മയെ വരെ തല്ലിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. രണ്ടുതവണ അവന് എന്റെ വീട്ടില്‍ വന്ന് മക്കളെ ഉപദ്രവിച്ചിട്ടുണ്ട്. പലതവണ അവന് എന്റെ കൈയില്‍നിന്ന് പണം വാങ്ങിയിട്ടുണ്ട്. പണയം വെച്ച് കൊടുത്തതിന്റെ രസീതി ഞാന്‍ പൊലീസില്‍ കൊടുത്തിട്ടുണ്ട്. ഗോകുലം ഗോപാലേട്ടന് തന്ന പണംപോലും അവന് കൊടുത്തിട്ടുണ്ട്. - ജസ്ന പറയുന്നു.
'പൊലീസില്‍ ഞാന്‍ കൊടുത്ത മൊഴിയല്ല കോടതിയില്‍ വന്നത്. ഞാന്‍ അവന്റെ വീട്ടിലേക്ക് വരുന്നത് കണ്ട സാക്ഷികള്‍ കോടതിയില്‍ മൊഴിമാറ്റി. മാറാട് എസ്ഐയോട് ഞാന്‍ പറഞ്ഞ കാര്യമല്ല എഴുതി വിട്ടത്. ഒരിക്കല്‍ പോലീസ് ഇവനെ അറസ്റ്റുചെയ്യാന്‍ പോയിരുന്നു. പക്ഷേ അവര്‍ തിരിച്ചുപോന്നു. ചോദിച്ചപ്പോള്‍ കോണ്‍ഗ്രസ് നേതാവ് സിദ്ദീഖ് വിളിച്ചു പറഞ്ഞുവെന്നാണ് പറയുന്നത്. ഇവന്റെ പെങ്ങളെ കല്യാണം കഴിച്ചത് വികെസിയുടെ മരുമകനാണ്. ഈ സിദ്ദീഖും സഹോദരങ്ങളും എന്തു ചെയ്താലും ഇവനെ സംരക്ഷിക്കും. എന്റെ കേസ് കോടതിയില്‍ പൊട്ടി. പക്ഷേ ഞാന്‍ അത് കാര്യമാക്കുന്നില്ല. പക്ഷേ എന്നിട്ടും എന്നെ ഉപദ്രവിക്കയാണ്. എന്നെ അപമാനിക്കാനാണ് അവന് ഇത് പോസ്റ്റ് ചെയ്യുന്നത്. കോടതി സൈറ്റില്‍ കയറിയാല്‍ എല്ലാ ഡീറ്റെയല്സും കിട്ടും. അത് ഒന്നും നോക്കാതെയാണ് എന്നെ ഹണിട്രാപ്പുകാരിയാക്കുന്നത്.
ഈ കേസിന്റെ കാര്യം കേട്ടപ്പോള്‍, എന്റെ സഹോദരന് പറഞ്ഞത് നിനക്ക് വരയ്ക്കുന്നതിനേക്കാള് നല്ലത്, ഈ പണിക്ക് പോകുന്നതാണ് എന്നതാണ്. ഇതിനെല്ലാം കാരണം ആ മുജീബ് ഉസ്താദ് ആണ്. അയാള്‍ നടത്തിയ പീഡനം ഞാന്‍ എവിടെയും പറയും.
എന്നെ കെട്ടിയിട്ടാണ് പീഡിപ്പിച്ചത്. എന്നിട്ട് വിഷ്വല്‍ പുറത്തുവിട്ട് നാറ്റിക്കുമെന്ന് അവന് പറയുന്നു. ഞാനും അവനും ബന്ധപ്പെടുന്ന വീഡിയോ അവന്റെ കൈയിലുണ്ടെന്ന് എന്റെ സഹോദരി, സഹോദരി ഭര്‍ത്താവ് എന്നിവരെയൊക്കെ വിളിച്ചുകൊടുത്തു. ഇതൊക്കെ ചേര്‍ത്താണ് ഞാന്‍ കോടതിയില്‍ പരാതി നല്‍കിയിത്. അല്ലാതെ ഞാന്‍ ഒരു ഹണിട്രാപ്പും നടത്തിയിട്ടില്ല. എനിക്ക് ഒരു തൊഴില്‍ കിട്ടിയപ്പോള്‍ ഞാന്‍ അത് മുറുകെപ്പിടിച്ചു. മറ്റൊരു മതത്തില്‍ നിന്ന് വന്ന് കൃഷ്ണനെ ചേര്‍ത്ത് പിടിച്ചതാണോ ഞാന്‍ ചെയ്ത തെറ്റ്"- വിതുമ്പലോടെ ജസ്ന ചോദിക്കുന്നു.