- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസികൾ കൈയിലുള്ള പണം ബാങ്കിലിട്ടോ, പക്ഷേ കേരളത്തിൽ ബിസിനസ് തുടങ്ങരുത്; നിങ്ങൾ ഇപ്പോൾ നിൽക്കുന്നത് പൊന്മുട്ടയിടുന്ന താറാവുള്ള സ്ഥലത്താണ്, നാട്ടിലെത്തിയാൽ ചവിട്ടു കിട്ടുന്ന താറാവാകും; പ്രവാസി മലയാളികൾക്ക് ഉപദേശവുമായി കെ ബി ഗണേശ് കുമാർ; കേരളം വ്യവസായ സൗഹൃദമെന്ന് സർക്കാർ കൊട്ടിദ്‌ഘോഷിക്കുമ്പോൾ സത്യകഥ പറഞ്ഞ് ഇടതു എംഎൽഎ
റിയാദ്: പിണറായി സർക്കാറിന്റെ കീഴിൽ കേരളം വളരെ വ്യവസായ സൗഹൃദമാണെന്നാണ് ഇടതുകേന്ദ്രങ്ങളുടെ പ്രചരണം. ഈ പ്രചരണം തുടരുമ്പോഴും കേരളത്തിൽ വ്യവസായം തുടങ്ങി വെട്ടിലായ പ്രവാസികളുടെ എണ്ണം വളരെ കൂടുതലാണ്. ആന്തൂർ സാജനെ പോലുള്ളവർക്ക് ആത്മഹത്യ ചെയ്യേണ്ട അവസ്ഥ പോലും ഉണ്ടായെന്നതാണ് വാസ്തവം. ഇതിനിടെയാണ് വൻ പ്രചരണം ഇവിടെ എല്ലാം ഒകെയാണെന്ന വിധത്തിൽ സർക്കാർ കേന്ദ്രങ്ങൾ അഴിച്ചു വിടുന്നതും. ഇതിനിടെയിലും കേരളത്തിലെ ദുരവസ്ഥ തുറന്നു പറഞ്ഞിരിക്കുന്നത് ഒരു ഇടതു എംഎൽഎയാണ്.
കേരളത്തിൽ തൽക്കാലം ആരും ബിസിനസോ സംരഭങ്ങളോ തുടങ്ങരുതന്നും ഉള്ള പണം ബാങ്കുകളിൽ നിക്ഷേപിക്കലാണ് ബുദ്ധിയെന്നും ഇടതുപക്ഷ എംഎൽഎയും സിനിമ നടനുമായ കെ.ബി ഗണേശ് കുമാർ വ്യക്തമാക്കി. റിയാദിൽ കൊട്ടാരക്കര പ്രവാസി അസോസിയേഷന്റെ മൂന്നാം വാർഷിക പരിപാടിയിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസികൾ ഇപ്പോൾ നിൽക്കുന്നത് പൊന്മുട്ടയിടുന്ന താറാവുള്ള സ്ഥലത്താണെന്നും എന്നാൽ നാട്ടിലെത്തിയാൽ ചവിട്ടു കിട്ടുന്ന താറാവാകുമെന്നും കെ.ബി ഗണേശ് കുമാർ എംഎൽഎ. തൽക്കാലത്തേക്ക് ആരും കേരളത്തിൽ വ്യവസായമോ വ്യാപാരമോ നടത്താൻ ഒരുങ്ങരുതെന്നും അതിനേക്കാൾ നല്ലത് ആ പണം ബാങ്കിൽ നിക്ഷേപിക്കുന്നതാണെന്നും ഗണേശ് കുമാർ മുന്നറിയിപ്പ് നൽകി.
