കോഴിക്കോട്: ശബരിമല സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീംകോടതിയുടെ ഭൂരിപക്ഷ വിധിയിൽ വിയോജിച്ചതിലുടെ ശ്രദ്ധേയായ ന്യായാധിപയാണ്, ജസ്റ്റിസ് ഇന്ദു മൽഹോത്ര. വിരമിച്ച ശേഷവും ഇപ്പോൾ അവർ വാർത്തകളിൽ നിറയുകയാണ്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ജസ്റ്റിസ് ഇന്ദുമൽഹോത്ര നടത്തിയ ഒരു പ്രസ്താവന വൻ വിവാദമായി. ഹിന്ദുക്ഷേത്രങ്ങളുടെ വരുമാനത്തെ ലക്ഷ്യമിട്ടു കൊണ്ട് അവ കയ്യടക്കാൻ കമ്യൂണിസ്റ്റ് സർക്കാരുകൾ ശ്രമിക്കുന്നു എന്നും അതിന് തടയിടാൻ തനിക്കായി എന്നുമാണ് ജസ്റ്റിസ് മൽഹോത്രയുടെ പരാമർശം. വരുമാനം കണ്ട് ഹിന്ദു ക്ഷേത്രങ്ങളേറ്റെടുക്കാൻ കമ്മ്യൂണിസ്റ്റ് സർക്കാരുകൾ ശ്രമിക്കുകയാണെും, താനും ചീഫ് ജസ്റ്റിസ് യു യു ലളിതും ചേർന്നാണ് നീക്കം തടഞ്ഞെതെന്നും അവർ പറയുന്നുണ്ട്.

തിരുവനന്തപുരം മെഡിക്കൽ കോളേജ് ജൂബിലി ആഘോഷത്തിൽ പങ്കെടുക്കാനെത്തിയ ഇന്ദു മൽഹോത്ര, ശ്രീപത്മനാഭസ്വാമി ക്ഷേത്ര പരിസരത്ത് വെച്ച് ഒരുകൂട്ടം ഭക്തരോട് സംസാരിക്കുന്ന വീഡിയോയിലാണ് വിവാദ പരാമർശമുള്ളത്. നിങ്ങളെക്കുറിച്ച് അഭിമാനമുണ്ടെന്ന് കൂടി നിന്നവർ പറയുന്നതും ഇന്ദുമൽഹോത്ര നന്ദി പറയുന്നതും കേൾക്കാം. ശ്രീപത്മനാഭസ്വാമി ക്ഷേത്ര ഭരണവും സ്വത്തുക്കളുടെ അവകാശവും രാജകുടുംബത്തിന് കൂടി അവകാശപ്പെട്ടതാണെന്ന് വിധി പറഞ്ഞത് ജസ്റ്റിസ് യു യു ലളിതും ഇന്ദുമൽഹോത്രയും ചേർന്ന ബഞ്ചാണ്. ക്ഷേത്രം സർക്കാർ ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധി തള്ളിയായിരുന്നു ഇത്.

സ്വത്തുക്കൾ കണ്ടാണ് സർക്കാർ നീക്കമെന്ന ജഡ്ജിയുടെ തന്നെ പരാമർശത്തോടെ, കേസിന്റെ മെറിറ്റിനെ കോടതി എങ്ങനെയാണ് കണ്ടതെന്ന സുപ്രധാന ചോദ്യമാണ് ഉയരുന്നത്. ബിജെപിയുടെയും, 'വാട്സാപ്പ് യൂണിവേഴ്സിറ്റിയുടെയും', പ്രചാരണങ്ങൾക്ക് ചേർന്ന് രീതിയിലാണ് ഇന്ദു മൽഹോത്രയുടെ പരാമർശമെന്നും വിമർശനമുണ്ട്. സത്യത്തിൽ ക്ഷേത്ര സ്വത്തുക്കൾ സർക്കാർ പിടിച്ചെടുക്കുന്നുവെന്നത് വ്യാജ പ്രചാരണം മാത്രമാണ്. ഇത് തെറ്റാണെന്ന് നേരത്തെ തന്നെ തെളിഞ്ഞതാണ്.

