- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്തിനാണ് പൊലീസ് സംവിധാനം? പൊലീസുകാരുടെ കൈയിൽ തോക്കുണ്ടായിരുന്നു; അതുപയോഗിക്കേണ്ട, പ്ലാസ്റ്റിക്ക് കസേരയുണ്ടായിരുന്നില്ലേ; അതെടുത്തൊന്ന് അടിച്ചിരുന്നെങ്കിൽ രക്ഷപ്പെടുത്താമായിരുന്നില്ലേ? കെ കെ ശൈലജക്ക് മുന്നിൽ വിതുമ്പി വന്ദനയുടെ പിതാവ്; ഇവിടെ എന്തുണ്ടായിട്ടെന്താ ജീവിക്കാനുള്ള സാഹചര്യമില്ലെന്നം മോഹൻദാസിന്റെ വിമർശനം
കോട്ടയം: ഡോ: വന്ദനയുടെ മരണത്തിൽ ഭരിക്കുന്ന പാർട്ടിക്ക് ഉത്തരവാദിത്തം ഉണ്ടെന്ന് അച്ഛൻ മോഹൻദാസ്. ചിലർ പറയുന്നത് ആവശ്യമില്ലാത്ത കാര്യങ്ങളാണ്. പലതും സഹിക്കാനാകുന്നില്ല. എന്തിനാണ് പൊലീസ് സംവിധാനം പ്രവർത്തിക്കുന്നതെന്നും ഒരു കസേര എടുത്ത് അക്രമിയെ അടിക്കാമായിരുന്നില്ലേ എന്നും മോഹൻദാസ് ചോദിച്ചു. സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ കെ കെ ശൈലജ കുടുംബത്തെ കാണാനെത്തിയപ്പോഴായിരുന്നു പിതാവിന്റെ വൈകാരിക പ്രതികരണം.
'പൊലീസുകാരുടെ കൈയിൽ തോക്കുണ്ടായിരുന്നു. അതുപയോഗിക്കേണ്ട, പ്ലാസ്റ്റിക്ക് കസേരയുണ്ടായിരുന്നില്ലേ. അതെടുത്തൊന്ന് അടിച്ചിരുന്നെങ്കിൽ രക്ഷപ്പെടുത്താമായിരുന്നില്ലേ? അക്രമിയെ പിടിച്ചുവെക്കാൻ കഴിയുമായിരുന്നില്ലേ? പിന്നെന്തിനാണ് ഈ പൊലീസിനെയൊക്കെ വെച്ചുകൊണ്ടിരിക്കുന്നത്,' വന്ദനയുടെ പിതാവ് ചോദിച്ചു.
'പഞ്ചാബിലായിരുന്നു മകൾക്ക് ആദ്യം അഡ്മിഷൻ ലഭിച്ചത്. അവിടെ വിടാൻ കഴിയാത്തതിനാലാണ് ഇവിടെ കാശുകൊടുത്ത് അഡ്മിഷൻ എടുത്തത്. എന്റെ അമ്മയുടെ ആഗ്രഹമായിരുന്നു കൊച്ച് ഡോക്ടറാകണമെന്ന്. മൂന്നോ നാലോ മാസം കഴിയുമ്പോഴേക്കും എന്റെ കൊച്ച് എന്റടുത്ത് വന്നേനെ', മകളെക്കുറിച്ച് പറയുമ്പോൾ പിതാവ് വികാരാധീനനായി.
ജീവിക്കാനും ജോലി ചെയ്യാനുമുള്ള സാഹചര്യം ഒരുക്കണം. അതില്ലാത്തതുകൊണ്ടല്ലേ ആളുകൾ കേരളത്തിന് പുറത്തേക്ക് പോകുന്നത്. ഇവിടെ എന്തുണ്ടായിട്ടെന്താ ജീവിക്കാനുള്ള സാഹചര്യമില്ല. പുറത്തുപോയാൽ പിന്നെ ഏതെങ്കിലും കുട്ടികൾ തിരിച്ചുവരുമോ? എട്ടുപത്തുവർഷം കഴിയുമ്പോഴേക്കും കേരളത്തിലിനി കിഴവന്മാർ മാത്രമേ ഉണ്ടാവുകയുള്ളൂ. വിദേശത്തുപോയവർ പിന്നെ തിരിച്ചുവരില്ലെന്നും വന്ദനയുടെ പിതാവ് ചൂണ്ടിക്കാട്ടി.
