- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൂചന നൽകുന്നവർ കണ്ടെത്തി തരുമോ മകളെ; അഭ്യൂഹങ്ങൾ പരത്തുന്നവർ ശരിയായ അന്വേഷണത്തെ വഴിതിരിച്ചു വിടുന്നു; സെൻട്രൽ ജയിൽ തടവുകാരൻ നൽകിയ മൊഴിയിലും കാര്യമില്ലെന്നാണ് സിബിഐ അറിയിച്ചതെന്ന് അച്ഛൻ; മുക്കൂട്ടുതറയിൽ നിന്നും ജെസ്‌ന പോയിട്ട് അഞ്ചു കൊല്ലം; മാർച്ച് 22 കൊല്ലമുള കുന്നത്തുവീട്ടിൽ കുടുംബത്തിന് കറുത്ത ഓർമ്മ
കോട്ടയം: എരുമേലി മുക്കൂട്ടുതറ കുന്നത്തുവീട്ടിൽ ജയിംസിന്റെയും പരേതയായ ഫാൻസിയുടെ ഇളയമകൾ ജെസ്ന മരിയ (20) യെ കാണാതായിട്ട് അഞ്ച് വർഷം. ജെസ്‌നയെന്ന ബിരുധവിദ്യാർത്ഥിനിയുടെ തിരോധാനം സംബന്ധിച്ച് അഭ്യൂഹങ്ങളല്ലാതെ അന്വേഷണ ഉദ്യോഗസ്ഥർക്കും കൃത്യമായ ഉത്തരം ഇല്ല. നിലവിൽ സി ബി ഐ അന്വേഷണം നടന്നുവരികയാണ്.
സൂചന നൽകുന്നവർ കണ്ടെത്തി തരുമോ മകളെ എന്ന ചോദ്യമാണ് ജെസ്‌നയുടെ അച്ഛൻ ഉയർത്തുന്നത്. അഭ്യൂഹങ്ങൾ പരത്തുന്നവർ ശരിയായ അന്വേഷണത്തെ വഴിതിരിച്ചു വിടുകയാണെന്ന് ജെസ്നയുടെ പിതാവ് ജെയിംസ് പറയുന്നു. ഒടുവിൽ സെൻട്രൽ ജയിൽ തടവുകാരൻ നൽകിയ മൊഴിയിലും കാര്യമില്ലെന്നാണ് സി. ബി. ഐ. തന്നെ അറിയിച്ചത്. അന്വേഷണം ശരിയായ രീതിയിൽ നടക്കുന്നതായി വിശ്വാസമുണ്ട്. ആദ്യം മുതൽ അവിടെ കണ്ടു ഇവിടെ കണ്ടു എന്ന് പറഞ്ഞ് പരത്തുന്നവർ അന്വേഷണം വഴിതിരിച്ചു വിട്ടു.
അന്വേഷണ ഉദ്യോഗസ്ഥർ അവർ പറഞ്ഞത് കേട്ടു പോയി. എന്നാൽ ശരിയായ അന്വേഷണം ആദ്യം നടന്നില്ല. അവിടെയിവിടെയായി ജെസ്ന ജീവിച്ചിരിപ്പുണ്ട് രണ്ടു മക്കളുടെ മാതാവായി എന്ന് പറയുന്നവർ എന്തുകൊണ്ട് കണ്ടെത്തി തരാൻ സഹായിക്കുന്നില്ല. അങ്ങനെയെങ്കിൽ മകളെയും കണ്ടെത്തി അന്വേഷണം അവസാനിപ്പിക്കാമായിരുന്നല്ലോ. ഓരോ ദിവസവും ഒരുപാടു വിഷമത്തോടെ നെഞ്ചു നീറി കഴിയുകയാണ്. അവളെ എന്നെങ്കിലും കണ്ടെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്-ജെയിംസ് പറയുന്നു.
തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലെ പോക്‌സോ കേസിലെ തടവുകാരൻ സി ബി ഐയ്ക്ക് കൊടുത്ത മൊഴിയാണ് ഒടുവിലത്തെ അഭ്യൂഹം. ഒപ്പമുണ്ടായിരുന്ന മോഷണ കേസിലെ പ്രതി ജെസ്നയുടെ തിരോധാനം സംബന്ധിച്ച് അറിയാമെന്നാണ് വെളിപ്പെടുത്തിയതെന്നും പത്തനംതിട്ട സ്വദേശിയായ ഇയാൾ ഒളിവിലാണെന്നുമാണ് മൊഴി നൽകിയത്. ഇതേ തുടർന്നും സി ബി ഐ അന്വേഷണം നടത്തി.
