തിരുവനന്തപുരം: മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയെ ആക്രമിച്ച ക്രിമിനലുകൾ മാറിക്കൊണ്ടിരിക്കുന്ന കേരളത്തിന്റെ നേർചിത്രമാണെന്ന് മുതിർന്ന മാധ്യമ പ്രവർത്തകൻ ജാവേദ് പർവേഷ്. ഷാജൻ സ്കറിയയെ ആക്രമിച്ചവർ നാളെ റോഡിലിറങ്ങി പിടിച്ചുപറി നടത്തുമെന്നും ആർക്കും ഇതിൽ നിന്നും രക്ഷപ്പെടാൻ കഴിയില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വിമർശിച്ചു. ഷാജനെ ആക്രമിച്ചതിൽ സന്തോഷിക്കുന്ന ഒരു വർഗമുണ്ടെന്നും അവർ പരാജയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബംഗാളിൽ 34 വർഷം ഭരിച്ച കമ്മ്യൂണിസ്റ് പാർട്ടിക്ക് ഇന്ന് ഒരു സീറ്റ് പോലുമില്ലെന്നത് സന്തോഷ വാർത്തയാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ഷാജൻ സ്കറിയയെ ആക്രമിച്ച ക്രിമിനലുകൾ മാറിക്കൊണ്ടിരിക്കുന്ന കേരളത്തിന്റെ നേർചിത്രമാണ്.

ഷാജനെ മർദിച്ചതിൽ സന്തോഷിക്കുന്നവരും കരുതിയിരിക്കുക. നാളെ ഇക്കൂട്ടർ റോട്ടിലിറങ്ങി പിടിച്ചുപറി തുടങ്ങും. ആർക്കും ഇതിൽ നിന്ന് മോചനം ഉണ്ടാകില്ല. ബംഗാളിലും ഇങ്ങനെയായിരുന്നു. തിന്നു കൊഴുത്ത സിൻഡിക്കറ്റുകൾ ഗുണ്ടാപ്പടയായി മാറി പിടിച്ചുപറി തുടങ്ങി.

ഇടത് ഭരണത്തിൽ അനധികൃതമായി കയറിപ്പറ്റിയ ഒരു ബെനിഫിഷറി കൂട്ടമുണ്ട്. ഭരണം നിലനിൽക്കേണ്ടത് അവരുടെ നിലനിൽപ്പിന്റെ ആവശ്യമാണ്. അതിനായി എന്തും അവർ ചെയ്യും. ഭൂരിപക്ഷം സൈബർ പോരാളികളാകും, ചിലർ സൈബർ കുമാരപിള്ളമാരാകും. മറ്റു ചിലർ ആത്മഹത്യാ സ്ക്വാഡുകൾ വരെയാകും.ഈ ബെനിഫിഷറി സംഘത്തിന് പുറത്ത് പതിനായിരക്കണക്കിന് പാർട്ടി അടിമകൾ സമാന സൗകര്യങ്ങൾക്കായി ആഗ്രഹം പൂണ്ടുകിടക്കുന്നുണ്ട്. ഇതിൽ ചിലർ ഒരു തൊഴിലിനായി ശ്രമിച്ച് പരാജയപ്പെട്ട്, ജ്യൂസടിച്ച് ജ്യൂസടിച്ച് ആത്മഹത്യ ചെയ്ത സഖാവിന്റെ ദുർഗതിയിലേക്കും പോകും. വലിയൊരു വിഭാഗം പുതിയൊരു സിൻഡിക്കറ്റ് ആയി മാറും. ഹൈബ്രിഡ് ഗുണ്ടാപ്പണി നടത്തും. ഈ ഹൈബ്രിഡ് ഗുണ്ടകളാണ് നിയമം കൈയിലെടുത്ത് ആക്രമണം നടത്തുന്നത്.

ഷാജനെ ആക്രമിച്ചതിൽ സന്തോഷിക്കുന്ന വർഗത്തെ കണ്ടു. എന്തൊരു പരാജയമാണ് അവർ.

ചരിത്രം സന്തോഷം നൽകുന്നത് കൂടിയാണ്. 34 വർഷം ഭരിച്ചുപൂണ്ടുവിളയാടിയ ഇവൻമാർക്ക് ബംഗാളിൽ ഇന്ന് ഒരു സീറ്റ് പോലും ഇല്ല. സൈബർ കുമാരപിള്ളമാരും ഇടത്തരം ഗുണ്ടകളും മറ്റും ബിജെപിയിലേക്കും മറ്റും ചേക്കേറി.

