കാസര്‍കോഡ്: പ്രവാസി വ്യവസായി അബ്ദുല്‍ ഗഫൂര്‍ ഹാജിയുടെ സ്വര്‍ണം തട്ടിയെടുത്ത ശേഷം കൊലപ്പെടുത്തിയ ജിന്നുമ്മ കണ്‍കെട്ട് വിദ്യയുടെ ഉസ്താദ്. കണ്മുന്നില്‍ തന്നെ മറിമായം കാട്ടാനുള്ള വിരുതും അദ്ഭുതകരമായ അഭിനയ ശേഷിയുമുള്ള നടിയുമാണ് ജിന്നുമ്മ. ആഭിചാര ക്രിയകളില്‍ മലയാളം സംസാരിക്കുന്ന പാത്തൂട്ടിയുടെ ആത്മാവ് ജിന്നുമ്മയില്‍ ആവേശിക്കുന്നത് കണ്ടാല്‍ ആരും ഭയന്നുപോകുമെന്നാണ് അനുഭവസ്ഥരുടെ സാക്ഷ്യം. ആളുകളെ ഭയപ്പെടുത്തി മുള്‍മുനയില്‍ നിര്‍ത്താനുള്ള നാടകീയമായ ശൈലിയാണ് ജിന്നുമ്മ പ്രയോഗിച്ചിരുന്നത്.

ഗഫൂര്‍ ഹാജിക്ക് അന്ധവിശ്വാസത്തില്‍ അധിഷ്ഠിതമായ ആഭിചാര ക്രിയകളില്‍ വലിയ കമ്പമായിരുന്നു. ഈ കമ്പം കാരണമാണ് ജിന്നുമ്മയെ പരിചയപ്പെടാനും, സ്വര്‍ണം ഇരട്ടിപ്പിക്കാനുള്ള ആഭിചാര ക്രിയകളില്‍ ഏര്‍പ്പെടാനും കാരണം. ഹാജിക്ക് സ്വന്തമായുള്ളതും, അവിടുന്നും ഇവിടുന്നുമായി കടം വാങ്ങിയതുമായ 596 പവന്‍ സ്വര്‍ണമാണ് ജിന്നുമ്മ എന്ന കെ എച്ച് ഷമീന( 38) യും സംഘവും അടിച്ചുമാറ്റിയത്. മണ്‍കുടത്തില്‍ സ്വര്‍ണം ഇരട്ടിപ്പിക്കാനായി ജിന്നുമ്മ ഇടുന്നത് കണ്ടാല്‍ ആരും അന്തിച്ചു പോവും. അത്രയ്ക്ക് ക്യതതയോടെ നിക്ഷേപിക്കും. എന്നാല്‍, മാന്ത്രികരെ വെല്ലുന്ന കയ്യടക്കത്തിന്റെ വിരുതില്‍ സ്വര്‍ണം നിക്ഷേപിക്കുന്നത് മണ്‍കുടത്തില്‍ ആയിരിക്കില്ല, മറിച്ച് സമീപത്ത് രഹസ്യമായി സൂക്ഷിക്കുന്ന ബാഗിലേക്കായിരിക്കും എന്നുമാത്രം. മന്ത്രം ചൊല്ലി മന്ത്രവാദ കളത്തില്‍ വല്ലാത്തൊരു ഭയാനക അന്തരീക്ഷം സൃഷ്ടിക്കുന്ന ജിന്നുമ്മ സ്വര്‍ണം മാറ്റിയാലും സമ്പന്നര്‍ പരാതിപ്പെടാത്തതും തട്ടിപ്പിന് ഊര്‍ജ്ജമായി. ചിലപ്പോള്‍ കുടം തുറന്ന് തിളങ്ങുന്ന ചില വസ്തുക്കള്‍ കാട്ടി സ്വര്‍ണമെന്ന് പറയും. ഇരുട്ടുമുറിയിലായിരിക്കും ദുര്‍മന്ത്രവാദം. ജിന്നിനെ ആവാഹിച്ച് വരുത്തിയാണ് സ്വര്‍ണം ഇരട്ടിപ്പിക്കല്‍ നാടകം.

