- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം ധനസഹായം; ചികിത്സയിലുള്ളവരുടെ മുഴുവൻ ചികിത്സാചെലവും സർക്കാർ വഹിക്കും; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി; 11 പേർ മരിച്ച സെയ്തലവിയുടെ വീടും സന്ദർശിച്ചു പിണറായിയും സംഘവും; വിനോദ സഞ്ചാരത്തിനു വേണ്ട ഫിറ്റ്നസ് ബോട്ടിന് ഉണ്ടായിരുന്നില്ല; ബോട്ടുടമ ഒളിവിൽ
മലപ്പുറം: താനൂർ ഒട്ടുംപുറം തൂവൽ തീരത്ത് വിനോദയാത്രാ ബോട്ട് മറിഞ്ഞ് മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ചികിത്സയിലുള്ളവരുടെ മുഴുവൻ ചികിത്സാചെലവും സർക്കാർ വഹിക്കും. സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. സാങ്കേതിക വിദഗ്ദ്ധർ അടക്കമുള്ള ജുഡീഷ്യൽ കമ്മിഷനെ നിയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അപകട സ്ഥലത്തെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നതതല യോഗത്തിനു പിന്നാലെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. വാക്കുകളിൽ രേഖപ്പെടുത്താനാകാത്ത വൻ ദുരന്തമാണ് താനൂരിൽ ഉണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 22 പേർക്ക് ജീവൻ വെടിയേണ്ടിവന്നു. ചികിത്സയിൽ കഴിഞ്ഞ 10 പേരിൽ രണ്ടുപേർ ആശുപത്രിവിട്ടു. എട്ടുപേർ നിലവിൽ ചികിത്സയിൽ കഴിയുന്നുണ്ട്. ആശ്വസിപ്പിക്കാൻ കഴിയാത്ത വിധത്തിലുള്ള ദുഃഖകരമായ സംഭവമാണ് നടന്നത്.
ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് എന്തുനൽകിയാലും അതൊന്നും അവർക്ക് നേരിടേണ്ടിവന്ന നഷ്ടത്തിന് പരിഹാരമാകില്ല. മരിച്ചവരുടെ ഓരോ കുടുംബത്തിനും 10 ലക്ഷം രൂപവീതം നൽകാനാണ് സർക്കാർ തീരുമാനം. ചികിത്സയിൽ കഴിയുന്നവരുടെ മുഴുവൻ ചികിത്സാ ചെലവും സർക്കാർ ഏറ്റെടുക്കും. ഒരു വാക്കുകൊണ്ടും ആശ്വസിപ്പിക്കാൻ കഴിയാത്ത ദുഃഖമാണ് കുടുംബങ്ങൾക്കുണ്ടായത്. അവരുടെ ദുഃഖത്തിൽ പങ്കുചേരുന്നു.
സംസ്ഥാനത്ത് മുമ്പും ഇത്തരത്തിലുള്ള ദുരന്തങ്ങളുണ്ടായപ്പോൾ അവ ഇനി ആവർത്തിക്കാതിരിക്കുന്നതിനുള്ള കരുതൽ നടപടി സ്വീകരിക്കുന്നതിനുവേണ്ടി പരിശോധനകൾ നടന്നിരുന്നു. പരിശോധന നടത്തിയവർ മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ പാലിക്കപ്പെട്ടോ എന്നത് ഗൗരവമായി കാണേണ്ടതാണ്. ഇത്തരം സംഭവങ്ങൾ മേലിൽ ആവർത്തിക്കപ്പെടാതിരിക്കാനുള്ള കരുതൽ ആവശ്യമാണ്. അതിന്റെ ഭാഗമായി ജുഡീഷ്യൽ അന്വേഷണം നടത്തും. ബോട്ടുമായും യാത്രക്കാരുടെ സുരക്ഷയുമായി ബന്ധപ്പെട്ട സാങ്കേതിക വിഷയങ്ങളടക്കം അന്വേഷണത്തിന്റെ പരിധിയിൽ വരേണ്ടതുണ്ട്. അതിനാൽ സാങ്കേതിക വിദഗ്ധരടക്കം ഉൾപ്പെട്ടതാവും ജുഡീഷ്യൽ കമ്മീഷൻ. പൊലീസ് അന്വേഷണവും അപകടത്തെക്കുറിച്ച് നടക്കും. പ്രത്യേക പൊലീസ് സംഘമാകും അന്വേഷണം നടത്തുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
നേരത്തെ മുഖ്യമന്ത്രി തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെത്തിയിരുന്നു. സംസ്‌കാരം നടക്കുന്ന മദ്രസയിലും എത്തി. തിരൂരങ്ങാടിയിൽ മുസ്ലിം ലീഗ് നേതാക്കൾ അടക്കമുള്ളവരുമായി യോഗം ചേർന്നു. 8 മന്ത്രിമാരും ഡിജിപിയും സിപിഎം സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദനും തിരൂരങ്ങാടി താലൂക്ക് ആശുപത്രി സന്ദർശിച്ചു. അപകടത്തിൽ ഒരു കുടുംബത്തിലെ 11 പേരാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങൾ പരപ്പനങ്ങാടി പുത്തൻകടപ്പുറം മിസ്ബാഹുൽ ഹുദ മദ്രസയിൽ പൊതുദർശനത്തിന് വെച്ചിരിക്കുകയാണ്. പുത്തൻ കടപ്പുറം ജുമാമസ്ജിദ് പള്ളിയിലെ ഖബർ സ്ഥാനിൽ ഒരുമിച്ച് ഖബറൊരുക്കിയാണ് സെയ്തലവിയുടെ കുടുംബത്തിലെ അംഗങ്ങളെ ഖബറടക്കുന്നത്. ഇവിടെ മുഖ്യമന്ത്രിയും സന്ദർശിച്ചു. പരപ്പനങ്ങാടി താനൂർ നഗരസഭാ അതിർത്തിയിലെ പൂരപ്പുഴയിൽ ഒട്ടുംപുറം തൂവൽ തീരത്തിനുസമീപം ഇന്നലെ രാത്രി ഏഴോടെയാണ് അപകടമുണ്ടായത്.
