- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജിയക്ക് വിഷാദരോഗം ഉണ്ടായിരുന്നു, അവരുടെ വീട്ടുകാർ ശ്രദ്ധിച്ചില്ല; മോശം സമയത്ത് കൂടെയുണ്ടായിരുന്നത് താൻ മാത്രം; എന്നെക്കാൾ മുതിർന്ന ജിയയെ ഞാൻ പരമാവധി നോക്കി; കുടുംബത്തിന് ആവശ്യം അവളുടെ പണം മാത്രമായിരുന്നു; വെളിപ്പെടുത്തലുമായി നടൻ സൂരജ് പഞ്ചോളി
മുംബൈ: ബോളിവുഡിനെ പിടിച്ചു കുലുക്കിയ മരണമായിരുന്നു ജിയ ഖാന്റേത്. ജിയയുടെ ആത്മഹത്യയിൽ കുറ്റാരോപിതന്റെ സ്ഥാനത്ത് സൂരജ് പഞ്ചോളിയെന്ന താരപുത്രനായിരുന്നു. ഏറെ വിവാദമായ ഈ കേസിൽ പത്ത് വർഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് സൂരജ് പഞ്ചോളിയെ സിബിഐ പ്രത്യേക കോടതി കുറ്റവിമുക്തനാക്കിയത്. ജിയ ജീവനൊടുക്കാൻ കാരണം സൂരജ് ആണെന്നുള്ള നടിയുടെ അമ്മയുടെ പരാതിയിലാണ് നടനെതിരെ കേസ് എടുത്തത്. ഏകദേശം 22 സാക്ഷികളെ വിസ്തരിച്ചെങ്കിലും നടിയുടെ മരണത്തിൽ സൂരജിന്റെ പങ്ക് തെളിക്കാൻ പ്രൊസിക്യൂഷന് ആയില്ല. ഇതോടെയാണ് സൂരജിനെ കോടതി വെറുതേ വിട്ടത്.
ഇപ്പോൾ പരീക്ഷണ കാലത്തിന് ശേഷം സാധാരണ ജീവിതത്തിലേക്ക് തിരികെ എത്താൻ തയ്യാറെടുക്കുകയാണ് സൂരജ്. ജിയ വിഷയത്തിൽ മനസു തുറന്ന് സൂരജ് രംഗത്തുവന്നു. ജിയ ഖാന്റെ ജീവിതത്തിലെ മോശമായ സമയത്തു കൂടെ നിന്നിരുന്നത് താൻ മാത്രമായിരുന്നെന്നാണ് സൂരജ് പറയുന്നത്. സിബിഐ കോടതി കേസിൽ കുറ്റവിമുക്തനാക്കിയതിന് ശേഷം നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. നടിക്ക് വിഷാദരോഗമുണ്ടായിരുന്നെന്നും ആ സമയം വീട്ടികാർ ജിയയെ ശ്രദ്ധിച്ചില്ലെന്നും നടൻ വ്യക്തമാക്കി.
'ജിയയുടെ ഏറ്റവും മോശം സമയത്ത് ഞാൻ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. അവളുടെ കുടുംബം ഇപ്പോൾ നീതിക്കായി ഓടുകയാണ്, പക്ഷേ അവർ എന്ത് നീതിയെക്കുറിച്ചാണ് സംസാരിക്കുന്നത്, കാരണം മകൾക്ക് ആവശ്യമുള്ള സമയത്ത് അവർ ഒരിക്കലും കൂടെയുണ്ടായിരുന്നില്ല. ജിയയുടെ വിഷാദരോഗത്തെ കുറിച്ച് അവരുടെ വീട്ടുകാരെ അറിയിച്ചിരുന്നു, ആ സമയത്ത് അവളോടൊപ്പം ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ -സൂരജ് പറഞ്ഞു.
