- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
തനിക്ക് വേണ്ടി കുടുംബം ബുദ്ധിമുട്ടരുതെന്ന് ജോർജിന് നിർബന്ധമുണ്ടായിരുന്നു; അദ്ദേഹത്തിന്റെ ആവശ്യപ്രകാരമാണ് സിഗ്‌നേച്ചറിൽ ആക്കിയത്; പുതിയ വീട്ടിലേക്ക് മാറാൻ തയ്യാറെടുക്കവേയാണ് വിയോഗം; വിവാദങ്ങൾ തള്ളി സെൽമ ജോർജ്ജും മകളും
കൊച്ചി: മലയാള സിനിമ കണ്ട ഏറ്റവും മികച്ച സംവിധായകരിൽ ഒരാളായിരുന്നു കെ ജി ജോർജ്ജ്. അദ്ദേഹത്തിന്റെ വിയോഗം മലയാള സിനിമയ്ക്ക് വലിയ നഷ്ടമാണ്. കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം മൃതദേഹം സംസ്‌ക്കരിച്ചത്. കാക്കനാടുള്ള സിഗ്നേച്ചർ എന്ന വയോജന കേന്ദ്രത്തിൽ വച്ചായിരുന്നു അദ്ദേഹം മരിച്ചത്. ഇതോടെ സോഷ്യൽ മീഡിയിയൽ ചില വിവാദങ്ങളും ഉയർന്നു. ഈ വിവാദങ്ങൾക്ക് മറുപടിയുമായി ഭാര്യ സെൽമ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു.
ഇപ്പോൾ സെൽമക്കൊപ്പം മകളും കാര്യങ്ങൾ വിശദീകരിച്ചു കൊണ്ടു രംഗത്തുവന്നു. 'തനിക്ക് വേണ്ടി കുടുംബം ബുദ്ധിമുട്ടരുതെന്ന് ജോർജിന് നിർബന്ധമുണ്ടായിരുന്നു. ജോർജിന്റെ തന്നെ ആവശ്യപ്രകാരമാണ് സിഗ്‌നേച്ചർ എന്ന സ്ഥാപനത്തിലാക്കിയത്. മികച്ച പരിചരണമാണ് അദ്ദേഹത്തിന് നൽകിയത്'. കെ ജി ജോർജിന്റെ മരണത്തിന് പിന്നാലെ സെൽമ മുൻപ് നൽകിയ ഒരു അഭിമുഖത്തിലെ പരാമർശങ്ങളും വിവാദമായിരുന്നു. എന്നാൽ തന്റെ പരാമർശങ്ങൾ അദ്ദേഹത്തെ കുറ്റപ്പെടുത്തിക്കൊണ്ട് ഉള്ളതായിരുന്നില്ലെന്നും വിവാദങ്ങൾ അവസാനിപ്പിക്കണമെന്നും സെൽമ പ്രതികരിച്ചു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു കുടുംബത്തിന്റെ പ്രതികരണം.
അതേസമയം അച്ഛനുമായി പുതിയ വീട്ടിലേക്ക് മാറാൻ തയ്യാറെടുക്കുമ്പോഴായിരുന്നു മരണമെന്ന് മകൾ താര പറയുന്നു. 'മകൻ ഗോവയിലാണ്. മകൾ ദോഹയിലും. അതുകൊണ്ടാണ് ഞാൻ ഗോവയിലേക്ക് പോയത്. സിഗ്‌നേച്ചർ എന്ന സ്ഥാപനത്തിൽ ഭർത്താവിനെ താമസിപ്പിച്ചത് അവിടെ ഡോക്ടർമാരും നഴ്‌സുമാരും ഫിസിയോ തെറാപ്പി എക്‌സർസൈസ് ചെയ്യാനുള്ള സൗകര്യവുമൊക്കെ ഉള്ളതുകൊണ്ടാണ്. കൊള്ളാവുന്ന സ്ഥലമായതുകൊണ്ടാണ് അങ്ങോട്ടേയ്ക്ക് മാറ്റിയത്. ഞങ്ങൾ വയോജക കേന്ദ്രത്തിലാക്കിയെന്ന് മനുഷ്യർ പറയുന്നുണ്ട് ഇപ്പോൾ.
