- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാര്‍ട്ടികളുടെ ഫ്ളക്സുകളില്‍ നിലപാട് കര്‍ക്കശമാക്കി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍; തെറിവിളിയുമായി വീണ്ടും സൈബര്‍ സഖാക്കള്‍; ഉമ തോമസിന്റെ പരിപാടിയില്‍ ജസ്റ്റിസിന്റെ ഫ്ളക്സ് ബോര്‍ഡ് എന്ന് കുപ്രചാരണം; ഫ്ളക്സ് ബോര്‍ഡും പോസ്റ്ററും തിരിച്ചറിയാനുള്ള ബുദ്ധി വേണമെന്ന് സോഷ്യല്‍ മീഡിയ
പാര്‍ട്ടികളുടെ ഫ്ളക്സുകളില്‍ നിലപാട് കര്‍ക്കശമാക്കി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍
കൊച്ചി: കാഴ്ച മറച്ച് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ വയ്ക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സംഘടനകള്‍ക്കും എതിരെ ശക്തമായ നിലപാട് സ്വീകരിച്ചിട്ടുള്ള ഹൈക്കോടതി ജഡ്ജിയാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. കൊല്ലം ചിന്നക്കടയില്‍ പാതയോരങ്ങളില്‍ വ്യാപകമായി സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചതിന് ശക്തമായ താക്കീതാണ് ജസ്റ്റിസ് നല്‍കിയത്. കോര്‍പറേഷന്‍ സെക്രട്ടറിയെ വിളിച്ച് താക്കീത് ചെയ്യുകയും രണ്ടര ലക്ഷം രൂപ പിഴ അടയ്‌ക്കേണ്ടി വരുമെന്നും അദ്ദേഹം ഓര്‍മ്മിച്ചിരുന്നു. കൊല്ലം കോടതി സമുച്ചയത്തിന്റെ ശിലാസ്ഥാപന ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ഹൈക്കോടതി ജഡ്ജി ഇടപെട്ടത്.
വഴിയാത്രക്കാരുടെയും വാഹന യാത്രക്കാരുടെയും കാഴ്ച മറയ്ക്കുന്ന ഫ്‌ളക്‌സ് ബോര്‍ഡുകള്‍ വരുത്തി വയ്ക്കുന്ന വിന പറഞ്ഞറിയിക്കേണ്ടതില്ല. പാര്‍ട്ടികളുടെയും നേതാക്കളുടെയും പ്രതിച്ഛായ നിര്‍മ്മാണത്തിനും വര്‍ദ്ധനയ്ക്കും വേണ്ടി സ്ഥാപിക്കുന്ന ഫ്‌ളക്‌സുകള്‍ എത്രമാത്രം പൊതുജനശല്യമാണെന്ന് അറിയാമെങ്കിലും കണ്ടില്ലെന്ന് നടിക്കുകയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. സിപിഎമ്മിന്റെ സമ്മേളനങ്ങള്‍ നടക്കുന്നത് കൊണ്ട് അതുമായി ബന്ധപ്പെട്ട് ഫ്‌ളക്‌സുകളും ബോര്‍ഡുകളും നഗര-ഗ്രാമീണ പ്രദേശങ്ങളില്‍ നിറയുന്നു. ഈ വിഷയത്തില്‍ കര്‍ക്കശമായ നിലപാടാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ സ്വീകരിച്ചിരിക്കുന്നത്.
അനധികൃത ഫ്ളക്സ് ബോര്‍ഡുകള്‍ നീക്കം ചെയ്യാത്തതില്‍ കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി സര്‍ക്കാരിന് എതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയത്. ഇതുവരെ എത്ര ബോര്‍ഡുകള്‍ നീക്കം ചെയ്തുവെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ചോദിച്ചു. ഫ്ളക്സ് ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ ധൈര്യം വേണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വിമര്‍ശിച്ചു.
ഫ്ളക്സ് ബോര്‍ഡുകളുമായി ബന്ധപ്പെട്ട് രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കെതിരെ സ്വീകരിച്ച നടപടി എന്താണെന്നും ഹൈക്കോടതി ചോദിച്ചു. അനധികൃത ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചവര്‍ക്കെതിരെ കേസെടുത്തോയെന്നും ഹൈക്കോടതി ചോദിച്ചു. ഇത് സംബന്ധിച്ച കണക്കുകള്‍ സര്‍ക്കാര്‍ കൃത്യമായി അറിയിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
അതിനിടെ, തൃക്കാക്കര എംഎല്‍എ ഉമ തോമസ് പി ടി തോമസിന്റെ സ്മരണക്കായി ഏര്‍പ്പെടുത്തിയ എക്‌സലന്‍സ് അവാര്‍ഡ് വിതരണ ചടങ്ങ് ജസ്റ്റിസ് ഉദ്ഘാടനം ചെയ്യുന്നതിന്റെ പ്രചരണ പോസ്റ്റര്‍് കൊച്ചി നഗര പ്രദേശങ്ങളിലും തൃക്കാക്കര മുന്‍സിപ്പാലിറ്റിയിലും സ്ഥാപിച്ചത് ചര്‍ച്ചാ വിഷയമായി. ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഒരിടത്തും സ്ഥാപിച്ചില്ല എന്നത് ശ്രദ്ധേയമായി. ഈ പോസ്റ്ററുകള്‍ ശ്രദ്ധയില്‍ പെട്ട ജസ്റ്റിസ് തന്റെ ചിത്രം വച്ച പോസ്റ്ററുകള്‍ നീക്കം ചെയ്യണമെന്ന് എംഎല്‍എയോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് അവ നീക്കം ചെയ്തു.
