കൊച്ചി: അഡ്വാൻസ് പ്രതിഫലം വാങ്ങി നടൻ നിർമ്മാതാവിനെ പറ്റിച്ചുവെന്ന സംവിധായകൻ ജൂഡ് ആന്റണിയുടെ ആരോപണങ്ങൾക്ക് പെപ്പെ എന്നറിയപ്പെടുന്ന നടൻ ആന്റണി വർഗീസ് രാവിലെ മറുപടി പറഞ്ഞിരുന്നു. ജൂഡിന്റെ പൈസ തിരിച്ചു നൽകി ഒരു വർഷം കഴിഞ്ഞായിരുന്നു സഹോദരിയുടെ കല്യാണമെന്നും പ്രശ്നങ്ങൾ വേണ്ടെന്ന് കരുതിയാണ് മിണ്ടാതിരുന്നതെന്നും ആന്റണി വർഗീസ് കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. തന്റെ കുടുംബത്തെ പ്രശ്‌നത്തിലേക്ക് വലിച്ചിഴച്ചതുകൊണ്ടാണ് ഇപ്പോൾ പ്രതികരിക്കുന്നതെന്നും ജൂഡിന്റെ ആരോപണം വ്യക്തിപരമായി ഏറെ വിഷമമുണ്ടാക്കിയെന്നും പെപ്പെ പറഞ്ഞിരുന്നു. വാർത്താസമ്മേളനത്തിന് പിന്നാലെ, സഹോദരിയുടെ കല്യാണത്തെ പറ്റിയുള്ള ആരോപണങ്ങൾ തെറ്റെന്ന് തെളിയിക്കുന്ന രേഖകൾ അദ്ദേഹം ഫേസ്‌ബുക്ക് കുറിപ്പിലൂടെ പുറത്തുവിട്ടു. തനിക്കെതിരെ എന്തും പറഞ്ഞോളൂ പക്ഷെ തന്റെ കുടുംബത്തെ വിട്ടേക്കൂ എന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ഇതെ തുടർന്ന് നടൻ ആന്റണി വർഗീസിനെതിരായ പരാമർശത്തിൽ സംവിധായകൻ ജൂഡ് ആന്റണി മാപ്പ് പറഞ്ഞു.

പരാമർശത്തിൽ കുറ്റബോധമുണ്ടെന്നും സ്വകാര്യ റേഡിയോ ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. പെപ്പെയുടെ പെങ്ങൾക്കും കുടുംബത്തിനും വിഷമം ആയിട്ടുണ്ടാകുമെന്നും അവരോട് മാപ്പ് പറയുന്നതായും അഭിമുഖത്തിൽ ജൂഡ് വ്യക്തമാക്കി.
'പെപ്പെയ്‌ക്കെതിരെ സംസാരിച്ചതിന്റെ കുറ്റബോധത്തിലാണ് ഞാൻ ഇരിക്കുന്നത്. അദ്ദേഹം പെങ്ങളുടെ കല്യാണം നടത്തിയത് സിനിമയിൽ നിന്നു അഡ്വാൻസ് വാങ്ങിച്ച കാശു കൊണ്ടാണെന്ന് പറഞ്ഞിരുന്നു. അത് സത്യമാണെന്നു പോലും അറിയാത്ത കാര്യമായിരുന്നു. പറഞ്ഞ ടോണും മാറി. പറഞ്ഞ കാര്യവും വേണ്ടായിരുന്നു. പെപ്പെയുടെ പെങ്ങൾക്കും കുടുംബത്തിനും ഒരുപാട് വിഷമം ആയിട്ടുണ്ടാകും. അവരോട് മാപ്പ് പറയുന്നു.'

'വായിലെ നാക്കു കാരണം ഒരുപാട് ശത്രുക്കളെ ഉണ്ടാക്കിയിട്ടുണ്ട്. ആ നിർമ്മാതാവിനെ മാത്രമേ ഞാൻ ഓർത്തുള്ളു. അദ്ദേഹത്തിന്റെ ഭാര്യയും കുട്ടികളും കരയുന്നത് കണ്ടിട്ടുണ്ട്. അതോർത്ത് പറഞ്ഞതാണ്. പക്ഷേ, മോശമായിപ്പോയി. ഇത് പറയാൻ പെപ്പെയെ വിളിച്ചിരുന്നു. എന്നാൽ ഫോണിൽ കിട്ടിയില്ല'- ജൂഡ് വ്യക്തമാക്കി.

