കുവൈത്ത്സിറ്റി: കഴിഞ്ഞ സർക്കാറിന്റെ കാലത്ത് പിപിഇ കിറ്റ് വാങ്ങിയതിൽ അഴിമതി നടന്നെന്ന പരാതി ലോകായുക്ത ഫയലിൽ സ്വീകരിച്ചു അന്വേഷണം തുടങ്ങിയതിൽ പ്രതികരണവുമായി മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ. കോവിഡ് കാലത്ത് പിപിഇ കിറ്റുകൾ കൂടിയ വിലയ്ക്ക് വാങ്ങിയത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് കെ കെ ശൈലജ വ്യക്തമാക്കി. ആരോഗ്യപ്രവർത്തകരുടെ ജീവൻ അപകടത്തിലാകുന്നത് തടയുക എന്നത് പരിഗണിച്ചാണ് 500 രൂപയുടെ കിറ്റ് 1500 രൂപയ്ക്ക് വാങ്ങിയത്. 50,000 കിറ്റുകൾ വാങ്ങാൻ ഓഡർ നൽകി. എന്നാൽ, 15,000 കിറ്റുകൾ കിട്ടിയപ്പോഴേയ്ക്കും പിപിഇ കിറ്റിന്റെ വില കുറഞ്ഞുവെന്നും ബാക്കി ഓഡർ ക്യാൻസൽ ചെയ്തുവെന്നും കുവൈത്തിൽ നടന്ന പൊതു പരിപാടിയിൽ ശൈലജ ന്യായീകരിച്ചു.

'വിഷയം ഞാൻ മുഖ്യമന്ത്രിയോട് ചോദിച്ചു. മുഖ്യമന്ത്രി പറഞ്ഞു എവിടെ കിട്ടിയാലും വാങ്ങി ശേഖരിക്കണം. പക്ഷേ ക്വാളിറ്റിയും നോക്കണം. മാർക്കറ്റിൽ കണ്ടമാനം ബിസിനസുകാർ വില വർധിപ്പിച്ചു. ഒരു പിപിഇ കിറ്റിന് 1500 രൂപ. 500-ന് കിട്ടിക്കൊണ്ടിരുന്ന സാധനമാണ്. ഇത് വാങ്ങണോ എന്ന് മുഖ്യമന്ത്രിയോട് ചോദിച്ചു. പൈസയൊന്നും നോക്കണ്ട ആളുകളുടെ ജീവനല്ലേ വലുത്. പിന്നെ ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ട് അനുസരിച്ച് ബാക്കിയെല്ലാം ഒഴിവാക്കിക്കൊണ്ട് ഇത്തരം കാര്യങ്ങൾ ശേഖരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അങ്ങനെ 50,000 പിപിഇ കിറ്റ് 1500 രൂപവെച്ച് വാങ്ങാൻ ഗവൺമെന്റ് തീരുമാനിച്ചു. അതിൽ 15,000 കിട്ടി. അപ്പോഴേയ്ക്കും കിറ്റുകൾ മാർക്കറ്റിൽ വരാൻ തുടങ്ങി. വില കുറഞ്ഞു. അതോടെ ബാക്കി 35,000-ന്റെ ക്യാൻസൽ ചെയ്തു. പിന്നെ മാർക്കറ്റിൽ വരുന്ന വിലയ്ക്ക് വാങ്ങി', ശൈലജ പറഞ്ഞു.

ഇതിനെയാണ് ഇപ്പോഴും പ്രതിപക്ഷം 500 രൂപയ്ക്ക് കിട്ടുന്ന പിപിഇ കിറ്റ് 15,000 രൂപയ്ക്ക് വാങ്ങി വലിയ അഴിമതിയെന്നെക്കെ പറയുന്നതെന്നും ശൈലജ പറഞ്ഞു. പുഷ്പങ്ങൾക്കൊപ്പം മുള്ളുകളും ഉണ്ടാവുമെന്നും ഒന്നും പ്രശ്നമല്ലെന്നും ശൈലജ കൂട്ടിച്ചേർത്തു. പിപിഇ കിറ്റുകൾ വാങ്ങിയതുമായി ബന്ധപ്പെട്ട ലോകായുക്ത നോട്ടീസ് ലഭിച്ചതിന് പിന്നാലെയാണ് പരോക്ഷ മറുപടിയുമായി കെ.കെ.ശൈലജ രംഗത്തെത്തിയത്.

