തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട്ടില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന രക്ഷാപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. രക്ഷാപ്രവര്‍ത്തകരെ അഭിനന്ദിക്കുന്നതായും ഇവര്‍ക്ക് ആവശ്യമായ എല്ലാ സുരക്ഷയും നല്‍കണമെന്നും ഫയര്‍ഫോഴ്‌സ് മേധാവി കെ.പത്മകുമാറിനയച്ച കത്തില്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ആവശ്യപ്പെട്ടു. അതീവ ദുഷ്‌കര ദൗത്യമാണ് നടക്കുന്നതെന്ന് മനസ്സിലാക്കിയാണ് ജസ്റ്റീസിന്റെ ഇടപെടല്‍.

ദുഷ്‌കരമായ സാഹചര്യത്തിലാണ് ഫയര്‍ഫോഴ്‌സ് സംഘം തെരച്ചില്‍ നടത്തുന്നത്. സ്‌കൂബ സംഘത്തിന് കൃത്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പാക്കണമെന്ന് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദ്ദേശിച്ചു. മാലിന്യം ഇങ്ങനെ കുമിഞ്ഞ് കൂടിയതില്‍ പൊതുജനങ്ങള്‍ക്കും ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശുചീകരണ തൊഴിലാളിയെ വേഗത്തില്‍ കണ്ടെത്താന്‍ ശ്രമം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് അറിയിച്ച ദേവന്‍ രാമചന്ദ്രന്‍, ഫയര്‍ഫോഴ്‌സ് മേധാവിയെ ഫോണില്‍ വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.

തോട്ടില്‍ കുടുങ്ങിയ ജോയിക്കായുള്ള തിരച്ചില്‍ തുടരുകയാണ്. ഇതുവരെയും പ്രതീക്ഷാവഹമായ ഒരു സൂചനയും ലഭിക്കാത്ത സാഹചര്യത്തില്‍ നാവിക സേനാ സംഘവും രക്ഷാദൗത്യത്തില്‍ പങ്കാളികളാകും. അനാവശ്യ വിവാദങ്ങളാണ് രക്ഷാപ്രവര്‍ത്തനത്തില്‍ നടക്കുന്നത്. ഇതിനിടെയാണ് ജസ്റ്റീസിന്റെ ഇടപെടല്‍. മുമ്പും പല സാമൂഹിക വിഷയങ്ങളിലും സമാന ഇടപെടല്‍ ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ നടത്തിയിട്ടുണ്ട്. രാഷ്ട്രീയ നേതാക്കള്‍ തമ്മിലെ വാക് പോരിന് ഇടെയാണ് ജസ്റ്റീസിന്റെ ക്രിയാത്മക നിര്‍ദ്ദേങ്ങള്‍ വരുന്നത്.

അതിനിടെ ആമയിഴഞ്ചാന്‍ തോടില്‍ ശുചീകരണ തൊഴിലാളിയെ കാണാതായ സംഭവത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നടത്തിയ പ്രതികരണം അപക്വവും മനുഷ്യത്വരഹിതവുമെന്ന് മന്ത്രി വി ശിവന്‍കുട്ടി പ്രതികരിച്ചു. ഒരാളെ അപകടത്തില്‍ കാണാതായപ്പോഴും രാഷ്ട്രീയ മുതലെടുപ്പിനാണ് പ്രതിപക്ഷ നേതാവിന്റെ ശ്രമമെന്ന് മന്ത്രി വിമര്‍ശിച്ചു. റെയില്‍വേയ്‌ക്കെതിരെ മന്ത്രി വിമര്‍ശനം ഉന്നയിച്ചു. അപകടം നടന്ന സ്ഥലത്ത് കോര്‍പറേഷനോ സര്‍ക്കാരിനോ ഇടപെടാന്‍ റെയില്‍വേ അനുമതി നല്‍കിയിട്ടില്ലെന്ന് ശിവന്‍കുട്ടി കുറ്റപ്പെടുത്തി.

റെയില്‍വേയുടെ നിയന്ത്രണത്തിലുള്ള സ്ഥലത്താണ് അപകടം നടന്നത്. അവിടെ തിരുവനന്തപുരം കോര്‍പ്പറേഷന്റെയോ സംസ്ഥാന സര്‍ക്കാരിന്റെയോ ഇടപെടലുകള്‍ക്ക് റെയില്‍വേ അനുവാദം നല്‍കിയിട്ടില്ല. യാതൊരു സുരക്ഷയും ഇല്ലാതെയാണ് റെയില്‍വേയുടെ കരാറുകാരന്‍ തൊഴിലാളികളെ ശുചീകരണ പ്രവര്‍ത്തനത്തിന് ഉപയോഗപ്പെടുത്തിയത് എന്നത് വ്യക്തമാണ്. കാണാതായ ആളെ കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ആയതെല്ലാം ചെയ്യുന്നുണ്ടെന്നും മന്ത്രി പ്രതികരിച്ചു. അപ്പോഴും സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്താനാണ് ആ സ്ഥലം സന്ദര്‍ശിക്കുക പോലും ചെയ്യാത്ത പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം ആവതെല്ലാം രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് നടത്തുണ്ട്. കേരളമാകെ ദുഃഖത്തോടെ കണ്ട ഒരു സംഭവത്തെ രാഷ്ട്രീയ മുതലെടുപ്പിനായാണ് പ്രതിപക്ഷ നേതാവ് ഉപയോഗപ്പെടുത്തുന്നത്. റെയില്‍വേയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്താനാണ് പ്രതിപക്ഷ നേതാവിന്റെ ശ്രമം. മന്ത്രി വീണാ ജോര്‍ജിനെ അടക്കം കുറ്റപ്പെടുത്താനാണ് ഈ ദുരന്തസമയത്തും പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നത് എന്നത് അപലപനീയമാണെന്നും മന്ത്രി വി ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി.