- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വഴിയോരത്ത് ഗേറ്റിനുള്ളിലെ വലിയ വീട്; മുറ്റം നിറയെ വള്ളിപ്പടര്‍പ്പുകള്‍; വീടിനെ മറച്ച് മരങ്ങള്‍; ഒറ്റനോട്ടത്തില്‍ മതിലുകെട്ടിയ വനം; ആ ഇരുനിലവീട്ടില്‍ 20 വര്‍ഷമായി താമസിക്കുന്ന സാമും ജെസിയും നാട്ടുകാര്‍ക്ക് അപരിചിതര്‍; നിഗൂഢതകള്‍ ഒളിപ്പിച്ച കപ്പടക്കുന്നേല്‍ വീട്; സാമിനെ കുടുക്കിയത് കുടുംബസുഹൃത്തിന്റെ പരാതി
ആ ഇരുനിലവീടിന്റെ സമീപവാസികള്‍ക്കും ദമ്പതിമാര്‍ അപരിചിതര്‍
കോട്ടയം: പട്ടിത്താനം രത്നഗിരി സെയ്ന്റ് തോമസ് പള്ളിക്ക് സമീപം വഴിയോരത്ത് ഗേറ്റിനുള്ളിലെ വലിയ ഇരുനിലവീട്. അവിടെ ഒരു കൊലപാതകം നടന്നുവെന്ന് സമീപവാസികള്‍പോലും അറിയുന്നത് ദിവസങ്ങള്‍ക്ക് ശേഷമാണ്. കുടുംബവഴക്കിനെത്തുടര്‍ന്ന് രണ്ടാംഭാര്യ ജെസിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി കൊക്കയില്‍ തള്ളിയ സാം കെ. ജോര്‍ജ് ഇവിടെയാണ് താമസിച്ചിരുന്നത്. സമീപവാസികള്‍ക്കുപോലും ഇവരെക്കുറിച്ച് ഒന്നുമറിയില്ല. 20 വര്‍ഷമായി ഇവര്‍ ഇവിടെയാണ് താമസിക്കുന്നത്. ജെസിയെ (50), ഭര്‍ത്താവ് സാം (59) മുഖത്ത് കുരുമുളക് സ്‌പ്രേ അടിച്ചശേഷം വലിച്ചിഴച്ച് മുറിയില്‍ കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് പോലീസ് കേസ്. തുടര്‍ന്ന് മൃതദേഹം കാറില്‍ കയറ്റി തൊടുപുഴ ചെപ്പുകുളം ചക്കുരംമാണ്ടിലെ കൊക്കയില്‍ തള്ളുകയായിരുന്നു. രണ്ട് നിലകളുള്ള വീടിന്റെ മുകളിലത്തെ നിലയിലാണ് സാം താമസിച്ചിരുന്നത്. താഴത്തെ നിലയിലായിരുന്നു ജെസി.
സാമും ജെസിയും താമസിച്ചിരുന്ന കപ്പടക്കുന്നേല്‍വീട് നിഗൂഢതയുടെ മറവിലാണ്. വീടിനെ മറച്ച് മരങ്ങളും ചെടികളും, മുറ്റം നിറയെ വള്ളിപ്പടര്‍പ്പുകള്‍, ഗേറ്റിനു മറയായി വീടിനു പുറത്ത് അലങ്കാരച്ചെടികള്‍. ഒറ്റനോട്ടത്തില്‍ മതിലുകെട്ടിയ വനം. അതാണ് കാണക്കാരിയിലെ കപ്പടക്കുന്നേല്‍ വീട്. ഏറ്റുമാനൂര്‍ കുറവിലങ്ങാട് റോഡില്‍ രത്നഗിരി പള്ളിക്ക് സമീപം അല്‍ഫോന്‍സാ സ്‌കൂളിനോട് ചേര്‍ന്ന് റോഡരികിലാണ് ഇരുനില വീട്. പുരയിടത്തിന്റെ ഇരുവശങ്ങളിലും റോഡുകളുള്ള കണ്ണായ സ്ഥലം.
വലിയ മരങ്ങളും ചെടികളും നട്ടു പിടിപ്പിച്ചിരിക്കുന്നതിനാല്‍ അവിടെയൊരു വീട് ഉണ്ടെന്ന് പെട്ടെന്നാര്‍ക്കും തിരിച്ചറിയാനാവില്ല. കാട് വെട്ടിത്തെളിക്കാനോ പരിസരം വൃത്തിയാക്കാനോ സാം അനുവദിക്കാറില്ല. അയല്‍വാസികളോ ബന്ധുക്കളോ വീട്ടില്‍ വരുമായിരുന്നില്ല. നാട്ടില്‍ സാമിന് സുഹൃത്തുക്കളുമില്ല. സിറ്റൗട്ടില്‍ വച്ച് മല്‍പിടിത്തം ഉണ്ടായിട്ടും കൊലപാതകം തന്നെ നടന്നിട്ടും പുറത്താരും അറിഞ്ഞില്ല.
