- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'വിധവയായ സ്ത്രീയാണ്; ശസ്ത്രക്രിയ ചെയ്തതിന്റെ മുറിവ് തുന്നിക്കെട്ടിയിട്ടില്ല; വയർ വെട്ടിപ്പൊളന്നിരിക്കുകയാണ്; മുറിവിലൂടെ പഴുപ്പ് പുറത്തേക്ക് ഒഴുകുന്നു; ഇതിനെന്ത് ന്യായം പറയും; ഇത്തരം ഡോക്ടർമാർ അടി ചോദിച്ചു വാങ്ങുകയാണ്; തല്ലുന്നവരെ കുറ്റം പറയാനാവില്ല'; ആരോഗ്യ വകുപ്പിലെ വീഴ്ച്ചകൾ എണ്ണിപ്പറഞ്ഞ് ഗണേശ് കുമാർ സഭയിൽ
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജനറൽ സർജറി വിഭാഗത്തിലെ ഡോക്ടർമാരുടെ ഗുരുതര കൃത്യവിലോപം നിയമസഭയിൽ ഉയർത്തി കെ ബി ഗണേശ് കുമാർ എംഎൽഎ. തന്റെ നിയോജകമണ്ഡലത്തിൽ ഉൾപ്പെട്ട മുള്ളൂർനെരപ്പ് എന്ന സ്ഥലത്തെ വിധവയായ ശസ്ത്രക്രിയയിൽ ഡോക്ടർമാർ വരുത്തിയ ഗുരുതര അനാസ്ഥ തെളിവ് സഹിതം ചൂണ്ടിക്കാട്ടിയാണ് നിയമസഭയിൽ വിഷയം ഉന്നയിച്ചത്.
48 വയസ്സുള്ള സ്ത്രീയുടെ ശസ്ത്രക്രിയ നടത്തിയ ശേഷം മുറിവ് തുന്നിക്കെട്ടാതെ ഡോക്ടർമാർ അലംഭാവം കാണിച്ചെന്നും രോഗിയുടെ വയറിലെ മുറിവിൽ നിന്നും പഴുപ്പ് പുറത്തേക്ക് ഒഴുകുന്ന രീതിയിൽ ഗുരുതരാവസ്ഥയിലാണെന്നും ഗണേശ്് കുമാർ സഭയിൽ തുറന്നടിച്ചു. ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോക്ടറുടെ പേര് അടക്കം വെളിപ്പെടുത്തിയാണ് വിഷയം സഭയുടെ ശ്രദ്ധയിൽ എത്തിച്ചത്.
ഡോക്ടർമാരെ രോഗിയുടെ കൂട്ടിരിപ്പുകാർ കയ്യേറ്റം ചെയ്ത നിരവധി സംഭവങ്ങൾ അടുത്തിടെ ഉണ്ടായ സാഹചര്യത്തിലാണ് സർക്കാർ ആശുപത്രിയിലെ ഡോക്ടർമാരുടെ അലംഭാവം സഭയിൽ പങ്കുവച്ചത്. ബജറ്റിലെ ധനാഭ്യർത്ഥനകളെ സംബന്ധിച്ച ചർച്ചയിലാണ് വിഷയം ഗണേശ് കുമാർ ഉന്നയിച്ചത്.
കെ ബി ഗണേശ് കുമാർ സഭയിൽ പറഞ്ഞത്.
നമ്മുടെ നാട്ടിൽ അടുത്തിടെയായി കാണുന്ന ഒരു കാര്യമുണ്ട്. ഡോക്ടർമാരെ തല്ലുക, രോഗിയുടെ കൂട്ടിരിപ്പുകാർ. അത് ഒരു നല്ലകാര്യമാണെന്ന് പറയുകയല്ല. പക്ഷെ ചിലർക്ക് കൊള്ളേണ്ടതാണ് എന്ന് പറയേണ്ടി വരും.
