1979ല്‍ മലയാള സിനിമാസ്വാദകരുടെ മനസില്‍ തിളങ്ങിയ 'ശരപഞ്ജരം' വീണ്ടും വെള്ളിത്തിരയിലെത്തുന്നു. ജയന്‍ എന്ന കരുത്തനായ നടന്റെ കരിയറിലെ നിര്‍ണ്ണായകമായ ചിത്രമായ ശരപഞ്ജരം, പുതിയ ഡിജിറ്റല്‍ സാങ്കേതിക മികവോടെ 4കെ ഡോള്‍ബി അറ്റ്‌മോസ് നിലവാരത്തില്‍ റീമാസ്റ്റര്‍ ചെയ്താണ് ചിത്രം തിയേറ്റുകളില്‍ എത്തുന്നത്. ഹരിഹരന്‍, മലയാറ്റൂര്‍ രാമകൃഷ്ണന്‍, ജയന്‍ എന്നിവര്‍ ചേര്‍ന്നുകൊണ്ട് ഒരുകാലത്ത് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ഈ ചിത്രം ഏപ്രില്‍ 25 മുതല്‍ വീണ്ടും പ്രേക്ഷകര്‍ക്ക് ഇടയിലേക്ക് എത്തുകയാണ്. റോഷിക എന്റര്‍പ്രൈസസാണ് സിനിമയുടെ വിതരണം കൈകാര്യം ചെയ്യുന്നത്.

നാലര ദശാബ്ദങ്ങള്‍ക്കു മുമ്പ് മലയാള സിനിമയെ നൂതനമായ കഥാപ്രവാഹത്തിലേക്ക് നയിച്ച ശരപഞ്ജരം, കാലത്തിന്റെ പരീക്ഷ നേരിട്ടുകൊണ്ടുമെങ്കിലും തലമുറകളെ ആകര്‍ഷിക്കുന്ന ചിത്രമെന്ന നിലയിലാണ് ഇന്നും പറഞ്ഞുപോകുന്നത്. ഹരിഹരന്റെ ആദ്യ 'ഹെവി സബ്ജക്ട്' എന്ന വിശേഷണവും ഈ ചിത്രത്തിനാണ്. ജയനും ഷീലയും മുഖ്യകഥാപാത്രങ്ങളായി എത്തിയ ഈ ചിത്രം, അവരുടെ അഭിനയത്തിനും കഥാപാത്രങ്ങള്‍ക്കും അനശ്വരത നല്‍കി.

മലയാറ്റൂര്‍ രാമകൃഷ്ണന്റെ കഥയെ ആസ്പദമാക്കി ഹരിഹരന്‍ തിരക്കഥയും സംവിധാനം ചെയ്ത ചിത്രം, തീവ്രമായ വിഷയം, സങ്കീര്‍ണ്ണമായ കഥാപാത്രങ്ങള്‍, ഉജ്ജ്വലമായ സാങ്കേതിക മികവുകള്‍ എന്നിവയെല്ലാം സമ്മിശ്രിപ്പിച്ച് തീര്‍ത്ത സിനിമാ അനുഭവമായി മാറിയിരുന്നു. ജി.പി. ഫിലിംസിന്റെ ബാനറില്‍ ജി.പി. ബാലന്റെ നിര്‍മ്മാണമാണ്.

പ്രേക്ഷകരുടെ മനസില്‍ ഊര്‍ജ്ജസ്വലമായ ഓര്‍മ്മകള്‍ സൃഷ്ടിച്ച ക്ലൈമാക്‌സ് സംഘട്ടന രംഗം ജയനും സത്താറും തമ്മിലായിരുന്നു. മലമുകളിലെ പാറപ്പുറത്ത് നടന്ന ഈ രംഗം ഹരിഹരന്റെ അനുമതിയോടെ ജയന്‍ തന്നെയാണ് ഒരുക്കിയത് എന്നതാണ് പ്രത്യേകത. 'ഷോലെയിലെ' അംജത് ഖാന്റെ പ്രകടനം പോലെയുണ്ടായിരുന്നു ജയന്റെ പ്രകടനം എന്നാണ് സഹനടന്‍ ഉമ്മര്‍ പിന്നീട് ഈ സംഘട്ടനെത്തെ പറ്റി കുറിച്ചിരുന്നത്.

നെഗറ്റീവ് ഷേഡില്‍ അഭിനയിച്ച ഷീലയുടെ കഥാപാത്രം, നെല്ലിക്കോട് ഭാസ്‌കരന് ലഭിച്ച സംസ്ഥാന അവാര്‍ഡ്, ഒടുവില്‍ ഉണ്ണികൃഷ്ണന്‍ എന്ന നടനെ സൂപ്പര്‍സ്റ്റാറാക്കിയ അവസരം തുടങ്ങി നിരവധി വഴിത്തിരിവുകളാണ് ശരപഞ്ജരം മലയാള സിനിമക്ക് നല്‍കിയത്. സംഗീത രംഗത്ത് യൂസഫലി കേച്ചേരിയുടെ വരികള്‍ക്ക് ദേവരാജന്റെ സംഗീതവും, യേശുദാസ്, ജയചന്ദ്രന്‍, വാണി ജയറാം, പി. ശുശീല, മാധുരി എന്നിവരുടെ ശബ്ദവും പുതുമയോടെ പ്രേക്ഷകരെ ആകര്‍ഷിച്ചിരുന്നു.

ജയന്‍, ഷീല, സത്താര്‍, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, ശങ്കര്‍, ശരത് ബാബു, നെല്ലിക്കോട് ഭാസ്‌കരന്‍, പി.കെ. എബ്രഹാം, ലത, പ്രിയ, കോട്ടയം ശാന്ത, ഭവാനി, ബേബി സുമതി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നൂതന സാങ്കേതിക മികവോടെ പഴയകാല ഓര്‍മ്മകള്‍ വീണ്ടും പരിചയപ്പെടുത്തുന്ന 'ശരപഞ്ജരം' ഇന്നും ചലച്ചിത്രപ്രേമികളുടെ ഹൃദയത്തില്‍ അതിന്റെ സ്ഥാനം ഉറപ്പിച്ചിരിക്കുന്നു. പ്രേക്ഷകര്‍ വലിയ പ്രതീക്ഷയോടെയാണ് വീണ്ടും ഈ അനശ്വര സിനിമയെ സ്വാഗതം ചെയ്യുന്നത്.