- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭൂമി ഇടിഞ്ഞുതാഴുമ്പോഴും നിരോധനാജ്ഞ ലംഘിച്ച് മണ്ണുതുരക്കൽ; അനധികൃത നിർമ്മാണങ്ങൾ; ആശങ്ക ഒഴിയാതെ ജോഷിമഠ്; 86 കെട്ടിടങ്ങൾ അപകടാവസ്ഥയിൽ; രണ്ട് ഹോട്ടലുകൾ ഉടൻ പൊളിക്കും; കുടുംബങ്ങൾക്ക് ഒന്നരലക്ഷം സഹായധനം; തെഹ്രിയിലും വിള്ളൽ കണ്ടെത്തി
ജോഷിമഠ്: ഇടിഞ്ഞു താഴുന്ന ഭൂമി. നെടുകെ പിളരുന്ന കെട്ടിടങ്ങൾ, അതിനിടയിൽ പിടയുന്ന ഹൃദയവും കൂട്ടിപ്പിടിച്ച് അഭയം തേടുന്ന പ്രദേശവാസികൾ. ദുരന്തം കൺമുന്നിൽ കടുത്ത നോവ് ഉണർത്തുമ്പോഴും ജോഷിമഠിൽ നിരോധനാജ്ഞ ലംഘിച്ച് പുലർച്ചെ മണ്ണുതുരക്കൽ തകൃതിയായി നടക്കുന്നുവെന്ന് റിപ്പോർട്ട്. വിള്ളൽ വീണ വീടുകളുടെ എണ്ണം 723 ആയി ഉയർന്ന ഗുരുതര സാഹചര്യം നിലനിൽക്കെയാണ് അനധികൃത നിർമ്മാണങ്ങൾ നിർബാധം തുടരുന്നത്. ഇതിന്റെ വിഡിയോ എൻഡിടിവി പുറത്തുവിട്ടു. അതിനിടെ ജോഷിമഠിന് പുറമേ തെഹ്‌രിയിലെ ചമ്പയിലും വിള്ളൽ കണ്ടെത്തിയത് ആശങ്ക വർധിപ്പിക്കുന്നു.
ബുധനാഴ്ച പുലർച്ചെ രണ്ടിനു ജോഷിമഠിനു തൊട്ടടുത്തുള്ള പ്രദേശത്തു പാറ പൊട്ടിക്കുന്നതും യന്ത്രങ്ങൾ ഉപയോഗിച്ചു മണ്ണ് തുരക്കുന്നതുമാണു വിഡിയോയിൽ. ദേശീയപാതയ്ക്ക് അരികിലായിട്ടായിരുന്നു ഈ നിർമ്മാണ പ്രവർത്തനങ്ങൾ. കല്ലുകളുമായി ക്രെയിനുകൾ മുന്നോട്ടു നീങ്ങുന്നതും വിഡിയോയിൽ കാണാം. ഒരു കിലോമീറ്ററിന് അപ്പുറത്തേക്ക് തുരക്കലിന്റെ ശബ്ദം കേൾക്കാമായിരുന്നു. പക്ഷേ, ജോലിക്കാരെ തടയാൻ ആരും ശ്രമിച്ചില്ലെന്നതും ശ്രദ്ധേയമാണ്.
വീടുകൾക്കും കെട്ടിടങ്ങൾക്കും വിള്ളലുകൾ ഉണ്ടായതോടെ ജോഷിമഠിലും സമീപപ്രദേശങ്ങളിലും നിർമ്മാണപ്രവർത്തനങ്ങൾക്കു നിരോധനമുണ്ട്. അപകടാവസ്ഥയിലുള്ള രണ്ട് ഹോട്ടലുകൾ പൊളിക്കാൻ അധികൃതർ നടപടിയും തുടങ്ങി. പൊളിക്കലിനെതിരെ ഹോട്ടലുടമയും കുടുംബവും സമരത്തിലാണ്. 131 കുടുംബങ്ങളെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്കു മാറ്റി. വാസയോഗ്യമല്ലാതായ 86 വീടുകളാണുള്ളത്. പ്രദേശത്തു ചെറുഭൂചലനം വരെ രേഖപ്പെടുത്തുന്ന നിരീക്ഷണ സംവിധാനം സ്ഥാപിക്കുമെന്നും കേന്ദ്രസർക്കാർ അറിയിച്ചിരുന്നു.
