കോഴിക്കോട്: കേരളത്തിലെ രാഷ്ട്രീയത്തിലെ ഏറ്റവും ധീരയായ വനിതകളിൽ ഒരാളാണ് വടകര എംഎൽഎ കെ കെ രമ. സിപിഎമ്മുകാർ വെട്ടിക്കൊന്ന ടി പി ചന്ദ്രശേഖരൻ എന്ന നേതാവിന്റെ ഭാര്യ. സിപിഎം ഫാസിസത്തിനെതിരെ ജീവിതം പോരാട്ടമാക്കിയ വനിത. വടകരയിൽ നിന്നും ജനങ്ങൾ കെ കെ രമയെ വിജയിപ്പിച്ചത് സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിന് എതിരായ രാഷ്ട്രീയ സന്ദേശം കൂടിയായിരുന്നു.

നിയമസഭയിൽ എത്തിയപ്പോൾ മുതൽ മുഖ്യമന്ത്രിക്കെതിരെ അടക്കം ശക്തമായ വാക്കുകൾ കൊണ്ട് പ്രതികരിക്കാറുണ്ട് അവർ. സ്പീക്കർ പാനലിൽ കൂടി അവർ ഉൾപ്പെട്ടപ്പോൾ അത് സഭാചരിത്രമായും മാറി. ഇന്ന് രാവിലെ മുതൽ കെ കെ രമയുടെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും ചിത്രം സൈബറിടത്തിൽ വൈറലായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായി മുഖാമുഖം നിൽക്കുന്നതായിരുന്നു ഈ ചിത്രം. സഭയിൽ പോലും രമ നേർക്കുനേർ വന്നാൽ മാറിപ്പോകുന്നതാണ് പിണറായിയുടെ പതിവ്. ഇതിനിടെയാണ് ആദ്യമായി പൊതുവേദിയിൽ വെച്ച് മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിട്ടതും.

സൈബറിടങ്ങളിൽ വൈറലായിരിക്കുന്ന ആ ചിത്രം കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് ഉദ്ഘാടനത്തിനെത്തിയപ്പോൾ പകർത്തിയ ചിത്രമാണ്. മാതൃഭൂമി ദിനപത്രത്തിലാണ് ആ ചിത്രം അച്ചടിച്ചു വന്നത്. മാതൃഭൂമി സ്റ്റാഫ് ഫോട്ടോഗ്രാഫർ സാജൻ വി നമ്പ്യാറാണ് ചിത്രം പകർത്തിയത്. ഈ ചിത്രം സൈബറിടത്തിൽ വൈറലാകുമ്പോൾ ആ വേദിയിൽ നടന്ന കാര്യം കെ കെ രമ തന്നെ വെളിപ്പെടുത്തുകാണ്.

ആ രംഗം വളരെ യാദൃശ്ചികമായിരുന്നുവെന്ന് എംഎൽഎ പറയുന്നു.പരിപാടി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി ശിലാസ്ഥാപനം നടത്താൻ മറന്നുപോയിരുന്നു. 'അയ്യോ അത് മറന്നുപോയി' എന്നു പറഞ്ഞതാണ് രംഗം. പറഞ്ഞത് തന്നോടായിപ്പോയെന്നും മറ്റ് സംഭാഷണങ്ങളൊന്നുമുണ്ടായിട്ടില്ലെന്നും കെകെ രമ പറഞ്ഞു. 'മുഖ്യമന്ത്രി പിണറായി വിജയനും കെകെ രമ എംഎൽഎയും നേർക്കുനേർ' എന്ന അടിക്കുറിപ്പോടെയാണ് മാതൃഭൂമി ദിനപത്രം ചിതം പങ്കുവെച്ചത്.

ഇതിനകം തന്നെ ചിത്രം കണ്ട് തന്നെ നിരവധി പേർ വിളിച്ചെന്നും ചിത്രത്തിലെ ഭാവം എന്താണെന്നാണ് പലരും കൗതുകത്തോടെ ചോദിക്കുന്നതെന്നും എംഎൽഎ ചിരിച്ചുകൊണ്ട് പറഞ്ഞു.'ഭാവം എന്താണെന്ന് ആർക്കും മനസ്സിലാവുന്നില്ല. എന്റെ ഫേസ് മാത്രമാണല്ലോ ചിത്രത്തിലെന്നും എംഎൽഎ ഒരു മാധ്യമത്തോട് പ്രതികരിച്ചു.

ടി പി ചന്ദ്രശേഖരൻ വധത്തിന് ശേഷം ആദ്യമായാണ് കെകെ രമ എംഎൽഎ മുഖ്യമന്ത്രിയുമായി വേദി പങ്കിടുന്നത്. ആരോഗ്യമന്ത്രി വീണ ജോർജ്ജാണ് കോഴിക്കോട് മെഡിക്കൽ കോളേജിന്റെ സൂപ്പർസ്‌പെഷ്യാലിറ്റി വിഭാഗത്തിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് വടകര എംഎൽഎയെ ക്ഷണിച്ചത്. ക്ഷണം സ്വീകരിച്ച് ആരോഗ്യ സബ്ജറ്റ് കമ്മിറ്റി അംഗമെന്ന നിലയിലാണ് പരിപാടിയിൽ പങ്കെടുത്തത്.

കേന്ദ്രസർക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് സംസ്ഥാനസർക്കാരിന്റെ സഹകരണത്തോടെ നിർമ്മിച്ച കെട്ടിടം വളരെ പ്രധാനപ്പെട്ടതാണെന്നും എംഎൽഎ പ്രതികരിച്ചു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി മൻസുഖ് മാണ്ഡവ്യയായിരുന്നു ചടങ്ങിന്റെ അധ്യക്ഷൻ. പിഎംഎസ്എസ്വൈ പദ്ധതിയിൽ ഉൾപ്പെടുത്തി സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സയ്ക്ക് മാത്രമായുള്ള ബ്ലോക്കാണ് തുറന്നത്. 195.93 കോടി രൂപ ചെലവിട്ട് കേന്ദ്ര-സംസ്ഥാന സംയുക്ത പദ്ധതിയായാണ് ബൃഹദ് ഉദ്യമം പൂർത്തിയാക്കിയത്.

മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, എം കെ രാഘവൻ എംപി, എംഎൽഎമാരായ തോട്ടത്തിൽ രവീന്ദ്രൻ, പിടിഎ റഹീം, കാനത്തിൽ ജമീല തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.

ചിത്രത്തിന് കടപ്പാട്: മാതൃഭൂമി