എന്നിരുന്നാലും ഇതൊരു അവസരമായി കണ്ട് ജസ്റ്റിസിന്റെ കടുത്ത വിമര്‍ശകരായ സൈബര്‍ സഖാക്കള്‍ സോഷ്യല്‍ മീഡിയയില്‍ സൈബറാക്രമണം ഇളക്കി വിട്ടിരിക്കുകയാണ്. കൊച്ചിക്കാര്‍ നേരിടുന്ന പല ജനകീയ പ്രശ്‌നങ്ങളിലും സജീമായി ഇടപെടുന്ന ജഡ്ജിയാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. കൊച്ചി നഗരം വെള്ളക്കെട്ടില്‍ മുങ്ങിയപ്പോഴും, റോഡുകള്‍ താറുമാറയപ്പോഴും എല്ലാം സജീവമായി ഇടപെട്ട് അധികൃതരെ ഉണര്‍ത്താന്‍ പരിശ്രമിച്ചയാളാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. അതുകൊണ്ട് തന്നെ ജസ്റ്റിസിന് എതിരായ സൈബറാക്രമണത്തില്‍ ശക്തമായ വിമര്‍ശനവും ഉയരുന്നു.
ഇതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവായ ജോസഫ് മാര്‍ട്ടിന്‍ എഴുതിയ പോസ്റ്റ് വായിക്കാം:
'A Daniel come to judgement '. 'ഇതാ വന്നിരിക്കുന്നു ദാനിയേലിനെ പോലെ ഏറ്റവും നീതിമാനായ ഒരു ന്യായാധിപന്‍'. Merchant of Venice എന്ന ഷേക്ക്‌സ്പിയറിന്റെ വിശ്വവിഖ്യാതമായ നാടകത്തിലെ വരികള്‍; വിശുദ്ധ ബൈബിളിലെ നീതിമാനായ ദാനിയേല്‍ പ്രവാചകനെ ഉദ്ധരിച്ചു കൊണ്ടാണ് ഈ വാക്കുകള്‍ ഷേക്സ്പിയര്‍ എഴുതി വയ്ക്കുന്നത്. ഷേക്സ്പിയര്‍ പറഞ്ഞത് പോലെ, തലയുയര്‍ത്തി പിടിച്ചു; 'ഇതാ ഒരു നീതിമാനായ ന്യായാധിപന്‍' എന്ന് അഭിമാനത്തോടെ നമുക്ക് പറയാന്‍ കഴിയുന്ന കേരള ഹൈക്കോടതിയിലെ ഒരു ന്യായാധിപന്‍ ആണ് ശ്രീ. ദേവന്‍ രാമചന്ദ്രന്‍. നീതി ബോധം, സാമൂഹിക പ്രതിബദ്ധത, പൗര ബോധം ഇവയെല്ലാം ഏറെയുള്ള ഒരു നല്ല മനുഷ്യനായ ന്യായാധിപന്‍. ആ പൗര ബോധവും, സാമൂഹിക പ്രധിബന്ധതയുമാണ് ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ ഒരു പരാതിപോലും ഇല്ലാതെ സ്വമേധയാ കോടതിയുടെ മേല്‍നോട്ടത്തില്‍ കേസുകള്‍ എടുക്കാനും, തന്റെ അഭിപ്രായം തുറന്ന് രേഖപ്പെടുത്തുവാനും അദ്ദേഹം തയ്യാറാവുന്നത്.
ആ നീതിബോധം മാത്രമാണ് ജനങ്ങളുടെ ജീവന് തന്നെ ഭീഷണിയാവുന്ന വലിയ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനെതിരെ നിലപാട് സ്വീകരിക്കാനും അദ്ദേഹത്തെ പ്രേരിപ്പിച്ച ഘടകം; മാത്രവുമല്ല ലോകത്തെ ഒരു പരിഷ്‌ക്കൃത നഗരങ്ങളിലും ഇത്തരം പടുകൂറ്റന്‍ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കാറുമില്ല. ലോകത്തിനൊത്തു നമ്മുടെ നാടും മാറേണ്ട ? എന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഒരു വിചിന്തനം നടത്താന്‍ വേണ്ടി കൂടിയായിരിക്കണം അദ്ദേഹം ഈ വിഷയങ്ങളില്‍ കര്‍ക്കശമായ നിലപാടുകള്‍ സ്വീകരിക്കുന്നത് എന്ന് കൂടി പറയേണ്ടിവരും.
