- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗാന്ധിജിയെ കാട്ടി മാതാവ് എട്ടു വയസുകാരിക്ക് പറഞ്ഞു കൊടുത്തത് ഒരിക്കലും ആരോടും കള്ളം പറയരുതെന്ന്; കുട്ടി തുറന്നു പറഞ്ഞത് തനിക്കും അനിയത്തിക്കും നേരിടേണ്ടി വന്ന ലൈംഗിക പീഡനം; പ്രതിക്ക് നൂറു വർഷം കഠിന തടവ് വിധിച്ച് പോക്സോ കോടതി
അടൂർ: ഫാസ്റ്റ് ട്രാക്ക് കോടതിയിൽ ഇന്ന് വന്നത് അപൂർവമായൊരു വിധിയാണ്. മൂന്നര വയസുള്ള തന്റെ അനുജത്തിക്ക് നേരിടേണ്ടി വന്ന പീഡനത്തിന് ദൃക്സാക്ഷിയായ എട്ടു വയസുകാരി കോടതിയിൽ അക്കാര്യം തുറന്നു പറഞ്ഞു. പോക്സോ കേസിന് ദൃക്സാക്ഷി, അതും ഒരു എട്ടു വയസുകാരി എന്ന അപൂർവത കുറിച്ച കേസിൽ പ്രതിക്ക് 100 വർഷം കഠിന തടവ് വിധിക്കുകയാണ് കോടതി ചെയ്തത്. നാലു ലക്ഷം രൂപ പിഴ അടയ്ക്കാനും വിധിച്ചു.
പത്തനാപുരം പുന്നല കടയ്ക്കാമൺ വിനോദ് ഭവനത്തിൽ വിനോദി (32) നെയാണ് കോടതി ശിക്ഷിച്ചത്. അടൂർ ഫാസ്റ്റ് ട്രാക്ക് ആൻഡ് സ്പെഷൽ ജഡ്ജി എ. സമീറിന്റെതാണ് വിധി. അപൂർവമായാണ് ഇത്രയും കൂടിയ കാലയളവ് ശിക്ഷ വിധിക്കുന്നത്. ശിക്ഷ ഒരുമിച്ച് ഒരു കാലയളവ് അനുഭവിച്ചാൽ മതിയാകും.
അതിജീവിതയുടെ മൂത്ത സഹോദരിയായ എട്ടു വയസുകാരിയാണ് ദൃക്സാക്ഷി. ഈ കുഞ്ഞിനെയും പ്രതി ലൈംഗികമായി പീഡിപ്പിച്ചിരുന്നു. അടൂർ പൊലീസ് ആദ്യം കേസ് എടുത്തത് അതിനായിരുന്നു. ഈ കേസിൽ കോടതിയിൽ വിചാരണ നടക്കുകയാണ്. ഇളയ കുട്ടിക്കും പീഡനം ഏൽക്കേണ്ടി വന്നു എന്ന് വ്യക്തമായതിനെ തുടർന്ന് രണ്ടാമത്തെ കേസെടുക്കുകയായിരുന്നു. കോടതി വിധിച്ച പിഴത്തുക കുട്ടിക്ക് നൽകണം അടച്ചില്ലെങ്കിൽ രണ്ട് വർഷം കൂടി കഠിന തടവ് അനുഭവിക്കണം. വിനോദ് കേസിൽ ഒന്നാം പ്രതിയാണ്. ഇയാളുടെ അടുത്തബന്ധു രാജമ്മയാണ് രണ്ടാം പ്രതി. ഇവരെ കോടതി താക്കീത് നൽകി വിട്ടയച്ചു.
പ്രതി മുമ്പ് താമസിച്ചിരുന്ന അടൂരിലെ വീട്ടിൽ വച്ച് 2021 ഡിസംബർ 18 ന് രാത്രി എട്ടരയ്ക്കാണ് കുട്ടിയെ പീഡിപ്പിച്ചത്. അടൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്നത്തെ പൊലീസ് ഇൻസ്പെക്ടർ ടി.ഡി പ്രജീഷ് ആണ് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ബലാൽസംഗത്തിനും പോക്സോ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകൾക്കുമാണ് കേസെടുത്തത്. എന്നാൽ പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്.
മൂത്തകുട്ടിയെ ബാലാൽസംഗം ചെയ്തതിന് രജിസ്റ്റർ ചെയ്ത ആദ്യ കേസിൽ വിചാരണ ഈ കോടതിയിൽ നടന്നു കൊണ്ടിരിക്കുകയാണ്. രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ വീട്ടിൽ അമ്മ ഗാന്ധിജിയെപ്പറ്റിയുള്ള പാഠഭാഗം പറഞ്ഞു കൊടുക്കവേ ഒരിക്കലും ആരോടും കള്ളം പറയരുതെന്ന ഉപദേശം നൽകിയപ്പോഴാണ് എട്ടുവയസുകാരി തനിക്കും അനുജത്തിക്കും നേരിട്ട പീഡനത്തെപ്പറ്റി അമ്മയെ അറിയിച്ചത്. തുടർന്നാണ് അടൂർ പൊലീസിനെ സമീപിച്ചതും കേസെടുപ്പിച്ചതും.
ദൃക്സാക്ഷി ഉള്ളതിനാൽ അപൂർവങ്ങളിൽ അപൂർവമായ കേസായി പരിഗണിക്കണമെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു. പോക്സോ നിയമത്തിലെ 4 (2), 3(എ) പ്രകാരം 20 വർഷം കഠിനതടവും 50000 രൂപ പിഴയും, പോക്സോ 4(2), 3(ഡി) അനുസരിച്ച് 20 വർഷവും 50000 രൂപയും, പോക്സോ 6, 5(ഐ) പ്രകാരം 20 വർഷവും ഒരു ലക്ഷം രൂപയും, 6, 5(എം) അനുസരിച്ച് 20 വർഷവും ഒരു ലക്ഷവും, 6, 5(എൻ) പ്രകാരം 20 വർഷവും ഒരു ലക്ഷം രൂപയും ചേർത്താണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷൻ പതിനെട്ട് രേഖകളും പതിനേഴ് സാക്ഷികളെയും ഹാജരാക്കി. പ്രോക്സിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സ്മിതാ ജോൺ പി ഹാജരായി.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്