എനിക്ക് അന്ന് 20 വയസായിരുന്നു പ്രായം. ആ സമയത്ത് എന്നെത്തന്നെ ശ്രദ്ധിക്കാൻ എനിക്ക് അറിയില്ലായിരുന്നു. എന്നിട്ടും എന്നെക്കാൾ മുതിർന്ന ജിയയെ പരമാവധി നോക്കി. അവസാനം, എന്നെ ആവശ്യമില്ലാതെയായി. കുടുംബത്തിന് പ്രാധാന്യം നൽകി. അവളുടെ വീട്ടുകാർക്ക് അവളുടെ പണം മാത്രമായിരുന്നു'- താരം കൂട്ടിച്ചേർത്തു.
അമേരിക്കൻ പൗരയായിരുന്ന ജിയയെ 2013 ജൂൺ മൂന്നിന് ജൂഹുവിലെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 25 വയസ്സായിരുന്നു ജിയക്കു പ്രായം. ജിയയിൽനിന്നു കണ്ടെടുത്ത കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് സൂരജിനെതിരെ കേസെടുത്തത്. ആദിത്യ പഞ്ചോളി -സറീനാ വഹാബ് താര ദമ്പതികളുടെ മകനായ സൂരജ് ജിയയുമായി അടുപ്പത്തിൽ ആയിരുന്നെന്നാണ് റിപ്പോർട്ടുകൾ. സൂരജിൽനിന്നു കടുത്ത മാനസിക, ശാരീരിക പീഡനം നേരിട്ടെന്നാണ് ജിയ കുറിപ്പിൽ എഴുതിയത്.
ജിയയുടെ മാതാവ് റാബിയ ഖാൻ നൽകിയ ഹർജിയിൽ ബോംബെ ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് കേസ സിബിഐ ഏറ്റെടുത്തത്. ജിയയുടെ മാതാവ് ഉൾപ്പെടെ 22 സാക്ഷികളെയാണ് പ്രോസിക്യൂഷൻ വിസ്തരിച്ചത്. ജുഹുവിലെ വസതിയിൽ വച്ച് തുങ്ങിമരിക്കുമ്പോൾ സൂരജ് പഞ്ചോളിക്കെതിരെ ആറ് പേജുള്ള ആത്മഹത്യ കുറിപ്പ് ജിയ എഴുതിയിരുന്നു. ഈ കുറിപ്പാണ് കേസിന് ആധാരം.
നിശബ്ദ്, ഗജിനി, ഹൗസ്ഫുൾ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ജിയ ഖാൻ അഭിനയിച്ചിരുന്നു. കൂടാതെ ആമിർ ഖാൻ, അക്ഷയ് കുമാർ അടക്കമുള്ള നിരവധി സൂപ്പർ താരങ്ങളോടൊപ്പവും ജിയ അഭിനയിച്ചിരുന്നു. അതുകൊണ്ട് തന്നെ ജിയയുടെ മരണം ബോളിവുഡ് സിനിമ ലോകത്തെ ഞെട്ടിച്ചിരുന്നു. ആദിത്യ പഞ്ചോളിയുടെ മകൻ സൂരജ് പഞ്ചോളിയാണ് ജിയാ ഖാൻ ആത്മഹത്യാ കേസിലെ പ്രധാന പ്രതികളിലൊരാൾ. അദ്ദേഹത്തിനെതിരെ നടിയുടെ കുടുംബം മാനസിക പീഡനവും ശാരീരിക പീഡനവും ഉൾപ്പെടെ നിരവധി ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. തുടർന്ന് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ജൂൺ 11ന് സൂരജിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ജൂലായ് ഒന്നിന് ജാമ്യം ലഭിച്ച് സൂരജ് പഞ്ചോളി പുറത്തിറങ്ങി. പിന്നാലെ കുടുംബത്തിന്റെ ആവശ്യപ്രകാരം കേസ് സി ബി ഐ ഏറ്റെടുത്തു. ഇതോടൊപ്പം മരണം കൊലപാതകമാണെന്ന ആരോപണം ഉയർന്നിരുന്നു. എന്നാൽ സൂരജിനെ ഇന്നലെ കോടതി കുറ്റവിമുക്തനാക്കി.
മറുനാടന് ഡെസ്ക്