പ്രവാസ ജീവിതം കൊണ്ട് ഉണ്ടാകുന്ന പണം നാട്ടിൽ വന്ന് നിക്ഷേപിച്ചാൽ എന്താകും എന്ന കാര്യം നിങ്ങളോർക്കണം. നിങ്ങൾക്കിപ്പോ ഇവിടെ നല്ല ജോല്ലിയുണ്ട്, ബിസിനസുണ്ട്. അപ്പോൾ അതാണ് നല്ലത്. നമ്മുടെ നാട് ബിസിനസ് സൗഹൃദമായിട്ടില്ലെന്നും ഗണേശ് കുമാർ തുറന്നടിച്ചു. കേരളം വ്യവസായ സൗഹൃദ സംസ്ഥാനമാണ് എന്ന് സംസ്ഥാന സർക്കാരും ഇടതുമുന്നണിയും പ്രചരണം നടത്തുമ്പോൾ ആണ് അതിനെ തള്ളിയുള്ള ഗണേശ് കുമാറിന്റെ വാക്കുകൾ.
രണ്ടാം പിണറായി സർക്കാർ രണ്ടരവർഷം പൂർത്തിയാക്കിയാൽ ഗണേശിനെ മന്ത്രിയായി പരിഗണിക്കാമെന്നായിരുന്നു നേരത്തെയുള്ള ധാരണ. എന്നാൽ മന്ത്രിസ്ഥാനം കിട്ടുമെന്ന് കരുതി സത്യം പറയാതിരിക്കാനാവില്ല എന്ന് ഗണേശ് നേരത്തെ പറഞ്ഞിരുന്നു. കുറച്ചുകാലം മുൻപ് കിഫ്ബിയെ നിയമസഭയിൽ വിമർശിച്ച ഗണേശ് സമീപകാലത്തുണ്ടായ പല വിവാദങ്ങളിലും സർക്കാരിനൊപ്പമല്ല നിന്നത്. ഏതാനും ദിവസം മുമ്പ് ആരോഗ്യവകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി കെ.ബി. ഗണേശ് കുമാർ രംഗത്തുവന്നിരുന്നു.
ആരോഗ്യമന്ത്രി റിപ്പോർട്ട് തേടുകയല്ല, കൃത്യമായ നിയമനിർമ്മാണം നടത്താനുള്ള നടപടികൾ കൈക്കൊള്ളുകയാണ് വേണ്ടതെന്നാണ് അദ്ദേഹം വിമർശിച്ചത്. ആരോഗ്യവകുപ്പിൽ അന്വേഷണം പ്രഖ്യാപിക്കലും റിപ്പോർട്ട് തേടലുമല്ലാതെ മറ്റൊന്നും നടക്കുന്നില്ലെന്ന് ഗണേശ് കുമാർ കുറ്റപ്പെടുത്തി. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ വനിതാ ഡോക്ടർ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് എംഎൽഎയുടെ പ്രതികരണം.
അടുത്തിടെ എഐ ക്യാമറാ സംവിധാനത്തെയും തുറന്നെതിർത്തു കൊണ്ട് ഗണേശ്കുമാർ രംഗത്തു വന്നിരുന്നു. ജനകീയമല്ല ഈ തീരുമാനമെന്നതു കൊണ്ടാണ് ഗണേശ് കുമാർ വിമർശനം ഉന്നിയിച്ചത്. ഇപ്പോൾ വീണ്ടും തുറന്നു പറഞ്ഞ് രംഗത്തുവന്നിരിക്കയാണ് ഗണേശ്. പൊതുജനം കഴുതയല്ലെന്ന് മനസിലാക്കാൻ രാഷ്ട്രീയ പാർട്ടികൾക്ക് കഴിയണമെന്ന് കെ ബി ഗണേശ് കുമാർ എം എൽ എ തുറന്നടിക്കുകയുണ്ടായി.
'സ്‌കൂട്ടറിൽ കുഞ്ഞുങ്ങളെ ഇരുത്തിക്കൊണ്ടുപോകുന്നതിന് ഫൈൻ ഈടാക്കുന്നതിന് എതിര് പറഞ്ഞ കേരളത്തിലെ ഒരേയൊരു രാഷ്ട്രീയക്കാരൻ ഞാൻ മാത്രമേയുള്ളൂ. മുഖ്യമന്ത്രിക്കിത് കേൾക്കുമ്പോൾ ദേഷ്യം വരില്ലേന്ന് അന്ന് പലരുമെന്നോട് ചോദിച്ചു. സത്യം പറയുമ്പോൾ എന്തിനാണ് ദേഷ്യം വരുന്നത്. മുഖ്യമന്ത്രി തന്നെ പറഞ്ഞു ഇക്കാര്യത്തിൽ ഇടപെടുമെന്ന്. ഞാൻ പറഞ്ഞത് ജനങ്ങളുടെ ശബ്ദമാണ്. അതാണ് മുഖ്യമന്ത്രി കേട്ടത്. പ്രശ്നം പരിഹരിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.