അപകടമുണ്ടായ ബോട്ടുടമ താനൂർ സ്വദേശി നാസർ ഒളിവിലാണ്. നാസറിനെതിരെ നരഹത്യാക്കുറ്റം ചുമത്തി കേസെടുത്തു. വിനോദ സഞ്ചാരത്തിനു വേണ്ട ഫിറ്റ്നസ് ബോട്ടിനുണ്ടായിരുന്നില്ലെന്നാണ് വിവരം. മത്സ്യബന്ധനബോട്ട് രൂപമാറ്റം വരുത്തി വിനോദസഞ്ചാരത്തിന് ഉപയോഗിക്കുകയായിരുന്നു. താനൂർ ബോട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ദുഃഖാചരണത്തിന്റെ ഭാഗമായി ഇന്നു നടത്താനിരുന്ന സംസ്ഥാനത്തെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കി.
ബോട്ട് ഉടമ നാസർ ഒളിവിൽ പോയിരിക്കയാണ്. നാസറിനെതിരെ നരഹത്യാക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. ഇയാളുടെ വീട്ടിനുള്ളിൽ ആൾക്കാരുണ്ടെങ്കിലും ആരും പുറത്തേക്ക് വരുന്നില്ല. നാസർ വീട്ടിലില്ലെന്നാണ് നാട്ടുകാർ പറയുന്നത്. താനൂർ സ്റ്റേഷനു തൊട്ടടുത്താണ് നാസറിന്റെ വീട്. ദീർഘകാലം വിദേശത്തായിരുന്ന നാസർ, നാട്ടിൽ തിരിച്ചെത്തിയ ശേഷമാണ് ബോട്ട് സർവീസ് തുടങ്ങിയത്.
അപകടത്തിൽപെട്ട ബോട്ട്, മീൻപിടിത്ത ബോട്ട് രൂപ മാറ്റം നടത്തിയതെന്ന് ആരോപണമുണ്ട്. പൊന്നാനിയിലെ ലൈസൻസില്ലാത്ത യാർഡിൽ വച്ചാണ് രൂപമാറ്റം നടത്തിയത്. ആലപ്പുഴ പോർട്ട് ചീഫ് സർവേയർ കഴിഞ്ഞ മാസം ബോട്ട് സർവേ നടത്തി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയതായും സൂചനയുണ്ട്. ബോട്ടിന് ഫിറ്റ്നസ് നൽകുമ്പോൾ രൂപരേഖയുൾപ്പെടെ നിർമ്മാണത്തിന്റെ സകല വിവരങ്ങളും വ്യക്തമാക്കണമെന്നിരിക്കെയാണ് പോർട്ട് സർവേയറുടെ പ്രാഥമിക പരിശോധന പൂർത്തിയാക്കിയതെന്നാണ് വിവരം.
രജിസ്റ്റ്രേഷൻ നടപടികൾ പൂർത്തിയായിരുന്നില്ല. ഇതിനു മുൻപാണ് ബോട്ട് സർവീസിനിറങ്ങിയതെന്നും മത്സ്യത്തൊഴിലാളികൾ പറഞ്ഞു. മീൻപിടിത്ത ബോട്ട് ഒരു കാരണവശാലും രൂപമാറ്റം നടത്തി ഉല്ലാസ യാത്രയ്ക്ക് ഉപയോഗിക്കാൻ പാടില്ലാത്തതാണ്. ഈ ബോട്ട് സർവീസ് ആരംഭിക്കുമ്പോൾ തന്നെ ബോട്ടിന്റെ ഘടന കണ്ട് മത്സ്യത്തൊഴിലാളികൾ, ഇത് വിനോദസഞ്ചാരത്തിന് ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് രണ്ട് നില ബോട്ടായിരുന്നു. വിനോദസഞ്ചാരത്തിന് ഉപയോഗിക്കുന്നതിനായി അടിഭാഗം ഫ്‌ളാറ്റായിട്ടായിരുന്നു വേണ്ടിയിരുന്നത്. എന്നാൽ, ഈ ബോട്ടിന്റെ അടിഭാഗം മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന ബോട്ടിന് സമാനമായി റൗണ്ടിലാണ്.
മറുനാടന് മലയാളി ബ്യൂറോ