എന്റെ നിയോജകമണ്ഡലത്തിലെ മുള്ളൂർനെരപ്പ് എന്ന സ്ഥലത്തുള്ള വിധവയായ ഒരു സ്ത്രീയ്ക്ക് ഉണ്ടായ അനുഭവമാണ് ഇങ്ങനെ പറയാൻ കാരണം. 48 വയസുള്ള വിധവയായ സ്ത്രീക്കാണ് സർക്കാർ ഡോക്ടർമാരിൽ നിന്നും ഈ ദുരനുഭവം നേരിട്ടത്.
ഡിസംബറിൽ പരാപ്പള്ളി മെഡിക്കൽ കോളേജിൽ ഒരു ശസ്ത്രക്രിയ ചെയ്തു. ആ സർജറി ചെയ്തതിന് ശേഷം വിദഗ്ധ ചികിത്സ വേണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്തേക്ക് അയച്ചു. 2022 ഡിസംബർ മാസം 17ാം തീയതി ഒരു സർജറി കൂടി ചെയ്തു. ആ സ്ത്രീയുടെ വയറിൽ അലമാര തുറന്നതു പോലെ, നീളത്തിൽ വലിയ മുറിവ്.. ചക്ക വെട്ടിപ്പൊളന്നു വച്ചതുപോലെയാണ് മുറിവ്. ആ മുറിവ് സ്റ്റിച്ച് ചെയ്തിട്ടില്ല. ഞാൻ ഡോക്ടറല്ല, മെഡിക്കൽ സയൻസിനെക്കുറിച്ച് എനിക്ക് കൂടുതൽ അറിവില്ല. ഇത്തരം കാര്യങ്ങൾ അറിവുള്ള ആളല്ല. പക്ഷെ ആ സ്ത്രീ സ്വന്തം നിലയ്ക്ക് അയച്ചു തന്ന ഒരു വീഡിയോ കണ്ടാൽ ഞെട്ടിപ്പോകും.
ഡോക്ടർമാരുടെ സംഘടനയ്ക്കും ഡോക്ടർമാർക്കും ഒരു ന്യായം പറയാൻ കാണും. പക്ഷെ ഇതിനെന്ത് ന്യായം പറയും. അവർ സ്വന്തം നിലയ്ക്ക് എടുത്ത് അയച്ചുതന്ന വീഡിയോ ആണിത്. ഇപ്പോഴും തുടർ ചികിത്സയ്ക്കായി കെഎസ്ആർടിസി ബസിൽ കയറി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോകുകയാണ്. എന്തിനാണ് വെട്ടിപ്പൊളിച്ച് വച്ചിരിക്കുന്നത്. ഇത് സ്റ്റിച്ച് ചെയ്തു കൂടെ. ഇതിനൊരു പരിഹാരം വേണ്ടെ
ആരോഗ്യമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നു. മന്ത്രി ആശുപത്രി സൂപ്രണ്ടിനെ വിളിച്ചു. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും വിഷയത്തിൽ ഇടപെട്ടു. സൂപ്രണ്ട് പറഞ്ഞ പ്രകാരം എന്റെ ഓഫീസിൽ നിന്നും ആളെത്തി രോഗിയെ പുനലൂർ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത് ഇവിടെ കൊണ്ടുവന്നു. അഡ്‌മിറ്റ് ചെയ്യാൻ കൊണ്ടുവന്നപ്പോൾ അവിടെ ഡോക്ടറില്ല. സൂപ്രണ്ട് അഡ്‌മിറ്റ് ചെയ്യാൻ പറഞ്ഞിട്ടും ഡോക്ടർമാർ ഈ സ്ത്രീയോട് തിരിച്ചു പൊയ്‌ക്കൊളാൻ പറഞ്ഞു.