സഖാക്കൾ എന്നു പറയുന്നവരുമായി സോഷ്യൽ ഡിസ്റ്റൻസിങ് പാലിക്കുക. സാധിക്കുമെങ്കിൽ സെക്കൻഡറി കോൺടാക്ടും ഒഴിവാക്കുക.

എഫ് ഐ ആർ പ്രകാരം അഞ്ചു പേര്‍ ചേര്‍ന്നാണെന്ന് ഷാജന്‍ സ്‌കറിയയെ മങ്ങാട്ടു കവലയില്‍ വച്ച് ആക്രമിച്ചത്. ആരുടേയും പേര് എഫ് ഐ ആറില്‍ ഇല്ല. എന്നാല്‍ ക്വാറി മുതലാളിയായ സിപിഎം അടുപ്പക്കാരനാണ് ഇതിന് പിന്നിലെന്ന് വ്യക്തമാണ്. ഷാജന്‍ സ്‌കറിയയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നതെന്ന് എഫ് ഐ ആര്‍ പറയുന്നു. ശനിയാഴ്ച രാത്രി ആറു നാല്‍പ്പതിനായിരുന്നു ആക്രമണം. ഭാരതീയ ന്യായ സംഹിതയിലെ 182(2), 190, 191(1), 191(2), 191(3), 115(2), 351(2), 126(2), 110 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. അന്വേഷണത്തിന്റെ ഭാഗമായി കൃത്യമായ എഫ് ഐ ആര്‍ ആണ് പോലീസ് ഇട്ടിട്ടുള്ളത്. വധശ്രമകുറ്റവും ചുമത്തി.

ഒന്നു മുതല്‍ അഞ്ചു വരെ പ്രതികള്‍ക്ക് മാധ്യമ പ്രവര്‍ത്തകനായ ആവലാതിക്കാരനെ കൊല്ലണമെന്നുള്ള ഉദ്ദേശത്തോടും കരുതലോടും കൂടി പ്രതികള്‍ ന്യായ വിരുദ്ധമായി സംഘം ചേര്‍ന്ന് തങ്ങള്‍ ഓരോരുത്തരും ടി സംഘത്തിലെ അംഗങ്ങള്‍ ആണെന്ന അറിവോടെ അക്രമം നടത്തിയെന്നാണ് എഫ് ഐ ആര്‍ പറയുന്നത്. മങ്ങാട്ടു കവല മില്ലിന് മുന്‍വശം ഭാഗത്തു വച്ച് ഥാര്‍ ജീപ്പ് ഇടിച്ചു. അതിന് ശേഷം ജിപ്പില്‍ നിന്നും ഡോറ് തുറന്ന് ഇറങ്ങി വന്ന് നിന്നെ കൊന്നിട്ടേ ഞങ്ങള്‍ പോകുകയുള്ളൂ എന്ന് പറഞ്ഞ് ആവലാതിക്കാരനെ കാറില്‍ നിന്നും വലിച്ചു ചാടിക്കാന്‍ ശ്രമിച്ചു. അതിനെ എതിര്‍ത്ത ആവലാതിക്കാരനെ ഒന്നാം പ്രതി കൈ ചുരുട്ടി വലതു മുഖഭാഗത്തും മുക്കിലും തലയിലും വലത് നെഞ്ചിലും തുടരെ ഇടിച്ചു. ആവലാതിക്കാരന്റെ മൂക്കിലും വായിലും മുറിവുണ്ടായി.

രണ്ടു മുതൽ അഞ്ചു വരെയുള്ള പ്രതികള്‍ ഷാജന്‍ സ്‌കറിയയെ ബലമായി കാറില്‍ പിടിച്ചിരുത്തി. രണ്ടാം പ്രതിയും നിന്നെ കൊന്നിട്ടേ പോകൂവെന്ന് പറഞ്ഞ് കഴുത്തില്‍ അമര്‍ത്തി പിടിച്ച് ശ്വാസം മുട്ടിച്ച് കൊല്ലാന്‍ ശ്രമിച്ചു. മരണവെപ്രാളത്തില്‍ കൈ തട്ടി മാറ്റിയതു കൊണ്ടാണ് ആവലാതിക്കാരന്‍ മരണം സംഭവിക്കാത്തതെന്നും എഫ് ഐ ആര്‍ പറയുന്നു. അതായത് വധശ്രമത്തിനാണ് കേസെടുത്തത്.