മുൻ മന്ത്രി കെ.കെ.ശൈലജയും മരുന്നു വാങ്ങലിനു നേതൃത്വം നൽകിയ ഉദ്യോഗസ്ഥരും സ്വകാര്യ കമ്പനി പ്രതിനിധികളുമാണ് എതിർകക്ഷികൾ. ഐഎഎസ് ഉദ്യോഗസ്ഥർ അടക്കമുള്ളവർക്ക് നോട്ടിസ് അയച്ച് പ്രാഥമിക വാദവും അന്വേഷണവും പൂർത്തിയായതിനെ തുടർന്നാണ് കേസ് ഫയലിൽ സ്വീകരിച്ചത്. കെ.കെ.ശൈലജയ്ക്ക് നോട്ടിസ് നൽകുകയോ അവർക്കെതിരെ അന്വേഷണം നടത്തുകയോ ചെയ്തിരുന്നില്ല. കെ.കെ.ശൈലജയോട് നേരിട്ടോ അഭിഭാഷകൻ മുഖാന്തിരമോ ഡിസംബർ എട്ടിന് ഹാജരാകാനാണ് നോട്ടിസ് നൽകിയിരിക്കുന്നത്. ഇവരുടെ വാദം കേൾക്കുന്നതിനൊപ്പം രേഖകൾ പരിശോധിച്ച് ലോകായുക്ത നേരിട്ട് അന്വേഷണം നടത്തും.

കോൺഗ്രസ് നേതാവ് വീണ എസ്.നായരാണ് അന്വേഷണം ആവശ്യപ്പെട്ട് ലോകായുക്തയെ സമീപിച്ചത്. മുൻ ആരോഗ്യമന്ത്രി കെ.കെ.ശൈലജ, അന്നത്തെ ആരോഗ്യ സെക്രട്ടറി രാജൻ എൻ. ഖോബ്രഗഡെ, മെഡിക്കൽ സർവീസസ് കോർപറേഷൻ എംഡിയായിരുന്ന ബാലമുരളി, മെഡിക്കൽ സർവീസസ് കോർപറേഷൻ മുൻ ജനറൽ മാനേജർ എസ്.ആർ.ദിലീപ് കുമാർ അടക്കം പതിനൊന്ന് പേർക്കെതിരെയാണ് വീണ പരാതി നൽകിയത്.

കോവിഡ് കാലത്ത് പിപിഇ കിറ്റുകളും സർജിക്കൽ ഉപകരണങ്ങളും വാങ്ങിയതിൽ അഴിമതി നടന്നതായി പരാതിയിൽ ആരോപിക്കുന്നു. മന്ത്രിയായിരുന്ന കെ.കെ.ശൈലജയുടെ അറിവോടെയാണ് ഇടപാടുകൾ നടന്നത്. കേരളത്തിലുടനീളം മരുന്നുകളും സർജിക്കൽ ഉപകരണങ്ങളും കുറഞ്ഞ നിരക്കിൽ വിതരണം ചെയ്യേണ്ടതിന്റെ ഉത്തരവാദിത്തം മെഡിക്കൽ സർവീസസ് കോർപറേഷനാണ്.

എന്നാൽ, ചട്ടങ്ങൾ പാലിക്കാതെ കോവിഡ് കാലത്ത് മരുന്നുകളും ഉപകരണങ്ങളും വാങ്ങിയതിലൂടെ ഖജനാവിനു വലിയ നഷ്ടമുണ്ടായി. വിപണി നിരക്കിനേക്കാൾ ഉയർന്ന നിരക്കിലാണ് സ്വകാര്യ കമ്പനികളിൽനിന്ന് പിപിഇ കിറ്റുകൾ വാങ്ങിയത്. പിപിഇ കിറ്റുകൾ വിതരണം ചെയ്യുന്നതിനു മുൻപു തന്നെ ഒരു സ്വകാര്യ കമ്പനിക്ക് മുൻകൂറായി 9 കോടി രൂപ അനുവദിച്ചു. സാധാരണ കാരാർ പ്രകാരമുള്ള സാധനങ്ങൾ വിതരണം ചെയ്തതിനുശേഷമാണ് പണം അനുവദിക്കുന്നത്. ഈ രീതി അട്ടിമറിച്ചതായും പരാതിയിൽ ചൂണ്ടിക്കാട്ടി.