- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെഎസ്ആർടിസി ബസ് പോയത് റോഡിന്റെ മധ്യത്തിലൂടെ; ഹോണടിച്ച് ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചപ്പോൾ ബസ് പെട്ടെന്ന് ഇടുതു ഭാഗത്തേക്കെടുത്തു; പിൻവശം വലത് ഭാഗത്തേക്ക് വന്നിടിച്ച് താൻ തെറിച്ചു; ആ ഡ്രൈവർ പറഞ്ഞത് പച്ചക്കളം; ആശുപത്രിയിൽ നിന്ന് 'കൊലപാതകി'യെ മുക്കി ഉടമകൾ; ജോജോ പത്രോസിനെ കൊണ്ടു പോയത് ആര്?
ന്യൂഡൽഹി: വടക്കാഞ്ചേരിയിൽ ഒൻപത് പേരുടെ മരണത്തിനിടയാക്കിയ അപകടമുണ്ടാക്കിയ ബസ് ഓടിച്ചിരുന്ന ഡ്രൈവർ ജോജോ പത്രോസ് ഒളിവിൽ തന്നെ. ഇയാൾ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. അവിടെ നിന്ന് ഒളിവിൽ പോയി. ഇകെ നായനാർ ആശുപത്രിയിലെ നഴ്‌സാണ് ഡ്രൈവർ ആശുപത്രിയിൽ എത്തിയെന്ന് തിരിച്ചറിഞ്ഞത്. അപകടത്തിൽ പെട്ട ബസിലെ ഒരാൾ പുലർച്ചെ ചികിത്സ തേടിയിരുന്നുവെന്നും ജോജോ പത്രോസ് എന്നാണ് പേര് പറഞ്ഞതെന്നും അവർ പറഞ്ഞു.
എറണാകുളം ജില്ലയിലെ ഇലഞ്ഞിക്കടുത്ത് പൂക്കോടൻ വീട്ടിൽ ജോജോ പത്രോസാണ് വാഹനാപകടത്തിന് കാരണമായ ബസ് ഓടിച്ച ഡ്രൈവർ. ആദ്യം അദ്ധ്യാപകൻ എന്നാണ് ഇയാൾ ആശുപത്രി ജീവനക്കാരോട് പറഞ്ഞത്. രാവിലെ ആറ് മണിയോടെ എറണാകുളത്ത് നിന്ന് ബസിന്റെ ഉടമകൾ എത്തി ഇയാളെ കൂട്ടികൊണ്ട് പോയി. ബസ്സിന്റെ ഡ്രൈവർ എന്നാണ് ഇവർ പറഞ്ഞതെന്നും നഴ്‌സ് വ്യക്തമാക്കി. അതായത് ബസ് ഉടമകളുടെ സംരക്ഷണയിലാണ് ഇയാൾ ഇപ്പോൾ. ബസിലെ നിയമ വിരുദ്ധതകൾ ചർച്ചയാകുമെന്ന ഭയത്തിലാണ് ഡ്രൈവറെ മാറ്റുന്നത്. ഇനി പറഞ്ഞു പഠിപ്പിച്ച മൊഴിയുമായി ഡ്രൈവർ പൊലീസിന് മുമ്പിൽ ഹാജരായേക്കും.
ടൂറിസ്റ്റ് ബസിന്റെ ഡ്രൈവർ ആശുപത്രിയിൽ നിന്ന് മുങ്ങിയതിന് തെളിവായി സിസിടിവി ദൃശ്യവുമുണ്ട്. പുലർച്ചെ മൂന്നരയോടെ പൊലീസുകാരാണ് പരിക്കേറ്റയാളെ ഇവിടെ കൊണ്ടുവന്നത്. കാര്യമായ പരിക്കുണ്ടായിരുന്നില്ല. കൈയിലും കാലിലും ചെറിയ രീതിയിൽ തൊലിയുരിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ. എക്സ് റേ എടുത്ത് പരിശോധിച്ചിരുന്നു. പൊട്ടലോ ചതവോ ഉണ്ടായിട്ടില്ലെന്ന് വ്യക്തമായിരുന്നു. പ്രാഥമിക ചികിത്സക്ക് ശേഷം എറണാകുളത്ത് നിന്ന് ബസിന്റെ ഉടമസ്ഥരാണെന്ന് കരുതുന്നവർക്കൊപ്പമാണ് ഇയാൾ പോയതെന്നാണ് സംശയിക്കുന്നതെന്ന് ആശുപത്രിയിലെ ഡോക്ടറും നഴ്സുമാരും വ്യക്തമാക്കി.
'ഡ്രൈവറാണോ അദ്ധ്യാപകനാണോ എന്ന് അയാൾ എന്റടുത്ത് ആദ്യം പറഞ്ഞിരുന്നില്ല. സിസ്റ്റർമാർ ചോദിച്ചപ്പോൾ അദ്ധ്യാപകനാണെന്നാണ് പറഞ്ഞത്. കൂറേ ചോദിച്ചു, ചോദിച്ചു വന്നപ്പോഴാണ് ഞാൻ ഡ്രൈവറാണെന്ന് പറഞ്ഞത്. അഡ്‌മിറ്റ് ചെയ്തിരുന്നില്ല' - ജോമോനെ ചികിത്സിച്ച ഡോക്ടർ പ്രതികരിച്ചു. 'മുന്നിൽ ഒരു കെഎസ്ആർടിസി ബസ് വൈറ്റില മുതൽ റോഡിന്റെ മധ്യത്തിലൂടെയായിരുന്നു പോയിരുന്നത്. ഹോണടിച്ച് ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചപ്പോൾ പെട്ടെന്ന് കെഎസ്ആർടിസി ഇടുതഭാഗത്തേക്കെടുത്തു. ഇതോടെ കെഎസ്ആർടിസിയുടെ പിൻവശം വലത് ഭാഗത്തേക്ക് വന്നിടിച്ച് താൻ തെറിച്ചുപോയി. ഇതോടെ ബസ് നിയന്ത്രണം വിട്ട് ഇടിച്ച് തന്നെ മറിയുകയായിരുന്നു' ഇങ്ങനെയാണ് ചികിത്സ തേടിയ ഡ്രൈവർ എന്ന് പറയുന്ന ആൾ തന്നോട് പറഞ്ഞതെന്നും ഡോക്ടർ കൂട്ടിച്ചേർത്തു.