സാമിനെ നാട്ടുകാര്‍ കണ്ടിട്ടുണ്ട്. പക്ഷേ, ജെസി അപൂര്‍വമായേ പുറത്തിറങ്ങാറുള്ളൂ. തൊട്ടടുത്തുള്ള പള്ളിയില്‍ പ്രാര്‍ഥനയില്‍ പങ്കെടുക്കാറുള്ളതായും സമീപവാസികള്‍ പറഞ്ഞു. സാമിന്റെ വനിതാസുഹൃത്തുക്കളും ഈ വീട്ടില്‍ വന്നുപോയിരുന്നു. മുകളിലത്തെ നിലയിലേക്ക് പോകുന്നതിന് പ്രത്യേകം ഗോവണിയും വീട്ടില്‍ പിടിപ്പിച്ചിരുന്നു. ജെസിയുടെകൂടി ഉടമസ്ഥതയിലുള്ളതാണ് വീട്. ജെസിയുടെ മക്കള്‍ ഉള്‍പ്പെടെ ഇപ്പോള്‍ ആരും വീട്ടില്‍ ഇല്ല.
സാമിന് മറ്റു സ്ത്രീകളുമായുള്ള ബന്ധം ചോദ്യം ചെയ്തതിനും ജെസിയുമായി ഉണ്ടായിരുന്ന രണ്ടു കേസുകളില്‍ വിധി പ്രതികൂലമാകുമെന്നും സ്വത്തുക്കള്‍ നഷ്ടമാകുമെന്നും കരുതിയുമാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് നിഗമനം. ഇടുക്കി ഉടുമ്പന്നൂര്‍ ചെപ്പുകുളം വ്യൂ പോയിന്റില്‍ റോഡില്‍ നിന്ന് 50 അടി താഴ്ചയില്‍നിന്നാണ് ജെസിയുടെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിനുശേഷം മൈസൂരിലേക്ക് കടന്ന സാം അവിടെവച്ചാണ് അറസ്റ്റിലായത്. ഇയാള്‍ക്കൊപ്പം പിടിയിലായ ഇറാനിയന്‍ യുവതിയെ പൊലീസ് പിന്നീട് വിട്ടയച്ചു.
ഐടി പ്രഫഷനലായ സാം എംജി യൂണിവേഴ്‌സിറ്റി ക്യാംപസില്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം ബിരുദ കോഴ്‌സും പഠിക്കുന്നുണ്ട്. അവിടെ സഹപാഠിയാണ് ഇറാനിയന്‍ യുവതി. എന്നാല്‍ ഇയാള്‍ കോഴ്‌സ് പാതിവഴിയില്‍ ഉപേക്ഷിച്ച് മടങ്ങിയെന്ന് അധികൃതര്‍ പറഞ്ഞു. കുടുംബപ്രശ്‌നങ്ങളെത്തുടര്‍ന്ന് ഇരുനില വീടിന്റെ മുകളിലും താഴെയുമായാണ് 15 വര്‍ഷമായി സാമും ജെസിയും താമസിച്ചിരുന്നത്.
26ന് രാത്രി കാണക്കാരിയിലെ വീടിന്റെ സിറ്റൗട്ടില്‍ വച്ച് തര്‍ക്കമുണ്ടാകുകയും കയ്യില്‍ കരുതിയിരുന്ന മുളക് സ്‌പ്രേ ജെസിക്കു നേരെ സാം പ്രയോഗിക്കുകയുമായിരുന്നു. പിന്നീട് കിടപ്പുമുറിയില്‍ വച്ച് മൂക്കും വായും തോര്‍ത്ത് ഉപയോഗിച്ച് അമര്‍ത്തി ശ്വാസംമുട്ടിച്ചു കൊന്നു എന്നാണു കേസ്. മൃതദേഹം കാറിന്റെ ഡിക്കിയില്‍ കയറ്റി രാത്രി ഒരു മണിയോടെ ചെപ്പുകുളത്തെത്തി കൊക്കയിലെറിഞ്ഞു. തുടര്‍ന്ന് സാം മൈസൂരുവിലേക്കു കടന്നു.