പൊലീസിന്റെ വീഴ്ചകളും പിതാവ് എണ്ണിയെണ്ണിപ്പറഞ്ഞു. അതി വൈകാരികമായിട്ടായിരുന്നു പിതാവിന്റെ പ്രതികരണം. എന്റെ മകൾ പോയി, ഇനി ആർക്കും ഇതുപോലെ ഒരു ഗതികേട് ഉണ്ടാകരുതെന്നും കരഞ്ഞുകൊണ്ട് വന്ദനയുടെ അച്ഛൻ ശൈലജ ടീച്ചറോട് പറഞ്ഞു. ഏറെ നേരം വീട്ടിൽ ചെലവഴിച്ച ശേഷമാണ് ശൈലജ ടീച്ചർ വീട്ടിൽ നിന്നും ഇറങ്ങിയത്.
അതേസമയം വന്ദനയുടെ കൊലപാതകം ക്രൈംബ്രാഞ്ച് അന്വേഷിക്കും. എഫ്ഐആറിലെ പിഴവുകൾ പുറത്തുവന്നതിന് പിന്നാലെയാണ് കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. ഹൈക്കോടതിയുടെ വിമർശനവും എഫ്.ഐ.ആറിലെ പിഴവും കടുത്ത നാണക്കേടുണ്ടാക്കിയതായി എ.ഡി.ജി.പിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിലയിരുത്തി.
സന്ദീപിനെ ചികിത്സിക്കുമ്പോൾ പൊലീസുകാർ മാറി നിന്നതിനെതിരെയും യോഗത്തിൽ വിമർശനം ഉയർന്നു. ഡി.വൈ.എസ്പി എം.എം.ജോസിന്റെ നേതൃത്വത്തിലാകും ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുക. റൂറൽ എസ് പി എം.എൽ സുനിലിനാണ് മേൽനോട്ട ചുമതല. സന്ദീപിന്റെ ഫോൺ പരിശോധിച്ചതിൽ നിന്ന് കൊട്ടാരക്കര പൊലീസിന് കാര്യമായി വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നണ് വിവരം. ആശുപത്രിയിൽ നിന്നുള്ള ദൃശ്യങ്ങൾ സന്ദീപ് ആർക്കാണ് അയച്ചതെന്നും വ്യക്തമല്ല.
അതേസമയം വന്ദനാ കൊലക്കേസ് പ്രതി സന്ദീപിന് മാനസിക പ്രശ്നങ്ങൾ ഒന്നുമില്ലെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. പ്രതിയെ പാർപ്പിച്ചിരിക്കുന്ന പൂജപ്പുര സെൻട്രൽ ജയിലിലെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ പൊലീസ് കർശനമായി നിരീക്ഷിച്ചു വരികയാണ്. മാനസിക പ്രശ്നമുണ്ടെന്ന് വരുത്തിത്തീർക്കാൻ പ്രതി ശ്രമിക്കുമെന്ന സൂചനയെ തുടർന്നാണ് അന്വേഷണ സംഘത്തിന്റെ 24 മണിക്കൂർ നിരീക്ഷണം. മാരക ലഹരി പദാർത്ഥങ്ങൾ പ്രതി ഉപയോഗിച്ചിട്ടില്ല എന്നാണ് മറ്റൊരു കണ്ടെത്തൽ. അതേസമയം, പ്രതി ബോധപൂർവം അക്രമം കാട്ടിയതാണെന്നാണ് വന്ദനയുടെ സഹപ്രവർത്തകരായ ഹൗസ് സർജന്മാർ പറയുന്നത്. പൊലീസിന്റെ ഭാഗത്തെ വീഴ്ചകളും ഡോക്ടർമാർ ചൂണ്ടിക്കാട്ടി.
