തിരുവനന്തപുരം: തിരുവനന്തപുരത്ത് പതിനാലുകാരനെ പീഡിപ്പിച്ച കേസിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് കെ ഗരീഷിന് ഏഴ് കൊല്ലം തടവ്. കേസിൽ ഗിരീഷ് കുറ്റക്കാരനെന്നു കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് കെ.ഗിരീഷിനെയാണ് കുറ്റക്കാരനെന്നു തിരുവനന്തപുരം അതിവേഗ കോടതി ശിക്ഷിച്ചത്. ഏഴ് വർഷം തടവിനൊപ്പം ഒന്നരലക്ഷം പിഴയും അടയ്ക്കണം. ഇതേ കോടതി ഗിരീഷിനെ മറ്റൊരു കേസിൽ ആറു വർഷം കഠിനതടവിനു ശിക്ഷിച്ചിരുന്നു.

പ്രതി സ്ഥിരമായി ഇത്തരം കുറ്റകൃത്യങ്ങൾ നടത്താറുള്ളയാളെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു. നേരത്തെ മറ്റൊരു പോക്‌സോ കേസിൽ ആറു വർഷം ശിക്ഷിച്ച കാര്യവും ചൂണ്ടിക്കാട്ടിയായിരുന്നു പ്രോസിക്യൂഷൻ വാദം. ഈ കേസിൽ ഇപ്പോൾ ജാമ്യത്തിലാണ്. ഈ കേസിന്റെ വിധിയോടെ ഇയാൾക്ക് വീണ്ടും ജയിലിൽ പോകേണ്ടി വരും. കൈരളി ടിവിയിലെ മനഃശാസ്ത്ര പരിപാടിയിലൂടെ ശ്രദ്ധേയനായിരുന്നു ഗിരീഷ്. ജനകീയ പൊയ്മുഖം ഒളിപ്പിച്ചായിരുന്നു കുട്ടി പീഡനം.

ആരോഗ്യവകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസറായ കെ.ഗിരീഷ് മാനസിക പ്രശ്‌നങ്ങൾക്ക് ചികിൽസയ്‌ക്കെത്തിയ കുട്ടിയെയാണ് പീഡിപ്പിച്ചത്. മണക്കാട് വീടിനോടു ചേർന്ന ക്ലിനിക്കിൽവച്ചായിരുന്നു പീഡനം. 2015 മുതൽ 2017 വരെ നിരവധി തവണ പീഡിപ്പിച്ചതായി കുട്ടിയുടെ മൊഴിയുണ്ടായിരുന്നു. മാത്രമല്ല പ്രതി കുട്ടിയെ അശ്ലീല ചിത്രങ്ങളും കാണിച്ചിരുന്നു. ഭീക്ഷണിപ്പെടുത്തിയതു കാരണം കുട്ടി ഇക്കാര്യം പുറത്തു പറഞ്ഞില്ല. പീഡനത്തെ തുടർന്നു കുട്ടിയുടെ മനോരോഗം വർധിച്ചു.

2019 ൽ മെഡിക്കൽ കോളജിലെ സൈക്കാട്രി വിഭാഗത്തിൽ പ്രവേശിച്ചപ്പോഴാണ് ഡോക്ടറോട് കുട്ടി വിവരം പറഞ്ഞത്. പിന്നീട് ഫോർട് പൊലീസ് കേസെടുത്ത് അന്വേഷിക്കുകയായിരുന്നു. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയമോഹനാണ് ഹാജരായത്. ഗിരീഷിനെതിരായ ആദ്യ പോക്‌സോ കേസിൽ കുട്ടിയുടെ അമ്മയുടെ പരാതി ഒതുക്കി തീർക്കാൻ ചിലർ ശ്രമിച്ചിരുന്നു. സംഭവം വിവാദമായതോടെ അന്വേഷണം എഡിജിപി ബി സന്ധ്യയ്ക്ക് കൈമാറി. ഇതാണ് നിർണ്ണായകമായത്.

പഠനവൈകല്യമുണ്ടെന്ന സംശയത്തിൽ ഡോക്ടർ ഗിരീഷിന്റെ സ്വകാര്യ ക്ലിനിക്കിലെത്തിയ കുട്ടിക്കാണ് ആദ്യ ദുരനുഭവമുണ്ടായത്. സംഭവം നടക്കുന്നത് 2017 ഓഗസ്റ്റ് 14നാണെന്ന് കുട്ടിയുടെ മാതാവ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. സർക്കാർ ജോലിക്ക് പുറമെ തിരുവനന്തപുരത്തും കൊച്ചിയിലുമായി സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ഗിരീഷിന്റെ സ്വകാര്യ ക്ലിനിക്കിൽ വച്ചാണ് 13 വയസുള്ള കുട്ടിക്കെതിരെ പീഡന ശ്രമം നടന്നത്.

പഠനവൈകല്യമുണ്ടെന്ന് സ്‌കൂളിലെ കൗൺസിലർ നിർദ്ദേശിച്ച പ്രകാരമാണ് ഡോക്ടർ ഗിരീഷിന്റെ സ്വകാര്യ ക്ലിനിക്കിൽ എത്തുന്നത്. ആദ്യം മാതാപിതാക്കളോട് സംസാരിച്ച ശേഷം കുട്ടിയെ തനിച്ച് അകത്തുവിളിച്ചു. തുടർന്ന് 20 മിനിറ്റുകൾക്ക് ശേഷം പുറത്തിറങ്ങിയ മകനിൽ അസ്വാഭാവികത കണ്ടതിനെ തുടർന്ന് ചോദിച്ചപ്പോഴാണ് കരഞ്ഞുകൊണ്ട് കുട്ടി ദുരനുഭവം പങ്കുവെച്ചത് ഇതറിഞ്ഞയുടൻ ചൈൽഡ് ലൈൻ ഹെൽപ്പ്‌ലൈനിൽ ബന്ധപ്പെടുകയും വിവരം അറിയിക്കുകയും ചെയ്തു. തൊട്ടടുത്ത ദിവസം ചൈൽഡ്‌ലൈൻ തമ്പാനൂർ പൊലീസിന് പരാതി കൈമാറി. ബോക്സ് പോലുള്ള പസിൽ കൊടുത്ത ശേഷം ഡോക്ടർ പല പ്രാവശ്യം ചുംബിക്കുകയും സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചുകൊണ്ടിരിക്കുകയും ചെയ്തെന്നാണ് ആരോപണം. ഈ പരാതിക്ക് പിന്നാലെയാണ് മറ്റൊരു കേസും വന്നത്. ഇതും ശിക്ഷയായി മാറുന്നു.

ദേശീയ ആരോഗ്യമിഷന്റെ മാനസികാരോഗ്യ പരിപാടിയുടെ മുൻ സംസ്ഥാന കോഡിനേറ്റർ കൂടിയാണ് ചാനൽ പരിപാടികളിൽ പരിചിതനായിരുന്ന ഡോ. കെ.ഗിരീഷ്. ചാനൽ പരിപാടികളിലൂടെ പരിചിതനായ ഡോ.കെ ഗിരീഷ് മാനസികാരോഗ്യ പരിപാടിയുടെ മുൻ സംസ്ഥാന കോഡിനേറ്റർ കൂടിയാണ്. കൈരളിയിലെ പരിപാടിയും ഇയാളെ പരിചിത മുഖമാക്കി.