സ്വര്‍ണം സാമ്പാര്‍ കഷ്ണമായി

ജിന്നുമ്മയുടെ സ്വര്‍ണ തട്ടിപ്പില്‍ ഇതിനുമുമ്പ് നിരവധി പേരാണ് കുടുങ്ങിയിട്ടുള്ളത്. കാസര്‍കോഡ് സ്വദേശിയായ ഒരാള്‍ക്കുണ്ടായ അനുഭവം ഇങ്ങനെയാണ്. സ്വര്‍ണം ഇരട്ടിപ്പിക്കാമെന്ന മോഹന വാഗ്ദാനം നല്‍കി ജിന്നുമ്മ, കിട്ടിയ സ്വര്‍ണം മണ്‍കുടത്തിലാക്കി നാല്‍പ്പത് ദിവസമാണ് ഇരുട്ടറയില്‍ അടച്ചുവച്ചത്. നാല്‍പതാം നാള്‍ ഇരകളെ അടുത്തുവിളിച്ചുവരുത്തി മണ്‍കുടം തുറന്നപ്പോള്‍ വല്ലാത്ത തിളക്കം. പെട്ടെന്ന് മണ്‍കുടം അടച്ചുകൊണ്ട് ജിന്നുമ്മ പറഞ്ഞു: 'മന്ത്രവാദത്തിന്റെ ശക്തി വല്ലാതെ കൂടി പോയി. എന്തോ സംഭവിച്ചു. ഇത് നിങ്ങള്‍ പുഴയില്‍ പോയി ഉപേക്ഷിക്കൂ, അല്ലെങ്കില്‍ ദോഷമാണ്. മിണ്ടാതെ, ഉരിയാടാതെ, പുഴയിലേക്ക് പോയി വലിച്ചെറിഞ്ഞ് തിരിഞ്ഞുനോക്കാതെ പോന്നൊളു'. ആ സമയത്ത് കാസര്‍കോഡ് സ്വദേശി തന്റെ ഒരു സുഹൃത്തിനെയും കൂട്ടരെയും വിളിച്ചുകാര്യങ്ങള്‍ പറഞ്ഞു. പെട്ടെന്ന് തന്നെ അവരും സംഭവ സ്ഥലത്തെത്തി. അങ്ങനെ ജിന്നുമ്മ നിര്‍ദ്ദേശിച്ചത് പോലെ മന്ത്രവാദ കുടുക്കയുമായി പുഴയിലേക്ക് നീങ്ങി. അവിടെ സാധനങ്ങള്‍ ഉപേക്ഷിച്ച് തിരിഞ്ഞു നടന്നു. എന്നാല്‍, കൂടെ വന്ന സുഹൃത്ത് അങ്ങനെ പോരാന്‍ തയ്യാറായില്ല. പുഴയിലേക്ക് എടുത്തുചാടി കുടുക്ക തുറന്നുനോക്കിയപ്പോള്‍ ഞെട്ടി. സാമ്പാറിന് അരിഞ്ഞ് ബാക്കി വന്ന കഷ്ണങ്ങളും മറ്റു പച്ചക്കറി വെയ്സ്റ്റും. എന്തുപറയാന്‍, ജിന്നുമ്മയുടെ തട്ടിപ്പിന്റെ ഒരു കഥമാത്രമാണിത്. അപ്പോള്‍ സ്വര്‍ണമായി തിളങ്ങിയത് എന്തായിരുന്നു? അത് ഗിഫ്റ്റ് പേപ്പറും മറ്റും പൊതിയുന്ന മിനുസമുളള കടലാസായിരുന്നു.

