കൊച്ചി: ഏത സർക്കാർ അധികാരത്തിൽ വന്നാലും രക്ഷപെടാത്ത കെസ്ആർടിസി കുത്തുപാളയെടുത്തത് പിണറായി സർക്കാരിന്റെ കാലത്താണ്. കോർപറേഷനിലെ ശമ്പള വിതരണം അടക്കം മുടങ്ങുന്നത് പതിവു പരിപാടിയായി മാറി. എല്ലാക്കാലവും കോടികൾ നഷ്ടമുണ്ടാക്കുന്ന പൊതുമേഖലാ സ്ഥാപനമാണിത്. ഇതിന് പിന്നാലെയാണ് കെഎസ്ആർടിസിയെയും വെല്ലുന്ന വെള്ളാനയെ പിണറായി സർക്കാർ ഉണ്ടാക്കിയിരിക്കുന്നത്. ഏറെ കൊട്ടിദ്‌ഘോഷിച്ചു നടപ്പിലാക്കിയ കെ ഫോൺ പദ്ധതിയാണ് വൻ ബാധ്യത സർക്കാറിന് വരുത്തിയത്. ഇന്റർനെറ്റ് പ്രൊവൈഡറായി സംസ്ഥാന സർക്കാർ തന്നെ മാറിയ പദ്ധതിയാണ് കെ ഫോൺ. പദ്ധതി തുടങ്ങാൻ വൈകിയത് തന്നെ ഏറെ വിവാദമായിരുന്നു. എല്ലായിടങ്ങളിലും ഇന്റർനെറ്റ് കണക്ഷൻ നൽകുമെന്നതും സ്വപ്‌നം മാത്രമായി മാറി.

ഇപ്പോഴത്തെ നിലയിൽ കെ-ഫോൺ കോടികളുടെ സാമ്പത്തിക കുരുക്കിലേക്കാണ് നീങ്ങുന്നത്. കിഫ്ബിയിൽനിന്ന് 1059 കോടി രൂപ വായ്പയെടുത്ത് തുടങ്ങിയ കെ-ഫോൺ ഒക്ടോബർമുതൽ കിഫ്ബിയിലേക്ക് 100 കോടി രൂപവീതം തിരച്ചടയ്ക്കണം. തുടർച്ചയായി 13 വർഷവും ഇത്രയും തുക തിരിച്ചടയ്ക്കണം. ഇതിനുള്ള വരുമാന മാർഗ്ഗങ്ങൾ കെ ഫോണിന് ഇല്ലെന്നതാണ് വസ്തുത.

നിലവിൽ 30,000 ഇന്റർനെറ്റ് കണക്ഷൻ മാത്രമാണ് കെ-ഫോണിന് നൽകാനായത്. ഇതിൽ അയ്യായിരം എണ്ണം ബി.പി.എൽ. കണക്ഷനാണ്. ബാക്കി 20,000 സർക്കാർ ഓഫീസുകളിലും അയ്യായിരം വാണിജ്യ കേന്ദ്രങ്ങളിലുമാണ്. പ്രതിമാസം ശരാശരി 600 രൂപവീതം ലഭിക്കുന്ന ഒന്നരലക്ഷം കണക്ഷനുകളെങ്കിലും ഉണ്ടെങ്കിലേ തിരിച്ചടവിനുള്ള നൂറുകോടി രൂപ ലഭിക്കൂ. എന്നാൽ, ഇതിന് കെ ഫോണിന് സാധിച്ചിട്ടില്ല. തുടക്കം മുതൽ അഴിമതി ആരോപണങ്ങൾ ഉയർന്നിരുന്ന പദ്ധതിയാണ് കെ ഫോൺ. ഇതാണ് ഇപ്പോൾ വൻ ബാധ്യതയായി മാറുന്നത.

സംസ്ഥാനത്ത് അതിവേഗ ഇന്റർനെറ്റ് സേവനത്തിനായി ഒപ്റ്റിക്കൽ ഫൈബർ ശൃംഖല സ്ഥാപിക്കാനുള്ള സംരംഭമാണ് കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക് (കെ-ഫോൺ) ലിമിറ്റഡ്. കേരള സ്റ്റേറ്റ് ഐ.ടി. ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെയും (കെ.എസ്‌ഐ.ടി.ഐ.എൽ.), കെ.എസ്.ഇ.ബി.യുടെയും സംയുക്തസംരംഭമാണിത്. ഇരുകൂട്ടർക്കും 49 ശതമാനം ഓഹരി. രണ്ടുശതമാനം സംസ്ഥാനസർക്കാരിനും.

സംയുക്തസംരംഭത്തിന്റെ ആകെ മുതൽമുടക്ക് 1514 കോടി രൂപയായിരുന്നു. ഇതിന്റെ 70 ശതമാനമായ 1059 കോടി രൂപയാണ് കിഫ്ബിയിൽനിന്നു വായ്പയായി ലഭിച്ചത്. വ്യവസ്ഥപ്രകാരം 2024 ഒക്ടോബർമുതൽ 13 വർഷത്തേക്ക് പ്രതിവർഷം 100 കോടി രൂപവീതം കിഫ്ബിക്ക് തിരച്ചടയ്ക്കണം. തിരിച്ചടവ് 2025 ഏപ്രിൽമുതൽ ആക്കണമെന്ന് കെ-ഫോൺ അപേക്ഷ നൽകിയിട്ടുണ്ട്. ഇത് അംഗീകരിക്കാനാണ് സാധ്യത. എന്നിരുന്നാലും അടുത്തവർഷംമുതൽ ഈ തുക തിരിച്ചടച്ചേ മതിയാകൂ. സർക്കാർ വിഹിതമായി നൽകേണ്ട 500 കോടിയിൽ 128 കോടിരൂപ മാത്രമാണ് നൽകിയിരിക്കുന്നത്.

