തിരുവനന്തപുരം: മണിയാര്‍ ജലവൈദ്യുത പദ്ധതിയുടെ കരാര്‍ നീട്ടുന്നതുമായി ബന്ധപ്പെട്ട തീരുമാനത്തില്‍ സര്‍ക്കാര്‍ തലത്തില്‍ ഭിന്നത പുറത്തേക്ക്. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് മണിയാര്‍ വിഷയം ഉയര്‍ത്തിക്കൊണ്ടുവന്നത്. ഈ വിഷയത്തില്‍ സര്‍ക്കാര്‍ തലത്തിലെ ഭിന്നത വ്യക്തമാക്കുന്നതാണ് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ വാക്കുകള്‍. മണിയാര്‍ പദ്ധതിയുടെ കരാര്‍ നീട്ടരുതെന്നാണ് വൈദ്യുതി വകുപ്പിന്റെ നിലപാടെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു.

കരാര്‍ നീട്ടണമെന്ന വ്യവസായ വകുപ്പിന്റെ നിലപാടില്‍ അന്തിമ തീരുമാനം ആയില്ലെന്നും മന്ത്രി വ്യക്തമാക്കി.ഇതില്‍ അന്തിമ തീരുമാനം മുഖ്യമന്ത്രി എടുക്കുമെന്നും കൃഷ്ണന്‍കുട്ടി മാദ്ധ്യമങ്ങളോട് പറഞ്ഞു. മണിയാര്‍ പദ്ധതി ഏറ്റെടുക്കണം എന്നാണ് വൈദ്യുതി ബോര്‍ഡിന്റെ അഭിപ്രായമെന്നും കൃഷ്ണന്‍കുട്ടി പറഞ്ഞു. വൈദ്യുതി ചാര്‍ജ് വര്‍ദ്ധന ഇനി വേണ്ടി വരില്ലെന്ന് മന്ത്രി കെ കൃഷ്ണന്‍ കുട്ടി പറഞ്ഞു. ദീര്‍ഘകാല കരാര്‍ റദ്ദാക്കിയത് പുനസ്ഥാപിക്കാന്‍ സുപ്രീം കോടതിയെ സമീപിച്ചു. വാദം പൂര്‍ത്തിയായി. അനുകൂല വിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷ. വിധി പ്രതികൂലമെങ്കില്‍ മാത്രം ചാര്‍ജ് വര്‍ധനവിനെ കുറിച്ച് ആലോചനയുള്ളുവെന്നും മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു.

മണിയാര്‍ ജലവൈദ്യുത പദ്ധതിയുടെ കരാര്‍ നീട്ടുന്നതില്‍ വ്യവസായ വകുപ്പിനും വൈദ്യുതി വകുപ്പിനും രണ്ട് അഭിപ്രായമാണെന്നതാണ് മന്ത്രിയുടെ വിശദീകരണത്തിലൂടെ തെളിയുന്നത്. കെഎസ്ഇബിയുടെ നിലപാടിന് അനുശ്രുതമായാണ് മന്ത്രിയുടെ നിലപാട്. എന്നാല്‍ കാര്‍ബോറണ്ടത്തിന് കരാര്‍ നീട്ടി നല്‍കണം എന്നാണ് വ്യവസായ വകുപ്പിന്റെ നിലപാട്. സംസ്ഥാനം വ്യവസായ സൗഹൃദമാകാന്‍ വേണ്ടിയാണ് ഇതെന്നാണ് മന്ത്രി പി രാജീവിന്റെ വാദം.

മണിയാര്‍ പദ്ധതി 30 വര്‍ഷത്തേക്കാണ് കാര്‍ബോറണ്ടം ഗ്രൂപ്പിന് നല്‍കിയിരുന്നത്. 30 വര്‍ഷം കഴിയുമ്പോള്‍ പദ്ധതി കെഎസ്ഇബിക്ക് തിരിച്ചു നല്‍കണം. 30 വര്‍ഷത്തെ ബിഒടി അടിസ്ഥാനത്തിലുള്ള കരാര്‍ കാലാവധി ഡിസംബറില്‍ അവസാനിക്കാനിരിക്കെ കരാര്‍ നീട്ടുന്നതുമായി ബന്ധപ്പെട്ട തീരുമാനത്തിലെ ഭിന്നത മറനീക്കി പുറത്തുവന്നത്. നീട്ടി നല്‍കുന്നെങ്കില്‍ തന്നെ വീണ്ടും 25 കൊല്ലത്തേക്ക് എന്തിന് കരാര്‍ പുതുക്കുന്നു എന്ന ചോദ്യം ഉയര്‍ന്നിരുന്നു.

