കൊച്ചി: മലയാളം വാര്‍ത്താ ചാനല്‍ ലോകത്ത് വരാന്‍ പോകുന്ന ബിഗ് ടിവി ചാനല്‍ ഉണ്ടാക്കുന്ന അലയൊലികളാണ് ഏതാനും ദിവസങ്ങളായി ചര്‍ച്ചയാകുന്നത്. ചാനല്‍ അടുത്തമാസമാണ്

സംപ്രേഷണത്തിന്‌ ഒരുങ്ങുന്നത് എങ്കിലും മറ്റു ചാനലുകളില്‍ നിന്നും കൊഴിഞ്ഞ് പുതിയ ചാനലിലേക്ക്‌ ചേക്കേറിയവരുടെ പേരുകളാണ് ആ ചാനലിനെ ഇതിനോടകം തന്നെ ഹിറ്റാക്കുന്നത്. റിപ്പോര്‍ട്ടര്‍ ടിവിയിലെ മുന്‍നിര മാധ്യമപ്രവര്‍ത്തകരയായ സുജയ പാര്‍വ്വതിയെ ഒപ്പം നിര്‍ത്തിയാണ് അനില്‍ അയിരൂര്‍ നയിക്കുന്ന ബിഗ് ടിവിയുടെ കടന്നുവരവ്.

ഇപ്പോഴിതാ സുജയ പാര്‍വ്വതിയുടെ കൂടുമാറ്റത്തിന് പിന്നാലെ റിപ്പോര്‍ട്ടര്‍ ടിവിയില്‍ നിന്നും മറ്റൊരു കൊഴിഞ്ഞു പോക്കിനെ കുറിച്ചുള്ള വാര്‍ത്തയാണ് പുറത്തുവരുന്നത്. ചാനലിലെ ഡിജിറ്റല്‍ ഹെഡ് ജിമ്മി ജെയിംസ് രാജിവെക്കുകയാണ്. മീഡിയ വണ്‍ ചാനലിലേക്ക് ചേക്കേറാനാണ് ജിമ്മി റിപ്പോര്‍ട്ടര്‍ വിടുന്നത് എന്നാണ് വിവരം. മീഡിയവണ്‍ എക്സിക്യൂട്ടീവ് എഡിറ്റര്‍ ആയാണ് ജിമ്മി ജെയിംസിന്റെ മാറ്റമെന്നാണ് സൂചന. ജിമ്മി ജെയിംസ് പോകുന്നതോടെ പുതിയ ആളെ തേടേണ്ടുന്ന അവസ്ഥയിലാണ് റിപ്പോര്‍ട്ടര്‍ മാനേജ്‌മെന്റ്.

സുജയ പാര്‍വ്വതിയുടെ പടിയിറക്കം റിപ്പോര്‍ട്ടര്‍ ടിവിക്ക് വലിയ തിരിച്ചടിയായിരുന്നു. ഇതിന് പകരമായി മാതൃഭൂമി ന്യൂസ് ചാനലില്‍ നിന്നും മാതുവിനെ എത്തിക്കാനാണ് ശ്രമം നടക്കുന്നത്. റിപ്പോര്‍ട്ടറിലേക്ക് പോകാന്‍ മാതു സമ്മതം അറിയിച്ചയതാണ് സൂചന. നേരത്തെ ഉണ്ണി ബാലകൃഷ്ണന്‍ ഏഷ്യാനെറ്റ് ന്യൂസിലേക്ക് തിരികെ പോയപ്പാഴാണ് ജിമ്മി ജെയിംസിനെ റിപ്പോര്‍ട്ടര്‍ പകരക്കാരനായി കൊണ്ടുവന്നത്. ചാനലിലെ മീറ്റ് ദ എഡിറ്റേഴ്‌സിലെ പ്രധാനിയായി ജിമ്മി ചുരുങ്ങിയ കാലം കൊണ്ട് മാറുകയും ചെയ്തു.

രണ്ടര പതിറ്റാണ്ടിലേറെയായി മലയാള മാധ്യമ രംഗത്തെ നിറസാന്നിധ്യമാണ് ജിമ്മി ജെയിംസ്. ടിവി ഐ, എന്‍ടിവി എന്നിവിടങ്ങളില്‍ നിന്നാണ് മാധ്യമപ്രവര്‍ത്തനത്തിന്റെ തുടക്കം. ശേഷം 2001ല്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ ഭാഗമായി. രണ്ട് പതിറ്റാണ്ടോളം എഷ്യാനെറ്റ് ന്യൂസില്‍ പ്രവര്‍ത്തിച്ച ജിമ്മി ജെയിംസ് കോര്‍ഡിനേറ്റിംഗ് എഡിറ്ററായിരിക്കെയാണ് 2021ല്‍ ഏഷ്യാനെറ്റില്‍ നിന്നും രാജി വെച്ചത്. ശേഷം സെന്റര്‍ ഫോര്‍ ഫിനാന്‍ഷ്യല്‍ അക്കൗണ്ടബിലിറ്റിയുടെ കമ്മ്യൂണിക്കേഷന്‍ ഹെഡ് ആയി പ്രവര്‍ത്തിച്ചു. രാജ്യത്ത് സാമ്പത്തിക സുസ്ഥിരതയും സുതാര്യതയും ഉറപ്പുവരുത്തുന്നതിനായി പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര സംവിധാനമാണ് സെന്റര്‍ ഫോര്‍ ഫിനാന്‍ഷ്യല്‍ അക്കൗണ്ടബിലിറ്റി. പിന്നീട് ദി ഫോര്‍ത്തില്‍ എക്സിക്യൂട്ടിവ് എഡിറ്ററായും ന്യൂസ് 18ല്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്ററായും പ്രവര്‍ത്തിച്ചു.

പോയിന്റ് ബ്ലാങ്ക് എന്ന അഭിമുഖ പരിപാടിയിലൂടെ കേരളത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ-കലാ രംഗങ്ങളില്‍ ഏറെ ശ്രദ്ധേയമായ ചര്‍ച്ചകള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന മാധ്യമ പ്രവര്‍ത്തകന്‍ കൂടിയാണ് ജിമ്മി ജെയിംസ്. ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റ് എന്ന എന്ന നിലയിലും ജിമ്മി ജെയിംസ് വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. മികച്ച അഭിമുഖ കര്‍ത്താവ്, മികച്ച ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റ്, മികച്ച റിപ്പോര്‍ട്ടര്‍ എന്നീ വ്യത്യസ്ത വിഭാഗങ്ങളില്‍ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡിനും ജിമ്മി ജെയിംസ് അര്‍ഹനായിട്ടുണ്ട്. ജിമ്മിയുടെ പടിയിറക്കം റിപ്പോര്‍ട്ടര്‍ ടിവിക്കും തിരിച്ചടിയാണ്.

അതേസമയം ബിഗ് ടിവി അടുത്ത മാസം ലോഞ്ചിംഗിന് ഒരുങ്ങുകയാണ്. ചാനലിന്റെ ചീഫ് എഡിറ്ററായി സുജയ പാര്‍വതി ചുമതലയേറ്റിട്ടുണ്ട്. മലയാളത്തിലെ രണ്ടാമത്തെ വനിതാ ചീഫ് എഡിറ്ററായി ടിവിയിലെത്തിയ സുജയ പാര്‍വതിക്ക് വമ്പന്‍ ശമ്പളത്തോടെയാണ് ബിഗ് ടിവിയില്‍ എത്തിയിട്ടുള്ളത്.