തിരുവനന്തപുരം: ജീവനക്കാരുടെ ശമ്പളത്തിൽനിന്നു പ്രതിമാസം നിശ്ചിതതുകവീതം പിടിച്ച് 'ജീവാനന്ദം' എന്നപേരിൽ ആന്വിറ്റി സ്‌കീം നടപ്പാക്കാൻ സംസ്ഥാനസർക്കാർ നടപടിക്ക് പിന്നിലും സാമ്പത്തിക പ്രതിസന്ധിയോ? ജീവനക്കാർ വിരമിച്ചുകഴിയുമ്പോൾ മാസംതോറും നിശ്ചിതതുക തിരികെനൽകുംവിധം പദ്ധതി ആവിഷ്‌കരിക്കാനാണ് ലക്ഷ്യമിടുന്നത്. അതായത് വിരമിച്ച ശേഷം മാസാമാസം തുക നൽകും. പെൻഷൻ കൊടുക്കുന്ന സർക്കാർ എന്തിനാണ് മറ്റൊരു പദ്ധതി കൂടി കൊണ്ടു വരുന്നതെന്ന ചോദ്യം പ്രസക്തമാകുന്നത്. ഭരണാനുകുല സംഘടനകൾ പോലും ഇതിനെ എതിർക്കും. സാമ്പത്തിക പ്രതിസന്ധിയക്കിടെ ജീവനക്കാരുടെ ശമ്പളം കുറയ്ക്കാനുള്ള കുബുദ്ധിയാണ് ജീവനക്കാർ പദ്ധതിയിൽ കാണുന്നത്.

ഖജനാവിലേക്ക് പണം കണ്ടെത്താൻ കുറുക്കുവഴിയുമായി സർക്കാർ. ജീവനക്കാരുടെ ശമ്പളത്തിൽനിന്ന് ഒരു വിഹിതം പ്രതിമാസം പിടിക്കുമെന്നതാണ് വസ്തുത. വിരമിച്ച ശേഷം പ്രതിമാസം നിശ്ചിത തുക ലഭ്യമാക്കും. 'ജീവാനന്ദം' എന്ന പേരിൽ ഇൻഷ്വറൻസ് പദ്ധതിയായാണ് നടപ്പാക്കുന്നത്. മെഡിസെപ് എന്ന ചികിത്സാ പദ്ധതി അടക്കം നാല് ഇൻഷ്വറൻസ് പദ്ധതികളും പ്രതിമാസ പെൻഷനും ഉണ്ടായിരിക്കേയാണ് പുതിയ പദ്ധതി. സംസ്ഥാന ഇൻഷ്വറൻസ് വകുപ്പ് മുഖേന നടപ്പാക്കുന്ന പദ്ധതിയുടെ രൂപരേഖ തയ്യാറാക്കാൻ സ്വകാര്യ കൺസൾട്ടൻസിയെ നിയോഗിച്ച് മെയ്‌ 29ന് ഉത്തരവിറക്കി.

ആന്വറ്റി എന്ന പേരിൽ പദ്ധതി നടപ്പാക്കുമെന്ന് 2024-25ലെ ബഡ്ജറ്റിൽ ധനമന്ത്രി കെ.എം.ബാലഗോപാൽ പ്രഖ്യാപിച്ചിരുന്നു. അത്യാവശ്യ ഘട്ടങ്ങളിൽ സർക്കാരിന് തുക ഉപയോഗിക്കാമെന്ന വ്യവസ്ഥ ഉണ്ടാകുമെന്നാണ് സൂചന. പാളിയ മെഡിസെപ്പ്10 ലക്ഷത്തോളം ജീവനക്കാരും പെൻഷൻകാരും അവരുടെ ആശ്രിതരായ 20 ലക്ഷത്തോളം പേരും ഉൾപ്പെടുന്ന ഇൻഷ്വറൻസ് പരിരക്ഷയായ മെഡിസെപ്പിന്റെ പ്രവർത്തനം അവതാളത്തിലാണ്. ഇതിനിടെയാണ് പുതിയ ഇൻഷുറൻസ് പദ്ധതിയുമായി സർക്കാരെത്തുന്നത്.

പുതിയ ആന്വിറ്റി സ്‌കീം സംസ്ഥാന ഇൻഷുറൻസ് വകുപ്പുവഴി നടപ്പാക്കാനാണ് തീരുമാനം. ഇതിന്റെ രൂപരേഖ തയ്യാറാക്കിനൽകാൻ ഇൻഷുറൻസ് വകുപ്പിനോട് ധനവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനൊപ്പമാണ് കൺസൾട്ടൻസി പഠനം. മാസം തോറും നിശ്ചിത തുക തിരിച്ചു കൊടുക്കുന്നത് എങ്ങനെ ഇൻഷ്വറൻസാകുമെന്ന ചോദ്യവും ഉയരുന്നു. അതേസമയം ജീവനക്കാരുടെ ശമ്പളം പിടിച്ച് സാമ്പത്തികപ്രതിസന്ധി മറികടക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ സർവീസ് സംഘടനകൾ ആരോപിച്ചു. പദ്ധതിയെ എതിർത്ത് പ്രക്ഷോഭം സംഘടിപ്പിക്കാൻ സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽയോഗം തീരുമാനിച്ചു. വിരമിക്കുന്ന ജീവനക്കാരുടെ പെൻഷൻ ആനുകൂല്യങ്ങൾ തടഞ്ഞുവെക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും അവർ ആരോപിച്ചു.

