തിരുവനന്തപുരം: പിണറായി സർക്കാരിന് സമാനതകളില്ലാത്ത പ്രതിസന്ധി സൃഷ്ടിച്ച് പങ്കാളിത്ത പെൻഷൻ! 2 വർഷമായി സർക്കാർ കെട്ടിപ്പൂട്ടി വച്ചിരിക്കുന്ന പങ്കാളിത്ത പെൻഷൻ പുനഃപരിശോധനാ റിപ്പോർട്ട് പൊതു രേഖയായത് സർക്കാരിന് തലവേദനയായിരുന്നു. ഈ തലവേദനയിലേക്ക് കഥയെത്തിച്ചത് ഒരു ഇടതുപക്ഷ സംഘടനാ നേതാവായിരുന്നു. സാക്ഷാൽ ജയചന്ദ്രൻ കല്ലിങ്കൽ. ജോയിന്റെ കൗൺസിലിന്റെ സംസ്ഥനത്തെ അമരക്കാരൻ. ഇതേ ജയചന്ദ്രനെതിരെയാണ് ഇപ്പോൾ റവന്യൂ വകുപ്പ് കാരണം കാണിക്കൽ നോട്ടീസ് നൽകുന്നത്.

അതും കളക്ടറുടെ കഴിനഖ ചികിൽസയെ വിമർശിച്ചതിന്. അതുകൊണ്ടാണ് ഈ കാരണം കാണിക്കൽ നോട്ടീസ് കിട്ടുമ്പോൾ ജയചന്ദ്രനും സിപിഐയും സംശയങ്ങൾ കാണുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ കണ്ണിലെ കരടാണ് ജയചന്ദ്രൻ എന്ന ചർച്ച പങ്കാളത്ത പെൻഷനിലെ സുപ്രീംകോടതി വിധിയോടെ വ്യക്തമായിരുന്നു. പങ്കാളിത്ത പെൻഷനിൽ സുപ്രീംകോടതിയിൽ നിന്നും സർക്കാരിന് ഏറ്റ തിരിച്ചടി വലിയ ചർച്ചയായിരുന്നു. 2023ലെ നവംബറിലായിരുന്നു സർക്കാരിനെ വെട്ടിലാക്കിയ ആ വിധി വന്നത്. സർക്കാരിന്റെ ഭാഗമായ സിപിഐ നേതാവ് തന്നെ നിയമ പോരാട്ടം നടത്തിയെന്നത് സർക്കാരിനും നാണക്കേടും തലവേദനയുമായി. ചീഫ് സെക്രട്ടറിയെ അടക്കം സുപ്രീംകോടതിയിൽ പ്രതിസന്ധിയിലാക്കിയ അസാധാരണ കേസായിരുന്നു ഇത്. തിരുവനന്തപുരം ജില്ലാ കളക്ടറെ കുഴിനഖ വിവാദത്തിൽ വിമർശിച്ച ജയചന്ദ്രൻ ആ വിഷയത്തിലും നിലപാടിൽ പിന്നോട്ടില്ലെന്നതാണ് ശ്രദ്ധേയം.

ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞിട്ടില്ലെന്ന് ജയചന്ദ്രൻ പറയുന്നു. ഉള്ള കാര്യങ്ങളേ പറഞ്ഞിട്ടുള്ളൂ. പറഞ്ഞത് കുറഞ്ഞുപോയി എന്നേ തോന്നിയിട്ടുള്ളൂ. കാബിനിലെത്തിയാൽ പല ഉദ്യോഗസ്ഥരെയും ഇരിക്കാൻ പോലും കലക്ടർ സമ്മതിക്കാറില്ല. കലക്ടറെ വിമർശിച്ചതിന് ജയചന്ദ്രന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. കുഴിനഖ ചികിത്സക്ക് സർക്കാർ ഡോക്ടറെ വീട്ടിലേക്കു വിളിച്ചുവരുത്തിയ കലക്ടർ ജെറോമിക് ജോർജിന്റെ നടപടിക്കെതിരേ ചാനൽ ചർച്ചയിൽ സംസാരിച്ചതിനാണ് ജയചന്ദ്രന് നോട്ടീസ് നൽകിയത്. ഡ്യൂട്ടിയിലായിരുന്ന ഡോക്ടറെ വീട്ടിലേക്ക് വിളിച്ചു വരുത്തിയ കലക്ടറുടെ നടപടിയെ വിമർശിച്ച് കെ ജി എം ഒ എയും രംഗത്തെത്തിയിരുന്നു. റവന്യൂ വകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാളാണ് തഹസിൽദാർ കൂടിയായ ജയചന്ദ്രന് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. എന്നാൽ, കലക്ടറുടെ വിവാദ നടപടിയെ കുറിച്ച് ഒരു വാക്കു പോലും നോട്ടീസിൽ പരാമർശിച്ചിട്ടില്ല. വരണാധികാരി കൂടിയായ ജില്ലാ കലക്ടറെ വിമർശിച്ചത് പെരുമാറ്റച്ചട്ട ലംഘനമാണെന്നാണ് നോട്ടീസിൽ പറയുന്നത്. സംഭവത്തിൽ സിപിഐ കടുത്ത പ്രതിഷേധം പ്രകടിപ്പിച്ചിട്ടുണ്ട്. സി പി എം നേതൃത്വത്തെ ഇക്കാര്യം അറിയിക്കാൻ പാർട്ടി തീരുമാനിച്ചിട്ടുണ്ട്.