പ്രൊഡ്യൂസറുടെ അടുത്തു നിന്ന് 10 ലക്ഷം രൂപ വാങ്ങിയ ശേഷം സിനിമ തുടങ്ങുന്നതിന് 18 ദിവസം മുമ്പ് ആന്റണി വർഗീസ് പിന്മാറിയെന്നാണ് ജൂഡിന്റെ ആരോപണം. തന്റെ പടം ചെയ്യാൻ വന്ന അരവിന്ദ് എന്ന പ്രൊഡ്യൂസറുടെ അടുത്തു നിന്ന് 10 ലക്ഷം രൂപ വാങ്ങി അവന്റെ പെങ്ങളുടെ കല്യാണം നടത്തി അതിനു ശേഷം ആ സിനിമയിൽ നിന്ന് 18 ദിവസം മുൻപ് പിന്മാറിയ ഒരുത്തനാണ് ആന്റണി എന്നായിരുന്നു ജൂഡിന്റെ ആരോപണം. കഞ്ചാവും ലഹരിയുമൊന്നുമല്ല വിഷയം, മനുഷ്യത്വം ആണെന്നും മൂവി വേൾഡ് മീഡിയ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ജൂഡ് ആരോപിച്ചിരുന്നു.

ആന്റണി വാർത്താ സമ്മേളനത്തിൽ പറഞ്ഞത്:

'എന്നെപ്പറ്റി ജൂഡ് ചേട്ടന് എന്തുവേണമെങ്കിലും പറയാം, അതിനുള്ള അഭിപ്രായ സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട്. എന്റെ ഭാഗത്ത് ന്യായമുള്ളതുകൊണ്ടാണ് രണ്ട് ദിവസം ഞാൻ മിണ്ടാതിരുന്നത്. സോഷ്യൽമീഡിയയിൽ കയറി കുരച്ച് വെറുതെ ഒരു പ്രശ്നമുണ്ടാക്കണ്ടല്ലോ എന്നു കരുതിയാണ് ഒന്നും പറയാതിരുന്നത്. പക്ഷേ എന്റെ അനിയത്തിയുടെ വിവാഹം പുള്ളിയുടെ കാശ് മേടിച്ചാണ് നടത്തിയെന്ന ആരോപണം വേദനയുണ്ടാക്കി. എന്റെ അമ്മയ്ക്കും സഹോദരിക്കും ഭാര്യയ്ക്കും അത് ഏറെ വിഷമമുണ്ടാക്കി. വീട്ടിലെ ഒരു പരിപാടിക്കു പോകുമ്പോൾ ബന്ധുക്കൾ ചിരിക്കും, നാട്ടുകാർ ചിരിക്കും. സ്വന്തം ചേട്ടൻ പെങ്ങളുടെ കല്യാണം നടത്തിയത് ഒരാളുടെ പൈസ പറ്റിച്ചാണെന്നതാണ് ആരോപണം.

പുറത്തിറങ്ങിയാൽ പരിഹാസം, ഇത് മാറണം. ഞാൻ തെറ്റ് ചെയ്തിട്ടില്ല. എന്റെ പെങ്ങളും ഞാനും അപ്പനും കഷ്ടപ്പെട്ടുണ്ടാക്കിയ പൈസ കൊണ്ടാണ് കല്യാണം നടത്തിയത്. അതെനിക്ക് തെളിയക്കണം. എന്റെ ഫേസ്‌ബുക്ക് പേജിൽ മോശം കമന്റുകൾ വന്നു, അത് സാരമില്ല. എന്നാൽ ഭാര്യയുടെ പേജിൽ വരെ മോശം മെസേജുകൾ വന്നു. നിങ്ങളുടെ തന്നെ വീട്ടിലെ കുടുംബത്തിനെതിരെ പ്രശ്നം വന്നാൽ എങ്ങനെ പ്രതികരിക്കും. എന്നെ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന ആളുകൾക്ക് ഇതിനൊരു ക്ലാരിഫിക്കേഷൻ കൊടുക്കേണ്ട ബാധ്യത എനിക്കുണ്ട്. അതുകൊണ്ടാണ് ഞാൻ വന്നത്, അല്ലെങ്കിൽ വരില്ല. ഇക്കാര്യത്തിൽ എനിക്ക് നീതി കിട്ടണം.

