അമല്‍ രുദ്ര

കല്‍പ്പറ്റ: ഏതു സംഘാടകര്‍ സമീപിച്ചാലും 'നോ'പറയാത്ത വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി കഴിഞ്ഞ നാല് വര്‍ഷങ്ങള്‍ക്കിടയില്‍ ജില്ലയില്‍കൂടുതല്‍ പൊതുപരിപാടികളില്‍ സാന്നിധ്യമറിയിച്ച ജനപ്രതിനിധികളിലൊരാളായി ശ്രദ്ധേയനാവുകയാണ്.

അദ്ദേഹത്തെ തേടിയിപ്പോള്‍ ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോര്‍ഡ് എത്തിയിരിക്കുകയാണ്. കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ ഏറ്റവും കൂടുതല്‍ പൊതുപരിപാടികളില്‍ പങ്കെടുത്ത് ഡോക്യുമെന്റ് ചെയ്യപ്പെട്ട തദ്ദേശഭരണ ജനപ്രതിനിധി എന്ന നിലയിലാണ് ജുനൈദ് കൈപ്പാണിയ്ക്ക് ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോര്‍ഡ് ലഭിച്ചത്.

കര്‍മ്മബാഹുല്യത്തിനും ഭരണപരമായ തിരക്കുകള്‍ക്കുമിടയിലും സമയം ക്രമീകരിച്ച് പൊതുവായതും ഔദ്യോഗികവും അനൗദ്യോഗികവുമായ ആയിരക്കണക്കിന് ക്ഷണിക്കപ്പെട്ട ചടങ്ങുകളില്‍ പങ്കെടുത്ത് സാന്നിധ്യം അറിയിച്ചു.

പൊതുപ്രവര്‍ത്തനരംഗത്തും ജീവകാരുണ്യമേഖലയിലും, പരമ്പരാഗത മാധ്യമങ്ങളേയും സമൂഹമാധ്യമങ്ങളേയും കൃത്യവും ഫലപ്രദവുമായി ഉപയോഗിച്ച് ജനപ്രതിനിധിയെന്ന നിലയില്‍ പൊതുസമൂഹവുമായി സംവദിക്കാന്‍ സമയംകണ്ടെത്തുന്ന ജുനൈദ് കൈപ്പാണി നിരവധിയായ പുസ്തകങ്ങള്‍ കൂടി ഈ കാലയളവിനുള്ളില്‍ എഴുതിയിട്ടുണ്ട്.

ആളുകള്‍ ജനപ്രിയ ജനപ്രതിനിധിയായി ജുനൈദിനെ അഭിസംബോധന ചെയ്യാനുള്ള പ്രധാനകാരണവും ചടങ്ങുകളിലെ ലീവ് പറയാത്ത സാന്നിധ്യമാവാന്‍ സമയം കണ്ടെത്തുന്നു എന്നതാണ്. ഈ ഡിസംബര്‍ 21 ആയാല്‍ ജില്ലാ പഞ്ചായത്ത് സാരഥിയായി 4 വര്‍ഷം പൂര്‍ത്തിയാവുകയാണ്. ഇതിനകം ആയിരകണക്കിന് ഉദ്ഘാടനങ്ങളും അതിലേറെ പൊതുപരിപാടികളില്‍ അധ്യക്ഷനും ആശംസ പ്രഭാഷകനുമൊക്കെയായി വേറെയും റോളുകള്‍ വഹിച്ച് പ്രാദേശികമായ റെക്കോര്‍ഡുകള്‍ ഭേദിച്ച് ജനപ്രതിനിധികള്‍ക്കിടയില്‍ ശ്രദ്ധേയനാകുകയാണ് ജുനൈദ് കൈപ്പാണി.

കോഴിക്കട മുതല്‍ സ്വര്‍ണ്ണക്കട വരെയും ഗ്രാമസഭ മുതല്‍ ദേശീയ സംഗമങ്ങള്‍ വരെയും അഞ്ചു ആളുകള്‍ മുതല്‍ അയ്യായിരം ആളുകള്‍ വരെ പങ്കെടുത്ത പരിപാടികളും ജുനൈദ് കൈപ്പാണി ജനപ്രതിനിധിയായ നാല് വര്‍ഷം കൊണ്ട് ഉദ്ഘാടനം ചെയ്തു വ്യത്യസ്തനായിരിക്കുകയാണ്.

കേവലം പൊതുപരിപാടികള്‍ക്ക് അപ്പുറത്ത് ജനക്ഷേമ പ്രവര്‍ത്തനങ്ങളിലും ജീവകാരുണ്യ മേഖലയിലും ജില്ലയിലാകെ നിറസാന്നിധ്യവും കൂടിയാണ് ജുനൈദ്. അതോടൊപ്പം ഭരണ കാര്യങ്ങളിലും കൃത്യമായി ഇടപെട്ട് മാതൃകാ മുന്നേറ്റം നടത്താനും സാധിക്കുന്നുണ്ട്.

