തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ അതിശക്തമായ ത്രികോണ പോരാട്ടം പ്രതീക്ഷിക്കുന്ന തൃപ്പൂണിത്തുറ മണ്ഡലത്തില്‍ കെ. ബാബു തന്നെ സ്ഥാനാര്‍ത്ഥിയാകണമെന്ന ഉറച്ച നിലപാടിലേക്ക് കോണ്‍ഗ്രസ് നേതൃത്വം. ഇന്ന് ഇന്ദിരാ ഭവനില്‍ ചേരുന്ന തിരഞ്ഞെടുപ്പ് പ്രചാരണ സമിതിയുടെ ആദ്യ യോഗത്തില്‍ ഇക്കാര്യം പ്രധാന ചര്‍ച്ചയാകും. ആരോഗ്യപരമായ കാരണങ്ങളാല്‍ മാറിനില്‍ക്കാന്‍ ബാബു താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും, മണ്ഡലത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം പരിഗണിച്ച് അദ്ദേഹത്തെത്തന്നെ കളത്തിലിറക്കാനാണ് ഹൈക്കമാന്‍ഡ് അടക്കമുള്ളവരുടെ നീക്കം.

പാലക്കാട് ഒഴികെയുള്ള എല്ലാ സിറ്റിംഗ് എം.എല്‍.എമാരെയും വീണ്ടും മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് പ്രാഥമികമായി തീരുമാനിച്ചിരിക്കുന്നത്. തൃപ്പൂണിത്തുറയില്‍ ബാബുവിന് പകരം രമേഷ് പിഷാരടി, എം. ലിജു എന്നിവരുടെ പേരുകള്‍ ഉയര്‍ന്നു വന്നിരുന്നെങ്കിലും, ബി.ജെ.പി നഗരസഭ ഭരണം പിടിച്ചെടുത്തതും എല്‍.ഡി.എഫ് കരുത്തനായ സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കാന്‍ ഒരുങ്ങുന്നതും കണക്കിലെടുത്ത് ബാബുവിനെപ്പോലൊരു പരിചയസമ്പന്നന്‍ തന്നെ വേണമെന്ന് നേതൃത്വം വിലയിരുത്തുന്നു. രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയില്‍ ചേരുന്ന പ്രചാരണ സമിതി യോഗം ഇക്കാര്യത്തില്‍ ബാബുവുമായി കൂടുതല്‍ ചര്‍ച്ചകള്‍ നടത്തും.

അതേസമയം, വട്ടിയൂര്‍ക്കാവില്‍ കെ. മുരളീധരന്‍ മത്സരിക്കുമെന്ന് ഉറപ്പായതോടെ തലസ്ഥാനത്തെ മറ്റ് മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ ചൂടുപിടിക്കുകയാണ്. മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥനെ പാലക്കാട് പരിഗണിക്കുമെന്ന സൂചനകള്‍ക്കിടെ, പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. വി.ഡി. സതീശന്‍ നയിക്കുന്ന 'പുതുയുഗ യാത്ര'യുടെ സമാപനത്തിന് മുന്‍പ് തന്നെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.

പുതുയുഗ യാത്ര ഇന്ന് പാലക്കാട് ജില്ലയില്‍ പ്രവേശിക്കും. സതീശന്‍ പറഞ്ഞ ചില വിസ്മയങ്ങള്‍ ജില്ലയിലെ പര്യടനത്തിനിടെ സംഭവിച്ചേക്കും. പാലക്കാട്ടെ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ എം.പിമാരായ ഷാഫി പറമ്പില്‍, വി.കെ.ശ്രീകണ്ഠന്‍ എന്നിവരുടെ നിലപാടും നിര്‍ണ്ണായകമാവും.. കെ.മുരളീധരന്‍ വട്ടിയൂര്‍ക്കാവില്‍ മത്സരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. തിരുവനന്തപുരത്ത് മുന്‍ മന്ത്രി വി.എസ്.ശിവകുമാര്‍ മത്സരിക്കാനുള്ള താത്പര്യം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. കെ.എസ്.ശബരീനാഥന്‍, ടി.ശതത്ചന്ദ്ര പ്രസാദ് എന്നിവരെ മത്സരിപ്പിക്കണമെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്.

മുന്‍ എം.എല്‍.എ വി.ടി ബല്‍റാം, മുന്‍ എം.പി രമ്യാഹരിദാസ് തുടങ്ങിയവര്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം പിടിച്ചേക്കുമെന്നും സൂചനയുണ്ട്. കെസി വേണുഗോപാല്‍ തന്നെ ഇതിന്റെ സൂചനകള്‍ നല്‍കിയിട്ടുണ്ട്.