വത്തിക്കാന്‍ സിറ്റി: ഷിക്കാഗോയില്‍ ജനിച്ച കര്‍ദ്ദിനാള്‍ റോബര്‍ട്ട് പ്രെവൊസ്റ്റ് പുതിയ മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഒരുപക്ഷെ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് നെറ്റി ചുളിച്ചിട്ടുണ്ടാകാം. പുതിയ പോപ്പ് അമേരിക്കക്കാരനാണെങ്കിലും, അദ്ദേഹത്തിന്റെ മുന്‍കാല സമൂഹമാധ്യമ പോസ്റ്റുകളിലൂടെ ഒന്ന് കണ്ണോടിച്ചാല്‍ മനസ്സിലാകുക അദ്ദേഹം ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയത്തെ അനുകൂലിക്കുന്ന ഒരു വ്യക്തിയല്ല എന്നു തന്നെയാണ്. പോപ്പ് ലിയോ പതിന്നാലാമന്‍ എന്ന പേര് സ്വീകരിച്ച് ലോകത്തിലെ 1.41 ബില്യന്‍ കത്തോലിക്ക വിശ്വാസികളുടെ ആത്മീയ ആചാര്യനായി മാറുന്ന കര്‍ദ്ദിനാള്‍ റോബര്‍ട്ട് പ്രെവൊസ്റ്റ്, മാര്‍പ്പാപ്പയാകുന്ന ആദ്യ അമേരിക്കക്കാരനാണ്.

ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയത്തെ തുടര്‍ച്ചയായി വിമര്‍ശിച്ചു കൊണ്ടിരുന്ന വ്യക്തിയാണ് പോപ്പ് ലിയോ. അദ്ദേഹത്തിന്റെ ഏറ്റവും അവസാനത്തെ ട്വീറ്റ് പ്രത്യക്ഷപ്പെട്ടത് കഴിഞ്ഞ ഏപ്രില്‍ 14 ന് ആയിരുന്നു. മൂന്ന് കുട്ടികളുടെ പിതാവ് കൂടിയായ, രേഖകളില്ലാതെ അമേരിക്കയില്‍ എത്തിയ കുടിയേറ്റക്കാരനെ എല്‍ സാല്‍വഡോറിലേക്ക് നാടുകടത്തുന്നത് എതിര്‍ത്തുകൊണ്ടുള്ളതായിരുന്നു ആ ട്വീറ്റ്. കഷ്ടതകള്‍ നിങ്ങള്‍ കാണുന്നില്ലെ? നിങ്ങളുടെ ബോധം നശിച്ചുവൊ? എങ്ങനെ നിങ്ങള്‍ക്ക് നിശബ്ദരായി ഇരിക്കാന്‍ കഴിയുന്നു ? എന്നായിരുന്നു ആ പോസ്റ്റ്.

സമാനമായ രീതിയില്‍ വൈസ് പ്രസിഡണ്ട് , ജെഡി വാന്‍സിന്റെ കുടിയേറ്റ വിഷയത്തിലെ നിലപാടുകളെ അതിനിശിതമായി വിമര്‍ശിച്ചുകൊണ്ടും പോപ്പ് ലിയോ പതിനാലാമന്‍ ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. കുടിയേറ്റക്കാരുടെ കുട്ടികളെ മാതാപിതാക്കളില്‍ നിന്നും വേര്‍പെടുത്തുന്നത് തടഞ്ഞുകൊണ്ടുള്ള ട്രംപ് സര്‍ക്കാരിന്റെ നടപടിയില്‍ അദ്ദേഹത്തിന് നന്ദി രേഖപ്പെടുത്തി പെറുവിലെ കത്തോലിക്ക നേതാക്കള്‍ എഴുതിയ കത്ത് ഉള്‍പ്പടെ, കുടിയേറ്റക്കാരെ നാടുകടത്തുന്നതിനെതിരെയുള്ള നിരവധി പോസ്റ്റുകള്‍ അദ്ദേഹം ഷെയര്‍ ചെയ്തിട്ടുമുണ്ട്.

തന്റെ ജീവിതത്തിന്റെ വലിയൊരു ഭാഗം ലാറ്റിന്‍ അമേരിക്കയില്‍ ചെലവഴിച്ച അദ്ദേഹത്തിന് കുടിയേറ്റക്കാരോട് താത്പര്യമുണ്ടാവുക സ്വാഭാവികം തന്നെയാണ്. അദ്ദേഹത്തിന് പെറുവിയന്‍ പൗരത്വം പോലുമുണ്ട്. ഇന്നലെ വ്യാഴാഴ്ച, മാര്‍പ്പാപ്പ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ആദ്യ പ്രസംഗം സ്പാനിഷ് , ഇറ്റാലിയന്‍ ഭാഷകളിലായിട്ടായിരുന്നു.ഏതായാലും 69 കാരനായ പോപ്പിനെ, അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പില്‍ ആദ്യം അഭിനന്ദിച്ചത് ഡൊണാള്‍ഡ് ട്രംപും ജെഡി വാന്‍സുമായിരുന്നു.

ട്രംപ് ഭരണകൂടത്തിന്റെ നിലപാടുകളോട് വിരുദ്ധമായ നിലപാടുകള്‍ എടുക്കുന്ന മാര്‍പ്പാപ്പയോടുള്ള ജെഡി വാന്‍സിന്റെ സമീപനമാണ് എല്ലാവരും ഉറ്റു നോക്കുന്നത്. 2019 ല്‍ മാത്രം കത്തോലിക്ക വിശ്വാസിയായ വ്യക്തിയാണ് ജെഡി വാന്‍സ്.മാത്രമല്ല, പോപ്പ് ഫ്രാന്‍സിസ് മരണമടയുന്നതിന് മുന്‍പായി അദ്ദേഹത്തെ സന്ദര്‍ശിച്ച ചുരുക്കം ചില രാഷ്ട്രീയ നേതാക്കളില്‍ ഒരാളുമാണ് ജെഡി വാന്‍സ്.

പോപ്പ് ലിയോ പതിന്നാലാമന്റെ പഴയ സമൂഹമാധ്യമ പോസ്റ്റുകളോടോ അല്ലെങ്കില്‍ അദ്ദേഹത്തിന്റെ ലേഖനങ്ങളോടോ വാന്‍സ് പ്രതികരിച്ചിട്ടില്ല. എന്നാല്‍, ക്രിസ്തുമത വിശ്വാസപ്രകാരമുള്ള, സ്നേഹത്തിന്റെ യഥാര്‍ത്ഥ ക്രമം ഉദ്ധരിച്ച് അദ്ദേഹം ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങളെ ന്യായീകരിച്ചിരുന്നു. ആദ്യം, കുടുംബത്തെ സ്നേഹിക്കുക, പിന്നീട് അയല്‍ക്കാരെ സ്നേഹിക്കുക, പിന്നീട് സമൂഹത്തെയും രാജ്യത്തെയും സ്നേഹിക്കുക പിന്നീട് ലോകത്തെയും, എന്ന വരികള്‍ ഉദ്ധരിച്ചായിരുന്നു വാന്‍സ് ഭരണകൂട നടപടികളെ ന്യായീകരിച്ചത്.