ഒരു പൈസപോലും സർക്കാർ എടുക്കുന്നില്ല

ക്ഷേത്രങ്ങളിലെ പണം സർക്കാർ എടുക്കുന്നുവെന്ന് കഴിഞ്ഞ ഉമ്മൻ ചാണ്ടി മന്ത്രിസഭയുടെ കാലത്തുതന്നെ ഇക്കാര്യം വിവാദമായിരുന്നു. അന്ന് ദേവസ്വം മന്ത്രി വി എസ് ശിവകുമാർ ഇതിന് കൃത്യമായ മറുപടിയും നൽകിയിരുന്നു. ശബരിമല ഉൾപ്പെടെയുള്ള കേരളത്തിലെ ക്ഷേത്രങ്ങളുടെ വരുമാനം സർക്കാർ കവർന്നെടുക്കുന്നതായും ഇത് മറ്റ് പല കാര്യങ്ങൾക്കായി ഉപയോഗിക്കുന്നതായി സംഘപരിവാർ പ്രവർത്തകർ കേരളമാകെ പ്രചാരണം നടത്തുന്നത് സംബന്ധിച്ച് വി ഡി സതീശനാണ്‌ സഭയിൽ സബ്മിഷൻ ഉന്നയിച്ചത്. ഇതിന് മറുപടിയായി ദേവസ്വം മന്ത്രി വി എസ് ശിവകുമാർ നിയമസഭയിൽ നൽകിയ മറുപടി ഇങ്ങനെയാണ്.

'സംസ്ഥാനത്തെ ശബരിമല ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളുടെ വരുമാനം ട്രഷറിയിൽ നിക്ഷേപിച്ച് മറ്റുപല ആവശ്യങ്ങൾക്കായി വകമാറ്റി ചെലവഴിക്കുന്നുവെന്ന പ്രചാരണം തികച്ചും അടിസ്ഥാനരഹിതമാണ്. തിരുവിതാംകൂർ, കൊച്ചി ദേവസ്വം ബോർഡുകളുടെ കീഴിലുള്ള ക്ഷേത്രങ്ങളുടെ വരുമാനം അതത് ദേവസ്വം ബോർഡുകളുടെ ബാങ്ക് അക്കൗണ്ടിലേക്കും മലബാർ ദേവസ്വം ബോർഡ്, ഗുരുവായൂർ, കൂടൽ മാണിക്യം ദേവസ്വങ്ങളിലെ വരുമാനങ്ങൾ അതത് ക്ഷേത്രങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലുമാണ് നിക്ഷേപിക്കുന്നത്. തിരുവിതാംകൂർ, കൊച്ചി ദേവസ്വം ബോർഡുകളുടെ വരവ് ചെലവ് കണക്കുകൾ ഓഡിറ്റ് ചെയ്യുന്നത് ബഹു. ഹൈക്കോടതി നിയോഗിക്കുന്ന ഓഡിറ്റർമാരാണ്.

മലബാർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളുടെയും കൂടൽമാണിക്യം, ഗുരുവായൂർ ദേവസ്വങ്ങളുടേയും വരവ് ചെലവ് കണക്കുകൾ ലോക്കൽ ഫണ്ട് ഡിപ്പാർട്ട്‌മെന്റാണ് നിർവഹിക്കുന്നത്. ദേവസ്വം ബോർഡുകളുടേയും ക്ഷേത്രങ്ങളുടേയും ഓഡിറ്റ് റിപ്പോർട്ടുകൾ പബ്ലിക് ഡോക്യുമെന്റായതിനാൽ ഇവ പരിശോധിച്ചാൽ ക്ഷേത്രങ്ങളുടെ വരുമാനം ക്ഷേത്രങ്ങൾക്കുവേണ്ടി മാത്രമാണ് ചെലവഴിക്കുന്നതെന്ന് വ്യക്തമാകും. തിരുവിതാംകൂർ, കൊച്ചി ദേവസ്വം ബോർഡുകൾക്ക് ഒരു നിശ്ചിത ചെലവിൽ കൂടുതൽ ചെലവഴിക്കണമെങ്കിൽ ഹൈക്കോടതിയുടെ അനുമതി ആവശ്യമാണ്.

