തിരുവനന്തപുരം: മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയക്ക് നേരെയക്കെതിരായ വധശ്രമത്തെ അപലപിച്ചു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജോണ്‍ മുണ്ടക്കയം. ഷാജനെ ആക്രമിച്ചത് അങ്ങേയറ്റം അപലപനീയമാണെന്ന് ജോണ്‍ മുണ്ടക്കയം പ്രതികരിച്ചു. ഈ ഫാസിസ്റ്റ് നിലപാട് ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ എല്ലാ മാധ്യമപ്രവര്‍ത്തകരും നേരിടുന്നുണ്ട്. പിന്നില്‍ വലിയൊരു മാധ്യമസ്ഥാപനം ഉള്ളതു കൊണ്ട് പലരും ആക്രമിക്കപ്പെടുന്നില്ലെന്ന് മാത്രമാണെന്നും ജോണ്‍ മുണ്ടക്കയം ഫേസ്ബുക്കില്‍ കുറിച്ചു.

ഇത്തരം ആക്രമണങ്ങള്‍ അദ്ദേഹത്തെ കൂടുതല്‍ കരുത്തനാക്കുകയാണെന്നും എതിര്‍പ്പുകളില്‍ നിന്ന് ശക്തി പ്രാപിച്ചു ഷാജന്‍ സ്‌കറിയ കൂടുതല്‍ വളരുകയാണ് എന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂട് വ്യക്തമാക്കി.

ജോണ്‍ മുണ്ടക്കയത്തിന്റെ കുറിപ്പ് ഇങ്ങനെ:

മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഷാജന്‍ സ്‌കറിയയോട് യോജിപ്പും വിയോജിപ്പും ഉള്ളവര്‍ ഉണ്ടാവാം. ഇഷ്ടപ്പെടാത്തതും അടിസ്ഥാനരഹിതമായതുമായവാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചാല്‍ അതിനെ നേരിടാന്‍ വ്യവസ്ഥാപിത മാര്‍ഗ്ഗങ്ങളുണ്ട്. വാര്‍ത്തയുടെ പേരില്‍വാര്‍ത്ത നല്‍കിയയാളെ ശാരീരികമായി നേടുന്നത് ന്യായീകരിക്കാന്‍ ആവില്ല.

തൊടുപുഴയില്‍ ഒരു കല്യാണ ചടങ്ങില്‍ പങ്കെടുക്കുന്നതിനിടയിലാണ് ഒരു സംഘം ഷാജനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. ആക്രമിച്ചവര്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് ഷാജന്‍ പറയുന്നു. ഷാജന് തെറ്റുകള്‍ പറ്റുന്നുണ്ടാവാം.അതിനിടയില്‍ ഒട്ടേറെ ശരികളും ഉണ്ട്. ആ മാധ്യമ ശൈലിയോട് പൂര്‍ണ്ണ യോജിപ്പ് ഇല്ലെങ്കിലും ഷാജനെ ആക്രമിച്ചത് അങ്ങേയറ്റം അപലപനീയമാണ്.

ഈ ഫാസിസ്റ്റ് നിലപാട് ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ എല്ലാ മാധ്യമപ്രവര്‍ത്തകരും നേരിടുന്നുണ്ട്.പിന്നില്‍ വലിയൊരു സ്ഥാപനം ഉള്ളതുകൊണ്ട് പലരും ആക്രമിക്കപ്പെടുന്നില്ല എന്നേയുള്ളൂ.ഇത്തരം ആക്രമണങ്ങള്‍ അദ്ദേഹത്തെ കൂടുതല്‍ കരുത്തനാക്കുകയാണെന്നും എതിര്‍പ്പുകളില്‍ നിന്ന് ശക്തി പ്രാപിച്ചു ഷാജന്‍ സ്‌കറിയ കൂടുതല്‍ വളരുകയാണ് എന്നും ആക്രമണത്തിന് ഒത്താശ ചെയ്യുന്നവര്‍ ഓര്‍ക്കുന്നത് നല്ലത്.

അതിനിടെ മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയെ മര്‍ദിച്ച കേസില്‍ നാല് സിപിഎം പ്രവര്‍ത്തകര്‍ പിടിയിലായിട്ടുണ്ട്. ഷാജന്‍ തിരിച്ചറിഞ്ഞ മാത്യൂസ് കൊല്ലപ്പള്ളിയടക്കമുള്ളവരാണ് ബെംഗളൂരുവില്‍ നിന്ന് പിടിയിലായത്. പ്രതികള്‍ക്കെതിരെ വധശ്രമമടക്കം വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്തിരുന്നു.

ഷാജന്‍ സ്‌കറിയയെ മര്‍ദിച്ച ശേഷം ബംഗളൂരുവിലേക്ക് കടന്ന പ്രതികളെ തൊടുപുഴ സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. വ്യക്തിവൈരാഗ്യമാണ് മര്‍ദനത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. നടക്കുന്നത് സിപിഎം വേട്ടയാടലാണെന്ന് ഷാജന്‍ സ്‌കറിയ പ്രതികരിച്ചു.

വിവാഹത്തില്‍ പങ്കെടുത്തശേഷം മടങ്ങി വരവേ തൊടുപുഴ മങ്ങാട്ടുകവലയില്‍ കാര്‍ തടഞ്ഞാണ് പ്രതികള്‍ ഷാജനെ ക്രൂരമായി മര്‍ദിച്ചത്. മര്‍ദനത്തിന് ശേഷം പ്രതികള്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. പ്രതികളെ തൊടുപുഴ സ്റ്റേഷനില്‍ എത്തിച്ചശേഷം അറസ്റ്റ് രേഖപ്പെടുത്തും.