കാസർകോട്: കാസർഗോഡ് ബേഡകം സ്റ്റേഷനിലെ എ എസ് ഐ വിജയന്റെ ആത്മഹത്യ സംസ്ഥാനത്തെ പൊലീസുകാർക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്. രാഷ്ട്രീയത്തിന് വേണ്ടി പോലസിനെ ഉപയോഗിക്കുന്ന സർക്കാർ നയത്തിനെിതിരെ എതിർപ്പ് പൊലീസുകാർക്കിടയിൽ ശക്തമാണ്. സിപിഎമ്മാണ് പ്രതിസ്ഥാനത്തെങ്കിൽ അന്വേഷണം പോലും നടത്താൻ കഴിയാത്ത സാഹചര്യമാണ് സംജാതമായിരിക്കുന്നത്. രാഷ്ട്രീയ സമ്മർദ്ദങ്ങൾ കാരണം ഇഷ്ടമില്ലാത്ത പലതും ചെയ്യേണ്ടി വരുന്ന പൊലീസുകാർ കടുത്ത മാനസിക സമ്മർദ്ദത്തിലുമാണ്. ഇതിനിടെയാണ് ബേഡകത്തെ എഎസ്‌ഐ ആത്മഹത്യ ചെയ്ത സംഭവവും ചർച്ചയാകുന്നത്.

ഈ വിഷയത്തിൽ സർക്കാറിനെതിരെ യുഡിഎഫ് നേതാക്കൾ നേരത്തെ രംഗത്തുവന്നിരുന്നു. ഇപ്പോൾ മുസ്ലിംലീഗ് നേതാവ് കെ എം ഷാജിയും രൂക്ഷ വിമർശനവുമായി രംഗത്തുവന്നിരിക്കയാണ്. കേരളത്തിലെ പൊലീസുകാർക്ക് മേൽ വ്യാപകമായി സിപിഎം സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നാണ് ഷാജിയുടെ വിമർശനം. യുഡിഎഫ് നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ സംസ്ഥാന വ്യാപകമായി കള്ളക്കേസെടുക്കാൻ സിപിഎം പൊലീസിന് മേൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്.

ഇങ്ങനെ കള്ളക്കേസുണ്ടാക്കാൻ ഭരണം ഉപയോഗിക്കുകയാണ്. വടകരയിലും സമാനമായ രീതിയിൽ കള്ളക്കേസിന് ശ്രമം നടന്നു. താനും ഭരണകൂട ഭീകരതയുടെ ഇരയാണെന്നും കെ എം ഷാജി പറഞ്ഞു. കള്ളക്കേസെടുക്കാൻ കൂട്ടുനിൽക്കാത്ത ഉദ്യോഗസ്ഥരെ സിപിഎം ഭീഷണിപ്പെടുത്തുകയാണ്. ഇതിന്റെ ഇരയാണ് ബോഡകം ഗ്രേഡ് എസ് ഐ വിജയൻ. സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്നും കെ.എം ഷാജി കാസർഗോഡ് പറഞ്ഞു.

വിഷം കഴിച്ചതിനെ തുടർന്ന് ആരോഗ്യ നില മോശമായ വിജയൻ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സിഎം ഉനൈസിനെതിരായി സിപിഎം വനിതാ നേതാവ് നൽകിയ പരാതിയിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു വിജയൻ. ഈ കേസിലുണ്ടായ സമ്മർദ്ദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കോൺഗ്രസ് ആരോപണം. സമ്മർദ്ദം ഉണ്ടായതായി സഹപ്രവർത്തകരോട് പറഞ്ഞിരുന്നെന്ന് പൊലീസിലെ ഒരു വിഭാഗം പറയുന്നു. സിപിഐഎം നേതാക്കൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എം പിയും ആവശ്യപ്പെട്ടിരുന്നു.