സിനിമാ മേഖലയിൽ ഫെഫ്ക അടക്കമുള്ളവരോട് ചോദിച്ചാൽ മതി ഞങ്ങൾ എങ്ങനെയാണ് നോക്കിയത് എന്ന്. പുള്ളിയെ ഒറ്റയ്ക്കിട്ട് പോയെന്നാ എല്ലാവരും പറയുന്നത്. പുള്ളിക്ക് സ്‌ട്രോക്ക് ഉള്ളതുകൊണ്ട് ഒറ്റയ്ക്ക് പൊക്കിയെടുത്ത് കുളിപ്പിക്കാനും ഒക്കെയുള്ള ആരോഗ്യം നമുക്കില്ല. ഒരു സ്ത്രീ എങ്ങനെ നോക്കും. അതുകൊണ്ടാണ് സിഗ്‌നേച്ചറിൽ ഞാൻ താമസിപ്പിച്ചത്. അവർ നല്ല രീതിയിലാണ് നോക്കിക്കൊണ്ടിരുന്നതും. നമുക്ക് ഒരു പ്രശ്‌നവും ഇല്ലായിരുന്നു. അദ്ദേഹത്തിന് ആവശ്യമുള്ള ഭക്ഷണം കൊടുത്തയക്കുമായിരുന്നു', സെൽമ നേരത്തെ പറഞ്ഞിരുന്നു.
ചിലർ വളരെ മോശമായി യ്യടൂബിലും മറ്റും പ്രചരിപ്പിച്ചു. കുരക്കുന്ന പട്ടികളുടെ വായ അടപ്പിക്കാൻ നമുക്ക് കഴിയില്ലല്ലോ. ജോർജേട്ടന്റെ നല്ല പടങ്ങൾ ഇഷ്ടംപോലെ ഉണ്ടായിട്ടുണ്ട്. പക്ഷേ അഞ്ച്കാശ് പുള്ളി ഉണ്ടാക്കിയില്ല. പക്ഷേ എല്ലവരും പറയുന്നത് സ്വത്ത് മുഴുവൻ എടുത്തിട്ട് പുള്ളിയെ കറിവേപ്പിലപോലെ കളഞ്ഞുവെന്നാണ്. ഞങ്ങൾക്ക് ആരേയും ബോധിപ്പിക്കേണ്ട കാര്യമില്ല. എന്റെ മക്കളും ഞാനും ദൈവത്തെ മുൻനിർത്തിയാണ് ജീവിച്ചത്. ഞാൻ വളരെ ആത്മാർത്ഥമായിട്ടാണ് അദ്ദേഹത്തെ നോക്കിയതും സ്‌നേഹിച്ചതും. പിന്നെ അൽപ്പ സ്വൽപ്പം പ്രശ്‌നം എവിടെയും ഉണ്ടാകുമെല്ലോ. ഞാൻ സുഖവാസത്തിനൊന്നുമല്ല ഗോവയിൽ പോയത്. എന്നെ നോക്കാൻ ആരും ഇല്ലതായപ്പോൾ മകന്റെ അടുത്തുപോയി.
