- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ജിഎസ്ടി പരിഷ്‌കരണത്തിന്റെ ഗുണം സാധാരണക്കാര്‍ക്ക് ലഭിക്കണം; കമ്പനികള്‍ വിലകൂട്ടരുത്; വില കുറയ്ക്കാന്‍ തീരുമാനിച്ചത് ആര്‍ക്ക് സഹായമാകുന്നു എന്നതാണ് പ്രശ്‌നം; നികുതിയിലുണ്ടാകുന്ന കുറവ് ഉപഭോക്താക്കളിലേക്ക് എത്തുന്നുണ്ടോ എന്ന് സര്‍ക്കാര്‍ പരിശോധിക്കുമെന്ന് ധനമന്ത്രി
ജിഎസ്ടി പരിഷ്‌കരണത്തിന്റെ ഗുണം സാധാരണക്കാര്‍ക്ക് ലഭിക്കണം
ന്യൂഡല്‍ഹി: ജിഎസ്ടി പരിഷ്‌കരണത്തിന്റെ ഗുണം സാധാരണക്കാര്‍ക്ക് ലഭിക്കണമെന്ന് സംസ്ഥാന ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. നികുതി കുറയുമ്പോള്‍ കമ്പനികള്‍ വിലകൂട്ടരുത്. 30 മുതല്‍ 35 രൂപവരെ വിലകൂട്ടാന്‍ സിമന്റ് കമ്പനികള്‍ നേരത്തെ നിശ്ചയിച്ചിരുന്നു.
ഇപ്പോള്‍ 28 ശതമാനം സ്ലാബില്‍ നിന്ന് 18 ശതമാനം ആകുമ്പോള്‍ ഒരു ചാക്ക് സിമന്റിന് ഏകദേശം 30 രൂപ കുറയും. യഥാര്‍ത്ഥത്തില്‍ വില കുറയ്ക്കാന്‍ തീരുമാനിച്ചത് ആര്‍ക്ക് സഹായമാകുന്നു എന്നതാണ് പ്രശ്‌നം. നികുതിയിലുണ്ടാകുന്ന കുറവ് ഉപഭോക്താക്കളിലേക്ക് എത്തുന്നുണ്ടോ എന്ന് സര്‍ക്കാര്‍ പരിശോധിക്കുമെന്നും ധനമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഓട്ടോമൊബൈല്‍, സിമന്റ്, ഇന്‍ഷുറന്‍സ്, ഇലക്ട്രോണിക്‌സ് എന്നിവയില്‍ മാത്രം സംസ്ഥാനത്തിന്റെ നികുതി വരുമാനത്തില്‍ 2500 കോടിയാണ് ഒരു വര്‍ഷം കുറയുന്നത്. കേരളത്തിന്റെ ക്ഷേമ, വികസന പ്രവര്‍ത്തനങ്ങളെ ഇത് ബാധിക്കും. നികുതിയുടെ വെട്ടിക്കുറവിലുണ്ടാകുന്ന നഷ്ടം നികത്തണമെന്ന് ആവശ്യപ്പെട്ടിട്ടും കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ചില്ലെന്നും ധനമന്ത്രി പറഞ്ഞു.
ഇന്നലെയാണ് രാജ്യത്തെ ചരക്ക് സേവന നികുതിയില്‍ ഇനി രണ്ട് സ്ലാബുകള്‍ മാത്രമാക്കി നിശ്ചയിച്ചു കൊണ്ടുള്ള തീരുമാനം വന്നത്. നികുതി നിരക്ക് പരിഷ്‌കരണത്തിന് ജിഎസ്ടി കൗണ്‍സിലിന്റെ അംഗീകാരം. നിലവിലുള്ള നാല് സ്ലാബുകള്‍ രണ്ടായി കുറച്ചുകൊണ്ട് ജിഎസ്ടി കൗണ്‍സില്‍ പരോക്ഷ നികുതി സമ്പ്രദായത്തില്‍ നിര്‍ണായക മാറ്റം കൊണ്ടുവരുന്നത്. നികുതിയിലെ 12, 28 ശതമാനം നിരക്കുകള്‍ ഒഴിവാക്കി, 5, 18 ശതമാനം സ്ലാബുകള്‍ മാത്രമാക്കി. ഇന്ത്യന്‍ മധ്യവര്‍ഗ ജനങ്ങളെ നേരിട്ട് സ്വാധീനിക്കുന്ന മാറ്റം ആയാണ് പരിഷ്‌കരണം വിലയിരുത്തുന്നത്. പുതുക്കിയ നിരക്കുകള്‍ സെപ്തംബര്‍ 22 മുതല്‍ നിലവില്‍ വരും.
സാധാരണക്കാരെ കേന്ദ്രീകരിച്ചുള്ള പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കി എന്നായിരുന്നു 56-ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രതികരിച്ചത്. സാധാരണക്കാരുടെ ദൈനംദിന ഉപയോഗ വസ്തുക്കള്‍ക്ക് മേലുള്ള നികുതിയാണ് പുനപരിശോധിച്ചിരിക്കുന്നത്. തൊഴില്‍ കേന്ദ്രീകൃത വ്യവസായങ്ങള്‍ക്ക് മികച്ച പിന്തുണ നല്‍കാനും യോഗത്തില്‍ ധാരണയതായും മന്ത്രി അറിയിച്ചു. കര്‍ഷകര്‍, കാര്‍ഷിക മേഖല, ആരോഗ്യ മേഖല എന്നിവയ്ക്ക് പരിഷ്‌കരണത്തിന്റെ വലിയ ഗുണം ലഭിക്കുമെന്നും ധനമന്ത്രി അവകാശപ്പെട്ടു. ഭക്ഷ്യ വസ്തുക്കള്‍ക്കും ദൈനം ദിന ആവശ്യങ്ങള്‍ക്കുള്ള വസ്തുക്കളുടെയും ജിഎസ്ടി നിരക്ക് കുറച്ചിട്ടുണ്ട്.
33 ജീവന്‍ രക്ഷാ മരുന്നുകള്‍ക്ക് ഉള്‍പ്പെടെ മരുന്നുകള്‍ക്കുള്ള ജിഎസ്ടി എടുത്തുമാറ്റി. 12 ശതമാനം ഉണ്ടായിരുന്ന നിരക്കാണ് പൂജ്യമാക്കി തിരുത്തിയത്. കണ്ണടകള്‍ക്ക് ഇനി 5 ശതമാനം ജിഎസ്ടി നല്‍കിയാല്‍ മതിയാകും. 28 ശതമാനമായിരുന്നു നേരത്തെ ഇത്. ട്രാക്ടറുകള്‍, കാര്‍ഷിക, പൂന്തോട്ടപരിപാലന, മണ്ണ് തയ്യാറാക്കുന്നതിനോ കൃഷി ചെയ്യുന്നതിനോ ഉള്ള വനവല്‍ക്കരണ യന്ത്രങ്ങള്‍, വിളവെടുപ്പ് അല്ലെങ്കില്‍ മെതിക്കുന്ന യന്ത്രങ്ങള്‍, വൈക്കോല്‍ അല്ലെങ്കില്‍ കാലിത്തീറ്റ ബേലറുകള്‍, പുല്ല് അല്ലെങ്കില്‍ വൈക്കോല്‍ മൂവറുകള്‍, കമ്പോസ്റ്റിംഗ് മെഷീനുകള്‍ മുതലായവ പോലുള്ള കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ നിരത്ത് 12 ശതമാനത്തില്‍ നിന്നും 5 ആക്കി പുതുക്കി നിശ്ചയിച്ചു.
കരകൗശലവസ്തുക്കള്‍, മാര്‍ബിള്‍, ട്രാവെര്‍ട്ടൈന്‍ ബ്ലോക്കുകള്‍, ഗ്രാനൈറ്റ് ബ്ലോക്കുകള്‍, ഇന്റര്‍മീഡിയറ്റ് ലെതര്‍ ഉല്‍പ്പന്നങ്ങള്‍, സിമന്റ് എന്നിവയുടെ ജിഎസ്ടി 28 ശതമാനത്തില്‍ നിന്നും 18 ശതമാനമാക്കി കുറച്ചു. 350 സിസിക്ക് തുല്യമോ അതില്‍ കുറവോ ശേഷിയുള്ള മോട്ടോര്‍ സൈക്കിളുകള്‍, ചെറുകാറുകള്‍ എന്നിവയുടെ ജിഎസ്ടി 28 ശതമാനത്തില്‍ നിന്നും നിന്ന് 18 ശതമാനമായി ആയി കുറച്ചു. ബസുകള്‍, ട്രക്കുകള്‍, ആംബുലന്‍സുകള്‍ എന്നിവയുടെ ജിഎസ്ടി 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമാക്കി. വാഹനങ്ങളുടെ പാര്‍ട്സുകള്‍ക്കും മുച്ചക്ര വാഹനങ്ങള്‍ക്കും ഇനി 18 ശതമാനം ജിഎസ്ടി നല്‍കിയാല്‍ മതിയാകും.
അതേസമയം, ചില ഉത്പനങ്ങള്‍ക്ക് 40 ശതമാനം ജിഎസ്ടി ചുമത്തിയിട്ടുണ്ടെന്നും കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. പാന്‍ മസാല, സിഗരറ്റ്, ഗുട്ട്ക, ചവയ്ക്കുന്ന പുകയില പോലുള്ള മറ്റ് പുകയില ഉല്‍പ്പന്നങ്ങള്‍, സര്‍ദ പോലുള്ള ഉല്‍പ്പന്നങ്ങള്‍, ബീഡി എന്നിവയാണ് ഈ നിരക്കിന്റെ പരിധിയില്‍ വരുന്നത്. പഞ്ചസാര, മധുരപലഹാരങ്ങള്‍, കഫീന്‍ അടങ്ങിയ പാനീയങ്ങള്‍, പഴച്ചാറുകള്‍ അടങ്ങിയ കാര്‍ബണേറ്റഡ് പാനീയങ്ങള്‍, പഴച്ചാറുകള്‍ അടങ്ങിയ കാര്‍ബണേറ്റഡ് പാനീയങ്ങള്‍, മദ്യം ഇല്ലാത്ത പാനീയങ്ങള്‍ എന്നിവയുള്‍പ്പെടെ എല്ലാ സാധനങ്ങളും 40 ശതമാനം ജിഎസ്ടിയുടെ പരിധിയില്‍ വരും.
തിരുവോണം പ്രമാണിച്ച് നാളെ (5.09.2025) ഓഫീസിന് അവധി ആയതിനാല്‍ മറുനാടന്‍ മലയാളിയില്‍ വാര്‍ത്തകള്‍ അപ്‌ഡേറ്റ് ചെയ്യുന്നതല്ല. പ്രിയ വായനക്കാര്‍ക്ക് ഹൃദയം നിറഞ്ഞ ഓണാശംസകള്‍- എഡിറ്റര്‍.