ഹാജി സ്വര്‍ണം തിരിച്ചുചോദിച്ചത് പകയായി

ഇരട്ടിപ്പിച്ചുനല്‍കാമെന്നുപറഞ്ഞ് വാങ്ങിയ 596 പവന്‍ അബ്ദുള്‍ ഗഫൂര്‍ ഹാജി തിരിച്ചുചോദിച്ചതായിരുന്നു കൊലപാതകത്തിന് കാരണം. സംഭവത്തില്‍ ജിന്നുമ്മയെ കൂടാതെ, ഇവരുടെ ഭര്‍ത്താവ് മധൂര്‍ ഉളിയത്തടുക്കയിലെ ടി.എം. ഉബൈസ് (38), പൂച്ചക്കാട് മുക്കൂട് കീക്കാന്‍ സ്വദേശിനി അസ്നിഫ (34), മധൂര്‍ കൊല്യ ഹൗസില്‍ ആയിഷ (40) എന്നിവരാണ് അറസ്റ്റിലായത്. ഒന്നാം പ്രതി ഉബൈസ്, രണ്ടാം പ്രതി ഷമീന, മൂന്നാം പ്രതി അസ്നിഫ എന്നിവര്‍ക്കെതിരെ കൊലപാതകത്തിനും നാലാം പ്രതി ആയിഷക്കെതിരെ തെളിവുനശിപ്പിച്ചതിനുമാണ് കേസ്. ഉബൈസ്, അബ്ദുല്‍ ഗഫൂറിനെ ഭിത്തിയിലേക്ക് തള്ളി. തല ശക്തിയായി ഭിത്തിയില്‍ ഇടിച്ചപ്പോള്‍ത്തന്നെ അബ്ദുല്‍ ഗഫൂര്‍ മരിച്ചുവെന്ന് പൊലീസ് പറഞ്ഞു.

2023 ഏപ്രില്‍ 14ന് പുലര്‍ച്ചെയാണ് അബ്ദുല്‍ ഗഫൂര്‍ ഹാജിയെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടത്. അന്നുതന്നെ മൃതദേഹം സംസ്‌കാരിച്ചു. പിറ്റേന്ന് മുതല്‍ ഗഫൂര്‍ ഹാജി വായ്പ വാങ്ങിയ സ്വര്‍ണാഭരണങ്ങള്‍ ചോദിച്ച് ബന്ധുക്കള്‍ വീട്ടിലേക്ക് എത്തുകയും സ്വര്‍ണത്തിന്റെ കണക്കെടുത്തപ്പോള്‍ 12 ബന്ധുക്കളില്‍നിന്ന് 596 പവന്‍ വാങ്ങിയതായി വ്യക്തമാവുകയും ചെയ്തു. ഇത് കണ്ടെത്താനായില്ല. ഇതേതുടര്‍ന്ന് മരണത്തില്‍ സംശയം പ്രകടിപ്പിച്ച് ഗഫൂര്‍ ഹാജിയുടെ മകന്‍ അഹമ്മദ് മുസമ്മില്‍ ബേക്കല്‍ പൊലീസില്‍ പരാതി നല്‍കി. ഏപ്രില്‍ 28ന് ഗഫൂര്‍ ഹാജിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തി.

ഗഫൂര്‍ ഹാജിയുടെ വീടുമായി ബന്ധമുള്ള സ്ത്രീയെയും അവരുടെ സുഹൃത്തിനെയും സംശയമുണ്ടെന്ന കാര്യവും മകന്റെ പരാതിയിലുണ്ടായിരുന്നു. എന്നാല്‍, അന്വേഷണം ഗൗരവത്തില്‍ മുന്നോട്ടുനീങ്ങിയില്ല. തുടര്‍ന്ന് കര്‍മസമിതി രൂപവത്കരിക്കുകയും 10,000 പേരുടെ ഒപ്പുവാങ്ങി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കുകയുംചെയ്തു. ഇതിനിടെ അന്വേഷണം ഡി.സി.ആര്‍.ബി ഡിവൈ.എസ്.പി ജോണ്‍സന് കൈമാറി. തുടര്‍ന്നാണ് പ്രതികള്‍ അറസ്റ്റിലായത്. പ്രതികളെ തെളിവെടുപ്പിനുശേഷം മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കി. കൂടുതല്‍ അന്വേഷണത്തിനായി ഇവരെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി.