- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കലൂരിലെ സ്റ്റേജ് അശാസ്ത്രീയമായി നിര്‍മ്മിച്ചുവെന്നും സുരക്ഷ പാലിച്ചില്ലെന്നും പ്രോസിക്യൂഷന്‍; വിഐപി ചടങ്ങിന്റെ സുരക്ഷ പൊലീസ് പരിശോധിച്ചില്ലെന്നും തങ്ങളെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും പ്രതിഭാഗം; മൃദംഗ വിഷന്‍ കമ്പനി പൊലീസ് സുരക്ഷ തേടിയതിനും രേഖ; ജാമ്യഹര്‍ജിയില്‍ നടന്നത് ചൂടേറിയ വാദ-പ്രതിവാദം
നിഗോഷ് കുമാറിന്റെ ജാമ്യഹര്‍ജിയില്‍ ചൂടേറിയ വാദ-പ്രതിവാദങ്ങള്‍
കൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ സെഹ്‌റു സ്റ്റേഡിയത്തിലെ സ്‌റ്റേജില്‍ നിന്ന് ഉമാ തോമസ് എംഎല്‍എ വീണ് ഗുരുതര പരിക്കേറ്റ കേസില്‍, പ്രതികള്‍ക്ക് ഇടക്കാല ജാമ്യം അനുവദിച്ചത് രൂക്ഷമായ വാദ-പ്രതിവാദങ്ങള്‍ക്ക് ശേഷം.
ജാമ്യ ഹര്‍ജിക്കിടെ സ്റ്റേജ് അശാസ്ത്രീയമായി നിര്‍മിച്ചുവെന്നും സുരക്ഷ പാലിക്കാത്തത് അപകടത്തിന് വഴിയൊരുക്കിയൊന്നും പ്രോസിക്യൂഷന്‍ ശക്തമായി വാദിച്ചു. എന്നാല്‍ വേദിക്ക് മതിയായ നീളവും വീതിയും സുരക്ഷയും ഉണ്ടായിരുന്നുവെന്നും പരിപാടിക്ക് മുന്‍പ് പൊലീസ് പരിശോധന നടത്തണമായിരുന്നു എന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. വി.ഐ.പികള്‍ പങ്കെടുത്ത ചടങ്ങിന്റെ സുരക്ഷ പൊലീസ് പരിശോധിക്കണമായിരുന്നെന്നും, 308-ാം വകുപ്പ് ചുമത്തേണ്ടതില്ലെന്നും അപകടം നടന്നിട്ടു തങ്ങളെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും പ്രതിഭാഗം വാദിച്ചു.
സംഭവം നടന്ന സമയത്ത്, സ്റ്റേജില്‍, മന്ത്രി, കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍, എഡിജിപി എന്നിവരും മറ്റുപ്രമുഖരും ഉണ്ടായിരുന്നു. പൊലീസിലെ തലപ്പത്തുളള ആളുകള്‍ സ്ഥലത്തുളളപ്പോള്‍ സംഘാടനത്തില്‍ പിഴവുണ്ടെങ്കില്‍ അത് ചൂണ്ടിക്കാണിച്ച് തിരുത്താന്‍ വേണ്ടത് അവര്‍ ചെയ്തില്ലെന്നും പ്രതിഭാഗം വാദിച്ചു.
നൃത്തപരിപാടിയുടെ നടത്തിപ്പിന് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് കമ്പനി അപേക്ഷ നല്‍കിയിരുന്നു. ഇത്രയും വലിയ ആള്‍ക്കൂട്ടം വന്നുചേരുന്ന പരിപാടിക്ക് സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ ഡിവൈഎസ്പി അന്വേഷിച്ച് വേണ്ട പിന്തുണ കൊടുക്കണം എന്ന റിപ്പോര്‍ട്ടുവന്നു. അതിന്റെ അടിസ്ഥാനത്തില്‍ കൊച്ചി ഡിസിപി സുദര്‍ശന്‍ ഉത്തരവ് പുറപ്പെടുവിച്ചു. 12,000 നര്‍ത്തകര്‍ പങ്കെടുക്കുന്ന നൃത്ത പരിപാടിയുടെ നടത്തിപ്പിന് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് കമ്പനി അപേക്ഷ നല്‍കിയതായി ഡി.സി.പിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 62000 രൂപ സംഘാടകര്‍ അടച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.