ഈ സർക്കാർ അധികാരത്തിൽ വന്നശേഷം ശബരിമല ഉൾപ്പെടെയുള്ള വിവിധ ക്ഷേത്രങ്ങൾക്കായി തിരുവിതാംകൂർ ദേവസ്വം ബോർഡിനുവേണ്ടി 105.30 കോടി രൂപയും കൊച്ചിൻ ദേവസ്വം ബോർഡിനുവേണ്ടി രണ്ട് കോടി രൂപയും മലബാർ ദേവസ്വം ബോർഡിനുവേണ്ടി 60.31 കോടി രൂപയും സംസ്ഥാന ഖജനാവിൽ നിന്നും ചെലവഴിച്ചിട്ടുണ്ട്. ഇതുകൂടാതെ, ശ്രീപത്മനാഭ ക്ഷേത്ര സുരക്ഷയുമായി ബന്ധപ്പെട്ട് ഇതുവരെ 62.18 കോടി രൂപയും കൂടൽ മാണിക്യം ദേവസ്വത്തിനുവേണ്ടി 50 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയിലെ ചമ്രവട്ടം ക്ഷേത്രം അഗ്നിബാധയ്ക്ക് ഇരയായപ്പോൾ പുനുരുദ്ധാരണത്തിന് ദേവസ്വം ബോർഡ് നൽകിയത് കൂടാതെ അഞ്ച് ലക്ഷം രൂപയും ചൊവ്വല്ലൂർ ക്ഷേത്ര പുനരുദ്ധാരണത്തിന് നാല് ലക്ഷം രൂപയും സർക്കാർ അനുവദിച്ചിട്ടുണ്ട്.

ഇതുകൂടാതെ, ഈ സർക്കാർ അധികാരത്തിൽ വന്നശേഷം ശബരിമല റോഡുകളുടെ നിർമ്മാണത്തിനും നവീകരണത്തിനുമായി ഈ സാമ്പത്തിക വർഷം അനുവദിച്ച 95.5 കോടി രൂപ ഉൾപ്പെടെ 540 കോടിയിൽപരം രൂപ ചെലവഴിച്ചിട്ടുണ്ട്..- ശിവകുമാർ ചൂണ്ടിക്കാട്ടി.

ക്ഷേത്രങ്ങളുടെ ഒരു രൂപ പോലും സർക്കാർ എടുക്കുന്നില്ല, പകരം കോടികൾ ക്ഷേത്രങ്ങൾക്കായി സർക്കാർ ചെലവഴിക്കുന്നുണ്ടെന്നും വി എസ് ശിവകുമാർ ചൂണ്ടിക്കാട്ടി. ആറ്റുകാൽ ഉൽസവവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾക്കും കോടിക്കണക്കിന് രൂപയാണ് ഓരോ വർഷവും സർക്കാർ ചെലവഴിക്കുന്നത്. അതുപോലെ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന് ഗ്രാന്റായി മാത്രം ഈ കാലയളവിൽ ഒരു കോടി രൂപയാണ് നൽകിയത്. സുരക്ഷാ സംവിധാനവുമായി ബന്ധപ്പെട്ട് 60.18 കോടി രൂപ നൽകി. മലബാർ ദേവസ്വം ബോർഡിന് 52 കോടിരൂപയാണ് ഗ്രാന്റ് നൽകിയത്.
ഇതുപോലെ കൊച്ചിൽ ദേവസ്വം ബോർഡിനും നൽകിയിട്ടുണ്ട്. ഇത് 2015 ഡിസംബറിലെ കണക്കാണ്. അതിനുശേഷം അധികാരത്തിൽവന്ന പിണറായി സർക്കാറും ക്ഷേത്രങ്ങൾക്ക് പണം അങ്ങോട്ട് നൽകുകയാണ് ചെയ്തത്. ഒരോ വർഷത്തെയും ബജറ്റ് നോക്കിയാൽ അറിയാം അതിൽ സർക്കാറിന്റെ വരുമാനമായി ക്ഷേത്രങ്ങളിലെ ഒരു പൈസപോലും ചേർത്തിട്ടില്ല.