നിലവിൽ മെഡിസെപ് ചികിത്സാപദ്ധതിക്കായി പ്രതിമാസം 500 രൂപവീതം ജീവനക്കാരിൽനിന്നും പിടിക്കുന്നുണ്ട്. പങ്കാളിത്ത പെൻഷൻകാരിൽനിന്ന് 10 ശതമാനത്തിൽ കുറയാത്ത തുക പെൻഷൻഫണ്ടിലേക്ക് ഈടാക്കുന്നുമുണ്ട്. പി.എഫ്. അടക്കം മറ്റ് വിഹിതവും ജീവനക്കാർ നൽകുന്നുണ്ട്. ഇതിനുപുറമേയാണ് ജീവാനന്ദത്തിനായി ശമ്പളവിഹിതം പിടിക്കുക. ശമ്പളത്തിന്റെ പത്തുശതമാനംവീതം ഈടാക്കിയാൽപോലും പ്രതിമാസം കോടികൾ സർക്കാരിന് മറ്റാവശ്യങ്ങൾക്ക് വിനിയോഗിക്കാനാകും. സ്റ്റാറ്റിയൂട്ടറി പെൻഷനും പങ്കാളിത്തപെൻഷൻ പദ്ധതിയും നിലവിലുള്ളപ്പോൾ ജീവാനന്ദം എന്ന പേരിൽ പുതിയ ആന്വിറ്റി പദ്ധതി നടപ്പിലാക്കാനുള്ള സർക്കാരിന്റെ തീരുമാനം ദുരുദ്ദേശപരമാണെന്ന് സെറ്റോ ചെയർമാൻ ചവറ ജയകുമാർ അഭിപ്രായപ്പെട്ടു.

നിലവിലുള്ള സ്റ്റാറ്റിയൂട്ടറി പെൻഷനെഅട്ടിമറിക്കാനാണ് ആന്വിറ്റി പദ്ധതി കൊണ്ടു വരുന്നത് എന്ന ആശങ്ക ജീവനക്കാർക്കിടയിൽ നിലനിൽക്കുകയാണ്. പങ്കാളിത്ത പെൻഷൻ പിൻവലിക്കാതെ ജീവനക്കാരെ വീണ്ടും പറ്റിക്കാനുള്ള ഗൂഢതന്ത്രമാണിത്. സർക്കാർ ജീവനക്കാരുടെ ശമ്പളം അവരുടെ സ്വത്താണെന്ന് രാജ്യത്തെ നീതിപീഠങ്ങൾ എല്ലാം ആവർത്തിച്ച് വിധി ന്യായങ്ങളിലൂടെ വ്യക്തമാക്കിയിട്ടുള്ളതാണ്‌പെൻഷൻ മാറ്റിവയ്ക്കപ്പെട്ട വേതനമാണ്. ശമ്പളവും പെൻഷനും ക്ഷാമബത്തയും കൃത്യമായി നൽകുക എന്നത് തൊഴിൽദാതാവെന്ന നിലയിൽ സർക്കാരിന്റെ ഉത്തരവാദിത്തമാണ്. സാമ്പത്തിക കെടുകാര്യസ്ഥതമൂലം പ്രതിസന്ധിയിലായ സർക്കാർ ഈ ഉത്തരവാദിത്തങ്ങൾ തങ്ങൾ അല്ല നിർവ്വഹിക്കേണ്ടത് എന്ന തരത്തിൽ കൈമലർത്തി കാണിക്കുകയാണെന്ന് പ്രതിപക്ഷ സംഘടനകൾ പറയുന്നു.

പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കാമെന്ന് രണ്ടു തവണ തെരഞ്ഞെടുപ്പ് വാഗ്ദാനം നൽകി അതിന്റെ അടിസ്ഥാനത്തിൽ ഭരണം നേടി ഇടതു ഭരണം 8 വർഷം പിന്നിടുകയാണ്.അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജീവനക്കാരുടെ കണ്ണിൽ പൊടിയിടാൻ പങ്കാളിത്തപെൻഷൻ പദ്ധതിക്ക് പകരം പുതിയ പെൻഷൻ കൊണ്ടു വരുമെന്ന് പറയുകയും യാതൊരു ആലോചനയുമില്ലാതെ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. ഒരേ രൂപത്തിലുള്ള വ്യത്യസ്ത പരിപാടികളിലൂടെ ജീവനക്കാരുടെ ശമ്പളത്തിന്റെ നിശ്ചിതശതമാനം കവർന്നെടുക്കുക എന്നുള്ളതാണ് പ്ലാൻ ബി.ഇതിനെ എന്തു വിലകൊടുത്തും ചെറുത്തു തോൽപ്പിക്കുമെന്നും പ്രതിപക്ഷ സംഘടനകൾ പറയുന്നു.