ഒരുസിഐ, രണ്ട് എസ്‌ഐമാര്‍, 22 പൊലീസുകാര്‍ അടക്കം 25 പൊലീസുകാരുടെ സംരക്ഷണയിലാണ് പരിപാടി നടത്താനുള്ള ഉത്തരവ് ഇറക്കിയത്. എന്നാല്‍, ഈ ഉദ്യോഗസ്ഥരും സുരക്ഷാപ്രശ്‌നം ചൂണ്ടിക്കാട്ടിയില്ല. അപകടം ഉണ്ടായ ശേഷം മാത്രം തെറ്റ് ചൂണ്ടിക്കാട്ടുന്നതില്‍ കഴമ്പില്ല എന്നായിരുന്നു പ്രതിഭാഗം വാദം. 308 ാം വകുപ്പ് ചുമത്തേണ്ട മന: പൂര്‍വ്വമായ കുറ്റകൃത്യമല്ലെന്നും നെഗ്ലിജന്‍സ് ( ഉപേക്ഷ) മാത്രമാണ് പ്രതികളുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നതെന്നും അത് ജാമ്യം കിട്ടുന്ന വകുപ്പാണെന്നും പ്രതിഭാഗം വാദിച്ചു.
ഈ വാദങ്ങള്‍ പരിഗണിച്ചാണ് നൃത്തപരിപാടി ഏകോപിപ്പിച്ച മൃദംഗവിഷന്‍ എം.ഡി നിഗോഷ് കുമാറിന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. ജനുവരി ഏഴുവരെയാണ് ജാമ്യം അനുവദിച്ചത്. നൃത്ത പരിപാടിക്കിടെ ഉമ തോമസ് എം.എല്‍.എ വേദിയില്‍ നിന്നു വീണ് ഗുരുതര പരിക്കേറ്റതിനു പിന്നാലെയാണ് നികോഷ് കുമാര്‍ കീഴടങ്ങിയത്. ജാമ്യാപേക്ഷയില്‍ ഈ മാസം ഏഴിന് വിധി പറയും. അഡ്വ.തോമസ് ആനക്കല്ലിങ്കല്‍, അഡ്വ. അനുപ അന്ന ജോസ് കണ്ടോത്ത് എന്നിവര്‍ പ്രതിഭാഗത്തിന് വേണ്ടി ഹാജരായി.
ഗിന്നസ് ലോക റെക്കോഡ് ലക്ഷ്യമിട്ട് കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മെഗാ ഭരതനാട്യം പരിപാടിയുടെ 15 അടി ഉയരമുള്ള ഉദ്ഘാടന വേദിയില്‍ നിന്നു വീണാണ് ഉമാ തോമസിന് ഗുരുതര പരിക്കേല്‍ക്കുന്നത്. പരിപാടി തുടങ്ങുന്നതിനു മുന്‍പ് ഞായറാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു അപകടം.
വേദിയിലെ കസേരയിലിരുന്നശേഷം പരിചയമുള്ള ഒരാളെക്കണ്ട് മുന്നോട്ടു നടക്കുന്നതിനിടെ അരികിലെ താത്കാലിക റെയിലിലെ റിബ്ബണില്‍ പിടിച്ചപ്പോള്‍ നിലതെറ്റി വീഴുകയായിരുന്നു. കോണ്‍ക്രീറ്റ് സ്ലാബിലേക്ക് തലയടിച്ചാണ് വീണത്. ഉടന്‍ ആംബുലന്‍സില്‍ പാലാരിവട്ടം റിനൈ മെഡിസിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഉദ്ഘാടന വേദിയില്‍നിന്നു ഉമ തോമസ് എം.എല്‍.എ. വീഴുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
പരിപാടിയുടെ മുഖ്യസംഘാടകരില്‍ ഒരാളായ പൂര്‍ണിമ എം.എല്‍.എയോടൊപ്പം വരുന്നത് വീഡിയോയിലുണ്ട്. നടന്‍ സിജോയ് വര്‍ഗീസിനേയും കാണാം. ശേഷം, കൊച്ചി സിറ്റി പോലീസ് കമ്മിഷണറുടെ അടുത്ത് എത്തുന്നതിന് തൊട്ടുമുമ്പാണ് ഉമ തോമസ് താഴേയ്ക്ക് വീഴുന്നത്. തലയ്ക്കും ശ്വാസകോശത്തിനും ഗുരുതരമായി പരിക്കേറ്റ ഉമ തോമസ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.