മാനടുക്കം പാടിയിൽ സ്വദേശിയാണ്. ശനിയാഴ്ച വൈകിട്ട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു മരണം. ആത്മഹത്യയെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മംഗലാപുരം ആശുപത്രിയിലായിരുന്ന വിജയനെ സ്ഥിതി ഗുരുതരമായതിനാൽ കൊച്ചി അമൃത ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

എസ്ഐ വിജയൻ ആത്മഹത്യക്ക് ശ്രമിച്ചതിന് പിന്നാലെ രാഷ്ട്രീയ ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തിയിരുന്നു. വോട്ടെടുപ്പ് ദിവസത്തെ തർക്കവുമായി ബന്ധപ്പെട്ട് എസ്ഐ അന്വേഷിക്കുന്ന കേസിൽ സിപിഎം സമ്മർദ്ദമാണ് ആത്മഹത്യാ ശ്രമത്തിന് പിന്നിലെന്നായിരുന്നു ആരോപണം. കടുത്ത മാനസിക സംഘർഷത്തെ തുടർന്നാണ് എസ്ഐ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് കോൺഗ്രസ് ആരോപണം. തിരഞ്ഞെടുപ്പ് ദിവസം നടന്ന വാക്ക് തർക്കത്തെ തുടർന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സിഎം ഉനൈസിനെതിരെ സ്ത്രീത്വത്തെ അപമാനിക്കൽ അടക്കമുള്ള ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിരുന്നു.

കേസ് അന്വേഷിക്കാൻ എസ്ഐ വിജയനെയാണ് ചുമതലപ്പെടുത്തിയത്. സിപിഎം പാർട്ടി തലത്തിലും ഉന്നത പൊലീസ് ഉദ്യോഗസ്ഥ തലത്തിലും കേസിൽ ഇടപെടലുണ്ടായതോടെ വിജയൻ സമ്മർദ്ദത്തിലാവുകയായിരുന്നുവെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. കള്ളക്കേസ് എടുക്കാൻ സിപിഎം നേതാക്കൾ സമ്മർദം ചെലുത്തിയെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്് വന്നതായും വാർത്തകൾ വന്നിരുന്നു. യൂത്ത് കോൺഗ്രസ്സ് നേതാവ് ഉനൈസിന് എതിരെ കള്ള കേസ് എടുക്കില്ല എന്ന നിലപാടിലായിരിന്നു പൊലീസ്. ജാമ്യം പോലും ലഭിക്കാത്ത മാനഭംഗം ഉൾപ്പെടെയുള്ള വകുപ്പുകൾ ഉൾപ്പെടുത്തി കേസെടുക്കണമന്നുള്ള സി പി എം സമ്മർദ്ദം അതീജീവിക്കാൻ പറ്റാത്തതുകൊണ്ടാണ് ഗ്രേഡ് എസ്ഐ വിഷം കഴിച്ചത് എന്നാണ് ആരോപണം.

കള്ള വോട്ട് തടഞ്ഞതിന്റെ പേരിൽ ബേഡകം ചെമ്പക്കാട് ബൂത്തിൽ രതീഷ് ബാബു എന്ന കോൺഗ്രസ്സ് ബൂത്ത് എജന്റിനെ തടഞ്ഞു വെച്ചിരുന്നു. ബൂത്തിന് പുറത്ത് ഇറങ്ങുമ്പോൾ ആക്രമിക്കാനും സി പി എം പ്രവർത്തകർ ശ്രമിച്ചു. തൊട്ടടുത്ത ബൂത്തിൽ നൂറ്റിയമ്പതോളം വരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർ, പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ള ആറു പേരെ തടഞ്ഞുവെച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് സിപിഎമ്മും ആരോപിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഉനൈസിനെ കൊല്ലുമെന്ന് ഡിവൈഎഫ്ഐ മുദ്രാവാക്യം വിളിക്കുന്ന ദൃശ്യങ്ങളും കോൺഗ്രസ് പുറത്ത് വിട്ടിരുന്നു. യുഡിഎഫ് ബേഡകത്ത് വിശദീകരണ യോഗവും വിളിച്ചിരുന്നു.