അഴിമതിക്കെതിരെ വിപുലമായ ക്യാമ്പയിനുകളാണ് ജോയിന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ ഓഫീസുകളിൽ നടത്തുന്നത്. ഓഫീസുകൾക്ക് മുന്നിൽ 'ധ്വനി' പാരാതിപ്പെട്ടികൾ സ്ഥാപിച്ച് ജനങ്ങൾക്ക് പരാതികൾ എഴുതിയിടുന്നതിന് സംവിധാനമുണ്ടാക്കി. പ്രത്യേക മെയിൽ സംവിധാനം ഏർപ്പെടുത്തി മേൽവിലാസം എല്ലാ ഓഫീസുകളിലും പ്രദർശിപ്പിച്ചു. സേവനങ്ങൾ ഓൺലൈനിലാക്കുന്നതിന് വേണ്ടിയുള്ള സർക്കാർ ശ്രമങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകി. എന്നാൽ ഇടനിലക്കാരെ പൂർണമായും ഒഴിവാക്കാൻ ജനങ്ങളുടെ പൂർണ്ണ സഹകരണം ആവശ്യമാണ്. അതിനുള്ള വേദിയായി സിവിൽ സർവ്വീസ് യാത്രയും നടത്തി. പ്രത്യക്ഷത്തിൽ പിണറായി സർക്കാരിനെ കുറ്റപ്പെടുത്താതെ നടത്തിയ ഈ യാത്ര നയിച്ചത് ജയചന്ദ്രനായിരുന്നു. പെൻഷൻ നമ്മുടെ അവകാശം, സിവിൽ സർവീസ് നാടിന് അനിവാര്യം, അഴിമതി നാടിന് അപമാനം എന്നീ മുദ്രാവാക്യങ്ങൾ ഉന്നയിച്ചു കൊണ്ട് നവംബറിൽ നടത്തിയ ഈ യാത്രയും ഫലത്തിൽ പിണറായി സർക്കാരിന് എതിരാണെന്ന ചിന്ത സിപിഎമ്മിൽ ഉണ്ടാക്കിയിരുന്നു.

സർക്കാർ ജീവനക്കാരുടെ പങ്കാളിത്ത പെൻഷൻ പുനഃപരിശോധനാ റിപ്പോർട്ട് പുറത്ത് വന്നത് ജയചന്ദ്രൻ നിയമ പോരാട്ടത്തിലൂടെയായിരുന്നു. 2021 ൽ സർക്കാർ സമർപ്പിച്ച റിപ്പോർട്ടാണ് പുറത്തു വന്നത്. സുപ്രീംകോടതി നിർദേശത്തോടെയാണ് റിപ്പോർട്ട് പുറത്തുവിട്ടത്. 2013 ൽ നിയമനത്തിന് യോഗ്യത നേടിയവർക്ക് പഴയ പെൻഷൻ നൽകണമെന്ന സുപ്രധാന നിർദ്ദേശം റിപ്പോർട്ടിലുണ്ടായിരുന്നു. 2040 ഓടെ മാത്രമേ പങ്കാളിത്ത പെൻഷൻ ഗുണം ചെയ്യുകയുള്ളൂ എന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഈ റിപ്പോർട്ട് പുറത്തു വിടാതെയാണ് വീണ്ടും ഇക്കാര്യത്തെക്കുറിച്ച് പഠിക്കാൻ സർക്കാർ മന്ത്രിസഭ ഉപസമിതി രൂപീകരിച്ചത്. സർക്കാർ നടപടിയെ രൂക്ഷമായി സുപ്രീംകോടതി വിമർശിക്കുകയും ചെയ്തു. ആദ്യ റിപ്പോർട്ടിന്റ പകർപ്പ് ഹർജിക്കാർക്ക് കൈമാറാത്ത പക്ഷം ചീഫ് സെക്രട്ടറി വി വേണു നേരിട്ട് വിശദീകരണം നൽകണമെന്ന് സുപ്രീം കോടതി നിർദേശിച്ചു. പിന്നാലെയാണ് റിപ്പോർട്ട് പുറത്ത് വിടാൻ സർക്കാർ തയ്യാറായത്. കോടതി നടപടികളെ സർക്കാർ ലാഘവത്തോടെ എടുക്കരുതെന്നും മന്ത്രിസഭാ രേഖകളുടെ പരിധിയിൽ വരുന്നെന്ന കാരണം കാട്ടി റിപ്പോർട്ട് അനന്തമായി രഹസ്യമാക്കി വയ്ക്കാനാവില്ലെന്നും കോടതി പറഞ്ഞിരുന്നു.

