- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മേൽമുണ്ട് പുതച്ചും കുറിയണിഞ്ഞും കോന്നി എംഎൽഎയുടെ കുടുംബ സമേതമുള്ള ഗുരുവായൂർ ദർശനം; ഉണ്ണിക്കണനെ കണ്ടു വണങ്ങിയത് വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണോ എന്നത് വ്യക്തിപരമെന്ന് നേതാവിന്റെ വിശദീകരണം; സിപിഎമ്മിൽ വീണ്ടും 'ക്ഷേത്ര പ്രവേശന തർക്കം'; ജിനേഷ് കുമാറിനെതിരെ എംവി ഗോവിന്ദൻ വടിയെടുക്കുമോ?
തിരുവനന്തപുരം: സിപിഎമ്മിൽ വീണ്ടും ക്ഷേത്രദർശന വിവാദം. കോന്നി എംഎൽഎയും പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗവുമായ കെ.യു.ജനീഷ്‌കുമാറാണു ഗുരുവായൂർ ക്ഷേത്രദർശനം നടത്തിയത്. പാർട്ടി ഭാരവാഹികളും പ്രധാന നേതാക്കളും വിശ്വാസവുമായി ബന്ധപ്പെട്ട ആചാരാനുഷ്ഠാനങ്ങളിൽ നിന്നു വിട്ടുനിൽക്കണമെന്ന കേന്ദ്രകമ്മിറ്റിയുടെ തിരുത്തൽ രേഖയാണ് ലംഘിക്കപ്പെടുന്നത്.
ക്ഷേത്രദർശനം നടത്തിയെന്നതു ശരിയാണ്. ക്ഷേത്രദർശനത്തിനു പാർട്ടിയുടെ വിലക്കോ, വിശ്വാസവുമായി ബന്ധപ്പെട്ട ആചാരങ്ങളിൽനിന്നു വിട്ടുനിൽക്കണമെന്ന നിർദ്ദേശമോ ഇല്ല. പോയതു വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണോ എന്നതു വ്യക്തിപരമായ കാര്യമാണെന്നും കെ.യു.ജനീഷ്‌കുമാർ പ്രതികരിച്ചു. അതായത് വിശ്വാസത്തെ എംഎൽഎ തള്ളി പറയുന്നില്ല. ഇതാണ് വിവാദത്തിന് പുതിയ തലം നൽകുന്നത്. ഈ വിഷയം പത്തനംതിട്ടയിലെ പാർട്ടി അതീവ രഹസ്യ സ്വഭാവത്തോടെ ചർച്ചയാക്കും.
രണ്ടുദിവസം മുൻപായിരുന്നു കുടുംബസമേതം എംഎൽഎയുടെ ക്ഷേത്രദർശനം. റാന്നിയിലെ കേരള കോൺഗ്രസ് (എം) എംഎൽഎ പ്രമോദ് നാരായണനും ഒപ്പമുണ്ടായിരുന്നു. മേൽമുണ്ട് പുതച്ചും കുറിയണിഞ്ഞും എംഎൽഎ ക്ഷേത്രദർശനം നടത്തുന്നതിന്റെ ചിത്രം പുറത്തുവന്നു. മണ്ഡലത്തിനു പുറത്തുള്ള ക്ഷേത്രത്തിൽ എംഎൽഎ ദർശനം നടത്തിയതു വിശ്വാസപരമായല്ലേ കാണേണ്ടതെന്ന സംശയം ചില സഖാക്കൾ ഉയർത്തുന്നു. എന്നാൽ മാറിയ കാലത്ത് വിവാദത്തിൽ നടപടികൾ ഉണ്ടാകാൻ സാധ്യത കുറവാണ്.
നേരത്തേ കേന്ദ്രകമ്മിറ്റിയംഗം ഇ.പി.ജയരാജന്റെയും സംസ്ഥാന സമിതിയംഗം കടകംപള്ളി സുരേന്ദ്രന്റെയും ക്ഷേത്രദർശനം പാർട്ടിയിൽ വലിയ ചർച്ചയായിരുന്നു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്തു ബന്ധുനിയമന വിവാദത്തിൽ മന്ത്രിസ്ഥാനം നഷ്ടമായ ശേഷമായിരുന്നു കണ്ണൂരിലെ ക്ഷേത്രത്തിൽ ഇപി ദർശനം നടത്തിയത്. ഒരു വർഷത്തിനുശേഷം പുറത്തുവന്ന ചിത്രം പാർട്ടിക്കുള്ളിൽ വിവാദമായെങ്കിലും മന്ത്രിസ്ഥാനം നഷ്ടപ്പെട്ടതിൽ പരിഭവിച്ചുനിന്ന ഇപിയെ പാർട്ടി കൂടുതൽ പിണക്കിയില്ല.
ഇപ്പോൾ പാർട്ടി നയവും അച്ചടക്കവും നടപ്പിൽ വരുത്തുന്നതിൽ കണിശക്കാരനായ എം.വി ഗോവിന്ദൻ സെക്രട്ടറി ആയിരിക്കുമ്പോൾ കെ.യു ജനീഷ്‌കുമാറിന് എന്തെങ്കിലും ഇളവ് ലഭിക്കുമോ എന്നറിയേണ്ടത് കണ്ടറിയേണ്ട കാര്യമാണ്.
മറുനാടന് മലയാളി ബ്യൂറോ