- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചിയിലെ റിസോർട്ടിൽ ലഹരി പാർട്ടി നടത്തിയ പി.വി അൻവർ എംഎൽഎക്കെതിരെ കേസെടുക്കണമെന്ന് കെ.എം ഷാജഹാൻ; സ്വന്തം റിസോർട്ടിൽ ലഹരിപാർട്ടി നടത്തിയ അൻവറിന്റെ പരാതിയിലാണ് ലഹരിക്കെതിരെ വാർത്താപരമ്പര നൽകിയ മാധ്യമപ്രവർത്തകരെ പൊലീസ് വേട്ടയാടുന്നതെന്നും ആരോപണം
കൊച്ചി: ആലുവ എടത്തലയിൽ ഡി.ജെ പാർട്ടിയുടെ മറവിൽ ലഹരിപാർട്ടി നടത്തിയ സംഭവത്തിൽ പി.വി അൻവർ എംഎൽഎക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ടു വി എസ് അച്യുതാനന്ദന്റെ മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാൻ രംഗത്ത്. റെയ്ഡ് നടത്തി മദ്യമടക്കം പിടികൂടിയ സംഭവത്തിൽ നാലു വർഷം കഴിഞ്ഞിട്ടും റിസോർട്ട് ഉടമ പി.വി അൻവർ എംഎൽഎക്കെതിരെ കേസെടുക്കാതെ എക്സൈസ് അന്വേഷണം അട്ടിമറിച്ചിരിക്കുകയാണെന്നും ഷാജഹാൻ കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
നിയമവിരുദ്ധമായി മദ്യവിൽപ്പന നടത്തിയാൽ കെട്ടിട ഉടമക്കെതിരെ അബ്ക്കാരി നിയമം 64 പ്രകാരം കേസെടുക്കണം. എന്നാൽ എടത്തലയിലെ ലഹരിപാർട്ടിയിൽ പി.വി അൻവറിനെതിരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. രാജ്യസുരക്ഷയെ ബാധിക്കുന്നതിനാൽ 8 നില കെട്ടിടത്തിലെ 3 നിലകൾ ഒഴികെയുള്ളവ പൊളിച്ചുനീക്കണമെന്നു നാവികസേന നോട്ടീസ് നൽകിയ കെട്ടിടത്തിലാണ് ലഹരിപാർട്ടി നടത്തിയത് എന്നത് അതീവ ഗൗരവത്തോടെ കാണണം. എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറായിരുന്ന എ.എസ് രഞ്ജിത്തിന്റെ നേതൃത്വത്തിൽ 2018 ഡിസംബർ എട്ടിന് രാത്രി പതിനൊന്നരക്ക് നടന്ന റെയ്ഡിൽ ഇവിടെ നിന്നും അഞ്ചു പേരെ അറസ്റ്റു ചെയ്തിരുന്നു.
എക്സൈസ് സംഘം പരിശോധനക്കായി എത്തിയപ്പോൾ ഗോഡ്സ് ഓൺ ബൈക്കേഴ്സ് മീറ്റ് എന്ന പേരിൽ 40 സ്ത്രീകളടക്കം 150 പേർപങ്കെടുക്കുന്ന ലഹരി പാർട്ടി നടക്കുകയായിരുന്നു. പാർട്ടിയുടെ പേര് പ്രിന്റ് ചെയ്ത കറുത്ത ടീ ഷർട്ടായിരുന്നു എല്ലാവരും ധരിച്ചിരുന്നത്. 20 ലിറ്റർ ഇന്ത്യൻ വിദേശ മദ്യവും 10 ലിറ്റർ ബിയറും ഇവിടെനിന്നും കണ്ടെടുത്തു. 10 ലിറ്റർ മദ്യത്തിന്റെ ബാക്കി 50 കാലിക്കുപ്പികൾ, ലഹരിവസ്തുക്കൾ ചുരുട്ടിവലിക്കുന്ന പ്രത്യേക കടലാസുകൾ എന്നിവയും ലഭിച്ചു. 1500 രൂപ വീതം പ്രവേശന ഫീസ് വാങ്ങിയായിരുന്നു ഡി.ജെ പാർട്ടി.
