- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കമ്മിക്കുഞ്ഞുങ്ങൾ ഞാൻ മത്സരിച്ച് തോറ്റതിനെ ആഘോഷിക്കുന്നത് കണ്ടു; കവിത കോപ്പിയടിച്ചതോ വാഴക്കുല മോഷ്ടിച്ചതോ അയൽവീട്ടിലെ വനിതാ സഖാവിന്റെ കുളിമുറി ദൃശ്യങ്ങൾ പകർത്തിയതിനോ അല്ല എന്റെ ക്രൂശീകരണം; ഞാൻ എന്റെ സ്വന്തം ശബ്ദം കേൾപ്പിക്കുന്നു എന്നതാണ്; സൈബർ സഖാക്കളെ പരിഹസിച്ചു ജോയ് മാത്യു
തിരുവനന്തപുരം: ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ തെരഞ്ഞെടുപ്പിൽ ഇക്കുറി പതിവില്ലാത്ത മത്സരം നടന്നിരുന്നു. ജോയ് മാത്യുവും ബാലചന്ദ്രൻ ചുള്ളിക്കാടും തമ്മിൽ പ്രസിഡന്റ് സ്ഥാനത്തേക്കാണ് മത്സരിച്ചത്. ചുള്ളിക്കാട് വിജയിച്ചു പ്രസിഡന്റ് ആകുകയും ചെയ്തു. ഇതിൽ ജോയ് മാത്യു തോറ്റതോടെ സൈബർ സഖാക്കൾ ആഘോഷവും തുടങ്ങിയിരുന്നു. ഈ ആഘോഷത്തെ പരിഹസിച്ചു കൊണ്ട് ജോയ് മാത്യും രംഗത്തുവന്നു.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ തിരഞ്ഞെടുപ്പിന് പിന്നാലെ ഉയർന്ന വിമർശനങ്ങളോട് പ്രതികരിച്ചാണ് നടനും എഴുത്തുകാരനുമായ ജോയ് മാത്യു രംഗത്തുവന്നത്. എതിരാളി ശക്തനും പ്രതിഭാധനനും ദീർഘകാല സുഹൃത്തും ആയിരുന്നിട്ടും ഞാൻ തെരഞ്ഞെടുപ്പിൽ മത്സരിച്ചത് ഇതൊരു ചോദ്യം ചെയ്യാൻ പാടില്ലാത്ത സംഘടനയല്ല എന്നും എതിർ ശബ്ദങ്ങൾ അത് തീരെച്ചെറുതാണെങ്കിൽപ്പോലും കേൾപ്പിക്കണം എന്നുമുള്ള ഉദ്ദേശത്തിൽ തന്നെയാണ് എന്ന് ജോയ് മാത്യു ഫേസ്ബുക്കിൽ കുറിച്ചു.
എഴുപത്തിരണ്ടു പേരിലെ ഇരുപത്തിയൊന്ന് പേരുടെ ശബ്ദം അത്ര ചെറുതല്ലെന്നത് എനിക്ക് കൂടുതൽ ആത്മവിശ്വാസം തരികയാണ് ചെയ്തത്. വിജയിക്കുന്ന യുദ്ധത്തിൽ മാത്രമേ പങ്കെടുക്കൂ എന്ന് കരുതുന്നത് ഭീരുക്കളാണ്. യുദ്ധം ചെയ്യുക എന്നതാണ് പ്രധാനം. ജയപരാജയങ്ങൾ രണ്ടാമതാണ്, എന്നും കുറിപ്പിൽ പറയുന്നു.