പക്ഷേ അതും വെറുതെയായി. 2018 മാർച്ച് 22 ന് രാവിലെ 9.15 നാണ് മുക്കൂട്ടുതറ ടൗണിനു സമീപമുള്ള വീട്ടിൽ നിന്നും ജെസ്ന ഇറങ്ങുന്നത്. കൈയിൽ കരുതിയ ചെറിയബാഗിനുള്ളിൽ മൂന്നാം തീയതിയിലെ പരീക്ഷയ്ക്ക് പഠിക്കുന്നതിനുള്ള പുസ്തകം മാത്രം എടുത്തിരുന്നു. വീടിനു മുൻപിൽ കാത്തു നിന്ന് ഓട്ടോറിക്ഷയിൽ മുക്കൂട്ടുതറ ടൗണിലെത്തി. 9.30 ന് ചാത്തൻതറയിൽ നിന്നും എരുമേലിയിലേയ്ക്ക് പുറപ്പെട്ട ബസിൽ കയറി എരുമേലിയിലെത്തിയത് വ്യക്തമായി കണ്ടവരുണ്ട്. കോളജിലെ ജൂണിയർ വിദ്യാർത്ഥിയും അമ്മയും യാത്ര ചെയ്ത ബസിലാണ് അവൾ കയറിയത്.
എരുമേലി സ്വകാര്യ ബസ് സ്റ്റാന്റിലെത്തിയ ജസ്ന മുണ്ടക്കയത്തേയ്ക്ക് ബസിൽ കയറുന്നതിനായി പോകുന്നത് കണ്ടതായി ഇവർ നൽകിയ വിവരമാണ് അവസാനമായി ലഭിച്ചത്. പിന്നീട് അവൾ എവിടേയ്ക്കാണ് പോയതെന്ന് ആർക്കും അറിയില്ല. പൊലീസ് നടത്തിയ അന്വേഷണത്തിലും വ്യക്തമായ സൂചനകൾ ഇതുവരെയും കണ്ടെത്താനായിട്ടില്ല. ആരോടും അധികം സംസാരിക്കാത്ത പ്രകൃതം. കറുത്ത ഫ്രെയിം ഉള്ള വട്ടകണ്ണാടിയും, കൈയിൽ വലിയ വാച്ചും ലളിതമായ വസ്ത്രധാരണവും മാത്രമുള്ള അവൾ സ്വർണാഭരണങ്ങൾ അണിയാറില്ല. സ്മാർട്ട് ഫോൺ പോലും സ്വന്തമായില്ല.
കഴുത്തിൽ ഒരു കൊന്തയും കാതിൽ സ്റ്റഡും മാത്രമാണുള്ളത്. പച്ചനിറത്തിലുള്ള ചുരിദാർ ധരിച്ചതായി അയൽവാസി പറഞ്ഞിരുന്നു. അവൾ മുണ്ടക്കയം പുഞ്ചവയലിലുള്ള പിതാവിന്റെ സഹോദരിയുടെ അരികിലേയ്ക്കാണ് യാത്ര പോയതെന്നു മാത്രം പിതാവിനും സഹോദരങ്ങൾക്കും അറിയാം. പിന്നെയുള്ളതെല്ലാം അഭ്യൂഹങ്ങൾ മാത്രം. സ്ഥിരം ബന്ധപ്പെട്ടിരുന്നവരിലൂടെ ലഭിച്ച വിവരങ്ങളിൽ നിന്നും അവൾ ഏങ്ങോട്ടാണ് പോയതെന്ന് കണ്ടെത്താനാവുന്നില്ലായെന്ന് പൊലീസ് പറയുന്നു. 2017 ജൂലൈ അഞ്ചിനാണ് ന്യുമോണിയ ബാധിച്ചതിനെ തുടർന്ന് മാതാവ് ഫാൻസി മരിച്ചു. അമ്മയുടെ ആകസ്മിക വേർപാടിൽ മാനസിക സംഘർഷത്തിലായിരുന്നു ജെസ്ന.
പഠനത്തിൽ ഏറെ സമർഥയായിരുന്ന ജസ്നയ്ക്ക് ശാന്ത സ്വഭാവമായിരുന്നതായി അദ്ധ്യാപകരും ബന്ധുക്കളും പറയുന്നു. ഒടുവിലെഴുതിയ പരീക്ഷയിൽ 86 ശതമാനം മാർക്ക് നേടിയിരുന്നു. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിലെ എൻ. എസ്. എസ്. വോളണ്ടിയറായിരുന്നു. പ്രണയ ബന്ധമോ ആത്മാർഥ സുഹൃത്തുക്കളൊ അനാവശ്യ കൂട്ടുകെട്ടുകളോ ഒന്നുമില്ലാതിരുന്നതിനാൽ അതു വഴിയുള്ള അന്വേഷണവും ഫലം കണ്ടില്ല. അവൾ ഉപയോഗിച്ചിരുന്ന സാധാ ഫോൺ കൈയിൽ കൊണ്ടു നടക്കാറുമില്ല.
ഫെബ്രുവരി പത്തിന് ജന്മദിനം ദിവസത്തിൽ 'മൈ ബർത്ത്ഡേ കട്ട ബോർ' എന്ന് എഴുതിയതൊഴിച്ചാൽ കാര്യമായ കുറിപ്പുകളൊന്നും ഡയറിയിൽ കണ്ടെത്താനായിട്ടില്ല. എന്നാൽ ഡയറിയിൽ ലോകത്തിലെ അഞ്ച് ധീര വനിതകളുടെ പേരുകൾ രേഖപ്പെടുത്തിയിരുന്നു.