അപകടമായ രീതിയിൽ ചരിഞ്ഞും തറ വിണ്ടുകീറിയും പല വീടുകളും വാസയോഗ്യമല്ലാതായിരിക്കുന്നു. ആളൊഴിഞ്ഞ വീഥികളിൽ അപൂർവമായെങ്കിലും കണ്ടുമുട്ടുന്നവരുടെ മുഖത്ത് ആധിയാണു നിറഞ്ഞുനിൽക്കുന്നത്. കണ്ണുകളിൽ ഭാവിയെക്കുറിച്ചുള്ള ആശങ്ക.
ജോഷിമഠിൽ പൊളിച്ചുനീക്കുന്ന കെട്ടിടങ്ങളുടെ ഉടമകൾക്ക് വിപണി മൂല്യം അനുസരിച്ചുള്ള നഷ്ടപരിഹാരം നൽകുമെന്നാണ് ഉത്തരാഖണ്ഡ് സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്. നിലവിൽ ജോഷിമഠിലെ മലരി ഇൻ, മൗണ്ട് വ്യൂ ഹോട്ടൽ എന്നിവ പൊളിച്ചുനീക്കാനാണ് തീരുമാനം. വീടുകളുടെയും മറ്റ് കെട്ടിടങ്ങളുടേയും അവസ്ഥ പഠിക്കുന്നതിനായുള്ള സർവേ ഒരാഴ്ചക്കുള്ളിൽ പൂർത്തിയാക്കുമെന്നും സർക്കാർ വ്യക്തമാക്കി.
കഴിഞ്ഞ ഡിസംബർ മുതലാണ് സമുദ്രനിരപ്പിൽ നിന്ന് 6107 അടി ഉയരത്തിലുള്ള ജോഷിമഠ് നഗരത്തിലെ കെട്ടിടങ്ങളിൽ വിള്ളലുകൾ കണ്ടുതുടങ്ങിയത്. പിന്നീട് ദിവസങ്ങൾ കഴിയും തോറും പ്രശ്നം രൂക്ഷമായി വന്നു. കൂടുതൽ കെട്ടിടങ്ങളിൽ വിള്ളലുണ്ടാവുകയും ഭൂമി ഇടിഞ്ഞ് താഴുകയും ചെയ്തതോടെ പ്രശ്നം ഗുരുതരമാവുകയായിരുന്നു. നഗരത്തിലെ 600 ൽ ഏറെ കുടുംബങ്ങളെ ഒഴിപ്പിച്ചിട്ടുണ്ട്.
അതേസമയം ഹോട്ടലുകൾ പൊളിച്ചുനീക്കാനുള്ള ശ്രമം ചൊവ്വാഴ്ച ഹോട്ടലുടമകൾ തടസപ്പെടുത്തിയിരുന്നു. പൊളിക്കുന്ന കാര്യം അധികാരികൾ തങ്ങളെ അറിയിച്ചില്ലെന്ന് കാണിച്ചാണ് കെട്ടിടം ഉടമകൾ രംഗത്തുവന്നത്.
ജോഷിമഠിലെ കെട്ടിടം ഉടമകളുമായും നാട്ടുകാരുമായും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമിയുടെ സെക്രട്ടറി ആർ. മീനാക്ഷി സുന്ദരം കൂടിക്കാഴ്ചനടത്തിയിരുന്നു. ബാധിക്കപ്പെട്ട കുടുംബങ്ങൾക്ക് ഒന്നരലക്ഷം രൂപ നൽകുമെന്ന് ഉത്തരാഖണ്ഡ് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. വീട് മാറുന്നതിനും മറ്റ് അടിയന്തരാവശ്യങ്ങൾക്കുമായി ആദ്യഘട്ടത്തിൽ അമ്പതിനായിരം രൂപ നൽകും. ബാക്കി പിന്നീടും നൽകുമെന്ന് പ്രിൻസിപ്പൽ സെക്രട്ടറി അറിയിച്ചു. ജോഷിമഠിൽ 723 വീടുകളിലും കെട്ടിടങ്ങളിലുമാണ് വിള്ളൽ രൂപപ്പെട്ടത്. ഇതിൽ 86 കെട്ടിടങ്ങളാണ് ഏറ്റവും അപകടകരമായ അവസ്ഥയിൽ ഉള്ളത്. ജില്ലാ ഭരണകൂടത്തിന്റെ കണക്കനുസരിച്ച് ഇതുവരെ 131 കുടുംബങ്ങളിലെ 400 ലധികം പേരെ മാറ്റി താമസിപ്പിക്കാൻ ആയി.
മറുനാടന് മലയാളി ബ്യൂറോ