ക്ഷേത്ര വരുമാനം വകമാറ്റാനാവില്ല

ശബരിമല അടക്കമുള്ള ക്ഷേത്രങ്ങളിലെ വരുമാനം വകമാറ്റി ചിലവഴിക്കുകയോ പൊതുമൂലധനമാക്കി മാറ്റുകയോ ഗവണ്മെന്റ് ചെയ്തിട്ടില്ല എന്ന് കണക്കുകൾ പരിശോധിച്ചാൽ വ്യക്തമാവും. മറിച്ച്, സർക്കാരിന്റെ പണം നിശ്ചിത ആവശ്യങ്ങൾക്കായി ദേവസ്വങ്ങൾക്ക് നൽകിയിട്ടുമുണ്ട്. ക്ഷേത്രവരുമാനത്തെ ദേവസ്വത്തിനല്ലാതെ സർക്കാരിന് കയ്യടക്കാനോ ഉപയോഗിക്കാനോ കഴിയില്ല. ക്ഷേത്രസ്വത്തുക്കളുടെ അവകാശം അതാത് ദേവതകൾക്കാണെന്നാണ് കോടതികളും വ്യക്തമാക്കിയത്. അതിൽ നിന്ന് വകമാറ്റി ചിലവഴിക്കാൻ ദേവസ്വം ബോർഡിനു തന്നെയും കഴിയില്ല.

ഗുരുവായൂർ ദേവസ്വം ബോർഡ് അസാധാരണ സാഹചര്യത്തെ മുൻനിർത്തി പ്രളയ -കോവിഡ് പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ സംഭാവന പോലും കേരള ഹൈക്കോടതി തടഞ്ഞു. ഏത് അസാധാരണ സാഹചര്യത്തിലും ദേവസ്വത്തിന്റെ സ്വത്ത് വകമാറ്റി ചിലവഴിക്കാനാവില്ല. എന്നാൽ മറിച്ച്, എല്ലാ വർഷവും പൊതുഖജനാവിൽ നിന്ന് നിശ്ചിത തുക ബജറ്റിൽ ദേവസ്വം വകുപ്പിന്റെ പ്രവർത്തനങ്ങൾക്കായി നീക്കിവെക്കപ്പെടുന്നുമുണ്ട്. പുരാവസ്തു വകുപ്പ്, ടൂറിസം വകുപ്പ്, സാംസ്‌കാരിക വകുപ്പ് എന്നിവയുടെയെല്ലാം പ്രവർത്തനങ്ങൾക്കും ക്ഷേത്രങ്ങളിലേക്ക് സർക്കാർ ഫണ്ട് എത്തുന്നുണ്ട്. ടൂറിസം വകുപ്പിന്റെ പ്രൊജക്ടുകളിലുൾപ്പെട്ട് കോടിക്കണക്കിന് രൂപയുടെ ക്ഷേത്ര നവീകരണങ്ങൾ നടന്നിട്ടുമുണ്ട്. ഇവയുടെയെല്ലാം കണക്കുകൾ ലഭ്യമാണ്.

രാജ്യം സ്വതന്ത്രമായപ്പോൾ നാട്ടുരാജ്യങ്ങളിൽ മൂന്നുതരം സ്വത്താണ് ഉണ്ടായിരുന്നത്. ഒന്ന് രാജസ്വമാണ്. നാട്ടുരാജാക്കന്മാരുടെ പക്കലുണ്ടായിരുന്ന സ്വത്തുവകകൾ . അവ സ്വാഭാവികമായും ജനാധിപത്യ സർക്കാറിന് അവകാശപ്പെട്ടതായി. രണ്ട് ബ്രഹ്മസ്വം. ബ്രാഹ്മണപുരോഹിതരുടെ സ്വത്തുവകകൾ. അവ ഇല്ലങ്ങളിലും മനകളിലുമായി നിലനിന്നു . മൂന്ന് ദേവസ്വം. ക്ഷേത്രങ്ങളിലെ സ്വത്തു വകകൾ. ദേവനെ ഒരു മൈനർ പൗരനായി കണക്കാക്കുകയും ആ മൈനർ പൗരന്റെ സ്വത്തായി ദേവസ്വമുതലിനെ കോടതികൾ കൽപ്പിക്കുകയും ചെയ്തു. ഈ സ്വത്തിൽ നയാപ്പൈസ പൊതുഖജനാവിലേക്ക് എടുക്കാനാവില്ല.