ജോയ് മാത്യുവിന്റെ കുറിപ്പ്
ജനാധിപത്യം എന്ന് കേൾക്കുമ്പോൾ പാർട്ട്യാധിപത്യം എന്ന് തെറ്റിദ്ധരിച്ചുപോയ കമ്മിക്കുഞ്ഞുങ്ങൾ ഞാൻ സിനിമ എഴുത്ത് തൊഴിലാളി യൂണിയൻ (ഫെഫ്ക)യിൽ മത്സരിച്ച് തോറ്റതിനെ ആഘോഷിക്കുന്നത് കണ്ടു. എതിരാളി ശക്തനും പ്രതിഭാധനനും ദീർഘകാല സുഹൃത്തും ആയിരുന്നിട്ടും ഞാൻ തെരഞ്ഞെടുപ്പിൽ മത്സരിച്ചത് ഇതൊരു ചോദ്യം ചെയ്യാൻ പാടില്ലാത്ത സംഘടനയല്ല എന്നും എതിർ ശബ്ദങ്ങൾ അത് തീരെച്ചെറുതാണെങ്കിൽപ്പോലും കേൾപ്പിക്കണം എന്നുമുള്ള ഉദ്ദേശത്തിൽ തന്നെയാണ്.
ആ അർത്ഥത്തിൽ എഴുപത്തിരണ്ടു പേരിലെ ഇരുപത്തിയൊന്ന് പേരുടെ ശബ്ദം അത്ര ചെറുതല്ലെന്നത് എനിക്ക് കൂടുതൽ ആത്മവിശ്വാസം തരികയാണ് ചെയ്തത്. കവിത കോപ്പിയടിച്ചതോ വാഴക്കുല മോഷ്ടിച്ചതോ അയൽവീട്ടിലെ വനിതാ സഖാവിന്റെ കുളിമുറി ദൃശ്യങ്ങൾ പകർത്തിയതോ ലോറിയിൽ ടൺകണക്കിന് ലഹരി വസ്തുക്കൾ കടത്തിയതോ അല്ല എന്റെ ക്രൂശീകരണത്തിനു കാരണം.ഞാൻ എന്റെ സ്വന്തം ശബ്ദം കേൾപ്പിക്കുന്നു; അതിനെ പിന്തുണയ്ക്കാൻ ആളുകളുണ്ട് എന്നതു മാത്രമാണ്.
വിജയിക്കുന്ന യുദ്ധത്തിൽ മാത്രമേ പങ്കെടുക്കൂ എന്ന് കരുതുന്നത് ഭീരുക്കളാണ്. യുദ്ധം ചെയ്യുക എന്നതാണ് പ്രധാനം. ജയപരാജയങ്ങൾ രണ്ടാമതാണ്. അതിനാൽ കമ്മി കൃമികളേ ലഹരി വസ്തുക്കൾക്കടിമകളാകാതെ യുദ്ധം ചെയ്തു ശീലിക്കൂ. അതിനായി നാലക്ഷരം വായിക്കൂ, പുസ്തകം കൈകൊണ്ട് തൊടാത്ത കമ്മിക്കുഞ്ഞുങ്ങൾക്ക് ഇത് സമർപ്പിക്കുന്നു.'ഭൂരിപക്ഷത്തിൻ വരം നേടും ജയത്തേക്കാൾ, നേരിനൊപ്പം നിന്നു തോൽക്കുന്നതാണെനിക്കിഷ്ടം' - വിഷ്ണുനാരായണൻ നമ്പൂതിരി.
72-ൽ 50 വോട്ട് നേടിയാണ് ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ വിജയം. ജോയ് മാത്യുവിന് 21 വോട്ടാണ് ലഭിച്ചത്. ഒരു വോട്ട് അസാധുവായി. തിരക്കഥാകൃത്ത് ജിനു എബ്രഹാമിനെ നേരത്തെ എതിരില്ലാതെ സെക്രട്ടറിയായി തെരഞ്ഞെടുത്തിരുന്നു. മങ്കൊമ്പ് ഗോപാലകൃഷ്ണനും സിബി കെ തോമസുമാണ് വൈസ് പ്രസിന്റുമാരായി തെരഞ്ഞടുക്കപ്പെട്ടത്.
മറുനാടന് ഡെസ്ക്