ഉമ്മൻ ചാണ്ടി സർക്കാർ 2013 ൽ നടപ്പാക്കിയ പങ്കാളിത്ത പെൻഷൻ പദ്ധതി പുനഃപരിശോധിക്കുമെന്ന് 2016 ൽ തിരഞ്ഞെടുപ്പു വാഗ്ദാനമായാണ് ഇടതുപക്ഷം മുമ്പോട്ട് വച്ചത്. ഭരണം കിട്ടി നാലര വർഷം ഒന്നും ചെയ്തില്ല. 2021 ൽ അടുത്ത തിരഞ്ഞെടുപ്പിനു തൊട്ടു മുൻപ് പഠിക്കാൻ സമിതിയെ നിയോഗിച്ച് റിപ്പോർട്ട് വാങ്ങി. പക്ഷേ തീരുമാനം എടുത്തില്ല. വീണ്ടും അധികാരത്തിലെത്തി 2 വർഷം കഴിഞ്ഞിട്ടും റിപ്പോർട്ട് പുറത്തുവിടാൻ പോലും മടി കാണിച്ചു. ഇതോടെയാണ് സിപിഐയുടെ സർവ്വീസ് സംഘടന പോരാട്ടത്തിന് ഇറങ്ങിയത്. പൊതുഖജനാവിലെ പണം ചെലവിട്ടു തയാറാക്കിയ റിപ്പോർട്ട് പൊതുരേഖയാണെന്നു സിപിഐ അനുകൂല സംഘടനയായ ജോയിന്റ് കൗൺസിലിന്റെ ജനറൽ സെക്രട്ടറി ജയചന്ദ്രൻ കല്ലിംഗൽ സുപ്രീംകോടതിയിൽ വാദിച്ചു. ഇതിനിടെ പുതിയ മന്ത്രിസഭാ സമിതിയേയും നിയോഗിച്ചു. ഈ റിപ്പോർട്ട് സർക്കാർ പരിഗണനയിലാണെന്ന് വരുത്തി നൽകാതിരിക്കാനായിരുന്നു ഇത്. ഇതിനെ ഗൗരവത്തോടെ സുപ്രീംകോടി കണ്ടു. 2021 ഏപ്രിലിൽ ലഭിച്ച റിപ്പോർട്ടിൽ ഇതുവരെ തീരുമാനമെടുക്കാത്ത സർക്കാർ, സുപ്രീം കോടതി നടപടികളെ മറികടക്കാനല്ലേ ശ്രമിക്കുന്നതെന്നു കോടതി ആരാഞ്ഞു.

കഴിഞ്ഞ തവണ ഹർജി പരിഗണിച്ചപ്പോൾ റിപ്പോർട്ട് കൈമാറുന്നതിനെക്കുറിച്ചു തീരുമാനിക്കാൻ സമയം തേടിയ ശേഷം മന്ത്രിതലസമിതി രൂപീകരിച്ചത് ഉചിതമായില്ലെന്നും കോടതി പറഞ്ഞു. സെപ്റ്റംബറിൽ വിഷയം പരിഗണിച്ചപ്പോഴാണു റിപ്പോർട്ട് നൽകുകയോ എതിർസത്യവാങ്മൂലം സമർപ്പിക്കുകയോ വേണമെന്നു കോടതി നിർദ്ദേശിച്ചത്. ഏതാനും ദിവസം മുൻപു വിഷയം പരിഗണിച്ചപ്പോഴും സർക്കാർ അധികസമയം തേടിയിരുന്നു. സിപിഐ നേതാവായ ജയചന്ദ്രൻ കല്ലിങ്കലിനെ പക്ഷം കൂടെ നിർത്താൻ സർക്കാരിനായില്ല. ഇതോടെ സുപ്രീംകോടതിയിൽ സർക്കാരിന് അടിതെറ്റി. അന്ന് മുതൽ പിണറായി സർക്കാരിലെ ഒരു വിഭാഗത്തിന്റെ കണ്ണിലെ കരടായിരുന്നു ജയചന്ദ്രൻ.