കൊല്ലം: നിയമ സഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി ഗവണ്‍മെന്റ് മുന്‍ പ്ലീഡര്‍ പി.ജി മനു ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിയെ കസ്റ്റഡിയില്‍ അറസ്റ്റ് ചെയ്തത് ഗൂഡാലോചന തെളിഞ്ഞതിനാല്‍. മനുവിനെതിരേ പീഡന ആരോപണം ഉന്നയിച്ച യുവതിയുടെ ഭര്‍ത്താവ് ജോണ്‍സന്‍ ജോയിയെ(40)യാണ് കൊല്ലം വെസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തത്. മനുവിന്റെ ആത്മഹത്യയ്ക്ക് ശേഷം ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ ഇന്നലെ പിറവത്തുള്ള ബന്ധുവീട്ടില്‍ നിന്നാണ് പോലീസ് പിടികൂടിയത്. ഇയാളുടെ നിരന്തര സമ്മര്‍ദങ്ങളിലാണ് മനു തൂങ്ങിമരിച്ചതെന്നാണ് ആരോപണം. ഇക്കഴിഞ്ഞ 13ന് ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു മനുവിനെ കൊല്ലം ആനന്ദവല്ലീശ്വരത്തെ വാടകവീട്ടില്‍ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയത്. മനു മാപ്പുപറയുന്ന വീഡിയോ പ്രചരിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത് മൂവാറ്റുപുഴ അഞ്ചല്‍പെട്ടി പ്ലാത്തോട്ടത്തില്‍ വീട്ടില്‍ ജോണ്‍സണ്‍ ജോയി ആണ്. ഇയാളെ ബുധനാഴ്ച പുലര്‍ച്ചെ പിറവത്തുള്ള ഫ്‌ലാറ്റില്‍നിന്നാണ് കൊല്ലം വെസ്റ്റ് പൊലീസ് അറസ്റ്റ്‌ചെയ്തത്.

പീഡനക്കേസില്‍ സുപ്രീംകോടതിയില്‍നിന്ന് കര്‍ശന വ്യവസ്ഥകളോടെ ജാമ്യം ലഭിച്ചതിനു ശേഷം അഭിഭാഷകനായി തുടരുന്നതിനിടയില്‍ മനു മറ്റൊരു യുവതിയെ പീഡിപ്പിച്ചതായി പരാതിയുണ്ടായിരുന്നു. പിന്നീട് യുവതിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളോടൊപ്പം മനു മാപ്പപേക്ഷിക്കുന്ന വീഡിയോയാണ് ജോണ്‍സണ്‍ പ്രചരിപ്പിച്ചത്. കൊലപാതകശ്രമ കേസില്‍ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ് ജോണ്‍സണ്‍. ജോണ്‍സന്റെ എറണാകുളം പുതുശേരിപ്പടി കുരിശ്ശുപള്ളിക്ക് സമീപമുള്ള വാടകവീട്ടില്‍ മനുവിനെയും ഭാര്യയെയും മനുവിന്റെ സഹോദരിയെയും വിളിച്ചുവരുത്തി ഇവര്‍ അറിയാതെയാണ് ജോണ്‍സണ്‍ സംഭാഷണം പകര്‍ത്തിയത്. മനുവിനെ ഇവരുടെ മുന്നില്‍വച്ച് ദേഹോപദ്രവം ഏല്‍പ്പിച്ചതായും പൊലീസ് പറഞ്ഞു. സുഹൃത്തുക്കള്‍ വഴിയും ഓണ്‍ലൈന്‍ ചാനലുകള്‍ വഴിയും മനുവിനെ ജോണ്‍സണ്‍ സമ്മര്‍ദത്തിലാക്കിയിരുന്നതായും മരിക്കുന്നതിനു മുമ്പ് മനു സുഹൃത്തുക്കള്‍ക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും അഭിഭാഷകര്‍ക്കും അയച്ച സന്ദേശത്തിലുണ്ട്. നഷ്ടപരിഹാരം നല്‍കാനുള്ള ജോണ്‍സന്റെ ആവശ്യത്തിനു മനു തയ്യാറായിരുന്നില്ല. മൊബൈല്‍ഫോണിലെ ചാറ്റും ഫോണ്‍ വിളികളും പരിശോധിച്ചാണ് കൊല്ലം എസിപി എസ് ഷെരീഫും സംഘവും ഇയാളെ പിടികൂടിയത്.

