തിരുവനന്തപുരം: കണ്ണൂർ സർവകലാശാല എം എ ഇംഗ്ലീഷ് സിലബസിൽ കെ കെ ശൈലജയുടെ ആത്മകഥയും. 'മൈ ലൈഫ് ആസ് എ കോമ്രേഡ്' എന്ന പേരിലുള്ള സി.പി. എം കേന്ദ്രകമ്മിറ്റിയംഗം കെ.കെ ശൈലജയുടെആത്മകഥ പഠിപ്പിക്കുന്നതിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ് അനുകൂല അദ്ധ്യാപക സംഘടന രംഗത്തെത്തിയതോടെ സംഭവം വിവാദത്തിൽ.

എൽ. ഡി. എഫ് എംഎൽഎ കൂടിയായ്കെ കെ ശൈലജയുടെ ആത്മകഥയാണ് സിലബസിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഒന്നാം സെമസ്റ്ററിന്റെ 'ലൈഫ് റൈറ്റിങ്' എന്ന പേപ്പറിലാണ് ആത്മകഥ പഠിക്കാൻ ഉള്ളത്. സിലബസ് രാഷ്ട്രീയവൽക്കരണമാണ് നടക്കുന്നതെന്ന് കോൺഗ്രസ് അദ്ധ്യാപക സംഘടനായ കെപിസിടിഎ നേതാക്കൾ ആരോപിച്ചു.

ബോർഡ് ഓഫ് സ്റ്റഡീസ് ഇല്ലാതെ അഡ്ഹോക് കമ്മിറ്റിയാണ് സിലബസ് തയ്യാറാക്കിയത്. കഴിഞ്ഞ ദിവസമാണ് സിലബസ് പുറത്തിറങ്ങിയത്. ഒൻപതു വർഷത്തിന് ശേഷമാണ് സിലബസ് പരിഷ്‌കരണം നടക്കുന്നത്. പി ജി ക്ലാസുകൾ ആരംഭിച്ച ശേഷമാണ് സിലബസ് പുറത്തുവരുന്നത്. ഓഗസ്റ്റ് 8-നാണ് പി ജി ക്ലാസുകൾ ആരംഭിച്ചത്. ഗാന്ധിജി, ഡോ. ബി ആർ അംബേദ്കർ, സി കെ ജാനു എന്നിവരുടെ ആത്മകഥയ്ക്ക് ഒപ്പമാണ് കെ കെ ശൈലജയുടെ ആത്മകഥയും ഉൾപ്പെട്ടിട്ടുള്ളത്.

പുസ്തകം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു പ്രക്ഷോഭമാരംഭിക്കാനാണ് കോൺഗ്രസ് അനുകൂല അദ്ധ്യാപക സംഘടനയുടെ തീരുമാനം. കുട്ടികൾ പഠിക്കുന്ന സിലബസ് പോലും കണ്ണൂർ സർവകലാശാല രാഷ്ട്രീയവൽക്കരിക്കുകയാണെന്നാണ് ഇവർ ഉന്നയിക്കുന്ന ആരോപണം. അതേസമയം കെ കെ ശൈലജയുടെ ആത്മകഥ സിലബസിൽ ഉൾപ്പെടുത്തിയ വിഷയത്തിൽ വിശദീകരണവുമായി അഡ്ഹോക് കമ്മിറ്റി രംഗത്തെത്തി. ആത്മകഥ നിർബന്ധിത പഠന വിഷയമല്ലെന്നാണ് പ്രതികരണം. അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ പ്രാദേശിക വ്യക്തിത്വങ്ങളെ പരിചയപ്പെടുത്തുകയാണ് ലക്ഷ്യമിട്ടതെന്നും അഡ്ഹോക് കമ്മിറ്റി പ്രതികരിച്ചു.

അതേസമയം ഈ വിഷയത്തിൽ കെ കെ ശൈലജക്ക് വലിയ അറിവില്ലെന്ന വിധത്താണ് അവരുടെ ഭാഗത്തു നിന്നും പ്രതികരണങ്ങളും ഉണ്ടാകുന്നത്. കണ്ണൂർ സർവകലാശാലയുടെ സിലബസിൽ തന്റെ പുസ്തകം ഉൾപ്പെടുത്തിയതിനോട് യോജിക്കുന്നില്ലെന്ന് കെ കെ ശൈലജ ഒരു ചാനലിനോട് പ്രതികരിച്ചു. തന്റെ പുസ്തകം ഉൾപ്പെടുത്തണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നില്ലെന്ന് അവർ പറഞ്ഞു. അതുൾപ്പെടുത്തിയതിനോട് താത്പര്യമില്ല, യോജിക്കുന്നില്ല. ഇതിൽ യാതൊരു പങ്കുമില്ല', ശൈലജ ടീച്ചർ വ്യക്തമാക്കി.

അക്കാദമിക് കൗണ്സിൽ കൺവീനർ അധ്യക്ഷനായ അഡ്ഹോക് കമ്മിറ്റിയാണ് സിലബസ് തയ്യറാക്കിയത്. കണ്ണൂർ സർവകലാശാല എംഎ ഇംഗ്ലീഷ് സിലബസിൽ 'മൈ ലൈഫ് ആസ് എ കോമ്രേഡ്' എന്ന ആത്മകഥയാണ് ഉൾപ്പെടുത്തിയത്. ഒന്നാം സെമസ്റ്ററിന്റെ 'ലൈഫ് റൈറ്റിങ്' എന്ന പേപ്പറിലാണ് ആത്മകഥ പഠിക്കാൻ ഉള്ളത്. കഴിഞ്ഞ ഏപ്രിലിൽ ഡൽഹി കേരള ഹൗസിൽവെച്ച് 'മൈ ലൈഫ് ആസ് എ കോമ്രേഡ്' മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രകാശനം ചെയ്തത്.