- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിഐടിയു പ്രവര്‍ത്തകന്റെ കൊലപാതകം: രാജു ഏബ്രഹാമും എസ് ഹരിദാസും നടത്തിയത് കലാപാഹ്വാനമെന്ന്; പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി പ്രാദേശിക ബിജെപി നേതൃത്വം; കേസെടുക്കില്ലെന്ന് സൂചന
പത്തനംതിട്ട: പെരുനാട്ടിലെ സി.ഐ.ടി.യു പ്രവര്‍ത്തകന്‍ ജിതിന്‍ ഷാജിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സി.പി.എം ജില്ലാ സെക്രട്ടറി ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ കലാപാഹ്വാനത്തിന് കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി പരാതി നല്‍കി. ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘട്ടനം യാതൊരു തെളിവും ഇല്ലാതെ സി.പി.എം ജില്ലാ സെക്രട്ടറി രാജൂ ഏബ്രഹാം രാഷ്ട്രീയ ലാഭത്തിനു വേണ്ടി ബി.ജെ.പിയുടെ മേല്‍ കെട്ടി വച്ച് നടത്തിയ പ്രസ്താവന കലാപാഹ്വാനം കൂടിയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. ഇതിനെതിരെ കേസ് എടുക്കണം. കൊലപാതകവുമായി ബന്ധപ്പെട്ട് കൃത്യമായ അന്വേഷണം നടത്തണം. ജിതിന്‍ കൊല്ലപ്പെട്ട ദിവസം പെരുനാട് ഹോസ്പിറ്റലില്‍ ഡോക്ടറിനും നഴ്സുമാര്‍ക്കും നേരെ ആക്രമണം നടത്തിയവര്‍ക്കെതിരെയും നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിക്കാണ് പരാതി. ബി.ജെ.പി പെരുനാട് പഞ്ചായത്ത് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ അരുണ്‍ അനിരുദ്ധന്‍, പെരുനാട് ഏരിയ ജനറല്‍ സെക്രട്ടറി സാനു മാമ്പാറ എന്നിവരാണ് പരാതിക്കാര്‍. തുടരന്വേഷണത്തിനായി പരാതി റാന്നി ഡിവൈ.എസ്.പിക്ക് കൈമാറി.
മഠത്തുംമൂഴിയില്‍ ഇരു വിഭാഗങ്ങള്‍ തമ്മില്‍ നടന്ന സംഘട്ടനത്തില്‍ മരിച്ച ജിതിനെ രക്തസാക്ഷി ആക്കുന്നതിന് വേണ്ടി സിപിഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാമും പെരുനാട്ടിലെ സിപിഎം നേതാവായ ഹരിദാസും ചേര്‍ന്ന് ബിജെപി നേതാക്കള്‍ക്കെതിരെ നടത്തിയ പ്രസ്താവന കേരളം ആകമാനം ഉള്ള ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ ആയിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. രാഷ്ട്രീയ ലാഭത്തിനു വേണ്ടി നടത്തിയ പ്രസ്താവന കലാപ ആഹ്വാനം കൂടിയായിരുന്നു. സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട് പ്രചരിക്കുന്ന ഈ വീഡിയോ പരിശോധിച്ച് വേണ്ട നടപടി സ്വീകരിക്കണം.
സംഘട്ടനത്തില്‍ നിരവധി പേര്‍ക്ക് പരുക്കു പറ്റിയിരുന്നു. ഇതില്‍ ഒരു വിഭാഗം പെരുനാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി പോയപ്പോള്‍ എതിര്‍ ചേരിയില്‍ പെട്ടവര്‍ സംഘം ചേര്‍ന്ന് ആശുപത്രി വളയുകയും അവിടെക്കിടന്ന വാഹനം അടിച്ചു തകര്‍ക്കുകയും ചികിത്സ തേടിയെത്തിയവരെ മര്‍ദ്ദിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. നൈറ്റ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന വനിതാ ഡോക്ടറും രണ്ട് നേഴ്സുമാരും ഭയന്ന് ഹോസ്പിറ്റലിന്റെ വാതില്‍ പൂട്ടി ഉള്ളില്‍ ഇരിക്കുകയായിരുന്നു. തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനില്‍ അപ്പോള്‍ നാല് പോലീസുകാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. അവര്‍ എത്തി അക്രമികളെ തടയുന്നതിന് ശ്രമിച്ചപ്പോള്‍ അവരെയും അക്രമിസംഘം മര്‍ദ്ദിച്ചു. വിവരം അറിഞ്ഞ് അടുത്തുള്ള സ്ഥലങ്ങളില്‍ നിന്ന് കൂടുതല്‍ പോലീസ് സംഘം എത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്.
ഈ അക്രമി സംഘത്തില്‍ പെട്ട ഏതാനും ചിലരെ അപ്പോള്‍ തന്നെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. മദ്യവും മയക്കുമരുന്നും അമിതമായി ഉപയോഗിച്ചിരുന്ന ഇവരുടെ മെഡിക്കല്‍ എടുക്കുകയോ കേസ് ചാര്‍ജ് ചെയ്യുകയോ ചെയ്യാതെ അവരെ നിരൂപാധികം വിട്ടയക്കുകയായിരുന്നു. ഒരാളുടെ ജീവന്‍ നഷ്ടപ്പെടുകയും രാഷ്ട്രീയമായി വലിയ വിവാദം ഉണ്ടാവുകയും ചെയ്ത ഈ സംഭവത്തെ പെരുനാട് പോലീസ് വളരെ ലാഘവത്തോടെയാണ് കണ്ടത്. ഈ കുറ്റകൃത്യങ്ങളില്‍ പങ്കെടുത്ത മുഴുവന്‍ പേരെയും കണ്ടെത്തി മതിയായ ശിക്ഷ വാങ്ങിക്കൊടുക്കണമെന്നും പരാതിയില്‍ ആവശ്യമുണ്ട്.
അതേ സമയം, ബിജെപി നേതാക്കളുടെ പരാതിയില്‍ കേസ് എടുക്കില്ലെന്നാണ് പോലീസ് നല്‍കുന്ന സൂചന. രാഷ്ട്രീയ പ്രസംഗങ്ങള്‍ കലാപ ആഹ്വാനമായി കാണാന്‍ കഴിയില്ലെന്നാണ് പോലീസ് ഭാഷ്യം. പോലീസ് കേസെടുക്കാത്ത പക്ഷം കോടതിയെ സമീപിക്കാനാണ് നേതാക്കളുടെ തീരുമാനം.