തിരുവനന്തപുരം: കവടിയാര്‍ കൊട്ടാരത്തിലെ അമൂല്യമായ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന സംഭവം പുറം ലോകത്ത് എത്തിയത് പോലീസും രാജകുടുംബവും തമ്മിലുണ്ടായിരുന്ന അനിശ്ചിതത്വത്തിന് വിരാമമായതോടെ. പരാതി നല്‍കാതെ രഹസ്യമായി അന്വേഷണം വേണമെന്ന കൊട്ടാരത്തിന്റെ ആവശ്യം സിറ്റി പോലീസ് കമ്മീഷണര്‍ കെ. കാര്‍ത്തിക് നിരാകരിച്ചതോടെയാണ് അഞ്ച് മാസത്തിന് ശേഷം മോഷണത്തില്‍ ഔദ്യോഗികമായി കേസെടുക്കാന്‍ രാജകുടുംബം തയ്യാറായത്. സംഭവത്തില്‍ പേരൂര്‍ക്കട പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ നവംബറിലാണ് അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായിയുടെ കിടപ്പുമുറിയിലെ സുരക്ഷിതമായ അലമാരയില്‍ നിന്ന് 12 ഇനം സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടത്. വിഷയം പുറംലോകം അറിയാതിരിക്കാന്‍ അതീവ ജാഗ്രതയാണ് കൊട്ടാരം പുലര്‍ത്തിയത്. കുടുംബാംഗങ്ങള്‍ക്കിടയില്‍ തന്നെ മാസങ്ങളോളം തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതോടെയാണ് രണ്ട് മാസം മുന്‍പ് ചില ഉന്നത പോലീസ് ഉദ്യോഗസ്ഥരെ കൊട്ടാരം അധികൃതര്‍ വിവരം അറിയിച്ചത്. എന്നാല്‍, നാണക്കേട് ഭയന്ന് പരാതി നല്‍കാന്‍ അപ്പോഴും തയ്യാറായില്ല.

പരാതിയില്ലാതെ അന്വേഷണം നടത്തണമെന്ന കൊട്ടാരത്തിന്റെ ആവശ്യത്തിന് മുന്നില്‍ സിറ്റി പോലീസ് കമ്മീഷണര്‍ കെ. കാര്‍ത്തിക് വഴങ്ങിയില്ല. മോഷണം നടന്നത് എവിടെയായാലും കൃത്യമായ പരാതിയും എഫ്.ഐ.ആറും ഇല്ലാതെ അന്വേഷണവുമായി മുന്നോട്ട് പോകുന്നത് നിയമവിരുദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി. നിയമം എല്ലാവര്‍ക്കും ഒരുപോലെയാണെന്ന കമ്മീഷണറുടെ കര്‍ശന നിലപാടാണ് രാജകുടുംബത്തെ പരാതി നല്‍കാന്‍ പ്രേരിപ്പിച്ചത്.

അതീവ സുരക്ഷിതമായ അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളില്‍ ഏറ്റവും വിലപിടിപ്പുള്ളവ മാത്രമാണ് മോഷ്ടാവ് തിരഞ്ഞെടുത്തത് എന്നത് പോലീസിനെ അത്ഭുതപ്പെടുത്തുന്നുണ്ട്. വജ്രാഭരണങ്ങള്‍ ഉള്‍പ്പെടെയുള്ളവ അലമാരയില്‍ ബാക്കിയുണ്ട്. കൊട്ടാരത്തിലെ ആഭരണങ്ങളെക്കുറിച്ച് വ്യക്തമായ അറിവുള്ളവരാകാം മോഷണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. നിലവില്‍ കൊട്ടാരത്തിലെ 15 ജീവനക്കാരും പോലീസിന്റെ നിരീക്ഷണത്തിലാണ്.