ഞാൻ നിർമ്മാതാവിന് പണം തിരികെ നൽകിയ ദിവസം 27, ജനുവരി 2020. എന്റെ സഹോദരിയുടെ വിവാഹം നടത്തിയത് 18, ജനുവരി 2021. അതായത് അവരുടെ പണം ഞാൻ തിരികെ നൽകി ഒരു വർഷത്തിന് ശേഷമായിരുന്നു അനുജത്തിയുടെ വിവാഹം. എനിക്ക് ടൈം ട്രാവൽ വച്ച് പോകാൻ സാധിക്കുകയില്ല. എല്ലാ രേഖകളും പരിശോധിക്കാം. സിനിമയുടെ സെക്കൻഡ് ഹാഫിൽ എനിക്ക് ആശയക്കുഴപ്പമുണ്ടായി. അതേക്കുറിച്ച് സംസാരിച്ചപ്പോൾ ജൂഡ് ആന്റണി അസഭ്യം പറഞ്ഞു. തുടർന്നാണ് സിനിമയിൽ നിന്ന് പിന്മാറിയത്. മൂന്ന് വർഷം മുൻപ് ചർച്ച ചെയ്ത് സംഘടനകൾ വഴി പ്രശ്‌നം പരിഹരിച്ച കാര്യമാണ്. ഇപ്പോൾ എന്തിനാണ് ഇത് ഉയർത്തികൊണ്ടുവന്നത്.

ജൂഡ് ആന്തണിയുടെ സിനിമ ഞാൻ കുടുംബസമേതം പോയി കണ്ടതാണ്. ഗംഭീര സിനിമയാണ്. അദ്ദേഹത്തോട് ദേഷ്യവുമില്ല. പക്ഷേ ആ സിനിമയ്ക്ക് ലഭിച്ച വിജയം എന്റെ ജീവിതം നശിപ്പിക്കാൻ ഉപയോഗിക്കുന്നു. അദ്ദേഹം അതിനെ ദുരുപയോഗം ചെയ്യുന്നു. ഇതെന്റെ ഭാവിയെയാണ് ബാധിക്കുന്നത്. എന്നെ വച്ച് സിനിമ എടുക്കാൻ പോകുന്ന നിർമ്മാതാക്കൾ എന്ത് വിചാരിക്കും. ഒരാൾക്ക് വിജയം ഉണ്ടാകുമ്പോൾ അയാൾ പറഞ്ഞത് കേൾക്കാൻ എല്ലാവരും ഉണ്ടാകും.

ആർഡിഎക്‌സ് എന്ന സിനിമ സംവിധാനം ചെയ്ത നഹാസിന്റെ പേര് വലിച്ചിട്ടു. ആരവം എന്ന സിനിമ നടക്കാതെ പോയത് ശാപം കൊണ്ടാണെന്ന്. ഒരു സംവിധായകൻ വളർന്ന് വരുന്ന സംവിധായകനെക്കുറിച്ച് ഇങ്ങനെയാണോ പറയുന്നത്. എനിക്ക് ഇപ്പോഴും ജൂഡ് ചേട്ടനോട് ദേഷ്യമില്ല. എന്റെ മൂത്ത ചേട്ടനെപ്പോലെയാണ് അദ്ദേഹം. പക്ഷേ ഇങ്ങനെയൊക്കെ പറയുന്നത് ഭയങ്കര മോശം കാര്യമാണ്.

