കോഴിക്കോട്: സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്സൺ ചിന്താ ജെറോമിന്റെ പ്രതിമാസ ശമ്പളം ഇരട്ടിയാക്കിയതിനെ വിമർശിച്ച് നടൻ ജോയ് മാത്യു. ചിന്താ ജെറോമിന്റെ ശമ്പളം 50,000 ത്തിൽ നിന്ന് ഒരു ലക്ഷം രൂപയായി ഉയർത്തിയ സാഹചര്യത്തിൽ ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് വിമർശനം. മുൻകാല പ്രാബല്യത്തോടെ ശമ്പളം നൽകാനുള്ള തീരുമാനത്തിലാണ് വിവിധ കോണുകളിൽ നിന്നും വിമർശനം ഉയരുന്നത്. ഇതിനിടെയാണ് ജോയ് മാത്യുവും രംഗത്തുവന്നത് എന്നതും ശ്രദ്ധേയമാണ്.

കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്‌കൂൾ കലോൽസവം പരാമർശിച്ച്, ഗ്രേസ് മാർക്കിന് വേണ്ടിയും ഗ്രേഡുകൾക്ക് വേണ്ടിയും സമയം കളയാതെ യുവജനകമ്മീഷൻ പദവി ലക്ഷ്യം വെയ്ക്കൂ, ശോഭനമായ ഭാവി സ്വന്തമാക്കൂ. പ്രാണരക്ഷാർഥം വിദേശത്തേക്ക് മണ്ടുന്ന കുട്ടികളും ഇത് ഓർമയിൽ വെക്കുന്നത് നല്ലതാണ് എന്നാണ് ജോയ് മാത്യു ഫേയ്‌സ്ബുക്കിൽ കുറിച്ചത്.

സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിന് മുൻകാല പ്രാബല്യത്തോടെ ശമ്പളകുടിശ്ശിക നൽകാൻ സർക്കാർ തീരുമാനമായിരുന്നു. പതിനൊന്ന് മാസത്തെ ശമ്പളകുടിശ്ശികയായി ആറ് ലക്ഷം രൂപ അനുവദിക്കാനാണ് ഉത്തരവ്. 2016ൽ ചിന്ത ജെറോം ചുമതലയേൽക്കുമ്പോൾ ശമ്പളം അൻപതിനായിരം രൂപയായിരുന്നു.
2018 മെയ് മാസം കമ്മീഷൻ ചട്ടം രൂപീകരിച്ചപ്പോൾ ശമ്പളം ഒരു ലക്ഷം രൂപയാക്കി ഉയർത്തി. മുൻകാല പ്രാബല്യത്തോടെ ശമ്പളകുടിശ്ശിക നൽകണമെന്ന് ചിന്ത ആവശ്യപ്പെട്ടെങ്കിലും ധനവകുപ്പും യുവജനക്ഷേമവകുപ്പും ആദ്യം നിരസിക്കുകയായിരുന്നു. വീണ്ടും ധനവകുപ്പിനെ അപേക്ഷയുമായി സമീപിച്ചപ്പോഴാണ് 11 മാസത്തെ കുടിശ്ശിക നൽകാനുള്ള പ്രത്യേക തീരുമാനം എടുത്തത്.

സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ അഖിലേന്ത്യാ നേതാവുമാണ് ചിന്ത ജെറോം. 2018 ജൂൺ മുതലാണ് ഈ ശമ്പളം ലഭിച്ചു തുടങ്ങിയത്. അതിനു മുൻപ് 50,000 രൂപയായിരുന്നു ശമ്പളം. അധികാരം ഏറ്റ 2016 മുതൽ ശമ്പളം ഒരു ലക്ഷം രൂപയാക്കി ഉയർത്തണമെന്ന് ചിന്ത ജെറോം യുവജനക്ഷേമ വകുപ്പിനോട് ആവശ്യപ്പെട്ടു. വകുപ്പ് ഇത് ധനകാര്യവകുപ്പിന്റെ പരിശോധനയ്ക്കായി വിട്ടു.