നവംബറില്‍ ബംഗളൂരുവിലേക്ക് പോകുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് വരെ ആഭരണങ്ങള്‍ അലമാരയിലുണ്ടായിരുന്നുവെന്നാണ് കുടുംബത്തിന്റെ മൊഴി. കേസ് രജിസ്റ്റര്‍ ചെയ്തതോടെ വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും കൊട്ടാരത്തിലെത്തി കൂടുതല്‍ തെളിവുകള്‍ ശേഖരിക്കും. കൊട്ടാരത്തിലെ സന്ദര്‍ശകരുടെയും ജീവനക്കാരുടെയും വിശദമായ മൊഴി വരും ദിവസങ്ങളില്‍ രേഖപ്പെടുത്തും.

മോഷണം നടന്ന മുറിയിലേക്ക് പ്രവേശിക്കാന്‍ അനുവാദമുള്ളവരുടെ പട്ടിക പോലീസ് തയ്യാറാക്കും. പരാതി നല്‍കിയെങ്കിലും മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രതികരിക്കാന്‍ അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായ് തയ്യാറായിട്ടില്ല. ആഭരണങ്ങള്‍ മോഷണം പോയെന്ന് സ്ഥിരീകരിച്ചെങ്കിലും പരസ്യപ്രതികരണത്തിനില്ലെന്നാണ് ഗൗരി ലക്ഷ്മി ഭായ് വ്യക്തമാക്കിയത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ നടന്ന സംഭവത്തില്‍ ഇന്നലെയാണ് കവടിയാര്‍ കൊട്ടാരം പേരൂര്‍ക്കട പൊലീസില്‍ പരാതി നല്‍കിയത്.ആദ്യ ഘട്ടത്തില്‍ കൊട്ടാരത്തിനുള്ളില്‍ തന്നെ അന്വേഷണം നടന്നിരുന്നു. പിന്നിലാരെന്ന് സംബന്ധിച്ച് കുടുംബത്തിന് ചിലരെ സംശയമുണ്ടെന്നാണ് സൂചന. പിന്നാലെയാണ് നിയമ സഹായം തേടിയത്.

കൊട്ടാരവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരുടെയും സന്ദര്‍ശകരുടെയും ഉള്‍പ്പെടെ മൊഴി രേഖപ്പെടുത്തും. കൊട്ടാരത്തില്‍ ആകെ 15 ജീവനക്കാരാണുള്ളത്.പാരമ്പര്യമായി കൈമാറി വന്നതും അത്യപൂര്‍വ്വവുമായ 12 ഇനം ആഭരണങ്ങളാണ് നഷ്ടപ്പെട്ടവയില്‍ ഉള്‍പ്പെടുന്നത്. കഴിഞ്ഞ നവംബറില്‍ ബംഗളൂരുവിലേക്ക് പോകുന്നതിന് മുന്‍പായി അലമാര തുറന്നപ്പോഴാണ് ആഭരണങ്ങളില്ലെന്ന് മനസിലായത്. അതിന് പത്തുദിവസം മുന്‍പുവരെ ആഭരണങ്ങള്‍ അവിടെയുണ്ടായിരുന്നുവെന്നാണ് കുടുംബം പരാതിയില്‍ പറയുന്നത്. കൊട്ടാരത്തിലുള്ളവര്‍ തന്നെ ഉപയോഗിക്കാന്‍ എടുത്തതാവുമെന്ന് കരുതി കുടുംബാംഗങ്ങള്‍ക്കിടയില്‍ കഴിഞ്ഞ മാസങ്ങളില്‍ അന്വേഷണം നടത്തി. ഇല്ലെന്ന് മനസിലായതോടെയാണ് മോഷണമാണെന്ന സംശയത്തില്‍ പൊലീസില്‍ പരാതി നല്‍കിയത്.

അതേസമയം, കാണാതായ സ്വര്‍ണം സൂക്ഷിച്ചിരുന്നത് അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായ്യുടെ കിടപ്പ് മുറിയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. പരാതിയില്ലാതെ അന്വേഷിക്കണമെന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം. രണ്ടു മാസംമുന്‍മ്പ് ചില ഉദ്യോഗസ്ഥരോട് കുടുംബം വിവരം പറഞ്ഞിരുന്നു. പക്ഷേ കാര്യമായ അന്വേഷണം നടന്നിരുന്നില്ല.