- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കാലിത്തൊഴുത്തിൽ പിറന്നവനേ.....കരുണ നിറഞ്ഞവനേ... കേരളം നെഞ്ചേറ്റിയ ഗാനത്തിന് ഈണം നൽകിയ കെ ജെ ജോയി വീണ്ടുമെത്തുന്നു; ജോയിയുടെ ഗാനങ്ങൾ കോർത്തിണക്കി തൃശ്ശൂരിൽ സംഗീതപരിപാടി സംഘടിപ്പിക്കാൻ ആരാധകർ; പരിപാടിക്കായി ജോയിയും എത്തും
തൃശ്ശൂർ: മലയാള സിനിമാഗാന ശാഖയിൽ പരീക്ഷണങ്ങൾക്ക് തുടക്കമിട്ട സംഗീത സംവിധായകനായിരുന്നു കെ ജെ ജോയി. 71 സിനിമകൾക്ക് ഗാനങ്ങളൊരുക്കിയിൽ മിക്കതും സൂപ്പർഹിറ്റായി. ഇദ്ദേഹം എഴുതിയ 'കാലിത്തൊഴുത്തിൽ പിറന്നവനേ.....കരുണ നിറഞ്ഞവനേ....' എന്ന ഗാനം എക്കാലത്തെയും സൂപ്പർഹിറ്റുകളിൽ ഒന്നാണ്. പ്രമേഹം മൂർച്ഛിച്ച് രണ്ട് കാലുകളും മുറിച്ചുമാറ്റിയ നിലയിലാണ് ജോയി ഇപ്പോൾ തളർവാതം കാരണം സംസാരവും വ്യക്തമല്ല. 76 വയസ്സുള്ള അദ്ദേഹം ഇപ്പോൾ ചെന്നൈ മൈലാപ്പൂരിലെ കല്പന ഹൗസിലാണ് താമസ്.
പാട്ടുകേട്ട് തന്നെയാണ് അദ്ദേഹം ജീവിതം മുന്നോട്ടു പോകുന്നത്. കട്ടിലിൽ തളർന്നുകിടക്കുകയായിരുന്ന കെ.ജെ. ജോയിയെ കാണാൻ കൂട്ടുകാരൻ ജോൺസൺ എത്തിയിരുന്നു. ജോൺസണെ കെട്ടിപ്പിടിച്ചു കൊണ്ടാണ് ജോയി സ്വീകരിച്ചത്. എത്രയോ വർഷങ്ങൾ കഴിഞ്ഞ് വീണ്ടുമെത്തിയ കൂട്ടുകാരനോട് ജോയ് എന്തോ ചോദിച്ചു. അത് മനസ്സിലാകാതെ നിന്ന ജോൺസനോട് ജോയിയുടെ ഭാര്യ വിശദീകരിച്ചു- ''ഈ പാട്ട് ഓർമയുണ്ടോ'' എന്നാണ് ചോദിക്കുന്നത്.
''മലയാളികളുള്ളിടത്തോളം കാലം നിന്റെ ഈ പാട്ടുണ്ടാകും. ഇത് മാത്രമല്ല, കസ്തൂരിമാന്മിഴി മലർശരമെയ്തതും അക്കരെ ഇക്കരെ നിന്നാൽ ആശ തീരാത്തതും പരിപ്പുവട പക്കുവട നമ്മുടെ വായില് ചടപട ഉൾപ്പെടെ നിന്റെ 226 പാട്ടുകളും'' ജോൺസൺ പറഞ്ഞു. തൃശ്ശൂർ ആമ്പക്കാടൻ ജങ്ഷനിൽ 60 ആണ്ടുകൾക്കു മുന്നേ തുടങ്ങിയതാണ് ജോൺസണും ജോയിയുമായുള്ള സൗഹൃദം. ജോൺസന്റെ ആമ്പക്കാടൻ തറവാടും ജോയിയുടെ അച്ഛന്റെ തറവാടും തൊട്ടടുത്തായിരുന്നു. ചെറുപ്പം മുതൽ ഇരുവരിലുമുള്ള സംഗീതപ്രേമമാണ് ഇവരെ അടുത്ത കൂട്ടുകാരാക്കിയത്.