സർജറിയുടെ ചുമതല വഹിച്ച ഡോക്ടറുടെ പേര് ആർ സി ശ്രീകുമാർ എന്നാണ്. അദ്ദേഹം ജനറൽ സർജറി വിഭാഗത്തിന്റെ തലവനാണ്. ആ പേര് ഞാൻ വെളിപ്പെടുത്തിയതിന്റെ പേരിൽ ഡോക്ടർമാരുടെ ഏത് സംഘടന പ്രസ്താവന ഇറക്കിയാലും എനിക്ക് ഒന്നുമില്ല. അവർ എന്നെ ഒന്നും ചെയ്യാൻ പോകുന്നില്ല.
സർജറി കഴിഞ്ഞ ശേഷം മുറിവ് തുന്നിക്കെട്ടാതെ, സുഖപ്പെടാതെ എന്തിന് ആ സ്ത്രീയെ തിരിച്ചയച്ചു? വിധവയായ ഒരു സ്ത്രീയാണ്. ഇവിടെ സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടി പ്രസംഗിക്കും. പക്ഷെ ഇതാണ് അനുഭവം.
സൂപ്രണ്ട് പറഞ്ഞതിനാൽ അഡ്‌മിറ്റ് ചെയ്യേണ്ടി വരും എന്നതിനാൽ ഈ ഡോക്ടർ വീണ്ടും മുങ്ങിയതാണ്. ഈ സ്ത്രീ ശ്രീകുമാർ ഡോക്ടറെ വീട്ടിൽ പോയി കണ്ടിട്ടുണ്ട്. ആ സ്ത്രീയുടെ വയർ ഇപ്പോഴും തുറന്ന അവസ്ഥയിലാണ്. മുറിവിലൂടെ പഴുപ്പ് പുറത്തേക്ക് ഒഴുകുന്നു.
ഒടുവിൽ വീണ്ടും ഒരു സർജറിക്ക് സൂപ്രണ്ട് ഏർപ്പാട് ചെയ്തു. പക്ഷെ ആ സ്ത്രീ പേടിച്ച് ജീവനുംകൊണ്ട് വീട്ടിലേക്ക് മടങ്ങി. ബഹുമാനപ്പെട്ട മന്ത്രി അറിയണം. ഇത്തരം ഡോക്ടർമാരെ രോഗിയുടെ കൂട്ടിരിപ്പുകാർ ഇടിക്കുന്നുണ്ടെങ്കിൽ അതിൽ തെറ്റു പറയാനാവില്ല. അവർ അടി ചോദിച്ചു വാങ്ങിക്കുന്നതാണ്. അവരെ കുറ്റം പറയാനാവില്ല.
അതുപോലെ ശസ്ത്രക്രിയയ്ക്ക് ശേഷം കത്രിക കണ്ടില്ലെന്ന സംഭവം. മൂന്ന് ശസ്ത്രക്രിയ നടത്തിയതും സർക്കാർ ആശുപത്രിയാണ്. രണ്ടെണ്ണം താലൂക്ക് ആശുപത്രിയും ഒരെണ്ണം മെഡിക്കൽ കോളേജും. കത്രിക എന്തായാലും സർക്കാരിന്റേതാണ്. ഈ സംഭവത്തിലെ കുറ്റക്കാരനെ കണ്ടു പിടിക്കാൻ കഴിഞ്ഞിട്ടില്ല.
അവയവ ദാന ശസ്ത്രക്രിയ. ഇതിനായി സർക്കാരിന്റെ തന്നെ പദ്ധതിയുണ്ട്. മൃതസഞ്ചീവനിയിൽ രജിസ്റ്റർ ചെയ്തവർ കാത്തിരിക്കുകയാണ്. നിയമത്തിന്റെ ഊരാക്കുടുക്കിൽ പൊലിയുന്നത് ഒട്ടേറെ ജീവനുകളാണ്. മന്ത്രി വിഷയത്തിൽ ഗൗരവമായി ഇടപെടണം. ഡോക്ടർമാർ രോഗികളോട് മര്യാദയോടെ പെരുമാറുന്ന സാഹചര്യം ഉണ്ടാകണം.
മറുനാടന് മലയാളി ബ്യൂറോ