അനീതിക്കെതിരെ പ്രതികരിക്കുന്നവരാകണം രാഷ്ട്രീയപ്രവർത്തകർ. അത് സർക്കാരിനെ നാറ്റിക്കലല്ല. അതിനർത്ഥം ജനങ്ങൾക്ക് വേണ്ടി സംസാരിക്കുന്നുവെന്നാണ്. എന്നെ നിയമസഭയിൽ പറഞ്ഞുവിട്ടത് ജനങ്ങളാണ്. അവരുടെ കാര്യം പറയേണ്ടത് സഭയിലാണ്. അതുകൊണ്ടാണ് അവിടെ പറയുന്നത്. മിണ്ടാതിരുന്നാൽ ഇയാളെ മന്ത്രിയാക്കും. അങ്ങനെയുള്ള യാതൊരു സ്ഥാനമാനങ്ങളും ആഗ്രഹമില്ല. മിണ്ടാതിരുന്നിട്ട് ഒരു സ്ഥാനമാനവും വേണ്ട.'- ഗണേശ് കുമാർ പറഞ്ഞു.
''നിയമസഭയിൽ പോയി പേടിച്ച് കാലിനിടയിൽ കയ്യും വച്ച് പമ്മിയിരുന്നിട്ട് എഴുന്നേറ്റു വരാനാണോ എന്നെ അവിടേക്കു പറഞ്ഞുവിട്ടത്? വാഴപ്പാറയിൽ താമസിക്കുന്ന ഷീബയുടെ വയറ്റിൽനിന്ന് പഴുപ്പ് ഒഴുകിക്കൊണ്ടിരുന്നപ്പോൾ ഞാൻ അക്കാര്യം പറഞ്ഞു. മുഖ്യമന്ത്രിക്കും മന്ത്രിക്കും ദേഷ്യം വരില്ലേയെന്ന് പലരും ചോദിച്ചു. വരട്ടെ. അതിനെന്താ കുഴപ്പം?'
''ഇവിടെ നിങ്ങൾ അനൗൺസ് ചെയ്തത് എന്താണ്? പത്തനാപുരത്തിന്റെ ശബ്ദം നിയമസഭയിൽ മുഴങ്ങിക്കേൾക്കാൻ എന്നല്ലേ? ഗണേശ് കുമാർ നിയമസഭയിൽ പോയി അരികിലിരുന്ന് അലവൻസും വാങ്ങി മിണ്ടാതെ പോരട്ടെ എന്നല്ലല്ലോ പറഞ്ഞത്. ഗണേശ് കുമാറിന് നിയമസഭയിൽ പോകാനും അവിടെ പോയി മിണ്ടാതിരിക്കാനും വോട്ടു ചെയ്യാം എന്നും ആരും പറയുന്നില്ല. ഇവിടുത്തെ ആൾക്കാരുടെ കാര്യം പറയാനാണ് എന്നെ പറഞ്ഞുവിട്ടത്. അത് പറയുക തന്നെ വേണം. അതിന് ആരും പിണങ്ങേണ്ട കാര്യമില്ല. അന്ന് അതു പറഞ്ഞതുകൊണ്ട് ആ സഹോദരി സുഖം പ്രാപിച്ചു.' ഗണേശ് കുമാർ വിശദീകരിച്ചു.