വൈദ്യുതി മന്ത്രി നിലപാട് വ്യക്തമാക്കിയതോടെ കരാര്‍ നീട്ടലിലെ അഴിമതി വ്യക്തമായെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. മണിയാര്‍ കരാര്‍ നീട്ടി നല്‍കാനുള്ള ഇടപെടല്‍ രണ്ടുവര്‍ഷം മുമ്പേ തുടങ്ങിയെന്നാണ് വ്യക്തമാകുന്ന വിവരം. 2022 ഡിസംബറില്‍ നടന്ന ഉന്നതതല യോഗത്തിന്റെ അടിസ്ഥാനത്തില്‍ മണിയാര്‍ വിഷയത്തില്‍ വ്യവസായ വകുപ്പ് സ്വീകരിച്ച നിലപാട് കെ.എസ്.ഇ.ബിയെ അറിയിച്ചതായാണ് രേഖകള്‍.

ബി.ഒ.ടി അടിസ്ഥാനത്തില്‍ നടക്കുന്ന ഇത്തരം ചെറുകിട ജലവൈദ്യുതി പദ്ധതികളുടെ കരാര്‍ പുതുക്കുന്നതില്‍ വ്യവസായ വകുപ്പിന് ഉചിതമായ തീരുമാനമെടുക്കാനാവുമെന്ന അവകാശവാദവും കെ.എസ്.ഇ.ബിക്ക് മുമ്പാകെ ഉന്നയിച്ചു. കഴിഞ്ഞയാഴ്ച മണിയാര്‍ അടക്കമുള്ളവ ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന യോഗത്തിന് സമാനമായി 2022ലും യോഗം ചേര്‍ന്നതായാണ് വ്യക്തമാവുന്നത്. 2022 ഡിസംബര്‍ 12നാണ് മുഖ്യമന്ത്രി, വ്യവസായ മന്ത്രി, വൈദ്യുതി മന്ത്രി എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ മണിയാര്‍ പദ്ധതിയെക്കുറിച്ച് വിശദമായ ചര്‍ച്ചനടന്നത്.

2024ല്‍ അവസാനിക്കുന്ന കരാര്‍ നീട്ടിനല്‍കുന്നതിനെ ആസ്പദമാക്കിയായിരുന്നു ചര്‍ച്ച. കരാര്‍ നീട്ടുന്നത് സംസ്ഥാനത്തെ ഊര്‍ജ മേഖലക്കും ഗുണകരമല്ലാത്തതിനാല്‍ യോഗത്തിന് പിന്നാലെ ഡിസംബര്‍ 20ന് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കെ.എസ്.ഇ.ബി ഊര്‍ജ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കത്തും നല്‍കിയിരുന്നു.

വര്‍ഷം മുഴുവനും വൈദ്യുതോല്‍പാദനം സാധ്യമാവുന്ന പദ്ധതിയെന്ന പ്രത്യേകത മൂലം മണിയാര്‍ പൊതുമേലഖയില്‍ വരുന്നതിലൂടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കള്‍ക്കുള്ള നേട്ടമടക്കം കത്തില്‍ ചൂണ്ടിക്കാട്ടി. അതസമയം മണിയാര്‍ ജലവൈദ്യുത പദ്ധതി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കത്തു നല്‍കി. തിരിച്ചെടുക്കാതിരിക്കുന്നത് ജനങ്ങളോടുള്ള വഞ്ചനയും അഴിമതിയുമാണെന്ന് മുഖ്യമന്ത്രിക്കുനല്‍കിയ കത്തില്‍ അദ്ദേഹം പറഞ്ഞു.

യൂണിറ്റിന് വെറും 50 പൈസ നിരക്കില്‍ വൈദ്യുതി ഉത്പാദിപ്പിക്കാവുന്ന നിലയമാണ്. കെ.എസ്.ഇ.ബി. ചെയര്‍മാനും ചീഫ് എന്‍ജിനിയറും ഊര്‍ജസെക്രട്ടറിക്ക് നല്‍കിയ കത്തില്‍ കരാര്‍ നീട്ടുന്നതിനെ എതിര്‍ത്തിട്ടുണ്ട്. പദ്ധതി കൈമാറിക്കിട്ടിയാല്‍ 10 വര്‍ഷംകൊണ്ട് ഏതാണ്ട് 140 കോടിയുടെ പ്രയോജനം വൈദ്യുതി ഉപഭോക്താക്കള്‍ക്ക് കൈമാറാനാകുമെന്ന് കെ.എസ്.ഇ.ബി. സര്‍ക്കാരിനെ അറിയിച്ചിട്ടുമുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

കേരളത്തിന്റെ വൈദ്യുതി മേഖല സ്വകാര്യ കുത്തക കമ്പനികള്‍ക്ക് തീറെഴുതാനുള്ള നീക്കമാണ് പിണറായി സര്‍ക്കാരിന്റെതെന്നും 12 മെഗാവാട്ട് മണിയാര്‍ ജല വൈദ്യുത പദ്ധതി കരാര്‍ കാര്‍ബോറണ്ടം ഗ്രൂപ്പിന് 25 വര്‍ഷം കൂടി നീട്ടിനല്‍കാനുള്ള നീക്കത്തിന് പിന്നില്‍ വലിയ അഴിമതിയാണെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപിയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.