എനിക്ക് കഴിവില്ല, യോഗ്യതയില്ല എന്നെല്ലാം പറയുന്നത് കേട്ടു. ശരിയായിരിക്കാം. പക്ഷേ ഞാനെന്റെ സ്വപ്നങ്ങളെ പിന്തുടർന്നാണ് ഇവിടെ വരെ എത്തിയത്. അദ്ദേഹം ആരാണ് എന്റെ യോഗ്യത അളക്കാൻ. നമ്മുടെ യോഗ്യത നിർണയിക്കാൻ ഈ ലോകത്ത് ആരുമില്ല, അങ്ങനെ അദ്ദേഹം പറയരുതായിരുന്നു. ഒരു സഹോദരൻ അനിയനോട് തെറ്റ് ചെയ്തതുപോലെയാണ് തോന്നുന്നത്. ഈ പറയുന്നത് കേൾക്കുമ്പോൾ വിഷമം തോന്നുന്നു. എനിക്ക് ലിജോ ജോസ് പെല്ലിശ്ശേരി അവസരം നൽകിയതുകൊണ്ടു മാത്രമാണ് ഞാൻ സിനിമയിൽ വന്നത് എന്ന് അദ്ദേഹം പറഞ്ഞു. ലിജോ ചേട്ടൻ ഇല്ലെങ്കിൽ പെപ്പെയ്ക്ക് ജീവിക്കാനുള്ള വകുപ്പുപോലും കൊടുക്കണ്ട എന്നു പറഞ്ഞു. സത്യമാണ് അങ്ങനെ തന്നെയാണ്. ആരെങ്കിലും അവസരം നൽകിയാണ് എല്ലാവരും സിനിമയിൽ എത്തുന്നത്. ഞാൻ മാത്രമല്ല.

യഥാർഥ നായകൻ ഒളിച്ചിരിക്കുകയാണെന്ന് പറഞ്ഞു. ഞാനെന്താ പുലിയാണോ കടിക്കാൻ. എന്നെ അറിയുന്ന ആളുകൾക്ക് എന്നെക്കുറിച്ച് അറിയാം. നമ്മൾ നേരിട്ടു പറയാനുള്ളത് നേരിട്ടു പറയാം. ആദ്യം വിചാരിച്ചു ജൂഡ് ചേട്ടന്റെ അടുത്ത് നേരിട്ടുപോയി പറയാമെന്ന്. പിന്നെ ആലോചിച്ച് വേണ്ടെന്നുവച്ചു. നമ്മൾ തന്നെ സ്വയം പല്ലിനിടയിൽ കുത്തി നാറ്റിക്കേണ്ട കാര്യമില്ലല്ലോ. ഞാനെങ്ങനെയെങ്കിലും ജീവിച്ചുപോകട്ടെ ജൂഡ് ചേട്ടാ.

ഞാൻ ഈ വിഷയം ഇടവേള ബാബു ചേട്ടനോട് സംസാരിച്ചിരുന്നു. 'നിന്റെ ഭാഗത്ത് സത്യമുണ്ടെങ്കിൽ പ്രസ്താവനയായി ഇറക്കൂ' എന്നു പറഞ്ഞു. നമ്മുടെ ഭാഗത്ത് തെറ്റുണ്ടെങ്കിൽ തലകുനിച്ചു നിൽക്കാം. ശരിയുണ്ടെങ്കിൽ തല ഉയർത്തി നിൽക്കണം.'' ആന്റണി വർഗീസ് പറഞ്ഞു.

അതേ സമയം സംവിധായകൻ ജൂഡ് ആന്റണിക്കെതിരേ നടൻ ആന്റണി വർഗീസിന്റെ മാതാവ് അൽഫോൻസ പരാതി നൽകി . മകളുടെ വിവാഹത്തെക്കുറിച്ച് ഒരു അഭിമുഖത്തിൽ ജൂഡ് ആന്റണി നടത്തിയ ഒരു പരാമർശത്തെ തുടർന്നാണ് പരാതി നൽകിയത്. ആന്റണി വർഗീസ് തന്നെയാണ് ഈ വിവരം സ്ഥിരീകരിച്ചത്.

ഒരു സിനിമയിൽ അഭിനയിക്കാൻ നിർമ്മാതാവിന്റെ കൈയിൽ നിന്നും പണം വാങ്ങിയിട്ട് ചിത്രീകരണത്തിന് 18 ദിവസം മുൻപ് ആന്റണി വർഗീസ് പിന്മാറിയെന്ന് ജൂഡ് ആരോപിച്ചിരുന്നു. മാത്രവുമല്ല മുൻകൂർ തുക കൊണ്ടാണ് ആന്റണി വർഗീസ് സഹോദരിയുടെ വിവാഹം നടത്തിയതെന്നും ജൂഡ് ആരോപിച്ചു. തുടർന്നാണ് മാതാവ് പരാതി നൽകിയതെന്നും ആന്റണി വർഗീസ് സ്ഥിരീകരിച്ചു