നേത്തെ ദമ്പതികൾ കുഞ്ഞുമായി യാത്ര ചെയ്താൽ ഫൈൻ ഈടാക്കുന്നത് ദ്രോഹമാണെന്നാണ് ഗണേശ് കുമാർ പറഞ്ഞത്. എല്ലാവർക്കും കാർ വാങ്ങാനുള്ള കഴിവില്ല. പിഴ നടപ്പിലാക്കുന്നവർക്ക് അതിന് കഴിവുണ്ടാകും. കുഞ്ഞുങ്ങളെ ട്രോളുകളിൽ കാണും പോലെ ചാക്കിൽ കെട്ടി കൊണ്ടുപോകാൻ ആകില്ലെന്നും ഗണേശ് പറഞ്ഞിരുന്നു. നിയമങ്ങൾ മനുഷ്യന് വേണ്ടിയാണ്. കുഞ്ഞുങ്ങൾ ഹെൽമെറ്റ് വെക്കട്ടെയെന്നും ഗണേശ് കുമാർ പറഞ്ഞു. മെബൈൽ ഫോൺ ഉപയോഗിക്കുന്നവർക്കെതിരെ പിഴ ചുമത്തട്ടെ. കുഞ്ഞിനെ നെഞ്ചോട് ചേർത്ത് പോകുന്ന സാധാരണക്കാരെ ഉപദ്രവിക്കരുത്. പൊതുഗതാഗതം തകരുകയാണ്. സാധാരണക്കാരാണിപ്പോൾ സ്‌കൂട്ടർ ഉപയോഗിക്കുന്നത്. എ.ഐ കാമറയുടെ കാര്യത്തിൽ എന്റെ നിലപാട് എവിടെയും പറയുമെന്നും ഗണേശ് കുമാർ പറഞ്ഞിരുന്നു.
ഇത് കൂടാതെ മന്ത്രിമാരുടെയും വകുപ്പുകളുടെയും പ്രവർത്തനം പോരായെന്ന് ഇടതുമുന്നണി നിയമസഭാ കക്ഷിയോഗത്തിലും ഗണേശ് തുറന്നടിച്ചിരുന്നു. പിന്നാലെ തന്റെ നിലപാട് പൊതുവായും അദ്ദേഹം പറയുകയുണ്ടായി. മുന്നണിയിൽ ആരോഗ്യപരമായ കൂടിയാലോചനകളില്ലെന്നും വികസനരേഖയിൽ ചർച്ചയുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. പങ്കെടുക്കുന്നവരുടെ തിരക്കാകാം കാരണമെന്നും ഗണേശ് കേരള കോൺഗ്രസ് ബി സംസ്ഥാന കമ്മിറ്റി യോഗത്തിൽ പറഞ്ഞു.
'എനിക്ക് മന്ത്രിസ്ഥാനമോ മറ്റ് പദവികളോ ലഭിക്കുമെന്ന് കരുതി കൂടെയുള്ള പാർട്ടി നേതാക്കളെയോ ജനങ്ങളെയോ വഞ്ചിച്ചുകൊണ്ട് ഒരിക്കലും ഞാൻ പ്രവർത്തിക്കില്ല. എനിക്ക് ഒരു സ്ഥാനവും വേണ്ട.' ഗണേശ് പറഞ്ഞു. കഴിഞ്ഞ ബജറ്റിൽ പറഞ്ഞ പല കാര്യങ്ങളും നടപ്പിലാക്കാത്തതിലാണ് ഗണേശ് അതൃപ്തി പ്രകടിപ്പിച്ചത്. റോഡുകളുടെ അറ്റകുറ്റപ്പണികൾ തീരാത്തതിനാൽ മണ്ഡലങ്ങളിൽ എംഎൽഎമാർക്ക് പോകാൻ സാധിക്കാത്ത സാഹചര്യമാണ്. വികസനരേഖയിൽ ചർച്ചയുണ്ടായില്ല, അഭിപ്രായം മാത്രമാണ് തേടിയത്. ഇക്കാര്യങ്ങൾ തുറന്നുപറയാൻ ഒരു മടിയുമില്ല. പത്തനാപുരത്തെ ജനങ്ങൾ വോട്ട് ചെയ്യുന്നതുകൊണ്ടാണ് താൻ നിയമസഭയിലേക്ക് വരുന്നത്. അവിടെ എൽഡിഎഫിനും യുഡിഎഫിനും വേണ്ടി മത്സരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടിയാലോചനകൾ ഇല്ലെന്ന് തുറന്നുപറയാൻ മടിയില്ലെന്നും ഗണേശ് കുമാർ പറഞ്ഞു.
മറുനാടന്‍ മലയാളി ബ്യൂറോ