- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
485 കാളകൾ പങ്കെടുത്ത മത്സരത്തിൽ 3 പൊലീസുകാർ ഉൾപ്പെടെ 74 പേർക്കു പരുക്കേറ്റു; 12 പേരുടെ നില ഗുരുതരം; 17 കാളകളെ മെരുക്കി പുതുക്കോട്ടയിലെ വീരൻ ബൈക്കുമായി പറന്നു; ഇനി അളങ്കാനല്ലൂരിലെ പൂരം 18ന്; വിജയിക്ക് സമ്മാനം കാറും; വീണ്ടും തമിഴ്നാട്ടിൽ ജെല്ലിക്കെട്ട് ആവേശം; ചെന്നൈയിലും കാളപോരെത്തിക്കാൻ കമൽഹാസൻ
ചെന്നൈ: വീണ്ടും ജെല്ലിക്കെട്ട് തരംഗം. തമിഴ്‌നാട്ടിലെ ഈ വർഷത്തെ ആദ്യ ജെല്ലിക്കെട്ട് മത്സരം പുതുക്കോട്ടയിൽ പൂർത്തിയായപ്പോൾ 17 കാളകളെ മെരുക്കിയ വീരന് ബൈക്ക് സമ്മാനം ലഭിച്ചു. മികച്ച കാളയെ രംഗത്തിറക്കിയ ഉടമയ്ക്കും ബൈക്കാണു സമ്മാനം. 485 കാളകൾ പങ്കെടുത്ത മത്സരത്തിൽ 3 പൊലീസുകാർ ഉൾപ്പെടെ 74 പേർക്കു പരുക്കേറ്റു. 12 പേരെ ഗുരുതര പരുക്കുകളോടെ പുതുക്കോട്ട സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊങ്കൽ ദിനത്തോട് അനുബന്ധിച്ചു മധുര അളങ്കാനല്ലൂരിൽ നടക്കുന്ന ജല്ലിക്കെട്ടിലെ വിജയിക്ക് കാറാണ് സമ്മാനം.
കൊയ്ത്തുത്സവമായ പൊങ്കലിന് മുന്നോടിയായി മൃഗപീഡനത്തിന്റെ ആശങ്കകൾക്കിടയിലാണ് ജെല്ലിക്കെട്ട് നടന്നത്. സർക്കാർ പുറപ്പെടുവിച്ച മാർഗനിർദ്ദേശങ്ങൾ പാലിക്കാത്തതിനാൽ ഈ മാസം ആറിന് ആദ്യം നിശ്ചയിച്ചിരുന്ന പരിപാടി ജില്ലാ കലക്ടർ കവിത രാമു മാറ്റിവച്ചിരുന്നു. കാളകളുടെയും കാണികളുടെയും സുരക്ഷ ഉറപ്പാക്കാൻ തമിഴ്‌നാട് സർക്കാർ ഇരട്ട ബാരിക്കേഡിങ്, മൃഗസംരക്ഷണ ബോർഡ് നോമിനികളുടെ നിരീക്ഷണത്തിന് പുറമെ മൃഗഡോക്ടർമാരുടെ പരിശോധന എന്നിവയുൾപ്പെടെയുള്ള സുരക്ഷാ നടപടികൾ ഏർപ്പെടുത്തിയിരുന്നു.
പരിപാടിയിൽ പങ്കെടുക്കുന്നതിന് മുൻകൂർ വ്യവസ്ഥയായി കാളകളെ മെരുക്കുന്നവർ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതും സർക്കാർ നിർബന്ധമാക്കി. ജനുവരി 17ന് മധുര ജില്ലയിലെ ലോകപ്രശസ്തമായ അളങ്കനല്ലൂരിലാണ് ഏറ്റവും വലിയ പരിപാടി നടക്കുക. മധുര ആവണിയാപുരത്ത് ജനുവരി 15നും പാലമേട്ടിൽ 16നും ജെല്ലിക്കെട്ട് നടക്കും. ഒരുപാട് വർഷങ്ങളായി ഗ്രാമീണ കായിക വിനോദങ്ങളിൽ പലരും കാളകളാൽ കൊല്ലപ്പെടുകയോ അംഗവൈകല്യം സംഭവിക്കുകയോ ചെയ്തു. കാളകളും പലതരം ക്രൂരതകൾക്കും പീഡനങ്ങൾക്കും വിധേയരായിട്ടുണ്ട്. ലഹരി, കാളയുടെ കണ്ണിൽ നാരങ്ങപിഴിഞ്ഞ് ആക്രമണകാരികളാക്കുക, കാളയുടെ വാലിൽ വലിക്കുക, കുന്തം കൊണ്ട് കുത്തുക-ഇങ്ങനെ പോകുന്നു ക്രൂരതകൾ.
ഈ കായിക വിനോദത്തിന് സുപ്രീംകോടതി നേരത്തെ വിലക്കേർപ്പെടുത്തിയിരുന്നു. എങ്കിലും സംഭവം മതപരവും സാംസ്‌കാരികവുമായ പാരമ്പര്യമാണെന്ന് വാദിച്ച് 2017 ൽ സംസ്ഥാനത്ത് വൻപ്രതിഷേധത്തെ തുടർന്ന് നിയമം ഭേദഗതി ചെയ്തു. കേസിപ്പോഴും സുപ്രീം കോടതിയിൽ നടക്കുന്നുണ്ട്. അതിനിടെ പൊങ്കൽ ആഘോഷങ്ങളുടെ ഭാഗമായി ചെന്നൈയിൽ ജെല്ലിക്കെട്ട് നടത്തുമെന്ന് നടൻ കമൽഹാസൻ പ്രഖ്യാപിച്ചിട്ടുണ്ട്.
തെക്കൻ ജില്ലകളിൽ നടക്കുന്ന ജെല്ലിക്കെട്ട് മത്സരം ചെന്നൈയിലും നടത്തുമെന്ന് നടനും മക്കൾ നീതിമയ്യം നേതാവുമായ കമൽഹാസൻ പറഞ്ഞു. വേദി ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തേ പ്രതിഷേധം അരങ്ങേറിയ ചെന്നൈ മറീന കടൽക്കരയിൽ മത്സരം നടത്താനാണ് കമൽഹാസന്റെ താല്പര്യം.
മറുനാടന് മലയാളി ബ്യൂറോ