പല സ്ത്രീകളുമായി ബന്ധം
സാം ആദ്യം മറ്റൊരു വിവാഹം കഴിച്ചതാണ്. അതില്‍ ഒരു പെണ്‍കുഞ്ഞുണ്ട്. എന്നാല്‍ ആ ദാമ്പത്യം അധികനാള്‍ നീണ്ടില്ല. ബെംഗളൂരുവില്‍വെച്ചാണ് ജെസിയുമായുള്ള ജീവിതം തുടങ്ങിയത്. പള്ളിയില്‍വെച്ച് ഇവര്‍ വിവാഹം കഴിച്ചതായും പാസ്‌പോര്‍ട്ട് അടക്കമുള്ള രേഖകളില്‍ ദമ്പതിമാര്‍ എന്നാണ് രേഖപ്പെടുത്തിയിരുന്നതെന്നും പോലീസ് പറഞ്ഞു. സാം-ജെസി ദമ്പതിമാരുടെ മൂന്ന് മക്കളും വിദേശത്താണ്. ഇവരും പിതാവായ സാമുമായി അത്ര അടുപ്പത്തിലല്ലായിരുന്നു. സാമിന്റെ പരസ്ത്രീബന്ധത്തെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ഇവര്‍ വീടിന്റെ രണ്ടുനിലകളിലായാണ് 15 വര്‍ഷങ്ങളായി കഴിഞ്ഞിരുന്നത്. ഇയാള്‍ മറ്റ് സ്ത്രീകളുമായി രത്‌നഗിരിയിലെ വീട്ടിലും എത്തിയിരുന്നു. ഇതാണ് ഇവരുടെ ദാമ്പത്യജീവിതം തകരാന്‍ ഇടയാക്കിയത്.
കുടുംബസുഹൃത്തിന്റെ പരാതി
ജെസിയെ കാണാനില്ലെന്ന കുടുംബസുഹൃത്തിന്റെ പരാതിയെത്തുടര്‍ന്നുള്ള അന്വേഷണമാണ് വഴിത്തിരിവായത്. ജെസിയെ ശ്വാസംമുട്ടിച്ചുകൊന്ന് കൊക്കയില്‍ തള്ളിയെന്ന കേസില്‍ ഭര്‍ത്താവ് സാം കെ. ജോര്‍ജിനെ (59) ബെംഗളൂരുവില്‍നിന്നാണ് വെള്ളിയാഴ്ച അറസ്റ്റുചെയ്തത്.
സാം കെ. ജോര്‍ജിനെ കേന്ദ്രീകരിച്ചാണ് ആദ്യംമുതല്‍ അന്വേഷണം നടന്നത്. പരസ്ത്രീബന്ധത്തെച്ചൊല്ലി സാമിന്റെ കുടുംബത്തിലുള്ള തര്‍ക്കവും പരാതികളും കോടതി കേസുകളുമാണ് അന്വേഷണം ഇയാളില്‍ കേന്ദ്രീകരിക്കാന്‍ ഇടയാക്കിയതെന്ന് ജില്ലാ പോലീസ് മേധാവി എ. ഷാഹുല്‍ ഹമീദ് കുറവിലങ്ങാട് പോലീസ് സ്റ്റേഷനില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു. വൈക്കം ഡിവൈഎസ്പി ടി.പി. വിജയന്‍, എസ്എച്ച്ഒ ഇ. അജീബ്, എസ്‌ഐമാരായ മഹേഷ് കൃഷ്ണന്‍, വി. വിനോദ്കുമാര്‍, എഎസ്‌ഐ ടി.എച്ച്. നിയാസ്, സിപിഒ പ്രേംകുമാര്‍ എന്നിവരാണ് കേസ് അന്വേഷിച്ചത്.
26-ാംതീയതിയാണ് കൊല നടത്തിയത്. അന്ന് രാത്രിതന്നെ അവിടെനിന്ന് 60 കിലോമീറ്റര്‍ അകലെ ഉടുമ്പന്നൂരില്‍ എത്തിച്ച് കൊക്കയില്‍ തള്ളി. 27-ന് രാത്രി എറണാകുളത്തുനിന്ന് ബസിലാണ് സാം മൈസൂരു വഴി ബെംഗളൂരിലേക്ക് പോയത്. 26 മുതല്‍ വിദേശത്തുള്ള മക്കള്‍ പലതവണ ഫോണ്‍ വിളിച്ചിട്ടും ജെസിയെ കിട്ടിയില്ല. 29-നാണ് കാണാനില്ലെന്ന പരാതി പോലീസിന് ലഭിക്കുന്നത്. സാം സ്ഥലംവിട്ടതായി മനസ്സിലായതോടെ അന്വേഷണം ഊര്‍ജിതമാക്കി. മൊബൈല്‍ ഫോണ്‍, സിസിടിവി ദൃശ്യങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. സാം എംജി യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്നുമുണ്ടായിരുന്നു. സഹപാഠിയായ ഇറാനിയന്‍ യുവതിയും ബെംഗളൂരുവില്‍ പ്രതിക്കൊപ്പം ഉണ്ടായിരുന്നു. ഇവരെയും പോലീസ് ചോദ്യംചെയ്തു.