തിരുവനന്തപുരം: പുതിയ കെട്ടിടം പണിയാൻ ചെലവാക്കുന്നതിനേക്കൾ തുക പുതുക്കലിന് ചെലവാക്കുന്ന പിണറായി സർക്കാർ. 42 ലക്ഷം രൂപയ്ക്ക് ആറു പശുക്കൾക്കായി 800 സ്‌ക്വയർഫീറ്റ് തൊഴുത്തിന് ചെലവഴിച്ച സർക്കാർ മറ്റൊരു വിവാദത്തിൽ പെടുകയാണ്. വാടകക്കെട്ടിടത്തിൽ ആസ്ഥാനമന്ദിരമൊരുക്കാൻ കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്‌ക്) ചെലവിടുന്നത് 3.69 കോടി രൂപ. വഴുതക്കാട് സർക്കാർ വനിതാ കോളേജ് റോഡിലെ ഇന്ത്യ ഹൈറ്റ്‌സ് എന്ന അഞ്ചുനില കെട്ടിടം 2021 ഏപ്രിലാണ് വാടകയ്ക്ക് എടുത്തത്. അവിടെയാണ് ഈ ധൂർത്ത്.

തിരുവനന്തപുരത്തെ പ്രമുഖ ചാർട്ടേഡ് അക്കൗണ്ടിൽ നിന്ന് വാടകയ്ക്ക് എടുത്തതാണ് ഈ കെട്ടിടം. അസാപ്പിന്റെ ഓഫീസും ഈ കെട്ടിടത്തിലുണ്ട്. വഴുതക്കാട് നിന്ന് ബേക്കറിയിലേക്ക് ഇറങ്ങുമ്പോൾ ഇടതു വശത്തുള്ള കെട്ടിടത്തിലാണ് കെ ഡിസ്‌കിന്റെ ധൂർത്ത്. എന്തും ആർക്കും എങ്ങനേയും ചെയ്യാമെന്നതിന് തെളിവാണ് ഇത്. അതിനിടെ ഈ കെട്ടിടത്തിന് ഗ്രീൻ ബിൽഡിങ് പുരസ്‌കാരം കിട്ടിയെന്ന സൂചനകളും പുറത്തു വരുന്നു. കെട്ടിടം പണിയുന്നതിൽ അധികം തുക ചെലവാക്കിയാണ് ഇതെല്ലാമെന്നതാണ് ശ്രദ്ധേയം. ഏതായാലും പണി ചെയ്ത കരാറുകാരൻ കോളടിക്കുന്ന തരത്തിലാണ് കാര്യങ്ങളെല്ലാം. ഖജനാവ് കാലിയായി കിടക്കുന്ന കേരളത്തിലാണ് ഇതെല്ലാം സംഭവിക്കുന്നത്.

അഞ്ചുനില കെട്ടിടത്തിന്റെ മുകളിൽനിന്ന് വെള്ളം താഴേക്ക് ഒഴുകിയിറങ്ങുന്ന ജലയവനികയും (വാട്ടർ കർട്ടൻ) ശീതീകരണ സംവിധാനവും ഒരുക്കുന്നതിനും അകത്തളങ്ങൾ മോടിപിടിപ്പിക്കുന്നതിനുമാണിത്. മാസം 4.72 ലക്ഷം രൂപ വാടകനൽകേണ്ട കെട്ടിടം ഏഴുവർഷത്തേക്കാണ് എടുത്തത്. സ്വകാര്യകെട്ടിടം കോടികൾനൽകി മോടിപിടിപ്പിക്കാൻ വ്യവസ്ഥകളില്ല. സർക്കാർ ആവശ്യങ്ങൾക്ക് വാടകയ്‌ക്കെടുക്കുന്നതിനുള്ള പൊതുമരാമത്തുവകുപ്പിന്റെ മാനദണ്ഡങ്ങളും ഇതിനെതിരാണ്. സർക്കാർനിരക്കിൽ കെട്ടിടങ്ങൾ കിട്ടാത്തതിനാൽ ഇത്തരം സാഹചര്യങ്ങളിൽ പൊതുമരാമത്തുവകുപ്പ് ഉദ്യോഗസ്ഥർ കെട്ടിടം പരിശോധിച്ച് വാടക നിശ്ചയിച്ച് നൽകാറുണ്ട്. ഈ കെട്ടിടങ്ങളിൽ നിരക്ക് കുറഞ്ഞതും ഇളക്കിമാറ്റാവുന്നതുമായ സാമഗ്രികൾ ഉപയോഗിച്ച് അടിസ്ഥാന സൗകര്യമൊരുക്കുകയാണ് പതിവ്.

എക്സ്ട്രാ ലോ വോൾട്ടേജ് സിസ്റ്റം ഒരുക്കാൻ 1.25 കോടി രൂപയും ശീതീകരണ അനുബന്ധ സംവിധാനങ്ങൾക്കായി 36.83 ലക്ഷവും മുടക്കി. അകത്തളം മോടിപിടിപ്പിക്കാൻ 74.19 ലക്ഷവും സിവിൽ ജോലികൾക്കായി 49.14 ലക്ഷവുമാണ് വകയിരുത്തിയത്. 25.25 ലക്ഷത്തിന്റെ ഫർണിച്ചറും 28.59 ലക്ഷത്തിന്റെ ഇലക്ട്രിക്കൽ ജോലികളും വാടകക്കെട്ടിടത്തിൽ ചെയ്തിട്ടുണ്ട്. സ്വകാര്യകമ്പനിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന് വാടകക്കരാർ എഴുതുന്നതിനുമുമ്പേ അഡ്വാൻസായി അഞ്ചുലക്ഷംരൂപ നൽകി. പിന്നീട് അഞ്ചുലക്ഷംരൂപകൂടി നൽകി. വാടകക്കരാറിന് സർക്കാർ അനുമതിനേടിയിരുന്നെങ്കിലും കെട്ടിട നവീകരണത്തിനുള്ള തീരുമാനത്തിൽ പൊതുമരാമത്തുവകുപ്പിന്റെ അഭിപ്രായം തേടിയിരുന്നില്ല.

വാടക കാലയളവിനുശേഷം കെട്ടിടം പഴയപടി കൈമാറണമെന്നാണ് കരാറിലെ പ്രധാനവ്യവസ്ഥ. ഒഴിയേണ്ടിവരുമ്പോൾ ജലയവനിക ഉൾപ്പെടെ ഇളക്കി മാറ്റേണ്ടിവരും. ഇന്റീരിയർ സാമഗ്രികൾ ഉൾപ്പെടെ പുനരുപയോഗിക്കാൻ കഴിയുമെന്നാണ് കെ-ഡിസ്‌കിന്റെ വാദം. ഇത്രയും മോടിപിടിപ്പിച്ച കെട്ടിടം വാടകയ്ക്ക് എടുക്കുന്നതുമായി താരതമ്യപ്പെടുത്തുമ്പോൾ ചെലവ് ലാഭകരമാണെും സംസ്ഥാനത്തെ ആദ്യത്തെ ഗ്രീൻ ബിൽഡിങ്ങാണെന്നും കെ-ഡിസ്‌ക് അധികൃതർ അവകാശപ്പെടുന്നു.