- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജിഷയ്ക്ക് കള്ളനോട്ട് നൽകിയത് ആലപ്പുഴയിൽ ആയേധനകലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നയാൾ; കള്ളനോട്ട് സംഘത്തിൽ കൂടുതൽ ആളുകൾ; കൃഷി ഓഫീസറായിട്ടും മന്ത്രി വിളിച്ച യോഗത്തിൽ പോലും പങ്കെടുത്തില്ല; ജിഷമോളെ പത്തുദിവസത്തേക്കു പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലേക്കു മാറ്റി
ആലപ്പുഴ: കള്ളനോട്ടുകേസിൽ അറസ്റ്റിലായ എടത്വാ കൃഷിഓഫീസർ എം. ജിഷമോളുടെ കൂട്ടാളികളെ തേടി അന്വേഷണം. ഇവർ കള്ളനോട്ട് സംഘത്തിലെ കണ്ണിയാണെന്ന് ബോധ്യമായിട്ടുണ്ട്. കള്ളനോട്ടാണെന്നറിഞ്ഞിട്ടും ഇവർ നോട്ടുകൾ കൈമാറ്റം ചെയ്തിരുന്നതായാണ് അന്വേഷണത്തിൽ തെളിഞ്ഞത്. ജിഷയെ ചോദ്യം ചെയ്തതിൽനിന്ന് മുഖ്യപ്രതിയെക്കുറിച്ചു സൂചന ലഭിച്ചതായാണു വിവരം. ഇയാളാണ് ജിഷയ്ക്കു കള്ളനോട്ട് നൽകിയതെന്നാണ് അറിയുന്നത്. ആലപ്പുഴയിൽ ആയോധനകലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന വ്യക്തിയാണിയാൾ. ഇയാൾക്കായി അന്വേഷണം പുരോഗമിക്കുകയാണ്.
അതിനിടെ ജിഷമോളെ പത്തുദിവസത്തേക്കു പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലേക്കുമാറ്റി. ഇവർ മാനസികാരോഗ്യപ്രശ്നത്തിനു മരുന്നു കഴിക്കുന്നുണ്ടെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചതിനാലാണിത്. ആലപ്പുഴ കോൺവെന്റ് സ്ക്വയറിലെ സ്വകാര്യബാങ്ക് ശാഖയിൽ 500 രൂപയുടെ ഏഴു കള്ളനോട്ടുകൾ ലഭിച്ചപ്പോൾ മാനേജർ സൗത്ത് പൊലീസിനെ സമീപിക്കുകയായിരുന്നു. ഇരുമ്പുപാലത്തിനു സമീപത്തെ കടയുടെ ഉടമ ജീവനക്കാരന്റെ കൈയിൽ കൊടുത്തുവിട്ടതായിരുന്നു നോട്ടുകൾ. ഫെബ്രുവരി 25-നായിരുന്നു സംഭവം.
തുടർന്ന് ബാങ്കുകാർ കടയുടമയെ വിളിച്ചുവരുത്തി. 21-ന് ഒരാൾ ടാർപോളിൻ വാങ്ങിയിരുന്നെന്നും 500-ന്റെ ഏഴു നോട്ടുകൾ തന്നുവെന്നും ഇതാണു കൊടുത്തുവിട്ടതെന്നും കടയുടമ പറഞ്ഞു. അന്വേഷണത്തിൽ കുഞ്ഞുമോൻ എന്നയാളാണു പണം നൽകിയതെന്നറിഞ്ഞു. ഇയാൾക്കു നോട്ടുകൾ കൊടുത്തതു ജിഷയാണെന്നും വ്യക്തമായി. ജിഷയുടെ വീട്ടിലെ ജോലിക്കാരനാണു കുഞ്ഞുമോൻ. സംഘത്തിൽ കൂടുതലാളുകൾ ഉൾപ്പെട്ടിട്ടുണ്ടെന്ന നിഗമനത്തിലാണു പൊലീസ്. ഇവർക്കായുള്ള അന്വേഷണം നടക്കുന്നതിനാൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
അതേസമയം അറസ്റ്റിലായ ജിഷമോളുടെ പ്രവർത്തനങ്ങൾ ദുരൂഹത നിറഞ്ഞതാണെന്നാണു പൊലീസ് പറയുന്നത്. കൃഷി ഓഫീസിൽ കൃത്യമായി ഇവർ ഹാജരാകാറില്ലെന്ന് ആരോപണമുണ്ട്. കൃഷിമന്ത്രി പി. പ്രസാദ് ആലപ്പുഴയിൽ വിളിച്ചിട്ടുള്ള ഒരുയോഗത്തിലും ഇവർ പങ്കെടുത്തിട്ടില്ല. കുട്ടനാട്ടിൽ വിളിച്ച പ്രധാനയോഗത്തിലും എത്തിയില്ല. ഇത്തരം ദിവസങ്ങളിലെല്ലാം അവധിയെടുക്കുമായിരുന്നു.
