- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിലമ്പൂരിൽ വനത്തിനുള്ളിൽ ഒറ്റപ്പെട്ട ആദിവാസി കുടുംബങ്ങൾക്ക് ഉടൻ ഭക്ഷണവും വെള്ളവും വൈദ്യസഹായവും നൽകണമെന്ന് ഹൈക്കോടതി; പി വി അൻവർ എംഎൽഎ റീബിൽഡ് നിലമ്പൂർ പദ്ധതി പ്രഖ്യാപിച്ച് വൻതുക പിരിച്ചെടുത്തെങ്കിലും ആദിവാസി സമൂഹത്തിന് ഒരു സഹായവും നൽകിയില്ലെന്ന് ഹർജിയിൽ ആരോപണം
കൊച്ചി: നിലമ്പൂരിൽ വനത്തിനുള്ളിൽ ഒറ്റപ്പെട്ട ആദിവാസി കുടുംബങ്ങൾക്ക് സർക്കാർ ഉടൻ ഭക്ഷണവും വെള്ളവും വൈദ്യസഹായവും എത്തിക്കണമെന്ന് ഹൈക്കോടതി. പ്രളയത്തിൽ പാലവും വീടുകളും തകർന്ന് നാലു വർഷമായി ഉൾവനത്തിൽ പ്ലാസ്റ്റിക് ഷീറ്റിനുള്ളിലെ ഷെഡുകളിൽ ദുരിത ജീവിതം നയിക്കുന്ന നിലമ്പൂരിലെ 300 ആദിവാസികുടുംബങ്ങളുടെ പുനരധിവാസത്തിനായി സമർപ്പിച്ച പൊതുതാൽപര്യഹർജിയിലാണ് ചീഫ് ജസ്റ്റിസ് എ.ജെ ദേശായി, ജസ്റ്റിസ് വി.ജി അരുൺ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. കേന്ദ്ര, കേരള സർക്കാരുകളും വനംവകുപ്പ്, മലപ്പുറം കളക്ടർ, വിവിധ വകുപ്പുകളും പഞ്ചായത്തുകളുമടക്കം 16 എതിർകക്ഷികളും എട്ടിനകം റിപ്പോർട്ട് സമർപ്പിക്കാനും നിർദ്ദേശം നൽകി. കേസ് 8ന് കോടതി വീണ്ടും പരിഗണിക്കും.
പ്രളയത്തിൽ തകർന്ന പാലവും വീടുകളും പുനർനിർമ്മിക്കുക, ആദിവാസി കുടുംബങ്ങൾക്ക് കൃഷിചെയ്യാൻ മതിയായ ഭൂമി നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെപിസിസി ജനറൽ സെക്രട്ടറിയും മുൻ നിലമ്പൂർ നഗരസഭാ ചെയർമാനുമായ ആര്യാടൻ ഷൗക്കത്ത്, മുണ്ടേരി ഉൾവനത്തിലെ വാണിയമ്പുഴ കോളനിയിലെ സുധ വാണിയമ്പുഴ എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. പരാതിക്കാർക്കുവേണ്ടി അഡ്വ. പീയൂസ് എ കൊറ്റം ഹാജരായി.
2019ലെ പ്രളയത്തിലാണ് ചാലിയാർ പുഴ കരകവിഞ്ഞൊഴുകി ഇരുട്ടുകുത്തി കടവിൽ പാലം ഒലിച്ചുപോയി മുണ്ടേരി ഉൾവനത്തിലെ ഇരുട്ടുകുത്തി, വാണിയമ്പുഴ, കുമ്പളപ്പാറ, തരിപ്പപൊട്ടി കോളനിക്കാർ ഒറ്റപ്പെട്ടത്. പ്രളയത്തിന് മുമ്പ് വരെ വൈദ്യുതി കണക്ഷനുള്ള കോൺക്രീറ്റ് വീടുകളിലായിരുന്നു ഇവർ കഴിഞ്ഞത്. ഇപ്പോൾ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയ ഷെഡുകളിലാണ് താമസിക്കുന്നത്. ആന ശല്യം കാരണം രാത്രി കാലങ്ങളിൽ മരത്തിനുമുകളിലെ ഏറുമാടങ്ങളിലാണ് സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ കഴിയുന്നത്.