ഞാൻ ദിവസവും ദൈവത്തോട് പ്രാർത്ഥിക്കാറുള്ളത് കഷ്ടപ്പെടുത്താതെ അദ്ദേഹത്തെ കൊണ്ടുപോകണേ എന്നാണ്. ആ പ്രാർത്ഥന ദൈവം കേട്ടു. ഇനി പേരെടുക്കാൻ ഒന്നുമില്ല അദ്ദേഹത്തിന്. ഇതുപോലെ ഒരു ഡയറക്ടർ മലയാളസിനിമയുടെ ചരിത്രത്തിൽ ഇനി ഉണ്ടാവില്ല. എന്റെ ഭർത്താവ് ആയതുകൊണ്ട് പറയുകയല്ല. അത്രയും കഴിവുള്ള ഒരു ഡയറക്ടർ. ഒരു സിനിമയിൽനിന്ന് മറ്റൊരു സിനിമയിലേക്ക് അനുകരണമില്ല. ഒരു സിനിമകൂടി പുള്ളിക്ക് ഉണ്ടാക്കണമെന്നുണ്ടായിരുന്നു. ഒരു ഹൊറർ പടം. പക്ഷേ അത് നടന്നില്ല. പിന്നെ കാമമോഹിതം, എന്ന പടം അദ്ദേഹത്തിന് ഭയങ്കര പ്രതീക്ഷയുള്ളതായിരുന്നു. അതും നടന്നില്ല. ബാക്കിയെല്ലാം പുള്ളി ചിന്തിച്ചപോലെ തന്നെ നടത്താൻ പറ്റി.
എന്നോട് എപ്പോഴും അദ്ദേഹം പറയാറുണ്ട്. എന്നെ ഒരിക്കലും പള്ളിയിൽ അടക്കരുത് എന്ന്. അപ്പോൾ ഞാൻ പറയും, നമ്മൾ ക്രിസ്ത്യാനികൾ അല്ലേ അങ്ങനെ ചെയ്യുന്നത് ശരിയല്ല മനുഷ്യർ അതും ഇതുമൊക്കെ പറയുമെന്ന്. അപ്പോൾ അദ്ദേഹം പറയുക, എന്റെ ആഗ്രഹം നീ നടത്തിത്തരണം എന്നാണ്. ആരെന്ത് പറഞ്ഞാലും എനിക്ക് പ്രശ്‌നമില്ല, എന്റെ ബോഡി ദഹിപ്പിക്കുക തന്നെ വേണം. ഞാൻ ഒരു തമാശ ചോദിച്ചു. എന്നാൽ കുട്ടികൾക്ക് പഠിക്കാൻ മെഡിക്കൽ കോളജിൽ കൊടുക്കട്ടേ എന്ന്. വേണ്ട, എന്റെ ബോഡി നീ ദഹിപ്പിക്കുക തന്നെ വേണം എന്നായിരുന്നു, അദ്ദേഹം പറഞ്ഞത്. അദ്ദേഹത്തിന്റെ ആഗ്രഹംപോലെ ഞാൻ അത് ചെയ്യുകയും ചെയ്തു.
ഞങ്ങളുടെ സ്വന്തക്കാർ ഒത്തിരിപ്പേർ അതിനെ എതിർത്തു. ഇങ്ങനെ ഒന്നും ചെയ്യേണ്ട എന്ന് പറഞ്ഞു. ഞാൻ പറഞ്ഞു മറ്റുള്ളവരുടെ കാര്യം എനിക്ക് നോക്കേണ്ട കാര്യമില്ല. എന്റെ ഭർത്താവിന്റെ ആഗ്രഹം നടപ്പാക്കണമെന്ന്. നാളെ ഞാൻ മരിച്ചാലും എന്നെയും ദഹിപ്പിക്കാൻ തന്നെയാണ്, ഞാൻ പറയൂ. എനിക്ക് ഒരിക്കലും പള്ളിയുമായുള്ള യാതൊരുബന്ധവും വേണ്ട. എനിക്ക് ഇഷ്്ടമില്ല പള്ളി. ഞാൻ പള്ളീൽ പോകാറില്ല. വീട്ടിലിരുന്ന് പ്രാർത്ഥിക്കും. ഇന്ന ദൈവം വേണം, ഓരോ രീതിയിൽ ജീവിക്കണം എന്നത്, ഓരോരുത്തരുടെ ഇഷ്ടമാണ്''- സൽമ ജോർജ് വ്യക്തമാക്കിയിരുന്നു.