വിവാഹിതയായ ജിഷ ആലപ്പുഴ നഗരസഭ പൂന്തോപ്പ് വാർഡിൽ സിനിയാസ് ഹൗസിൽ ഒറ്റയ്ക്കായിരുന്നു താമസം. ഫാഷൻഷോയോടും മോഡലിങ്ങിനോടുമാണ് ഇവർക്കേറെ താത്പര്യം. ജോലി കൃഷി ഓഫീസറുടേതെങ്കിലും, താൽപര്യം ഈ മേഖലയിൽ ആയിരുന്നില്ല. ഗ്ലാമറുള്ള, ആളുകൾ ശ്രദ്ധിക്കുന്ന മേഖലകളിൽ തിളങ്ങാനായിരുന്നു ജിഷ മോളുടെ ശ്രമം. മോഡലിംഗിലും മറ്റും തിളങ്ങുകയും ചെയ്തു. ഫാഷൻ ഷോയും ഹരമായിരുന്നു. ഫാഷൻ ഷോകളിൽ പങ്കെടുത്ത് നിരവധി സമ്മാനങ്ങളും ക്യാഷ് അവാർഡുകളും വാരിക്കൂട്ടിയെന്നും അടുപ്പമുള്ളവർ പറയുന്നു. മോഡലിംഗിൽ ഒരാളാവണം എന്നായിരുന്നു മോഹം. അതുകൊണ്ട് തന്നെ മിക്ക ദിവസങ്ങളിലും കൃഷി ഓഫീസിൽ എത്തിയിരുന്നില്ലെന്നും സഹപ്രവർത്തകർ പറഞ്ഞു.
മോഡലിംഗിൽ നിന്ന് ശമ്പളത്തേക്കാൾ വരുമാനം കിട്ടിയിരുന്നതായും സൂചനയുണ്ട്. ബിഎസ്സി അഗ്രിക്കൾച്ചറൽ ബിരുദധാരിയായ ഇവർ നേരത്തെ എയർഹോസ്റ്റസായി ജോലിചെയ്തിരുന്നുവെന്നാണ് അവകാശപ്പെട്ടിരുന്നത്. 2009ൽ സ്പൈസസ് ബോർഡിൽ ഫീൽഡ് ഓഫീസറായിരുന്നു. പിന്നീട് മൂവാറ്റുപുഴയിൽ വിഎച്ച്എസ്ഇ ട്യൂട്ടറായി. 2013ലാണ് കൃഷി ഓഫീസറായി ജോലിയിൽ പ്രവേശിച്ചത്.
ഇപ്പോൾ വാടകയ്ക്ക് താമസിക്കുന്നത് കളരിക്കൽ ഗുരുകുലത്തിൽ സുഹൃത്തുക്കൾ എന്ന ലേബലിൽ ഇവരെ ഇവിടെ പലരും കാണാൻ വരാറുണ്ടെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ജിഷമോൾക്കെതിരെ വ്യാജവിവാഹ സർട്ടിഫിക്കറ്റ് നിർമ്മിക്കാൻ ശ്രമിച്ചതായും ജോലി ചെയ്ത ഓഫീസിൽ ക്രമക്കേട് നടത്തിയതായും നേരത്തെ ആരോപണം ഉയർന്നിരുന്നു.
ജിഷമോൾ നൽകിയ 500 രൂപയുടെ ഏഴ് നോട്ടുകൾ മറ്റൊരാൾ ബാങ്കിൽ നൽകിയപ്പോളാണ് തട്ടിപ്പ് പുറത്തായത്. നൽകിയത് വ്യാജനോട്ടുകളെന്ന് അറിയാമായിരുന്നെന്ന് ജിഷമോൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. എന്നാൽ ഉറവിടം വെളിപ്പെടുത്തിയില്ല. തുടർന്നായിരുന്നു അറസ്റ്റും റിമാൻഡും. ഭർത്താവ് മലപ്പുറത്ത് കോളേജ് അദ്ധ്യാപകൻ എന്നാണ് സുഹൃത്തുക്കളോടു പറഞ്ഞിരുന്നത്. ഓൺലൈൻ മാർക്കറ്റിംഗിന്റെ ബിസിനസും ഭർത്താവിനുള്ളതായി ഇവർ പൊലീസിനോടും പറഞ്ഞു. കള്ളനോട്ട് കേസിൽ ജിഷ മോൾ മുഖ്യകണ്ണിയാണെന്ന് പൊലീസ് സ്ഥിരീകരിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവരെ ചോദ്യം ചെയ്തതിൽ നിന്നും മറ്റ് പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചുവെന്നും അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും ആലപ്പുഴ സൗത്ത് പൊലീസ് സൂചന നൽകി.
ജിഷയിൽ നിന്ന് കിട്ടിയ ഏഴ് കള്ളനോട്ടുകൾ മറ്റൊരാൾ ബാങ്കിൽ നൽകിയപ്പോഴാണ് പിടിവീണത്. മത്സ്യബന്ധന സാമഗ്രികൾ വിൽക്കുന്നയാളാണ് 500 രൂപയുടെ കള്ളനോട്ടുകൾ ബാങ്കിൽ നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഈ പണം ജിഷയിൽ നിന്നുമാണ് ആൾക്ക് കിട്ടിയതെന്നും, ഇയാൾക്ക് ഇതിൽ പങ്കില്ലെന്നും വ്യക്തമായി.
മറുനാടന് മലയാളി ബ്യൂറോ