ദേവസ്വം കണക്കുകൾ കേരള ഓഡിറ്റ് വകുപ്പും , കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യയും ആണ് പരിശോധിക്കുന്നത്. അത് ഹൈക്കോടതിയിലും , സുപ്രീം കോടതിക്കും റിപ്പോർട് ചെയ്യണം. ക്ഷേത്ര വരുമാനങ്ങൾ കേരള ട്രഷറി ബാങ്കിൽ ആണ് ഡെപ്പോസിറ്റു ചെയ്യുന്നത്. സംഘ പരിവാർ പറയുന്നത് കേരളത്തിന്റെ ട്രഷറിയിൽ നിക്ഷേപിക്കുന്നു എന്നാണ്. കേരള ട്രഷറിയല്ല കേരള ട്രഷറി ബാങ്ക് എന്ന സാമാന്യധാരണ തന്നെ അവർക്കില്ല. കേരള ട്രഷറി നമ്മുടെ ഖജനാവ് ആണ്. എന്നാൽ കേരള ട്രഷറി ബാങ്ക് എന്നത് മറ്റു ദേശസാൽകൃത ബാങ്ക് പോലെ ഒരു ബാങ്ക് ആണ്. പൂർണമായും ആർ ബി ഐ യുടെ നിയന്ത്രണത്തിലുള്ള ബാങ്ക്. അവിടെ പ്രത്യേക അക്കൗണ്ടിലാണ് പണം നിക്ഷേപിക്കപ്പെടുന്നത്. ഇത് തികച്ചും സുതാര്യവും നീതിയുക്തവുമായ ഒരു സംവിധാനമാണ്.

മറ്റ് ആരാധനാലയങ്ങളുടെ അവസ്ഥ

ഇവിടെ ഒരു ചോദ്യമുയർത്താം, എന്തുകൊണ്ട് മറ്റ് മതങ്ങളുടെ ആരാധനാലയങ്ങളുടെ സ്വത്തുവകകൾക്ക് ഇപ്രകാരം ഒരു സർക്കാർ സ്വത്തു മേൽനോട്ടം ഇല്ലാത്തത് എന്ന ചോദ്യം ഉയരാം. മറ്റ് ആരാധനാലങ്ങളിൽ അവകാശമില്ലാത്ത പോലെ കുടുംബക്ഷേത്രങ്ങളിലും ദേവസ്വത്തിന് അവകാശമില്ല. കാരണം കുടുംബക്ഷേത്രം അതാത് കുടുംബത്തിലെ സ്വത്തുവകകൾ ഉപയോഗിച്ച് നിർമ്മിച്ചതോ പരിപാലിച്ചതോ ആണ് എന്നു കാണാനാവും. അതുപോലെ ഇന്നാട്ടിലെ മറ്റ് ആരാധനാലയങ്ങളിലെ സമ്പത്തും അതുപോലെയാണ്. ഉദാഹരണത്തിന് ഗീവർഗീസ് പള്ളിയുടെ സ്വത്ത് സഭയുടെതാണ്, ഗീവർഗീസ് പുണ്യാളന്റെ പേരിലല്ല.