പൊതു ജീവിതത്തില്‍ എന്നും നിലപാടുകള്‍ക്ക് വേണ്ടി ജീവിച്ച അന്തരിച്ച P. T. Thomas MLA യുടെ നാമധേയത്തില്‍ ശ്രീമതി. ഉമാ തോമസ് MLA സംഘടിപ്പിച്ച; മികച്ച വിജയം കൈവരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള ഈ വര്‍ഷത്തെ MLA അവാര്‍ഡിന്റെ മുഖ്യാഥിതി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനായിരുന്നു. ഈ പരിപാടിയുടെ വിജയത്തിനായി നഗരത്തിന്റെ പല ഭാഗത്തും അദ്ദേഹത്തിന്റെയും, MLA യുടെയും ചിത്രങ്ങള്‍ വച്ച് കൊണ്ട് സാധാരണ ചെയ്യുന്നത് പോലെ പോസ്റ്ററുകള്‍ പതിപ്പിച്ചു. ഫ്‌ലക്‌സ് ബോര്‍ഡുകള്‍ ഒരിടത്തും സ്ഥാപിച്ചില്ല എന്ന് കൂടി പറഞ്ഞു കൊള്ളട്ടെ. ഈ പോസ്റ്ററുകള്‍ ശ്രദ്ധയില്‍പെട്ട ജസ്റ്റിസ് തന്റെ ചിത്രം വച്ച പോസ്റ്ററുകള്‍ നീക്കം ചെയ്യണമെന്ന് MLA യോട് ആവശ്യപ്പെടുകയും അതിനെ തുടര്‍ന്ന് പോസ്റ്ററുകള്‍ എല്ലാം കീറിക്കളയുകയും ചെയ്തു.
എന്നാല്‍ ഇപ്പോള്‍ പോരാളി ഷാജിയുടെ പോലും നിലവാരമില്ലാത്ത ചില അന്ധം കമ്മികള്‍ ജസ്റ്റിസിന്റെ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനെതിരെയുള്ള പരാമര്‍ശത്തിനെതിരെ ഈ പോസ്റ്ററും പൊക്കി ഇറങ്ങിയിരിക്കുകയാണ്. ഒരു പുരോഗമന സമൂഹത്തിനു ഒരിക്കലും ഉള്‍കൊള്ളാന്‍ കഴിയാത്ത പരാമര്‍ശങ്ങളുമായി ഇറങ്ങിയിരിക്കുന്ന സൈബര്‍ വെട്ടുക്കിളികളുടെ അഭിപ്രായങ്ങളെ പുച്ഛത്തോടെ തള്ളുന്നു.
ബഹുമാനപെട്ട ജസ്റ്റിസ്; കേരളത്തിലെ മനുഷ്യരുടെ പ്രത്യേകിച്ച് കൊച്ചിക്കാരുടെ അഭിമാനമാണ് നിങ്ങള്‍. ഒറ്റ മഴയില്‍ കൊച്ചി നഗരം വെള്ളക്കെട്ടില്‍ മുങ്ങിയപ്പോള്‍ നിങ്ങള്‍ നടത്തിയ നിരീക്ഷണം ഇവിടത്തെ മനുഷ്യരുടെ വാക്കുകള്‍ ആയിരുന്നു. അങ്ങനെ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ അങ്ങ് നടത്തുന്ന ഇടപെടലുകള്‍ സാധാരണക്കാരന് നീതിപീഠത്തില്‍ പ്രതീക്ഷയുണ്ട് എന്ന് വിശ്വസിക്കാന്‍ കഴിയുന്ന ഒന്നാണ്; ഈ ഫ്‌ലക്‌സ് വിഷയത്തില്‍ ഉള്‍പ്പെടെ.
ആയതിനാല്‍ അങ്ങ് സധൈര്യം മുന്നോട്ട് പോവുക നിങ്ങള്‍ ഞങ്ങളുടെ യഥാര്‍ത്ഥ 'HERO' ആണ്. വേട്ടപ്പട്ടികള്‍ കുരച്ചോട്ടെ. നീതിപീഠത്തില്‍ നീതിക്കു വേണ്ടി കേണപേക്ഷിക്കുന്നവന്റെ മുന്നിലെ കണ്ണ് കെട്ടാത്ത ന്യായാധിപാ അങ്ങേയ്ക്കു ഹൃദയത്തില്‍ നിന്നുള്ള അഭിവാദ്യങ്ങള്‍.