കൊച്ചി: വീട് നിര്‍മ്മാണത്തില്‍ ഗുരുതരമായ വീഴ്ച വരുത്തുകയും പണി പൂര്‍ത്തിയാക്കാതെ കരാര്‍ ലംഘിക്കുകയും ചെയ്ത കരാറുകാരന്‍ പരാതിക്കാരന് ഒരു ലക്ഷത്തി പതിനായിരം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാര കോടതി. നായത്തോട് സ്വദേശി ഔസേപ്പ് ജോര്‍ജ്ജ് കരുമാത്തി, കെട്ടിട നിര്‍മാണ കരാറുകാരനായ ഷിജോ യോഹന്നാനെതിരെ സമര്‍പ്പിച്ച പരാതിയില്‍ ആണ് ഉത്തരവ്.

രണ്ട് വീടുകളുടെ നിര്‍മ്മാണത്തിനായി 2017 നവംബര്‍ ഒന്നിനാണ് പരാതിക്കാരന്‍, കരാറുകാരനുമായി കരാറില്‍ ഏര്‍പ്പെട്ടത്. നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലായി 9,30,900/ രൂപ പരാതിക്കാരന്‍ എതിര്‍കക്ഷിക്ക് ക നല്‍കിയിരുന്നു. എന്നാല്‍, 2018 ഓഗസ്റ്റ് മാസം യാതൊരു കാരണവുമില്ലാതെ കരാറുകാരന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചു. മോശം നിര്‍മ്മാണ രീതികളും ഗുണനിലവാരമില്ലാത്ത സാമഗ്രികളുടെ ഉപയോഗവും ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് പരാതിക്കാരന്‍ കോടതിയെ സമീപിക്കുകയായിരുന്നു.

കോടതി നിയോഗിച്ച വിദഗ്ദ പരിശോധനയില്‍ രണ്ട് കെട്ടിടങ്ങളുടെയും പണി പകുതിപോലും പൂര്‍ത്തിയായിട്ടില്ലെന്നും ഭിത്തികള്‍, വാതിലുകള്‍, ജനലുകള്‍ എന്നിവ സ്ഥാപിച്ചിട്ടില്ലെന്നും കോടതി കണ്ടെത്തി. കൂടാതെ, നിര്‍മ്മാണത്തിനായി എത്തിച്ച 56 ചാക്ക് സിമന്റ് കട്ടപിടിച്ച് നശിച്ച നിലയിലായിരുന്നു.

വന്‍തുക കൈപ്പറ്റിയ ശേഷം നിര്‍മ്മാണം പാതിവഴിയില്‍ ഉപേക്ഷിക്കുന്നത് സേവനത്തിലെ വലിയ വീഴ്ചയാണെന്നും, 99 ശതമാനം പണിയും പൂര്‍ത്തിയായി എന്ന കരാറുകാരന്റെ വാദം തെറ്റാണെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടിലൂടെ വ്യക്തമായതായി ഡി.ബി ബിനു അധ്യക്ഷനും വി രാമചന്ദ്രന്‍ ടി എന്‍ ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ ബെഞ്ച് നിരീക്ഷിച്ചു.

പരാതിക്കാരനുണ്ടായ മാനസിക വിഷമത്തിനും സാമ്പത്തിക നഷ്ടത്തിനും പരിഹാരമായി 1,00,000/ രൂപ നഷ്ടപരിഹാരവും 10,000/ രൂപ കോടതി ചെലവും 30 ദിവസത്തിനുള്ളില്‍ നല്‍കാന്‍ എതിര്‍കക്ഷിക്ക് കോടതി ഉത്തരവ് നല്‍കി. പരാതിക്കാരന് വേണ്ടി അഡ്വ. ജെ. സൂര്യ കോടതിയില്‍ ഹാജരായി.