പണിപൂർത്തിയാവാത്ത കെട്ടിടത്തിന്റെ ഉള്ളിൽ ഡാൻസ് ബാറുകളെ കടത്തിവെട്ടുന്ന രീതിയിലുള്ള സജ്ജീകരണങ്ങളാണ് ഒരുക്കിയിരുന്നത്. ലൈറ്റിങ് സംവിധാനവും പെഗ് ഒഴിക്കുന്ന ഉപകരണങ്ങളുമടക്കം നക്ഷത്ര ബാറിന്റെ സൗകര്യങ്ങളെല്ലാം ഇവിടെയുണ്ടായിരുന്നു. രജിസ്ട്രേഷൻ ഫീസായി ഈടാക്കിയ 1500 രൂപയിൽ നിന്നാണ് മദ്യത്തിന്റെയും ഭക്ഷണത്തിന്റെയും വില ഈടാക്കുന്നതെന്നും ഷാജഹാൻ ആരോപിച്ചു.
സംഗീതത്തിനനുസരിച്ച് ഡാൻസ് മുറുകുമ്പോൾ ക്ഷീണംവരാതിരിക്കാൻ ലഹരിമരുന്നു ഉപയോഗിച്ചിരുന്നുവെന്നാണ് എക്സൈസിനു ലഭിച്ച വിവരം. അതീവരഹസ്യമായാണ് ലഹരി പാർട്ടി സംഘടിപ്പിച്ചത്. പാർട്ടിയിൽ പങ്കെടുക്കാൻ ഓൺലൈനിൽ അപേക്ഷപൂരിപ്പിച്ചു നൽകണം. ഇവരുടെ പശ്ചാത്തലം അന്വേഷിച്ച് ഉറപ്പിച്ചിട്ടേ ബാങ്ക് അക്കൗണ്ടിൽ പണം അടപ്പിക്കൂ. പാർട്ടി തുടങ്ങുന്നതിന് മണിക്കൂറുകൾ മുമ്പുമാത്രമാണ് ഒത്തുകൂടേണ്ട സ്ഥലം അറിയിക്കുക. പി.വി അൻവർ എംഎൽഎയുടെ കെട്ടിടത്തിൽ മുമ്പും ലഹരിപാർട്ടികൾ നടത്തിയിരുന്നതായും എക്സൈസ് സംഘത്തിന് വിവരംലഭിച്ചിരുന്നു. നേരത്തെ ജോയ് മാത്യു എന്നയാളുടെ സ്വകാര്യ റിസോർട്ട് പ്രവർത്തിച്ചിരുന്ന കെട്ടിടം 2006ലാണ് പി.വി അൻവർ എംഎൽഎ സ്വന്തമാക്കിയത്. കെട്ടിടം നിലവിൽ ജോയ് മാത്യുവിന്റെയോ കുടുംബത്തിന്റെയോ പേരിലല്ല.
99 വർഷത്തേക്ക് പി.വി അൻവർ എംഎൽഎ എം.ഡിയായ പീവീസ് റിയൽറ്റേഴ്സ് എന്ന കമ്പനിക്ക് ലീസിന് നൽകിയതാണെന്നും അബ്ക്കാരി നിയമപ്രകാരം മദ്യവിൽപ്പന നടത്തിയതിന് അൻവറിനെതിരെ കേസെടുക്കണെന്നും കാണിച്ച് ജോയ് മാത്യുവിന്റെ മകൾ പ്രിയ പെട്രോസ് എക്സൈസ് കമ്മീഷണർക്ക് പരാതി നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. കെട്ടിടം നിൽക്കുന്ന സ്ഥലത്തിന് നികുതിയടക്കുന്നതും ഇപ്പോൾ അൻവറാണ്. എംഎൽഎയുടെ റിസോർട്ടിൽ റെയ്ഡ് നടത്തിയ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ എ.എസ് രഞ്ജിത്തടക്കമുള്ള സംഘത്തിലെ അംഗങ്ങളെ ഉടൻ സ്ഥലംമാറ്റുകയായിരുന്നു. ഇതോടെ അന്വേഷണം തന്നെ അട്ടിമറിക്കപ്പെട്ടു.
സ്വന്തം റിസോർട്ടിൽ ലഹരിപാർട്ടി നടത്തിയ പി.വി അൻവർ എംഎൽഎയുടെ പരാതിയിലാണ് ലഹരിക്കെതിരെ വാർത്താപരമ്പര നൽകിയ മാധ്യമപ്രവർത്തകർക്കെതിരെ കേസെടുത്ത് വേട്ടയാടുന്നതെന്നും ഷാജഹാൻ ആരോപിച്ചു.