പ്രതി മാനസിക രോഗിയാണെന്ന വാദം ഡോക്ടർമാർ തള്ളിക്കളഞ്ഞു. പ്രതി സന്ദീപ് കൊലപാതകം നടത്തിയത് ബോധപൂർവ്വമാണ്. ബോധമുള്ള ആളിന് മാത്രമെ ഇങ്ങനെയൊക്കെ ചെയ്യാൻ സാധിക്കൂ. പ്രതിക്ക് ഏറ്റവും വലിയ ശിക്ഷ വാങ്ങികൊടുക്കണമെന്നും ഹൗസ് സർജന്മാർ ആവശ്യപ്പെട്ടു. ആശുപത്രിയിൽ എത്തിയ പ്രതി പ്രകോപിതനായ ശേഷം ആദ്യം ഹോം ഗാർഡിനെയാണ് ആക്രമിച്ചതെന്ന് കൊല്ലപ്പെട്ട വന്ദന ദാസിന്റെ സുഹൃത്തും ഡോക്ടറുമായ നാദിയ പറഞ്ഞു. പിന്നീട് ആണ് സന്ദീപ് പൊലീസിനെ മർദ്ദിക്കുന്നത്. ഈ സമയത്താണ് ഡോ. വന്ദന പുറത്തേക്ക് വന്നത്. പ്രതി അക്രമകാരിയാണെന്ന് വന്ദന അറിയുന്നില്ല. സംഭവസ്ഥലത്ത് നടക്കുന്ന കാര്യങ്ങളെക്കുറിച്ച് വന്ദനയ്ക്ക് അറിയില്ലായിരുന്നു. ബോധമനസോടെയല്ല പ്രതി അക്രമം ചെയ്തതെന്നാണ് പറയുന്നത്. പ്രതി ബുദ്ധിപൂർവ്വം ചെയ്തതാണ്. അയാൾ ലഹരിക്ക് അടിമയായിരുന്നുവെന്നും ഡോ. നാദിയ ചൂണ്ടിക്കാട്ടി.
'ബോധത്തോടെയല്ല പ്രതി ഇതെല്ലാം ചെയ്തതെന്നാണ് പൊതുവെയുള്ള അഭിപ്രായം. ബോധത്തോടെയല്ലെങ്കിൽ കത്രിക എന്തിനാണ് അയാൾ കയ്യിൽ ഒളിച്ചുപിടിച്ചത്? അയാൾ കത്രികയെടുത്ത് മുഷ്ടി ചുരുട്ടി അതിനിടയിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു. ആക്രമിക്കുന്ന സമയത്തു പോലും ആരും ഇത് കണ്ടിട്ടില്ല. ഇത് വെറും കത്രികയല്ല. അറ്റം വളഞ്ഞിരിക്കുന്ന ഉപകരണമാണ്. ഇതുപയോഗിച്ച് കുത്തിയാൽ വളരെ ആഴത്തിലാണ് മുറിവേൽക്കുക. മാത്രമല്ല, അതിനു ശേഷം രക്തക്കറ മായിക്കുന്നതിനായി അത് കഴുകി എടുത്ത സ്ഥലത്തു തന്നെ വയ്ക്കുകയും ചെയ്തു. ഉപയോഗിച്ച കത്രിക ഫിൽട്ടറിൽ നിന്ന് വെള്ളമെടുത്ത് കഴുകി അത് ഫിൽട്ടറിനകത്തേക്ക് ഇടുകയാണ് ഉണ്ടായതെന്നും നാദിയ പറഞ്ഞു.