മലയാള സിനിമാഗാന ശാഖയിൽ പരീക്ഷണങ്ങൾക്ക് തുടക്കമിട്ട ജോയി 71 സിനിമകൾക്ക് ഗാനങ്ങളൊരുക്കി. മിക്കതും സൂപ്പർഹിറ്റുകളായി. 40 വർഷം മുമ്പ് ട്രൂപ്പിൽനിന്ന് വിട്ട ശേഷം ജോൺസൺ ജോയിയെ ഒരു തവണയാണ് കണ്ടത്. ഇപ്പോൾ മകൻ ജേക്കബ് വ്യാപാര ആവശ്യത്തിന് ചെന്നൈയ്ക്ക് പോയപ്പോഴാണ് ജോൺസണും കൂടെ പോയതും ജോയിയെ കണ്ടതും. തൃശ്ശൂരിൽ ജോയിയുടെ ഗാനങ്ങൾ കോർത്തിണക്കി സംഗീതപരിപാടി സംഘടിപ്പിക്കുമെന്നും അതിന് ജോയിയെ കൊണ്ടുവരുമെന്നും ഉറപ്പുനൽകിയാണ് ജോൺസൺ മടങ്ങിയത്. ഇതിനുള്ള ശ്രമം തുടങ്ങി ജോയിയുടെ തൃശ്ശൂരിലെ ആരാധകർ.
ഒരു കാലത്ത് വലിയ പ്രതാപശാലിയായിരുന്നു ജോയി. ദേവരാജൻ, ബാബുരാജ്, ദക്ഷിണാമൂർത്തി, എ.ടി. ഉമ്മർ, സലിൽ ചൗധരി, എം.കെ. അർജുനൻ എന്നീ മഹാരഥന്മാർ നിറഞ്ഞുനിന്ന കാലത്തായിരുന്നു ജോയിയുടെ തേരോട്ടം. എൻ സ്വരം പൂവിടും ഗാനമേ..(അനുപല്ലവി), കസ്തൂരി മാൻ മിഴി...(മനുഷ്യമൃഗം), സ്വർണമീനിന്റെ ചേലൊത്ത... , കുങ്കുമസന്ധ്യകളോ ...(സർപ്പം), മറഞ്ഞിരുന്നാലും... (സായൂജ്യം), മഴ പെയ്തു പെയ്ത്...(ലജ്ജാവതി), ആഴിത്തിരമാലകൾ...(മുക്കുവനെ സ്‌നേഹിച്ച ഭൂതം), അക്കരെയിക്കരെ നിന്നാലെങ്ങനെ...(ഇതാ ഒരു തീരം) അങ്ങനെ ഹിറ്റുകൾക്കു പിന്നാലെ ഹിറ്റുകൾ. മലയാള സിനിമ അന്നുവരെ കാണാത്ത ഊർജപ്രവാഹമായിരുന്നു ജോയിയുടെ ഗാനങ്ങൾ. ഒരാൾ പോലും ഇനിയും റീമെയ്ക്ക് ചെയ്യാൻ ധൈര്യപ്പെടാത്ത പൂർണത.
ജോയി എന്ന പേരിന്റെ അർഥം പോലെ സന്തോഷത്തിന്റെയും പ്രസരിപ്പിന്റെയും ഈണങ്ങൾ ('മറഞ്ഞിരുന്നാലും...' പോലെ ശോകഗാനങ്ങൾ ചുരുക്കം). ഒന്നും ഒരിക്കലും കുറച്ചു ചെയ്യാൻ ജോയിക്ക് അറിയില്ലായിരുന്നു. ഒന്നാംകിട പാട്ടുകാരും ഫ്‌ളോർ നിറയെ ആധുനിക സംഗീതോപകരണങ്ങളും കോറസുമൊക്കെയായി ആഘോഷമായിരുന്നു ആ സംഗീതം. ഏറ്റവും മുന്തിയ സ്റ്റുഡിയോകളും മികച്ച ടെക്‌നീഷ്യന്മാരും നിർബന്ധം. സായൂജ്യ(1979)ത്തിലെ ' കാലിത്തൊഴുത്തിൽ
പിറന്നവനേ...' മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും മികച്ച ക്രിസ്മസ് ഗാനമാണ്. മൂന്നര പതിറ്റാണ്ടിനു ശേഷവും ഹിറ്റ്ചാർട്ടിൽ ഒന്നാമത്. കുളിരാർന്ന ക്രിസ്മസ് രാത്രിയിലേക്ക് ഈ ഗാനം നമ്മെ നയിക്കുന്നു. ഭക്തിനിർഭരമായ ആദ്യ ഹമ്മിങ്ങിൽത്തന്നെ എത്ര അസ്വസ്ഥമായ മനസ്സും പ്രശാന്തമാകുന്നു. ഇത്ര ഹൃദ്യമായ പ്രസന്റേഷൻ മലയാളത്തിൽ മുൻപോ പിൻപോ ഒരു ഭക്തിഗാനത്തിനു കിട്ടിയിട്ടില്ല.
മറുനാടന് മലയാളി ബ്യൂറോ