കെ-ഫോണിനായി 37,000 കിലോമീറ്റർ ഒപ്റ്റിക്കൽ ഫൈബർ ശൃംഖല സ്ഥാപിക്കലായിരുന്നു ലക്ഷ്യം. ഇതുവരെ വൈദ്യുതിപ്പോസ്റ്റുകളിലൂടെ 25,000 കിലോമീറ്റർ കേബിൾ വലിച്ചിട്ടുണ്ട്. കെ.എസ്.ഇ.ബി.യുടെ കണക്കനുസരിച്ച് സംസ്ഥാനത്ത് ഒരു ലക്ഷത്തോളം സർക്കാർ ഓഫീസുകളുണ്ട്. എന്നാൽ, ഇതിൽ 30,438 ഓഫീസുകൾ മാത്രമാണ് കെ-ഫോൺ ഇന്റർനെറ്റിനായി അപേക്ഷിച്ചിട്ടുള്ളത്. അതിൽ 20,000 ഓഫീസുകൾക്ക് കണക്ഷൻ നൽകി.

സർക്കാർ ഓഫീസുകളിൽനിന്ന് പ്രതിമാസം രണ്ടായിരം രൂപവീതം ശരാശരി ലഭിക്കുമെന്നാണ് കെ-ഫോൺ അധികൃതർ കരുതുന്നത്. എന്നിരുന്നാലും തിരിച്ചടവിനുള്ള തുക ലഭിക്കില്ല. അതിനിടെ കെ ഫോൺ പദ്ധതിയുടെ പ്രഖ്യാപിത ലക്ഷ്യമായ സൗജന്യ ബിപിഎൽ കണക്ഷൻ നൽകുന്നതിൽ സർക്കാരിനു തിരിച്ചടിയായി കരാർ കമ്പനി പിന്മാറിയിരുന്നു.

കണക്ഷൻ നൽകാൻ ബാക്കിയുള്ളത് ഏതെല്ലാം വീടുകളിലാണെന്ന വിവരം കെ ഫോണിനു ലഭ്യമല്ല. ഈ വീടുകളുടെ പട്ടിക കൈമാറണമെന്നു കമ്പനിയോടു കെ ഫോൺ ആവശ്യപ്പെട്ടു. വൈകാതെ രണ്ടരലക്ഷം ബിപിഎൽ കുടുംബങ്ങളിൽ കൂടി സൗജന്യ കണക്ഷൻ നൽകുമെന്നു പ്രഖ്യാപിച്ചിരിക്കെയാണ്, പദ്ധതിയുടെ തുടക്കത്തിൽ പ്രഖ്യാപിച്ച 14000 കണക്ഷൻ പോലും പൂർത്തീകരിക്കാനാകാത്തത്.

20 ലക്ഷം ബിപിഎൽ വീടുകളിൽ സൗജന്യ കണക്ഷൻ എന്ന വാഗ്ദാനത്തോടെയാണു സർക്കാർ കെ ഫോൺ പദ്ധതി കൊണ്ടുവന്നത്. ആദ്യഘട്ടത്തിൽ ഒരു മണ്ഡലത്തിൽ 100 വീതം 14000 കണക്ഷൻ നൽകുമെന്നു രണ്ടാം പിണറായി സർക്കാർ വാഗ്ദാനത്തിൽ ഭേദഗതി വരുത്തി. ഇതിനായി 2022 ഏപ്രിലിൽ കമ്പനിയെ തിരഞ്ഞെടുത്തു. എന്നാൽ കമ്പനിയുമായുള്ള കരാറിനുള്ള അംഗീകാരവും തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുള്ള ഗുണഭോക്തൃപട്ടികയും വൈകി.

6800 ഗുണഭോക്താക്കളുടെ വിവരങ്ങൾ കൃത്യമല്ലെന്നു കണ്ടെത്തി തിരിച്ചയച്ചു. കൃത്യത വരുത്തി പട്ടിക വീണ്ടും സമർപ്പിച്ചു. ഓരോ തദ്ദേശസ്ഥാപനത്തിലും സംശയനിവാരണത്തിനു ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥരുടെ പട്ടികയും കമ്പനിക്കു കൈമാറിയിരുന്നു. ഇതിനെല്ലാം ശേഷമാണ്, കൂടുതൽ കണക്ഷൻ നൽകാനാകില്ലെന്നും പിന്മാറുകയാണെന്നും കെഫോണിനെയും ഐടി സെക്രട്ടറിയെയും അറിയിച്ചിരിക്കുന്നത്. സ്വന്തം നിലയ്ക്ക്, പ്രാദേശിക കേബിൾ ഓപ്പറേറ്റർമാരെ ഉപയോഗിച്ച് അഞ്ചു മാസത്തിനകം 14,000 കണക്ഷൻ പൂർത്തീകരിക്കുമെന്നു കെഫോൺ എംഡി ഡോ. സന്തോഷ് ബാബു ഫറയുന്നത്. 14000 ബിപിഎൽ വീടുകളിൽ കണക്ഷൻ നൽകിയശേഷം പദ്ധതിയുടെ ഉദ്ഘാടനം നടത്താനാണു സർക്കാർ തീരുമാനിച്ചിരുന്നതെങ്കിലും കഴിഞ്ഞ ജൂണിൽ മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കുമ്പോൾ 1000 വീടുകളിൽ മാത്രമായിരുന്നു കണക്ഷൻ.