- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ള ഹർജിക്കാരിക്കും മകനുമുള്ള നഷ്ടപരിഹാരം മജിസ്‌ട്രേട്ട് കോടതി വിലയിരുത്തിയതിൽ അപാകതയില്ലെന്ന് ഹൈക്കോടതി വിലയിരുത്തിയത് നിർണ്ണായകം; മുസ്‌ളിം വനിതാ സംരക്ഷണനിയമപ്രകാരം തലാഖ് ചൊല്ലി ഒഴിവാക്കിയാലും ജീവനാംശം; ഇത് ജസ്റ്റീസ് കൗസർ എടപ്പഗത്തിന്റെ ചരിത്ര വിധി; സുഹദത്ത് പോരാട്ടം വിജയിക്കുമ്പോൾ
കൊച്ചി: കൊച്ചി മലയിടംതുരുത്ത് സ്വദേശിനിയുടേത് സമാനതകളില്ലാത്ത നിയമ പോരാട്ടം. തലാഖ് ചൊല്ലി ഒഴിവാക്കിയ സ്ത്രീയുടെ ജീവിതച്ചെലവിനായി മുൻഭർത്താവ് 31.68 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നു ഹൈക്കോടതി വിധിക്കുമ്പോൾ അത് സ്ത്രീ ശാക്തീകരണത്തിൽ പുതിയ ചുവടുവയ്‌പ്പാകുകയാണ്. ഇനി തലാഖിൽ ജീവിതം വഴിമുട്ടുന്ന സ്ത്രീകൾക്ക് പുതിയ പ്രതീക്ഷ. വിദേശത്ത് ജോലിയുള്ള ഭർത്താവിന് മാസം രണ്ട് ലക്ഷം രൂപ ശമ്പളം ഉണ്ടെന്നും അതിനനുസ്വതമായ നഷ്ടപരിഹാരം വേണമെന്നുമായിരുന്നു ഭാര്യയുടെ ആവശ്യം. ഇത് ഹൈക്കോടതിയും അംഗീകരിച്ചു.
കൊച്ചി മലയിടംതുരുത്ത് സ്വദേശിനി നൽകിയ ഹർജിയിൽ മുൻ ഭർത്താവ് കളമശേരി സ്വദേശി ഷിഹാബ് ജീവനാംശം നൽകണമെന്നാണു ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ഉത്തരവ്. സംസ്ഥാനത്ത് ഇത്തരം വ്യവഹാരങ്ങളിലെ ഉയർന്ന നഷ്ടപരിഹാര തുകയായാണ് ഇത്. കളമശേരി മജിസ്‌ട്രേട്ട് കോടതിയുടെ ഉത്തരവു ശരിവച്ചു കൊണ്ടാണു ഹൈക്കോടതി വിധി. 2008ൽ വിവാഹിതരായ യുവതിയും ഷിഹാബും 2013ലാണു വേർപിരിഞ്ഞത്. ഒരു മകൻ ഉണ്ട്.
ദോഹയിൽ രണ്ടു ലക്ഷം രൂപ മാസശമ്പളത്തിൽ ജോലി ചെയ്യുന്ന ഭർത്താവിൽ നിന്നു ഭാവി ജീവിതത്തിനായി ഒരു കോടി രൂപയും മറ്റൊരു വിവാഹം കഴിക്കുന്നതു വരെയുള്ള കാലയളവിൽ ജീവനാംശമായി 1.5 ലക്ഷം രൂപയും സ്വർണവും ആവശ്യപ്പെട്ടാണു യുവതി നിയമ പോരാട്ടത്തിന് എത്തിയത്. ഹർജിക്കാരിക്കും മകനും ജീവിക്കാൻ പ്രതിമാസം 33,000 രൂപ വേണമെന്നു വിലയിരുത്തിയ മജിസ്‌ട്രേട്ട് കോടതി, 8 വർഷത്തെ തുക കണക്കാക്കി 31.68 ലക്ഷം രൂപ ജീവനാംശം വിധിച്ചു.
ഷിഹാബ് നൽകിയ ഹർജിയിൽ എറണാകുളം അഡീ. സെഷൻസ് കോടതി ഈ ഉത്തരവു റദ്ദാക്കി ഹർജി വീണ്ടും പരിഗണിക്കാൻ മജിസ്‌ട്രേട്ട് കോടതിയിലേക്കു തിരികെ വിട്ടു. ഇതിനെതിരെയാണു യുവതി ഹൈക്കോടതിയിലെത്തിയത്. ഈ നിയമ പോരാട്ടമാണ് ഫലം കാണുന്നത്. എറണാകുളം മലയിടംതുരുത്ത് സ്വദേശിനി സുഹദത്താണ് ഈ പോരാട്ട വിജയം നേടുന്നത്. ഭർത്താവിൽനിന്ന് ഭാവി ജീവിതത്തിനായി ഒരുകോടിരൂപയും മറ്റൊരു വിവാഹം കഴിക്കുന്നതുവരെയുള്ള കാലയളവിൽ മുസ്‌ളിം വനിതാ സംരക്ഷണനിയമപ്രകാരം നഷ്ടപരിഹാരമായി 1.50ലക്ഷംരൂപയും ആവശ്യപ്പെട്ടാണ് സുഹദത്ത് കളമശേരി മജിസ്‌ട്രേട്ട് കോടതിയിൽ ഹർജി നൽകിയത്.
ഈ കേസാണ് ഹൈക്കോടതിക്ക് മുമ്പിലെത്തിയത്. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ള ഹർജിക്കാരിക്കും മകനുമുള്ള നഷ്ടപരിഹാരം മജിസ്‌ട്രേട്ട് കോടതി വിലയിരുത്തിയതിൽ അപാകതയില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. തുടർന്നാണ് മജിസ്‌ട്രേട്ട് കോടതിയുടെ ഉത്തരവ് ശരിവച്ചത്.
മറുനാടന് മലയാളി ബ്യൂറോ