അക്രമം നടക്കുമ്പോൾ ആംബുലൻസ് ഡ്രൈവറായ രാജേഷ്,മറ്റ് നഴ്സുമാരെ അകത്താക്കി വാതിലടച്ചു. ഈ സമയത്ത് വന്ദനയും മറ്റൊരു ജീവനക്കാരിയുമാണ് പുറത്തുണ്ടായിരുന്നത്. രക്ഷപ്പെട്ട ജീവനക്കാരി ഡോക്ടർ ഷിബിനോട് വന്ദനയെ പ്രതി കുത്തുന്നുവെന്ന് പറഞ്ഞു. ഇതുകേട്ട ഷിബിൻ ഓടിയെത്തി പ്രതിയെ തട്ടിമാറ്റി വന്ദനയെ രക്ഷിക്കാൻ ശ്രമിച്ചു. അപ്പോൾ വന്ദനയക്ക് ബോധമുണ്ടായിരുന്നു. ശ്വാസം കിട്ടുന്നില്ലെന്ന് പറഞ്ഞ വന്ദനയെ ഷിബിനാണ് രക്ഷപ്പെടുത്തി പുറത്തേക്ക് കൊണ്ടുവന്നത്. പുറത്തേക്ക് കൊണ്ടുവരുമ്പോഴും വന്ദനയെ പ്രതി കുത്തിയിരുന്നു.
കരഞ്ഞ് ഒറ്റപ്പെട്ടിരിക്കുന്ന ആ അച്ഛനും അമ്മയ്ക്കും മാത്രമാണ് നഷ്ടം. ആ മാതാപിതാക്കളുടെ കണ്ണീരിന് ഓരോരുത്തരും ഉത്തരവാദിയാണ്. നമ്മുടെ സംവിധാനങ്ങൾ തെറ്റ് തന്നെയാണെന്നും ഡോക്ടർ നാദിയ വിമർശിച്ചു. എത്രയും വേഗം കേസ് റിപ്പോർട്ട് സമർപ്പിച്ച് സന്ദീപിന് മാക്സിമം ശിക്ഷ വാങ്ങിച്ചുകൊടുക്കണം. ഡോക്ടർ വന്ദനയുടെ അച്ഛനും അമ്മയ്ക്കും വേണ്ടി സാന്ത്വനം നൽകുന്ന ഒരു വാക്ക് ആണ് ഞങ്ങൾക്ക് വേണ്ടത്. നമ്മൾ അവിടെ പോയി രണ്ടിറ്റ് കണ്ണീർ വീഴ്ത്തിയതുകൊണ്ടോ ബാഷ്പാഞ്ജലി അർപ്പിച്ചതുകൊണ്ടോ പൂക്കൾ വിതറിയതുകൊണ്ടോ കാര്യമില്ല. ഡോക്ടർമാരെല്ലാം സമരം പിൻവലിച്ച് ഡ്യൂട്ടിക്കു കയറാൻ തുടങ്ങുകയാണ്. പക്ഷേ, ഞങ്ങൾക്കിടയിൽ കണ്ണീരുണങ്ങുന്നില്ല. അന്ന് ഞങ്ങളിലൊരാളുടെ പേരാണ് ഡ്യൂട്ടി ലിസ്റ്റിലുണ്ടായിരുന്നതെങ്കിൽ അവിടെ വന്ദനയ്ക്കു പകരം ഉണ്ടാകേണ്ടിയിരുന്നത് ഞങ്ങളാണ്.'
ഫാസ്റ്റ് ട്രാക്ക് കോടതിയിൽ തന്നെ കേസ് നടത്തണം. ദ്രുതഗതിയിൽ തന്നെ വിധി വരണമെന്നും ഡോക്ടർമാർ ആവശ്യപ്പെട്ടു. പ്രതി ആയുധം ആരും കാണാതെ ഒളിപ്പിച്ചുവെച്ചിരിക്കുകയായിരുന്നുവെന്നും മറ്റൊരു ഡോക്ടറും പറഞ്ഞു. പൊലീസിന്റെ ഭാഗത്തുനിന്നും വീഴ്ച ഉണ്ടായെന്നും ഡോക്ടർമാർ ആരോപിച്ചു. പ്രതി അക്രമകാരി ആകുമെന്ന് പൊലീസ് നേരത്തെ അറിയണമായിരുന്നു. പൊലീസ് സ്വയം രക്ഷയ്ക്ക് എഴുന്നേറ്റ് ഓടുകയാണുണ്ടായത്. പൊലീസ് ഉദ്യോഗസ്ഥർക്ക് കൃത്യമായ ട്രെയിനിങ് ലഭിച്ചിരുന്നില്ല. ട്രെയിനിങ് കൊടുക്കണമായിരുന്നുവെന്നും ഡോക്ടർമാർ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