മാപ്പ് പറയുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മനു ആത്മഹത്യ ചെയ്തത്. ലൈംഗിക പീഡന ആരോപണവുമായി ബന്ധപ്പെട്ട് പ്രചരിച്ച വീഡിയോയും ഇതേ തുടര്‍ന്നുള്ള മനോവിഷമവുമാകാം ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വീഡിയോ കേന്ദ്രീകരിച്ചാണ് പോലീസിന്റെ അന്വേഷണം പുരോഗമിക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പാണ് ഈ വീഡിയോ ചിത്രീകരിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഭാര്യയ്ക്കും സഹോദരിക്കും മുന്നില്‍വെച്ച് മനുവിനെ ദേഹോപദ്രവമേല്‍പ്പിച്ചു. വീഡിയോ ഉപയോഗിച്ച് മനുവിനെ നിരന്തരം ഭീഷണിപ്പെടുത്തിയെന്നും പൊലീസ് പറഞ്ഞു. മനുവിനെതിരെ പ്രചരിപ്പിച്ച വീഡിയോ ജോണ്‍സണ്‍ ചിത്രീകരിച്ചത് കഴിഞ്ഞ നവംബറിലായിരുന്നു. സര്‍ക്കാര്‍ അഭിഭാഷകനായിരുന്ന മനു നിയമസഹായം തേടിയെത്തിയ ഒരു പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തുവെന്ന് പരാതി ഉയര്‍ന്നിരുന്നു. 2018ല്‍ നടന്ന പീഡന കേസില്‍ ഇരയായ യുവതി പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് നിയമോപദേശത്തിനായി അഭിഭാഷകനായ മനുവിനെ സമീപിച്ചത്. കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി മനു ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി തള്ളിയിരുന്നു. കേസില്‍ ജാമ്യത്തിലായിരുന്നു മനു. ഇതിനിടെയാണ് പുതിയ വീഡിയോ പുറത്തു വന്നത്.

ഈ മാസം ആദ്യമാണ് വീഡിയോ ഫെയ്സ്ബുക്കില്‍ ജോണ്‍സണ്‍ പോസ്റ്റ് ചെയ്തത്. മരിക്കുന്നതിന് മുന്‍പ് മനു സുഹൃത്തുക്കള്‍ക്കും ചില പൊലീസ് ഉദ്യോഗസ്ഥര്‍ക്കും അഭിഭാഷകര്‍ക്കും അയച്ച വാട്‌സാപ് സന്ദേശത്തില്‍ ഇക്കാര്യങ്ങള്‍ പറഞ്ഞിരുന്നു. പണം നല്‍കിയുള്ള ഒത്തുതീര്‍പ്പിന് മനു വഴങ്ങാതായതോടെയാണ് വീഡിയോ ച്രരിപ്പിച്ചത് എന്നാണ് പോലീസ് കണ്ടെത്തല്‍. മനുവിനെതിരെ ആരോപണം ഉന്നയിച്ച വീട്ടമ്മ ഇതുവരെ പരാതി നല്‍കിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു. സംഭവത്തില്‍ കൃത്യമായ ഗൂഢാലോചന ഉണ്ടായതായാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ നിന്ന് ലഭിക്കുന്ന വിവരം. നിയമസഹായം തേടിയെത്തിയ അതിജീവിതയെ പീഡിപ്പിച്ചെന്ന കേസില്‍ കര്‍ശന വ്യവസ്ഥകളോടെയാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നത്. ജാമ്യത്തില്‍ തുടരുന്നതിനിടെയാണ് ലൈംഗിക പീഡന ആരോപണം ഉന്നയിച്ച് മറ്റൊരു യുവതിയും രംഗത്തെത്തിയത്. ഇതിനുപിന്നാലെ പി.ജി. മനുവും സഹോദരിയും ചേര്‍ന്ന് ഈ യുവതിയുടെ കുടുംബത്തോട് മാപ്പ് ചോദിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു. ഈ വീഡിയോയില്‍ യുവതിയുടെ ഭര്‍ത്താവ് എന്ന് കരുതുന്ന ആള്‍ പി.ജി. മനുവിനോട് ആത്മഹത്യ ചെയ്യാന്‍ പലതവണ ആവര്‍ത്തിച്ച് പറയുന്നുണ്ട്. ഈ വീഡിയോ വലിയ രീതിയില്‍ പ്രചരിച്ചു. ഇതിനുപിന്നാലെയാണ് പി ജി മനുവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ ഞായറാഴ്ചയാണ് പി.ജി. മനുവിനെ കൊല്ലത്തെ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഡോ.വന്ദനാദാസ് കൊലക്കേസില്‍ പ്രതിഭാഗത്തിന് വേണ്ടി ഹാജരായിരുന്നത് പി.ജി. മനുവായിരുന്നു. ഈ കേസിന്റെ ഭാഗമായാണ് പി.ജി. മനു കൊല്ലത്തെത്തി വാടകവീട്ടില്‍ താമസം ആരംഭിച്ചത്. ജൂനിയര്‍ അഭിഭാഷകര്‍ മനുവിനെ ഫോണില്‍ വിളിച്ചെങ്കിലും പ്രതികരണമുണ്ടായിരുന്നില്ല. ഇതോടെ അഭിഭാഷകര്‍ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് മനുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

(ദുഖവെള്ളി പ്രമാണിച്ച് 18-04-2025ന് മറുനാടന്‍ മലയാളിയ്ക്ക് അവധിയായിരിക്കും. ഈ സാഹചര്യത്തില്‍ 18-04-2025ന് വെബ് സൈറ്റില്‍ അപ്‌ഡേഷന്‍ ഉണ്ടായിരിക്കില്ല-എഡിറ്റര്‍)