എങ്കിൽപ്പിന്നെ എന്തിന് ദേവസ്വം ക്ഷേത്രങ്ങൾക്ക് മാത്രം ഇങ്ങനെ പ്രത്യേക മൈനർ പൗരൻ പദവി എന്നും ചോദിക്കാനുന്നതാണ്. അതിന് ചരിത്രപരമായി കാരണങ്ങളുണ്ട്. അയിത്തോച്ചാടനം മുതൽ പല സാമൂഹികസമരങ്ങളിലൂടെയാണ് ക്ഷേത്രങ്ങളിലെ നവീകരണം സാധ്യമായത്. ചരിത്രപരമായി ക്ഷേത്രങ്ങൾ ആരാധനാലയങ്ങൾ മാത്രമല്ല. കല, സംസ്‌കാരം, സാഹിത്യം എന്നിവയുടെയെല്ലാം കേന്ദ്രവും അതോടൊപ്പം രാജാക്കന്മാരുടെ പരദേവതാസ്ഥാനങ്ങളും ആയിരുന്നു. മാർത്താണ്ഡവർമ്മയുടെ 1750 ലെ തൃപ്പടിദാനം അത്തരമൊന്നാണ്. മാർത്താണ്ഡ വർമ്മ ഉടവാൾ വെച്ച് 'ഇനിമുതൽ പത്മനാഭന്റെ കീഴിലാാണ് തിരുവിതാംകൂർ' എന്നു പ്രഖ്യാപിച്ചതോടെ രാജാവ് പത്മനാഭസ്വാമിയായി തീർന്നു . ഇങ്ങനെ മാറിയ തിരുവിതാംകൂർ തുടർന്ന് നടത്തിയ യുദ്ധങ്ങളിലൂടെയും ജനങ്ങളിൽ നിന്ന് പിരിച്ചെടുത്ത നികുതികളിലൂടെയും സ്വരുക്കൂട്ടിയ ധനം കൂടിയാണ് പത്മനാഭസ്വാമി ക്ഷേത്ര നിലവറകളിലുള്ളത് എന്നതിന് നിരവധി തെളിവുകളുണ്ട്. എങ്കിലും ജനാധിപത്യ ഇന്ത്യയിലേക്ക് ആ ധനം പൊതു ഖജനാവിലേക്ക് ചേർക്കുകയല്ല, പത്മനാഭ സ്വാമി എന്ന മൈനർ പൗരന്റെ സ്വത്തായി ദേവസ്വത്തിനു കീഴിൽ നിലനിർത്തുകയാണ് ചെയ്തിട്ടുള്ളത്. ആയിരത്താണ്ടുകളായി ഇന്ത്യയിലുടനീളം ഇങ്ങിനെ ക്ഷേത്രങ്ങളെ പൊതുസ്വത്തിന്റെ കൂടി കേന്ദ്രമായി ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ അവ ജനാധിപത്യ ഇന്ത്യയുടെ പൊതു മൂലധനമാക്കി മാറ്റിയിട്ടില്ല.

2017ൽ ഗുരുവായൂരിലെ പാർത്ഥസാരഥി ക്ഷേത്രം മലബാർ ദേവസ്വം ബോർഡ് ഏറ്റെടുത്തതിനെ കേരളത്തിലെ ക്ഷേത്രങ്ങളെല്ലാം ഇടതുപക്ഷ സർക്കാർ പിടിച്ചെടുക്കാൻ ഒരുങ്ങുന്നുവെന്ന വിധത്തിൽ വലിയ പ്രതിഷേധം സംഘപരിവാർ ഉയർത്തികൊണ്ടുവന്നിരുന്നു. ക്ഷേത്രം ഏറ്റെടുത്തത് സർക്കാരല്ലെന്നും ക്ഷേത്രപരിപാലന ചുമതലയുള്ള മലബാർ ദേവസ്വം ബോർഡാണ്. ബോർഡ് ക്ഷേത്രം ഏറ്റെടുത്തതാകട്ടെ കോടതി വിധിയുടെ അടിസ്ഥാനത്തിലുമാണ്. ക്ഷേത്രഭരണവുമായി ഭരണവുമായി ബന്ധപ്പെട്ട് ഗുരുതരമായ അഴിമതി ആരോപണങ്ങൾ ഉയർന്നപ്പോഴാണ് കോടതി ഇടപെട്ട് ക്ഷേത്രം ഏറ്റെടുക്കാൻ അന്ന് ദേവസ്വം ബോർഡിനോട് ആവശ്യപ്പെട്ടത്.

