ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹര്‍ജികളില്‍ അതിനിര്‍ണ്ണായക നീക്കവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. വിവാദങ്ങള്‍ ഒഴിവാക്കി ആചാരസംരക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ, രാജ്യത്തെ ഏറ്റവും പ്രമുഖ അഭിഭാഷകനായ അഭിഷേക് മനു സിംഗ് വിയെ ബോര്‍ഡിനായി ഹാജരാകാന്‍ പ്രസിഡന്റ് കെ. ജയകുമാര്‍ ചുമതലപ്പെടുത്തി. മുന്‍പ് യുവതീ പ്രവേശനത്തെ അനുകൂലിച്ച രാകേഷ് ദ്വിവേദിയെ മാറ്റിയാണ്, തുടക്കം മുതല്‍ ആചാരങ്ങള്‍ക്കായി വാദിച്ച സിംഗ് വിയെ ബോര്‍ഡ് വീണ്ടും രംഗത്തിറക്കിയിരിക്കുന്നത്.

യുവതീ പ്രവേശന വിധി വന്നതിന് പിന്നാലെ 2019-ല്‍ നടന്ന വാദത്തിനിടെ എല്ലാവര്‍ക്കും ക്ഷേത്രപ്രവേശനത്തിന് അവകാശമുണ്ടെന്ന നിലപാടാണ് അന്നത്തെ ബോര്‍ഡ് അഭിഭാഷകന്‍ രാകേഷ് ദ്വിവേദി കോടതിയില്‍ സ്വീകരിച്ചിരുന്നത്. ഇത് വലിയ വിവാദങ്ങള്‍ക്കും ഭക്തരുടെ പ്രതിഷേധങ്ങള്‍ക്കും വഴിതെളിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുതിയ ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍ നിലപാടുകളില്‍ വ്യക്തത വരുത്തിക്കൊണ്ട് സിംഗ്വിയെ നിയോഗിച്ചിരിക്കുന്നത്.

2019 ഫെബ്രുവരിയില്‍ മുന്‍ ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് വേണ്ടി ഹാജരായ സിംഗ്വി, ശബരിമലയിലെ ആചാരങ്ങളെയും നൈഷ്ഠിക ബ്രഹ്‌മചര്യ സങ്കല്‍പ്പത്തെയും ഉയര്‍ത്തിപ്പിടിച്ചാണ് അന്ന് വാദിച്ചിരുന്നത്. ഒമ്പതംഗ ഭരണഘടനാ ബെഞ്ചിന് മുന്നില്‍ വരാനിരിക്കുന്ന വാദങ്ങളില്‍ ബോര്‍ഡിന്റെ പരിഷ്‌കരിച്ച നിലപാടുകള്‍ എഴുതി നല്‍കുന്നതിനായി സിംഗ്വി ഇന്ന് സുപ്രീം കോടതിയില്‍ സമയം തേടി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഈ ആവശ്യം അംഗീകരിക്കുകയും വാദങ്ങള്‍ സമര്‍പ്പിക്കാന്‍ അടുത്ത തിങ്കളാഴ്ച വരെ സമയം അനുവദിക്കുകയും ചെയ്തു.

സ്റ്റാന്‍ഡിങ് കോണ്‍സല്‍ പി.എസ്. സുധീറും സിംഗ്വിക്കൊപ്പം കോടതിയില്‍ ഹാജരായിരുന്നു. കേസില്‍ രാഷ്ട്രീയവും സാങ്കേതികവുമായ തര്‍ക്കങ്ങള്‍ ഒഴിവാക്കി ഭക്തരുടെ വികാരങ്ങള്‍ക്കും ക്ഷേത്രാചാരങ്ങള്‍ക്കും മുന്‍ഗണന നല്‍കുന്നതിനാണ് കെ. ജയകുമാറിന്റെ ഈ പുതിയ നീക്കം ലക്ഷ്യമിടുന്നത്.