അതേസമയം, ധനകാര്യവകുപ്പും യുവജനക്ഷേമ വകുപ്പ് സെക്രട്ടറിയും ചിന്തയുടെ ആവശ്യത്തോട് അനുകൂല നിലപാടെടുത്തു. 2017 ജൂൺ മുതൽ ശമ്പളം ഒരുലക്ഷം രൂപയാക്കാനും നൽകാനുള്ള തുക അനുവദിക്കാനും ധനവകുപ്പ് തീരുമാനിക്കുകയായിരുന്നു. അതിനിടെ ചിന്തയുടെ ശമ്പളം കൂട്ടിയ നടപടിയുടെ ചുവടു പിടിച്ച് മുൻ യുവജന കമ്മീഷൻ ചെയർപേഴ്സണും രംഗത്തുവന്നിട്ടുണ്ട്.

ഉയർത്തിയ ശമ്പളനിരക്ക് കണക്കാക്കി മുൻകാലത്തുള്ള കുടിശ്ശിക നൽകണമെന്ന ആവശ്യം ഉന്നയിച്ചാണ് മുൻ അധ്യക്ഷനായ കോൺഗ്രസ് നേതാവ് ആർ.വി. രാജേഷ് കോടതിയെ സമീപിച്ചിരിക്കുന്നത്. യു.ഡി.എഫിന്റെ കാലത്താണ് യുവജന കമ്മിഷൻ രൂപവത്കരിച്ചിത്. ആർ.വി. രാജേഷായിരുന്നു ആദ്യ ചെയർമാൻ. ഈ ഘട്ടത്തിൽ ചെയർമാന് ശമ്പളം നിശ്ചയിച്ചിരുന്നില്ല. 50,000 രൂപ താത്കാലിക വേതനമായി നൽകുമെന്നാണ് ഉത്തരവിലുണ്ടായിരുന്നു.

യു.ഡി.എഫ്. സർക്കാരിന്റെ അവസാനകാലത്ത് ശമ്പളം നിശ്ചയിക്കാനുള്ള തീരുമാനം മന്ത്രിസഭയ്ക്ക് വിട്ടെങ്കിലും നടപടികൾ പൂർത്തിയാക്കാനായില്ല. ഇടതുസർക്കാർ വന്നതിനുശേഷം, 2016-ലാണ് ചിന്താ ജെറോം അധ്യക്ഷയാകുന്നത്. ഇതോടെ, ശമ്പളഘടനയുണ്ടാക്കിയപ്പോൾ നിലവിലെ ചെയർമാന് ബാധകമാകുന്ന വിധത്തിലാണ് തീരുമാനമുണ്ടായത്. ഇതിനെതിരേയാണ് രാജേഷ് കോടതിയെ സമീപിച്ചത്. ചിന്തക്ക് ലഭിച്ചതു പോലുള്ള ശമ്പളം തനിക്കും ലഭിക്കണമെന്നാണ് രാജേഷും ആവശ്യപ്പെടുന്നത്.

യുവജന കമ്മീഷൻ ചെയർപേഴ്‌സൺ എന്ന പേരിൽ സർക്കാർ അനാവശ്യ സ്ഥാനം നൽകി ചെലവ് വർദ്ധിപ്പിക്കുന്നുവെന്നും യുവജന കമ്മീഷനിലൂടെ കേരളത്തിലെ യുവാക്കൾക്ക് യാതൊരു പ്രയോജനവും ലഭിക്കുന്നില്ലെന്ന തരത്തിൽ നിരവധി ആക്ഷേപങ്ങൾ ഉയർന്നുവന്നിരുന്നു. ഇതിനിടെയാണ് ചിന്തക്ക് വീണ്ടും ശമ്പളം വർധിപ്പിച്ചിരിക്കുന്നതും.