പത്മനാഭസ്വാമി കേസിൽ സംഭവിച്ചത്

പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ കേസിലും, ക്ഷേത്രം പിടിച്ചെടുക്കാൻ സർക്കാർ ശ്രമിച്ചിട്ടില്ല. രാജകുടുംബത്തിന് ക്ഷേത്രത്തിൽ അവകാശമില്ല എന്ന കേരള ഹൈക്കോടതി വിധിക്കെതിരെ സമർപ്പിച്ച അപ്പീലിലാണ് ജസ്റ്റിസ് ഇന്ദുമൽഹോത്രയും, യുയു ലളിതും, രാജകുടുംബത്തിന് അവകാശമുണ്ട് എന്ന് ഉത്തരവ് പുറപ്പെടുവിച്ചത്. തിരുവിതാംകുർ നാട്ടുരാജ്യം, ഇന്ത്യാ ഗവൺമെന്റിൽ ലയിക്കുന്നതിന്റെ ഭാഗമായി ഉണ്ടാക്കിയ കരാറിൽ, പത്മനാഭസ്വാമി ക്ഷേത്ര ഭരണം, തിരുവിതാംകൂർ ഭരണാധികാരിക്ക് നൽകണം എന്ന് വ്യവസ്ഥയുണ്ടായിരുന്നു. രാജഭരണം അവസാനിച്ചതോടെ, തിരുവിതാം കൂർ ഭരണാധികാരി എന്നത് കേരള സർക്കാർ ആയി. ഇതാണ് ഹൈക്കോടതി പറഞ്ഞത്.

എന്നാൽ ഇതിലെ ഭരണാധികാരി എന്ന പ്രയോഗം തിരുവിതാംകൂറിലെ അവസാനത്തെ ഭരണാധികാരിയെ ആണ് ഉദ്ദേശിച്ചത് എന്നായിരുന്നു രാജകുടുംബത്തിന്റെ വാദം. ഇന്ദുമൽഹോത്ര അടങ്ങുന്ന ബഞ്ച് ഇത് അംഗീകരിക്കയായിരുന്നു. അങ്ങനെ പത്മനാഭക്ഷേത്രത്തിന്റെ ഭരണപരമായ കാര്യങ്ങൾക്കായി, ജില്ലാ ജഡ്ജിയുടെ നേതൃത്വത്തിൽ അഞ്ചംഗം കമ്മറ്റിയുണ്ടാക്കി. ക്ഷേത്രത്തിന്റെ ദൈനംദിന കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ഒരു ഉപദേശക സമിതിയും ഉണ്ടാക്കി. ഈ സമിതികളിൽ സർക്കാറിന്റെയും രാജകുടുംബത്തിന്റെയും അംഗങ്ങൾ ഉണ്ടാവും. അങ്ങനെയാണ് ഇപ്പോൾ ക്ഷേത്ര ഭരണം നടക്കുന്നത്. ഈ നിർദേശങ്ങൾ കേസ് പരിഗണിക്കവെ രാജകുടുംബം മുന്നോട്ട് വെച്ചതാണ്. ഗുരുവായൂർ മോഡലിൽ പ്രത്യേക ദേവസ്വം വേണമെന്നായിരുന്നു സർക്കാറിന്റെ നിലപാട്.

ചുരുക്കിപ്പറഞ്ഞാൽ ഭരണാധികാരി എന്ന വാക്കിന്റെ അർഥം വ്യാഖ്യാനിച്ച് മാത്രമാണ് ക്ഷേത്രത്തിൽ രാജകടുംബത്തിന് അവകാശം ഉണ്ടായത്. എന്നാൽ ശബരിമല വിധി പോലെ ഇത് ദുർവാഖ്യാനം ചെയ്യേണ്ട അവസ്ഥ ഉണ്ടാകരുത് എന്ന് കരുതിയായിരിക്കണം, കേരളസർക്കാർ ഈ വിധിയിൽ അപ്പീൽ പോലും പോയിട്ടില്ല. ഇതല്ലാതെ ക്ഷേത്രം പിടിച്ചെടുക്കാനൊന്നും സർക്കാർ ശ്രമിച്ചിട്ടില്ല എന്നാണ് വാസ്തവം.