തന്റെ പ്രവര്‍ത്തന മേഖലയില്‍ നന്നായി പഠിച്ചു പ്രവര്‍ത്തിക്കുവാന്‍ ശ്രമിക്കുകയും ചെയ്യുന്നു എന്നതാണ് എടുത്തുപറയേണ്ട കാര്യം.

മികച്ച സാമൂഹിക പ്രവര്‍ത്തകനുള്ള ഗ്ലോബല്‍ പീസ് കണ്‍സോര്‍ഷ്യം അന്താരാഷ്ട്ര ഹ്യൂമാനിറ്റേറിയന്‍ പുരസ്‌കാരം , ഇന്ത്യയിലെ ഏറ്റവും മികച്ച തദ്ദേശ ജനപ്രതിനിധിക്കുള്ള ബാബ സാഹിബ് അംബേദ്കര്‍ പുരസ്‌കാരം,മാതൃകാ പൊതുപ്രവര്‍ത്തകനുള്ള സംസ്ഥാന കര്‍മ്മശ്രേഷ്ഠ പുരസ്‌കാരം തുടങ്ങിയ അംഗീകാരങ്ങളും ഇതിനകം ജുനൈദിനെ തേടിയെത്തിയിട്ടുണ്ട്.

ശ്രീ നാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റിയും, കിലയും, ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയും സംയുക്തമായി തദ്ദേശ സ്ഥാപനങ്ങളില്‍ വിജയിച്ചു വന്ന അധിക പഠനത്തിനും ഗവേഷണത്തിനും താല്പര്യമുള്ള ജനപ്രതിനിധികളായ പഠിതാക്കള്‍ക്കായി നടത്തിയ 'അധികാര വികേന്ദ്രീകരണവും പ്രാദേശിക ഭരണ നിര്‍വ്വഹണവും'എന്ന ആറ് മാസത്തെ ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് കോഴ്‌സും ഇതിനിടയില്‍ ജുനൈദ് കൈപ്പാണി വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്.

ക്ഷേമ പ്രവര്‍ത്തനങ്ങളും വികസന വിഷയങ്ങളും തൊട്ടറിയാന്‍ വയനാട് ജില്ലയിലുടനീളം സഞ്ചരിച്ച് ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ആകെയുള്ള 582 ജനപ്രതിനിധികളേയും നേരില്‍ കണ്ട് നടത്തിയ അഭിമുഖത്തിന്റെയും സംവാദത്തിന്റെയും വെളിച്ചത്തില്‍ ജുനൈദ് കൈപ്പാണി എഴുതിയ തയ്യാറാക്കിയ 'വികേന്ദ്രീകൃതാസൂത്രണം ചിന്തയും പ്രയോഗവും' എന്ന ഗ്രന്ഥം ത്രിതല സംവിധാനത്തില്‍ ഏറെ പ്രധാന്യമുള്ളൊരു പഠനരേഖയാണ്.

ത്രിതല സംവിധാനം മുന്നോട്ട് വെക്കുന്ന അധികാര വികേന്ദ്രീകരണവും വികസനവുമായി ബന്ധപ്പെട്ട സങ്കല്പനങ്ങളും എത്രമാത്രം ലക്ഷ്യവേധിയാകുന്നുവെന്ന് തൃണമൂല തലത്തില്‍ നടത്തിയ മൗലികവും സമഗ്രവുമായ പഠനത്തിന്റെ നിരീക്ഷണങ്ങളും അനുഭവങ്ങളും പങ്കുവെക്കുകയാണ് ജുനൈദ് കൈപ്പാണി പ്രസ്തുത കൃതിയിലൂടെ ചെയ്യുന്നത്.

ജനപ്രതിനിധി എന്ന നിലക്ക് വികസന പ്രവര്‍ത്തനങ്ങളിലും പൊതുപ്രവര്‍ത്തന രംഗത്തും വ്യത്യസ്തവും നവീനവുമായ ശൈലിയും സമീപനവും സ്വീകരിച്ചുകൊണ്ടുള്ള വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനും വെള്ളമുണ്ട ഡിവിഷന്‍ മെമ്പറുമായ ജുനൈദ് കൈപ്പാണിയുടെ കുറഞ്ഞ കാലം കൊണ്ടുള്ള ജനകീയ മുന്നേറ്റം രാജ്യത്തെ പ്രാദേശിക സര്‍ക്കാര്‍ സംവിധാനത്തില്‍ ശ്രദ്ധേയ മാതൃകയാവുകയാണ്. ജനപ്രതിനിധി എന്ന നിലക്ക് തന്റെ പൗരന്‍മാരുടെ ക്ഷേമത്തിനായി ജുനൈദ് കൈപ്പാണി നടപ്പിലാക്കുന്ന തന്റേതും തനതും വേറിട്ടതുമായ പ്രവര്‍ത്തനങ്ങള്‍ ഇതിനകം ചര്‍ച്ചയാണ്.