അപകട കാരണമായ ടൂറിസ്റ്റ് ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കാൻ കോട്ടയം ആർടിഒ നടപടി തുടങ്ങി. ലീസ് എഗ്രിമെന്റ് നിയമ സാധുത ഉള്ളതാണോ എന്ന കാര്യത്തിലും അന്വേഷണം തുടങ്ങിയിട്ടുണ്ട്. ബസിന്റെ ആർസി ഉടമ അരുണിനെ ആർ ടി ഒ വിളിച്ചു വരുത്തും. അപകടമുണ്ടാക്കിയ ലുമിനസ് ബസിനെതിരെ മുൻപ് കേസെടുത്തിരുന്നതായി വ്യക്തമായി. രണ്ട് തവണ നിയമം ലംഘിച്ച് ബസിൽ ലൈറ്റുകൾ ഘടിപ്പിച്ചതിന് കേസെടുത്തു. എന്നാൽ വാഹന ഉടമകൾ പിഴ അടച്ചില്ല. തുടർന്ന് ബസിനെ കരിമ്പട്ടികയിൽ പെടുത്തി. എന്നാൽ ബസിന് മറ്റ് സാങ്കേതിക തകരാറുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും മോട്ടോർ വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം അറിയിച്ചു.
അശ്രദ്ധയ്ക്ക് അപ്പുറം അനാസ്ഥയാണ് ഈ വലിയ ദുരത്തിന് കാരണം. അമിത വേഗത്തിൽ പോവുകയായിരുന്ന ടൂറിസ്റ്റ് ബസ് വാളയാർ വടക്കാഞ്ചേരി മേഖലയിലെ അഞ്ചുമൂർത്തി മംഗലത്തുകൊല്ലത്തറ ബസ് സ്റ്റാന്റിന് സമീപത്ത് വച്ച് കാറിനെ മറികടക്കാൻ ശ്രമിക്കുമ്പോഴാണ് കെഎസ്ആർടിസി ബസിന്റെ പിന്നിലിടിച്ചത്. ബസ് അമിതവേഗതയിലാണെന്ന് സ്ഥലം സന്ദർശിച്ച മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. അപകടം നടന്ന സ്ഥലത്ത് മോട്ടോർ വാഹന വകുപ്പ് സംഘം പരിശോധന നടത്തുന്നുണ്ട്. അപകട സമയം ചാറ്റൽ മഴ പെയ്തിരുന്നത് അപകടത്തിന്റെ വ്യാപ്തി കൂട്ടി.
അപകടത്തിന് കാരണം സ്‌കൂൾ കുട്ടികളുമായി പോയ ടൂറിസ്റ്റ് ബസിന്റെ അമിത വേഗമാണെന്ന് ദൃക്‌സാക്ഷികളും പറയുന്നു. അമിത വേഗത്തിലെത്തിയ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിന്റെ പുറകിലിടിച്ച ശേഷം തലകീഴായി മറിഞ്ഞു. ഇടിച്ചയുടെ ആഘാതത്തിൽ നിരങ്ങി നീങ്ങിയ ബസ് ചതുപ്പിലേക്ക് മറിഞ്ഞു. വരുന്ന വഴി മറ്റ് വാഹനങ്ങളേയും മറികടന്നാണ് ടൂറിസ്റ്റ് ബസ് പാഞ്ഞെത്തിയതെന്നും ദൃക്‌സാക്ഷികൾ പറയുന്നു. ഇടിയുടെ ആഘാതത്തിൽ കെഎസ്ആർടിസി ബസിന്റെ ഒരു ഭാഗം ടൂറിസ്റ്റ് ബസിനുള്ളിലായി. അപകടത്തിൽ ഒമ്പത് പേരുടെ ജീവനാണ് പൊലിഞ്ഞത്. 10, പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിലെ വിദ്യാർത്ഥികളുമായിട്ട് ഊട്ടിയിലേക്കുള്ള യാത്രയിലായിരുന്നു ലൂമിനസ് എന്ന ടൂറിസ്റ്റ് ബസ്.
മരിച്ച ഒമ്പത് പേരിൽ മൂന്ന് പേർ കെഎസ്ആർടിസി ബസിലുള്ളവരാണ്. ടൂറിസ്റ്റ് ബസ് അമിത വേഗതയിലായിരുന്നുവെന്നാണ് കെഎസ്ആർടിസി ബസ് ഡ്രൈവറും കണ്ടക്ടറും ആരോപിച്ചിട്ടുള്ളത്. അപകടം നടക്കുന്ന സമയത്ത് 97.7 കിലോമീറ്ററായിരുന്നു ബസിന്റെ വേഗതയെന്ന് അതിൽ നിന്ന് കണ്ടെടുത്ത ജിപിഎസ് രേഖകളും വ്യക്തമാക്കുന്നുണ്ട്.
മറുനാടന്‍ മലയാളി ബ്യൂറോ