വീടുകളും പാലവും തകർന്നതോടെ ചാലിയാർ പുഴ കടക്കാൻ മുള കൊണ്ടുണ്ടാക്കിയ ചങ്ങാടം മാത്രമാണ് ഇവർക്കാശ്രയം. മഴ കനത്തതോടെ ചങ്ങാടം ഇറക്കാനാവാതെ കോളനിക്കാർ ഒറ്റപ്പെട്ടിരിക്കുകയാണ്. മഴക്കാലത്ത് മാസങ്ങളോളം കോളനികളിലെ കുട്ടികൾക്ക് സ്‌കൂളിൽ പോവാൻ കഴിയാതെ പഠനം മുടങ്ങിയിരിക്കുകയാണ്. ചങ്ങാടത്തിലൂടെ പുഴ കടത്തി ആശുപത്രിയിലെത്തിക്കാൻ വൈകിയതോടെ കോളനിയിലെ യുവതി ചാലിയാർ പുഴയോരത്ത് പ്രസവിക്കേണ്ട ദുരവസ്ഥയും ഉണ്ടായിരുന്നു.
സമാനമായ ദുരിതാവസ്ഥയാണ് വഴിക്കടവ് പഞ്ചായത്തിലെ ഉൾവനത്തിലെ പുഞ്ചകൊല്ലി, അളക്കൽ കോളനിവാസികൾക്കുമുള്ളത്. 2018ലെ പ്രളയത്തിൽ പുന്നപ്പുഴക്ക് കുറുകെയുള്ള ഇരുമ്പുപാലവും വീടുകളും തകർന്നതോടെയാണ് ഇരുകോളനിക്കാരും പുറംലോകവുമായി ബന്ധമില്ലാതെ ഒറ്റപ്പെട്ടത്. ഇവർക്കും മുളകൊണ്ടുള്ള ചങ്ങാടമാണ് പുഴകടക്കാൻ ആശ്രയം.
2019ലെ പ്രളയത്തിൽ കരിമ്പുഴ ഗതിമാറി ഒഴുകിയാണ് കരുളായി പഞ്ചായത്തിലെ വട്ടികല്ല,് പുലിമുണ്ട കോളനിയിലുള്ളവരുടെ വീടുകൾ നഷ്ടമായത്. ഇവരും ഉൾവനത്തിൽ പ്ലാസ്റ്റിക് ഷീറ്റുകൾ കെട്ടിയ കുടിലുകളിലാണ് കഴിയുന്നത്. നിലമ്പൂരിലെ പ്രളയത്തിൽ ദുരിതം അനുഭവിക്കുന്നവരെ പുനരധിവസിപ്പിക്കാൻ പി.വി അൻവർ എംഎൽഎ റീബിൽഡ് നിലമ്പൂർ പദ്ധതി പ്രഖ്യാപിച്ച് വൻതുക പിരിച്ചെടുത്തെങ്കിലും പ്രളയത്തിൽ പാലവും വീടുകളും നഷ്ടപ്പെട്ട വനത്തിനുള്ളിലെ ആദിവാസി സമൂഹത്തിന് ഒരു സഹായവും നൽകിയില്ലെന്നും ഹർജിയിൽ കുറ്റപ്പെടുത്തുന്നു.
പ്രളയ പുനരധിവാസത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 2500 കോടിയിലേറെ രൂപ എത്തിയിട്ടും ഇവർക്ക് വീടുകളുണ്ടാക്കി നൽകിയില്ല. ലോക ബാങ്ക് റീബിൽഡ് കേരളക്ക് 1776 കോടി നൽകിയിട്ടും അതിന്റെ ഗുണഫലം പ്രളയത്തിലെ ഏറെ നഷ്ടങ്ങൾ സംഭവിച്ച നിലമ്പൂരിലെ ആദിവാസി സമൂഹത്തിന് ലഭിച്ചില്ല. ഏഷ്യയിലെ അവശേഷിക്കുന്ന ഗുഹാമനുഷ്യരായ ചോലനായ്ക്കരും കാട്ടുനായ്ക്കരും അടക്കമുള്ള പ്രാക്തന ഗോത്രവിഭാഗങ്ങൾ ഉൾപ്പെടെയുള്ള ആദിവാസി സമൂഹമാണ് അധികൃതരുടെ സഹായമെത്താതെ വനത്തിനുള്ളിൽ ദുരിതജീവിതം നയിക്കുന്നത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്